Tuesday, November 14, 2006

പാണ്ടിബെന്നി ഭാഗം2

പത്ത്‌ പതിനഞ്ച്‌ വര്‍ഷങ്ങള്‍ക്ക്‌ മുന്‍പുള്ള സംഭവം ആണു.ബെന്നി പേരെടുത്ത്‌ വരുന്നതേയുള്ളു.അതായത്‌ ബെന്നിക്ക്‌ പാണ്ടി എന്ന് ബിരുദം കിട്ടുന്നതിനു മുന്‍പ്‌.ബെന്നിയും തമിഴന്മാരുമായുള്ള ഏറ്റുമുട്ടലുകളുടെ തുടക്കം ഈ സംഭവം ആണെന്നു വേണം കരുതാന്‍.
എല്ലാ മഞ്ഞുമ്മല്‍ വാസികളേയും പോലെ തന്നെ ബെന്നിയുടേയും വീക്നെസ്സ്‌ ആയിരുന്നു സിനിമ.മഞ്ഞുമ്മല്‍ 'ആരാധന','സംഗീത' കളമശ്ശേരി 'പ്രീതി' തുടങ്ങിയ രാവണന്‍ കോട്ടകളില്‍ കൂക്കിവിളിയും കപ്പലണ്ടി തീറ്റയുമായി ബെന്നി സിനിമ ആഘോഷിച്ചു പോന്നു.
അങ്ങനെ ഒരു ദിവസം തന്റെ പ്രിയ നായകനായ ടി.ജി രവിയുടെ ബ്രഹ്മാണ്ഡ ചിത്രമായ 'പാവം ക്രൂരന്‍' സെക്കണ്ട്‌ ഷോയും കണ്ട്‌ ഞെരിപിരി കൊണ്ട്‌ സൈക്കിളില്‍ മടങ്ങുകയായിരുന്ന ബെന്നി ഒരാള്‍ക്കൂട്ടം കണ്ടാണു സൈക്കിള്‍ നിര്‍ത്തിയത്‌.
സ്ത്രീകള്‍ അടങ്ങുന്ന ഒരു കൂട്ടം ആളുകള്‍ ചേര്‍ന്ന് ഒരു ചെറിയ പയ്യനെ കെട്ടിയിട്ടിരിക്കുന്നു.അവന്‍ തമിഴനാണെന്നും കൂട്ടത്തില്‍ ആരുടേയോ വീട്ടില്‍ കയറി മോഷ്ടിക്കാന്‍ ശ്രമിച്ചെന്നും ശബ്ദം കേട്ട്‌ വീട്ടുകാര്‍ ഉണര്‍ന്ന് ഒച്ചയെടുത്ത്‌ നാട്ടുകാരുടെ സഹായത്തോടെ പിടിച്ച്‌ കെട്ടിയിട്ടിരിക്കുകയാണെന്നും മനസ്സിലായപ്പോള്‍ ബെന്നിയുടെ തിണ്ണമിടുക്ക്‌ സ്വഭാവം ഉണര്‍ന്നു.
അരയില്‍ നിന്നും സ്ഥിരം കൊണ്ടുനടക്കാറുള്ള, വെട്ടിയാല്‍ പഴം പോലും മുറിയാത്ത കത്തിയെടുത്ത്‌ ചെക്കന്റെ കഴുത്തിനു ചേര്‍ത്ത്‌ പിടിച്ചു.
ബെന്നിയുടെ ഷോ കണ്ട്‌ ജനക്കൂട്ടത്തില്‍ ഒരു അനക്കം ഉണ്ടായി.
'വേണ്ടെടാ ബെന്നീ,അവനെ ഇനി ഒന്നും ചെയ്യണ്ടാ.ഞങ്ങ ആവശ്യത്തിനു പെരുക്കീട്ട്ണ്ട്‌.'നേതാവു ചമഞ്ഞു നിന്ന ക്ലമന്റ്‌ പറഞ്ഞു.
'ഇനി ഇവനെ എന്ത്‌ ചെയ്യാന്‍ പോവാ'.ബെന്നി ചോദിച്ചു.
'പോലിസിനെ വിളിച്ചിട്ടൊണ്ട്‌.രാവിലെ അവരു വന്ന് കൊണ്ടൊയ്ക്കോളും'.
'രാവിലെ വരെ ഇവനെ ഇവിടെ കെട്ടീടാനാ.കള്ളപ്പന്നി കെട്ടും പൊട്ടിച്ച്‌ അവന്റെ പാട്ടിനു പോകും.ഇവനെ ഇപ്പ കൊണ്ടോയ്‌ കൊടുക്കണം പോലീസിനു'.
ജനക്കൂട്ടത്തിനു ചര്‍ച്ച ചെയ്യാന്‍ ഒരു തിരിയിട്ട്‌ കൊടുത്തിട്ട്‌ ബെന്നി ഒരു ബീഡി കത്തിച്ചു.
'എന്താ പറയണേ, പോലീസിനു കൊടുക്കണോ അതോ ഇവിടെ ഇട്ട്‌ പൂളണോ കുണ്ടനെ'.
ബെന്നിയുടെ ഇടത്തേ കൈയില്‍ ബീഡി വലത്തേ കൈയില്‍ കത്തി.
ജനം കുരിശില്‍ പാമ്പ്‌ ചുറ്റിയ അവസ്ഥയിലായി.ആറുകിലോമീറ്റര്‍ പോകണം പോലീസ്‌ സ്റ്റേഷനിലേക്ക്‌.ഈ രാത്രി ഇനി ഓട്ടൊറിക്ഷയോ കാറോ ഒന്നും കിട്ടുകേം ഇല്ല.
'എടാ ബെന്നീ,ഇവനെ കെട്ടിയിടണത്‌ ബുദ്ധിയല്ല.പക്ഷെ സ്റ്റേഷനില്‍ ഇപ്പ എങ്ങനെ കൊണ്ടോകും.നീ പറ'.
ബെന്നി ബീഡി ഒന്ന് ആഞ്ഞു വലിച്ച്‌ ചുണ്ടിന്റെ ഒരു മൂലയിലൂടെ പുകവിട്ട്‌ ബെന്നി ഒന്ന് നിവര്‍ന്നു.സൈക്കിള്‍ സീറ്റില്‍ രണ്ടടിയടിച്ചു.[നെഞ്ചത്തടിക്കാഞ്ഞത്‌ ചത്തു പോയാലോ എന്ന് ഓര്‍ത്താണു]
എന്നിട്ട്‌ പറഞ്ഞു.'ഞാന്‍ കൊണ്ടോവാം ഇവനെ.എന്റെ സൈക്കിളിലിരുത്തി കൊണ്ടോവാം.'
'സൈക്കിളിലാ,എടാ ഇവന്‍ ഓടിക്കളഞ്ഞാലാ'.
'ഓടി കളയണാ,ഇവനാ...ഇവന്റെ ബോള്‍ട്ട്‌ ഞാന്‍ ചെത്തും'.
നാട്ടുകാര്‍ക്ക്‌ ആ ബുദ്ധി ഇഷ്ടപ്പെട്ടു.തമിഴന്‍ എന്ന കുരിശും ഒഴിയും ബെന്നി എന്ന പാമ്പും ഒഴിയും.
അങ്ങനെ തമിഴന്‍ ചെക്കനെ മുന്‍പിലിരുത്തി ബെന്നി തന്റെ സൈക്കിള്‍ പ്രയാണം ആരംഭിച്ചു.ഒന്നുരണ്ടു കിലോമീറ്റര്‍ ചവുട്ടിയപ്പോഴേക്കും ബെന്നി അണച്ചു.
'എടാ കോപ്പേ,നിനക്ക്‌ സൈക്കിള്‍ ചവ്ട്ടാന്‍ അറിയോ'.
'അറിയാം സാറേ'.
ബെന്നി സൈക്കിള്‍ നിര്‍ത്തി ഇറങ്ങി.
'ഇനി നീ ചവ്ട്ട്‌.അഭ്യാസോന്നും എറക്കണ്ടാ.കത്തി കണ്ടല്ലാ...'.
ഇപ്പോള്‍ ചവിട്ടുന്നത്‌ തമിഴന്‍.ബെന്നി പുറകിലെ കാരിയറില്‍ കാല്‍ രണ്ടുവശത്തേക്കുമിട്ട്‌ കൈയില്‍ കത്തിയും പിടിച്ച്‌ ഇരിക്കുന്നു.
ബെന്നിക്ക്‌ തന്നെക്കുറിച്ച്‌ ചെറിയ അഭിമാനമൊക്കെ തോന്നി തുടങ്ങി.രാത്രി ജീവന്‍ പണയം വച്ച്‌ ഒറ്റക്ക്‌ കള്ളനെ പോലീസിനു ഹാജരാക്കിയ തന്നെ കാണാന്‍ നാട്ടിലെ ലലനകള്‍ തിരക്ക്‌ കൂട്ടുന്ന രംഗം മനസ്സിലോര്‍ത്ത്‌ ബെന്നി സൈക്കിളിന്റെ പുറകിലിരുന്ന് രോമാഞ്ചത്തില്‍ കഞ്ചുകം കൊണ്ടു.
സൈക്കിളിനു പതുക്കെ വേഗത കൂടി.
'എന്താട പിശാശേ പറപ്പിക്കണത്‌.കാക്കിക്കാരടെ ഇടി കൊള്ളാന്‍ നിനക്ക്‌ ധിര്‍തി ആയാ'.
'എറക്കോണു സാറേ'
സൈക്കിളിനു കുറച്ച്‌ കൂടി വേഗത കൂടി.അതോടൊപ്പം ചെക്കന്‍ പെടലില്‍ കാലു ചവുട്ടി എഴുന്നേറ്റ്‌ നിന്നു.
'എന്താട ശവമേ നീ സര്‍ക്കസ്‌ കാണിക്കണാ'.
ബെന്നി ചോദിച്ച്‌ തീരുന്നതിനു മുന്‍പേ ചെക്കന്‍ അണ്ണാന്‍ ചാടുന്നതു പോലെ ഒരു ചാട്ടം ചാടി,വഴിയരികിലെ പൊന്തക്കാട്ടിലേക്ക്‌.
ബെന്നിയുടെ വാ പൊളിഞ്ഞ്‌ പോയി.പൊളിഞ്ഞ വായ അടയുന്നതിനു മുന്‍പേ നിയന്ത്രണം പോയ സൈക്കിള്‍ റോഡരുകില്‍ മതില്‍ കെട്ടാന്‍ ഇറക്കിയിട്ടിരുന്ന പാറക്കല്ലിന്റെ കൂട്ടത്തിലേക്ക്‌ ഇടിച്ചു കയറി.
ആലുവാ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടറും നേഴ്സും ചേര്‍ന്ന് ബെന്നിയുടെ ശരീരത്തില്‍ നിന്നും കുത്തിയെടുത്ത കരിങ്കല്‍ ചീളുകള്‍ക്ക്‌ മൊത്തം ഒന്നര കിലോ തൂക്കം ഉണ്ടായിരുന്നു.

10 comments:

sandoz said...

o'നീയൊക്കെ ഞങ്ങടെ മുല്ലപെരിയാറീന്ന് വെള്ളം കട്ടെടുക്കും അല്ലേടാ'എന്ന് ചോദിച്ചാണു ബെന്നി കഴിഞ്ഞ ദിവസം ഒരു തമിഴനെ തല്ലിയത്‌.

Siju | സിജു said...

മച്ചൂ..
ബെന്നി കലക്കണ്ട്ട്ടാ..
നുമ്മടെ നാട്ടിലെ കഥയാകുമ്പോ കേക്കാന്‍ ഒരു പ്രത്യേക സുഖാ‍..

സു | Su said...

ഹിഹിഹി ബെന്നി കരിങ്കല്‍ക്കൂട്ടത്തില്‍ എത്തി അല്ലേ? ഇനി അതൊക്കെ സുഖപ്പെട്ടിട്ട് അടുത്ത വേലയ്ക്ക് ഇറങ്ങിക്കാണും.

സുല്‍ |Sul said...

സാന്‍ഡൊസെ അതുകലക്കീലൊഷ്ടാ.

-സുല്‍

അളിയന്‍സ് said...

അപ്പോ ഈ മാതിരി കഥകള്‍ ഇനിയും പോരട്ടെ സാന്‍ഡോസേ....

yetanother.softwarejunk said...

ഹമ്മോ... ഒന്നര കിലോ എന്നതു ഒരു ഒന്നൊന്നര ആയി പോയല്ലോ !!!

and thanks for your comments :-)
-YaSJ

Anonymous said...

ബെന്നി കൊള്ളാല്ലോ സാന്റോസേ...
യവന്‍ സാങ്കല്‍പ്പികമോ, അതോ സാമ്യതയുള്ള ആരേലും മഞ്ഞുമ്മല്‍ ഉണ്ടായിരുന്നോ..?
:-)

ബെന്നിക്കഥകള്‍ ഇങ്ങനെ പോരട്ടേ...

Unknown said...

‘പാണ്ടിബെന്നി’ കസറുന്നുണ്ട്. :-)

sandoz said...

ബെന്നി അല്ലെങ്കില്‍ തമിഴന്മാര്‍ രണ്ടിലാരുടെ കൈയില്‍ നിന്നാണു എനിക്കുള്ള കൊട്ട്‌ എന്നേ ഇനി അറയാനുള്ളൂ.സിജു-തടുത്തോളണേ
മുല്ലപെരിയാര്‍ പ്രശ്നത്തില്‍ കരുണാനിധിയുമായി നേരിട്ട്‌ സംസാരിക്കാം എന്നാണു ബെന്നി കഴിഞ്ഞ ദിവസം പറഞ്ഞത്‌.സു-നന്ദി
സുല്‍- ഇപ്പോള്‍ നാട്ടിലാണോ,അതോ പുറത്തോ
അളിയന്‍സ്‌-ശ്രദ്ധിക്കുന്നുണ്ട്‌ എന്നറിഞ്ഞതില്‍ സന്തോഷം
ഹായ്‌ ജങ്ക്‌-ഇരിക്കട്ടെ എന്തിനാ കുറയ്ക്കണേ
റ്റെഡീ സ്വാഗതം-ജീവിച്ചിരുപ്പുള്ള അവതാരം തന്നെ.
ദില്‍ബൂ-ആദ്യമായിട്ടാണല്ലോ ഈ വഴി.ബാച്ചിലര്‍ എക്സ്‌-ബാച്ചിലര്‍ കുരിശുയുദ്ധങ്ങള്‍ വായിച്ച്‌ കുറെയധികം ചിരിച്ചിട്ടുണ്ട്‌.

സുധി അറയ്ക്കൽ said...

ഹാ ഹാ.കൊള്ളാം.

അവസാനവാചകം സൂപ്പർ!!!