Saturday, January 20, 2007

വെടീം വയ്ക്കാം കുരയനേം പിടിക്കാം

വൃശ്ചികം ഒന്ന് എന്ന സുദിനത്തില്‍,
പണിയൊന്നുമില്ലാതെ റമ്മി കളിച്ചും വാറ്റു കുടിച്ചും നേരം പോക്കുന്ന സകലമാന വിധത്തിലുള്ള പട പോക്കിരികള്‍ക്കും, വെറുതേയിരുന്ന് ഗ്യാസ്ട്രബിള്‍ വരാതിരിക്കാന്‍ വേണ്ടി, ഉത്തരകുരയന്റെ തറവാട്ടില്‍ കേറി അവന്റെ എല്ലൊടിച്ച്‌,വസ്തുവകകള്‍ കണ്ടു കെട്ടി, പണം എണ്ണ തുടങ്ങിയവ എനിക്കും, സ്വര്‍ണ്ണം തുണി തുടങ്ങിയവ എന്റെ വീട്ടുകാരത്തിക്കും കാഴ്ച വെക്കാന്‍ ഈ രാജ്യത്തെ ഒരരുക്കാക്കാന്‍ ചുമതലയുള്ള ഞാന്‍ ഉത്തരവ്‌ ചെയ്യുന്നു.

9/11-ലെ ലോകകച്ചവടമേഖലാ നിയമപ്രകാരം ഈ കയ്യാങ്കളിക്ക്‌ സാധുധയുണ്ട്‌.
ഒപ്പ്‌
1. ഒരു കോപ്പി അണ്ണന്ന്
2. ബാക്കിയുള്ള കോപ്പി ബാക്കി ദരിദ്രവാസികള്‍ക്ക്‌

കോപ്പി കിട്ടിയ അണ്ണന്‍ കൊണ്ടാലറിയാത്ത ത്രേസ്യയുടെ മുഖത്തേക്ക്‌ മിഴിച്ച്‌ നോക്കി. എന്നിട്ട്‌ ചോദിച്ചു;

'എന്തൂട്ടാടി ഇത്‌'

ത്രേസ്യക്ക്‌ കലി വന്നു;

'വായിച്ച്‌ നോക്ക്‌ മാപ്പളേ.എന്താ കണ്ണു പിടിക്കണില്ലെ'.
സമയം ശരിയല്ലെങ്കില്‍ പവര്‍കട്ട്‌ സമയത്തും ഷോക്കടിക്കും എന്നറിയാവുന്ന അണ്ണന്‍ സൗമ്യനായി ചോദിച്ചു;
'പിടിച്ചതു കൊണ്ടാ ചോദിച്ചത്‌. ഇത്‌ എന്തൂട്ടിനാണു ഇവിടെ എറക്കീത്‌.'

'ഒരെണ്ണം ഇവിടെ എറക്കാന്‍ പറഞ്ഞു'.'ലോകസമിതീടെ തലൈവരല്ലേ, വെറുതേയാണെങ്കിലും ഒരെണ്ണം കൊടുത്തേക്ക്‌ എന്ന് അതിയാന്‍ പറഞ്ഞു.'
ത്രേസ്യ മൊഴിഞ്ഞു.

'അയ്യോടീ മോളേ നീയൊന്നും അറിഞ്ഞില്ലേ, എന്നെ അവറ്റകള്‍ കാച്ചി,'

'എന്നു വച്ചാല്‍'

'ഒന്നു വച്ചാല്‍ രണ്ട്‌,എന്നു വച്ചാല്‍ പൊറത്താക്കി അല്ലെങ്കില്‍ സമയം കഴിഞ്ഞു.ഇപ്പൊ വേറൊരുത്തനാ.കുരയന്റെ ചേട്ടന്റെ നാട്ടുകാരനാ.ഒരു മൂക്ക്‌ ചപ്പന്‍.അവനു കൊട്‌ കോപ്പി.'

'അപ്പോ അണ്ണാ കാര്യോല്ലാം കുഴയൂല്ലോ'

'പറയണോ...'.അണ്ണന്‍ മുഖത്തെ ചൂടുകുരു ഒരെണ്ണം ഞെക്കി പൊട്ടിച്ചു.

'അപ്പോ ഇനി എന്താ പ്ലാന്‍.'

'നാട്ടില്‍ രണ്ടുപറ നെലോണ്ട്‌, അതില്‍ വല്ല കൃഷീം......
'റബ്ബറാ നല്ലത്‌.വെലേം കൊള്ളാം.വലിക്കണടത്തേക്ക്‌ വലിയണ സ്വഭാവോം വച്ച്‌ നോക്കുംബോ അതാ പറ്റീത്‌.'
ത്രേസ്യ ഒന്ന് ഇരുത്തി വലിച്ചു.

അണ്ണന്‍ അത്‌ കേള്‍ക്കാത്ത്‌ മട്ടിലിരുന്നു,എന്നിട്ട്‌ ചോദിച്ചു;
'എടീ കൊച്ചേ, നിന്റെ അതിയാന്ന് ഇത്‌ എന്തൂട്ടിന്റെ കേടാ. വെറുതേയിരിക്കണ കുരയന്റെ നെഞ്ചത്തേക്ക്‌ കേറാന്‍ ഇപ്പ എന്തൂട്ടാ എണ്ടായേ'.

ത്രേസ്യയുടെ തലയിലെ പറ്റേ വെട്ടിയതിനു ശേഷമുള്ള ബാക്കി മുടികള്‍ എഴുന്നേറ്റ്‌ നിന്നു;
'വെറുതേയിരിക്കണാ,അവനാ....കള്ളപ്പന്നി.'

മുടിയോടൊപ്പം ത്രേസ്യയും എഴുന്നേറ്റു;
'അവന്‍ വാണം വിട്ട്‌ കളിക്കണു.വിടരുത്‌, വിടരുത്‌ എന്ന് അവനോട്‌ ആയിരം വട്ടം പറഞ്ഞതാ.
എന്നിട്ടും അവന്‍ ടെസ്റ്റ്‌ എന്നും പറഞ്ഞ്‌ ഒരെണ്ണം മോളിലേക്ക്‌ വിട്ട്‌.പിന്നെ തെക്കോട്ടും വടക്കോട്ടും ഓരോന്ന്.അതും പോരാഞ്ഞ്‌ അവനൊരണ്ണം ഇരുത്തീംവിട്ട്‌'.

'അവന്‍ വിടട്ടെടീ.അതിന്ന് അങ്ങേര്‍ക്കെന്താ.'

'വിട്ട്‌ വിട്ട്‌ അവന്‍ നമ്മടെ നെഞ്ചത്തേക്ക്‌ വിട്ടാലോന്നാ അതിയാന്റെ പേടി.അതൂമല്ലാ പിള്ളേര്‍ക്ക്‌ ഒരു പണീം ആയി.റാക്കില്‍ മായോണ്ടെന്നും പറഞ്ഞ്‌ സിദ്ധനെ പിടിച്ചേ
പിന്നെ വേറെ പണിയൊന്നും എടുത്തിട്ടില്ല.തടിയനങ്ങട്ടെ.നാലു വെടി വെച്ചാ ഒരു ഒച്ചേം അനക്കോം ഒണ്ടാകും.ഒരു രസോം അല്ലേ.വെടീം വെക്കാം കുരയനേം പിടിക്കാം.അപ്പപിന്നെ പറഞ്ഞ പോലെ'.

വാ പൊളിച്ചിരിക്കുന്ന അണ്ണനെ വിട്ട്‌ കൊണ്ടാലറിയാത്തത്രേസ്യ ഉത്തരദിക്ക്‌ നോക്കി പോയി.

ജയ്‌ ജവാന്‍ ജയ്‌ കിസാന്‍

[വെടീം കൃഷീം തമ്മില്‍ അഭേദ്യമായ ബന്ധമാണുള്ളത്‌ എന്ന തിരിച്ചറിവാണു അവരുടെ വിജയം]

19 comments:

sandoz said...

അമേരിക്കയുടെ ഇറാക്കിലെ പേക്കൂത്ത്‌ അവരു വിചാരിച്ച്‌ റൂട്ടില്‍ തന്നെ ഏതാണ്ട്‌ ഓടുന്നുണ്ട്‌.
ഇനി അടുത്തത്‌ ഉത്തരകൊറിയ ആണത്രേ.
അമേരിക്കയോടുള്ള കലിപ്പ്‌ തീര്‍ക്കാന്‍ കരി ഓയിലും അടിച്ചോണ്ട്‌ ചെന്ന് അവനിട്ട്‌ രണ്ടെണ്ണം പൊട്ടിച്ചാലോ എന്ന് വരെ ഞാന്‍ ആലോചിച്ചതാ.
[പിന്നേ....ഉത്തരകൊറിയ എന്റെ കൊച്ചാപ്പനല്ലേ.....]
ഓ;ടോ;ഈ പോസ്റ്റില്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും മനസ്സിലാകാതെ ഉണ്ടെങ്കില്‍ വിശദീകരണം കൊടുക്കുന്നതാണു.[അതും ഇപ്പോ ഒരു ട്രെന്റാണു]

Anonymous said...

"ബാക്കിയുള്ള കോപ്പി ബാക്കി ദരിദ്രവാസികള്‍ക്ക്‌"
ഈ ദരിദ്രവാസികളില്‍ നമ്മുടെ തറവാട്ടിലെ കാരണോന്‍മാരും പെടും, ല്ല്യോ? ശ്ശ്യോ.....

ഉത്തരകുരയന്‍ നമ്മുടെ ആരാ? മാത്രവുമല്ല അങ്ങോരെന്താ പുണ്യാളനാണോ? അതോണ്ട് നമ്മള്‍ മിണ്ടാതിരുന്നോണം... നാളെ നമ്മുടെ മെക്കിട്ടുകയറിയാലോന്നോ? അപ്പൊ മ്മക്ക് നിലോളിക്കാം....

Anonymous said...

ഓ.ടോ.ഈ വിശദീകരണത്തിനു് ആര്‍ക്കെങ്കിലും എന്തെങ്കിലും മനസ്സിലാകാതെ ഉണ്ടെങ്കില്‍ വിശദീകരണം കൊടുക്കുന്നതാണു്.[അതും ഇപ്പൊ ഒരു ട്രെന്റ്റാണു്].സാന്‍ഡോസ്സേ....ഹാഹാ..
ഓരോരോ കാര്യങ്ങളെ..

Anonymous said...

കൊണ്ടാലറിയാത്ത ത്രേസിയ കുവൈറ്റ് സന്ദര്‍ശനത്തിനിടയില്‍ ഇറക്കിയ പ്രസതാവന‍ കേട്ടില്ലെ.
കുവൈറ്റ് അമേരിക്കയുടെ ഉറ്റചങ്ങാതി ആണുപോലും. വിട്ടുമാറാത്ത മൂക്കൊലിപ്പുപോലെ നമ്മുടെ മൂഷിനെ ഉറക്കം കെടുത്തുന്നതും,നാണകെടുത്തുന്നതും.ഇറാനും,
ക്യുബയുമാണ്.

കുറുമാന്‍ said...

സമകാലികമാണല്ലോ,....നടക്കട്ട്, നടക്കട്ട് :)

ikkaas|ഇക്കാസ് said...

ഇതെന്ത് പോസ്റ്റെഡാ?
നീ ഉത്തരതരതരാധുനികനായോ?
എന്ത് മാങ്ങ ആയാലും ഇനി ഇങ്ങനെ എഴുതിയാല്‍ തല ഞാനെടുക്കും. ജാഗ്രതൈ

sandoz said...

സജിത്തേ-അതു തന്നെയാണു ചെയ്യാന്‍ പോകുന്നത്‌...അയ്യോ പത്തോ,എന്നും പറഞ്ഞ്‌ നിലവിളിക്കും. ഭരിക്കുന്നവര്‍ക്ക്‌ നട്ടെല്ല് വേണം.
അല്ലെങ്കില്‍ 'നുമ്മ മോങ്ങ തന്നെ ചെയ്യും മോനേ'

വേണുജി-ഇതിനും വിശദീകരണം നല്‍കുന്നതാണു.

സഞ്ചാരി-അത്‌ പറയരുത്‌..അത്‌ മാത്രം പറയരുത്‌.
'പട്ടിക്കു വരെ പിതാവിന്റെ കുടീരം തുറന്നിട്ടു കൊടുത്ത നുമ്മ എന്താ മോശാ'

കുറുമാനേ-പഴയ സ്റ്റോക്കാ കുറുമാനേ.ആരും കാണാതെ പൊടിയടിച്ചു കിടന്ന ആദ്യ കാല അഭ്യാസങ്ങളില്‍ ഒന്ന്.

ഇക്കാസേ-നിര്‍ത്തി.ആധുനികന്‍ നിര്‍ത്തി.
[മദ്യനിരോധനം വന്നില്ലെങ്കില്‍..പിന്നേം..ചെലപ്പോ..]

Anonymous said...

സന്‍ഡൊസേ.. അതു കൊള്ളാം.
കൊണ്ടാലറിയാത്ത ത്രേസ്യയും അണ്ണനും..
കൊണ്ടാലറിയാത്ത (ചുന്ത)-അരി.. ഹ..ഹ.. എങ്ങിനെ..??

കൃഷ്‌| krish

sandoz said...

എന്റെ ആദ്യ പോസ്റ്റുകളില്‍ ഒന്നാ കൃഷേ ഇത്‌.അമേരിക്ക കാരണം ഈ പോസ്റ്റിനു ഇപ്പൊ ഒരു പ്രസക്തി ഉണ്ടെന്ന് തോന്നി.അതു കൊണ്ട്‌ വച്ച്‌ അലക്കീതല്ലേ.

Anonymous said...

sorry for disturbance. this is not an ad.,only a test to pinmozhi.kindly remove this after u read.
പ്രിയ ബ്ലോഗ്ഗ്‌ വായനക്കാരെ,
ബൂലൊകത്തെ വിഭാഗീയ പ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍ പിടിക്കുന്ന ചിലരുടെ ശ്രമഫലമായി ചിത്രകാരന്റെ ബ്ലൊഗിലെ കമന്റുകളൊന്നും പിന്മൊഴികളില്‍ തെളിയുന്നില്ല.
സുഖിപ്പിക്കല്‍ ഗ്രൂപ്പ്‌ പ്രവര്‍ത്തകരുടെ ബാലിശമായ ഈ നിലപാട്‌ അവരുടെ ഇടുങ്ങിയമനസിന്‌ ആശ്വാസം നല്‍കട്ടെ എന്നാശിക്കാം.മലയാള ബ്ലൊഗ്‌ ലോകത്തെ ഒരു നേഴ്സറി സ്കൂളിന്റെ വലിപ്പാത്തിനപ്പുറം (ബ്ലൊഗ്‌ അംഗസംഖ്യയില്‍)വികസിക്കാന്‍ അനുവദിക്കാത്ത ചില ബാലമനസുകളുടെ ഈ വിക്രിയയെ മലയാള ബ്ലൊഗ്‌ കുത്തകവല്‍ക്കരണ ശ്രമമായി തന്നെ കാണെണ്ടിയിരിക്കുന്നു. നിലവിലുള്ള നന്മനിറഞ്ഞ മലയാളം ബ്ലൊഗ്‌ വഴികാട്ടികള്‍ക്കു പുറമെ ഭാവിയില്‍ ഇനിയും നല്ല സാങ്കേതിക പരിജ്ഞാനമുള്ളവരും സഹിഷ്ണുതയുള്ളവരുമായ മനുഷ്യര്‍ മുന്നൊട്ടു വരാന്‍ ഇത്തരം ഗ്രൂപ്‌ കുതന്ത്രങ്ങള്‍ക്ക്‌ കഴിയട്ടെ !!!!!യൂണിക്കൊട്‌ മലയാളം കെരളത്തിലെ ഇന്റര്‍നെറ്റ്‌ കഫെകളിലൂടെ വ്യാപകമാക്കുന്നതിലൂടെ മലയാളബൂലൊകത്തിന്‌ "പ സു"ക്കളുടെ തൊഴുത്തില്‍നിന്നും മോചനം ലഭിക്കുന്ന തരത്തില്‍ ഒരു വികാസം ഉണ്ടാകുമെന്ന് ഉറപ്പാണ്‌. ഇപ്പൊള്‍ കഫെകളില്‍ അശ്ലീലത്തില്‍ മുങ്ങിത്തഴുന്ന കുട്ടികള്‍ക്ക്‌ ആകര്‍ഷകവും ക്രിയാത്മകവുമായ ഒരു ലൊകം പകരം നല്‍കാനും ഇതിലൂടെ സാധിക്കും.

http://chithrakaran.blogspot.com

ചക്കര said...

:)

Anonymous said...

പ്രിയ സാന്‍ഡോസേ,
വെറുതെ പൊക്കുകയാണെന്നു കരുതല്ലേ.. സത്യമാ..
വി.കെ.എന്നിനു ശേഷം ഇത്രനല്ല ശുദ്ധഹാസ്യം ആദ്യമായിട്ടാ..അതും സമകാലിക അന്തര്‍ദ്ദേശീയ പ്രശ്നങ്ങളില്‍..
പെരുത്ത് അഭിനന്ദനങ്ങള്..
എന്നാലും മഞ്ഞുമ്മല്‍ വിശേഷങ്ങള്‍ മുടക്കല്ലേ...
ഇനിയും വരാനുണല്ലോ ഒരുപാട് മഞ്ഞുമ്മല്‍ സ്പെഷ്യല്‍ കഥാപാത്രങ്ങള്‍.. ആ പാത്രങ്ങളുംകൂടി വിളമ്പ്..

Anonymous said...

സന്‍ഡാസേ കൊള്ളാം..

Anonymous said...

ഹെഹെഹെ സാന്‍ഡോസെ, കൊള്ളാം ഗഡീ

-സുല്‍

പൊതുവാള് said...

സാഡോസേ,
കലക്കീട്ട്ണ്ട്ടാ..:)

ഇവിടൊക്കെ ചെറിയ ഓലപ്പടക്കം പൊട്ടിച്ച് കളിച്ചിരുന്ന സന്‍ഡോസിനെ ,

’ഇവിടാരെടാ വെടി വെച്ചു കളിക്കുന്നേ’ എന്നും പറഞ്ഞ് ഇക്കാസ് വന്നു പേടിപ്പിച്ചല്ലേ?.

‘ഇല്ല ,ഇനിയുണ്ടാവില്ല, നിര്‍ത്തി’ എന്നു പറഞ്ഞതു കേട്ടു സമാധാനമായി പോയി കിടന്നുറങ്ങിയ ഇക്കാസിന്റെ മൂട്ടിനടിയില്‍ കൊണ്ടുപോയി ഗുണ്ടുപൊട്ടിച്ചു കൊടുക്കുകയും ചെയ്തു.

പാവം ഇക്കാസ് ഹ ..ഹ..:)

(ഗോപന്റെ കഥ കഴിച്ചു കഴിഞ്ഞാണ് ഇവിടെ വന്നത്,ഇവിടെത്തിയപ്പോഴാണ് സന്‍ഡോസ് അവിടിട്ട കമന്റിന്റെ കാരണം പിടി കിട്ടിയത്.)

ദില്‍ബാസുരന്‍ said...

സാന്റോസേ,
തകര്‍ത്തു ചുള്ളാ തകര്‍ത്തു.... :-) സൂപ്പര്‍ ശൈലി. വിടാതെ പിടിച്ചോ.

ഓടോ: വി കെ എന്‍ എന്ന് കേട്ടപ്പൊള്‍ ഓര്‍മ്മ വന്നത്.

മകന്‍: അമ്മേ ഞാനൊരു കല്ല്യാണം കഴിച്ചാല്‍ നന്നായിരിക്കുമോ?
അമ്മ: നന്നായിരിക്കുമോന്നോ? ജില്‍ ജില്‍ എന്നിരിക്കും.
മകന്‍: എന്താ അഛന്റെ അഭിപ്രായം?
അഛന്‍: മോനേ നമ്മളൊക്കെ പാലക്കാട്ടുകാരല്ലേ. ഭാര്യയുടെ അഭിപ്രായത്തിന് എതിരഭിപ്രായമുണ്ടാകുന്നത് പാപമാണ്.

sandoz said...

ചക്കരേ-എളുപ്പം ഉണ്ടാക്കാന്‍ പറ്റിയ 'ടച്ചിങ്ങ്സ്‌'ഉം കൊണ്ട്‌ ഇനീം വരണോട്ടാ..

പ്രദീപ്‌-പൊക്കീതല്ലാ...എടുത്ത്‌ നിലത്തടിച്ചത്‌ ആണെന്ന് എനിക്ക്‌ മനസ്സിലായി മാഷേ...ഹ..ഹ..ഹാ

പ്രൊഫെയിലില്‍ കെമിസ്റ്റ്‌,കൊച്ചി എന്ന് കണ്ടു-ഫാക്റ്റിലാണോ വര്‍ക്ക്‌ ചെയ്യുന്നത്‌.മഞ്ഞുമ്മലും അറിയാം എന്ന് കമന്റില്‍ നിന്ന് തോന്നി. അത്‌ കൊണ്ട്‌ ചോദിച്ചതാ..

മേനനേ-ആളൂര്‍ ഷാപ്പിലെ കാര്യം പറഞ്ഞത്‌ മറക്കരുത്‌ ഇട്ടാ...

സുല്ലേ-ഡാങ്ക്സ്‌

പൊതുവാള്‍സ്‌-ഇക്കാസ്‌ എന്നെ ഒന്ന് പേടിപ്പിച്ചതാ....അപ്പൊ നമ്മളും കട്ടക്ക്‌ നില്‍ക്കണ്ടേ....

ദില്‍ബാ-'ലോറിക്കാരന്‍ ദില്‍ബന്‍' റിലീസാവുന്ന ദിവസം കൊച്ചിക്ക്‌ പോവുന്നുണ്ടെങ്കില്‍ എന്നോടും പറയണേ....

കൊലപാതകം ചെയ്യുന്നത്‌ നേരിട്ട്‌ കണ്ടിട്ടില്ലാ...

Pradeep said...

സാന്‍ഡോസേ,
സത്യമായും അല്ല.. ആത്മാര്‍ത്ഥമായി പറയുന്നു.. താന്‍ കലക്കുന്നു.. കേട്ടോ.
എന്നെപ്പറ്റിയുള്ള അനുമാനങ്ങള്‍ ഏറെക്കുറെ ശരിയാ.. മഞ്ഞുമ്മല്‍ അറിയാവുന്നതുകാരണം വളരെ ആസ്വദിക്കാന്‍ കഴിയുന്നു. ഈ സാന്‍ഡോസിനു പിന്നില്‍ ഇരിക്കുന്നയാളിനെ ഓര്‍ത്താ ഇപ്പോള്‍ ഉറക്കമില്ലായ്മ!

കുതിരവട്ടന്‍ | kuthiravattan said...

ആദ്യം ഒരു കുന്തോം മനസ്സിലായില്ല. (എന്നു പറഞ്ഞാല്‍ വേറെ എന്തൊക്കെയൊ മനസ്സിലായി), “വെടീം കൃഷീം തമ്മില്‍ അഭേദ്യമായ ബന്ധമാണുള്ളത്‌ എന്ന തിരിച്ചറിവാണു അവരുടെ വിജയം“ എന്നു കേട്ടപ്പോള്‍ സംശയം കൂടി. പിന്നെ ബാക്കിയുള്ള കമന്റുകള്‍ വായിച്ചപ്പോഴാ സംഭവം പിടികിട്ടിയതു. ഞാന്‍ ഇതു കണ്ടപ്പോഴേക്കും അവര്‍ കുരയനെ വിട്ട് ഇരയനെ പിടിക്കാന്‍ ഇറങ്ങിക്കഴിഞ്ഞു. ഈ പോസ്റ്റും സൂപ്പറാട്ടാ.