Friday, December 29, 2006

ചില ക്രമസമാധാന പ്രശ്നങ്ങള്‍-2

'പല്ലനാണു താരം.'
പല്ലന്‍ തന്നെയാണു താരം.
കഴിഞ്ഞ ഒന്നരക്കൊല്ലമായി ഏലൂര്‍-മഞ്ഞുമ്മല്‍ വാസികള്‍ അനുഭവിച്ചും വിശ്വസിച്ചും പോന്ന കാര്യമാണിത്‌.
പല്ലന്‍ അഥവാ ഏലൂര്‍ എസ്‌.ഐ സുന്ദരന്‍ പിള്ള.
ഹെഡ്‌ മൂത്ത്‌ എസ്‌.ഐ ആയതാണു പല്ലന്‍.അതിന്റെ ഒരു അനുഭവ പരിചയം കൊണ്ടാവണം കാശ്‌ എങ്ങനെ വാങ്ങിക്കണം,ആരോട്‌ വാങ്ങിക്കണം,എപ്പോള്‍ വാങ്ങിക്കണം എന്നൊക്കെ നല്ല നിശ്ചയമായിരുന്നു പല്ലനു.
വാദിയോടും പ്രതിയോടും കാശ്‌ വാങ്ങിച്ചു എന്നൊക്കെ കേട്ടിട്ടുണ്ട്‌.പക്ഷെ വാദിയോടും, പ്രതിയോടും, സാക്ഷിയോടും, വാദിക്ക്‌ പരാതി എഴുതി കൊടുത്തവനോടും,കൂട്ട്‌ വന്നവനോടും,വഴിയേ പോയവനോടുമെല്ലാം പല്ലന്‍ കാശ്‌ വാങ്ങിച്ചു.തുട്ട്‌ കിട്ടിയാല്‍ എല്ലാവര്‍ക്കും നീതി,അതാണു പല്ലന്റെ ശാസ്ത്രം.
സ്റ്റേഷനിലേക്ക്‌ വരുന്ന പരാതികള്‍ കുറഞ്ഞാല്‍ പല്ലന്‍ പതുക്കെ പുറത്തേക്ക്‌ ഇറങ്ങും.വാഹനപരിശോധന,റോഡരുകില്‍ കൂടിനിന്ന് സംസാരിക്കുന്നവരെ വിരട്ടല്‍,ബാര്‍-ഷാപ്പ്‌ പരിസരത്തൊരു കറക്കം-എങ്ങനെയായാലും ചില്ലറ ഒപ്പിക്കാതെ പല്ലന്‍ കൂടണയാറില്ല.
ഒരിക്കല്‍ രാത്രി കറക്കത്തിനു ഇറങ്ങിയ പല്ലനും സംഘവും ബൈക്കില്‍ വരികയായിരുന്ന ഒരു മൂവര്‍സംഘത്തെ തടഞ്ഞു നിര്‍ത്തി.ഓവര്‍ലോഡ്‌ കയറിയതിനു ആയിരത്തോളം രൂപ പിഴയടക്കണം എന്ന പല്ലന്റെ ഡയലോഗ്‌ കേട്ടതും പിള്ളേര്‍ കരഞ്ഞു തുടങ്ങി.എങ്കില്‍ പിന്നെ കൈയില്‍ ഒള്ളത്‌ തന്നിട്ട്‌ വിട്ടോ എന്നായി പല്ലന്‍.മൂന്ന് പേരുടേയും കൈയില്‍ ആകെയുള്ളത്‌ കൂട്ടിയപ്പോള്‍ കിട്ടിയത്‌ 46 രൂപയും അര പാക്കറ്റ്‌ ഗോള്‍ഡ്‌ ഫ്ലേക്ക്‌ സിഗരറ്റും.അതെങ്കില്‍ അത്‌,ഇനി സ്ഥലം കാലിയാക്ക്‌ എന്നായി പല്ലന്‍.അത്‌ കേട്ടതും രണ്ട്‌ പേര്‍ ബൈക്കില്‍ ചാടി കേറി പോകാനൊരുങ്ങി.അത്‌ കണ്ട്‌ പല്ലന്‍ മൂന്നാമനെ ചൂണ്ടി കാട്ടി,ഇനി ഇവനെ ഞാന്‍ കൊണ്ട്‌ വന്ന് 'ആക്കണോടാ' എന്നാണു ചോടിച്ചത്‌.അന്തം വിട്ട പിള്ളേര്‍ മൂന്നാമനേയും കയറ്റി സ്ഥലം വിട്ടു.
ഒരു ക്രിസ്തുമസ്‌ തലേന്ന് പോലീസ്‌ സ്റ്റേഷനില്‍ പല്ലന്റെ പേരിലൊരു പാഴ്സല്‍ വന്നു.തുറന്ന് നോക്കിയ പല്ലന്‍ പല്ലുകള്‍ തമ്മിലുള്ള നിര വ്യത്യാസം കാരണം പല്ലിറുമ്മാനാവാതെ വിഷമിക്കുന്നത്‌ കണ്ടാണു മറ്റു പോലീസുകാര്‍ പാഴ്സല്‍ എന്താണെന്ന് നോക്കിയത്‌.അഞ്ഞൂറിന്റെ അഞ്ച്‌ നോട്ടുകള്‍.ഒറിജിനല്‍ അല്ല.ഉത്സവപ്പറമ്പുകളിലും,വഴിയരികിലുമൊക്കെ വില്‍ക്കാന്‍ നിരത്തി വച്ചിരിക്കുന്ന മാതിരി ഉള്ള അഞ്ഞൂറിന്റെ പടം.താഴെ ഒരു കുറിപ്പും.
'നിന്റെ കാശിനോടുള്ള ആര്‍ത്തി ഇതോടെ തീരട്ടെ.'
ചില എസ്‌.ഐ മാരെ പോലെ ഭീകര മര്‍ദ്ദകന്‍ ഒന്നും ആയിരുന്നില്ല പല്ലന്‍.സ്റ്റേഷനില്‍ അത്യാവശ്യം ചില 'കുത്തിച്ചാരലുകള്‍'നടത്താറുണ്ടെങ്കില്‍ തന്നെയും നാട്ടില്‍ പരസ്യ പ്രകടനം ഒന്നും ഇഷ്ടന്‍ നടത്തിയിട്ടില്ല.ഇതിനു അപവാദമായി ഒരേയൊരു സംഭവമാണു കേട്ടിട്ടുള്ളത്‌.
രാത്രി പതിനൊന്ന് മണിയോട്‌ കൂടി തന്റെ ക്വാട്ടേഴ്സിലേക്ക്‌ ജീപ്പില്‍ പോവുകയായിരുന്ന പല്ലന്‍ വഴിയരികില്‍ ഒരാള്‍ നില്‍ക്കുന്നത്‌ കണ്ട്‌, അസമയത്ത്‌ എന്താണു ഇവിടെ നില്‍ക്കുന്നത്‌ എന്ന് ചോദിച്ചു.'വീര്യം' അകത്തുള്ളത്‌ കൊണ്ടായിരിക്കാം 'എന്താ ഇവിടെ നില്‍ക്കാന്‍ പാടില്ലേ' എന്നാണു ആ 'ധീരന്‍' തിരിച്ചു ചോദിച്ചത്‌.
'അതിനെന്താ നിന്നോ.ഏതായാലും നില്‍ക്കുകയല്ലേ.ഇതും പിടിച്ചോണ്ട്‌ നിന്നോ.'എന്നും പറഞ്ഞ്‌ കൈ വീശി ഒന്ന് കൊടുത്തു പല്ലന്‍.
ധീരന്‍ നില്‍പ്‌ മതിയാക്കി കിടപ്പായി.
അങ്ങനെ വലിയ തലവേദനകള്‍ ഒന്നും ഇല്ലതെ ഏലൂര്‍-മഞ്ഞുമ്മല്‍ പ്രദേശം മുന്നോട്ട്‌ പോകുന്നതിനിടയില്‍ ആണു മഞ്ഞുമ്മല്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവം വരുന്നത്‌.
ഉത്സവത്തിനു ആന വരുന്നു എന്ന് പറയുന്നതിനേക്കാള്‍ ജനത്തിനു ഇഷ്ടം പാപ്പാന്‍ വരുന്നു എന്ന് പറയാനാണു.കാരണം വരുന്നത്‌ 'താമര ഭാസി'യാണു.ഭാസി ഇരുപത്തിനാലു മണിക്കൂറും വെള്ളമാണു.അല്ലെങ്കില്‍ വെള്ളത്തിലാണു.അത്‌ കൊണ്ട്‌ വീണ പേരാണു 'താമര'.എഴുന്നെള്ളിപ്പ്‌ ഇല്ലാത്ത സമയങ്ങളില്‍ ആനയെ വല്ല റോഡരികിലോ,പറമ്പിലോ കണ്ടാല്‍ ഉറപ്പിച്ചോ ഭാസി സൈഡില്‍ എവിടെയെങ്കിലും ബോധം പോയി കിടപ്പുണ്ടാവും.മഞ്ഞുമ്മല്‍ ഷാപ്പിന്റെ മുന്‍പില്‍ ഭാസിയുടെ ആന ആറു മണിക്കൂര്‍ നിന്ന നില്‍പ്‌ നിന്നിട്ടുണ്ട്‌.പക്ഷെ ആന ശാന്ത സ്വഭാവക്കാരനായിരുന്നു,ഭാസിയോട്‌ വലിയ അടുപ്പവും.
ഭാസി ആനയേയും കൊണ്ട്‌ വരുന്നത്‌ ജനം ഇതുവരെ കണ്ടിട്ടില്ല,പകരം ആന 'താമര'യേയും കൊണ്ടു വരുന്നതാണു കണ്ടിട്ടുള്ളത്‌.
താമര ഭാസി രംഗത്തെത്തിയാല്‍ പിന്നെ,പല്ലനു പണിയായി.എത്ര പേരാണു പോലീസ്‌ സ്റ്റേഷനിലേക്ക്‌ വിളിക്കുന്നത്‌ എന്നതിനു കൈയും കണക്കുമില്ല.
'ആന മുറ്റത്ത്‌ നില്‍ക്കണു', 'ആന അടുക്കളഭാഗത്ത്‌ നില്‍ക്കണു', 'ആന റോഡില്‍ വട്ടം നില്‍കണു'-അങ്ങനെ പരാതികളുടെ ഒരു ഒഴുക്ക്‌ തന്നെ ആയിരിക്കും.പിന്നെ പോലീസുകാരും നാട്ടുകാരും ചേര്‍ന്ന് ഭാസിയെ എഴുന്നേല്‍പ്പിച്ച്‌ ആനയെ നീക്കി തളക്കും.
ഒരു ദിവസം വൈകീട്ടത്തെ ശീവേലി കഴിഞ്ഞ്‌ എട്ട്‌ മണിയോട്‌ കൂടി ഭാസി ഷാപ്പിലേക്ക്‌ നടന്നു.ഒപ്പം ആനയും.
ഷാപ്പ്‌ എത്തുന്നതിനു കുറച്ച്‌ ദൂരം മുന്‍പ്‌ വച്ച്‌ പല്ലന്‍ ഭാസിയുടെ വഴി തടഞ്ഞു.
'ഇപ്പ ആനേടെ മൂട്ടില്‍ ജീപ്പ്‌ മുട്ടിയേനേല്ലാടാ.രാത്രി ഇതിനു റിഫ്ലക്റ്റര്‍ വേണോന്ന് അറിഞ്ഞൂടേടാ നിനക്ക്‌'.
ആനയെ രാത്രി വഴിയിലൂടെ നടത്തി കൊണ്ട്‌ പോകണമെങ്കില്‍ ആനയുടെ പുറക്‌ വശത്ത്‌ ഏതെങ്കിലും ഭാഗത്ത്‌ വെളിച്ചം റിഫ്ലക്റ്റ്‌ ചെയ്യുന്ന എന്തെങ്കിലും പതിപ്പികണമെന്ന് നിയമമുണ്ട്‌.അതില്‍ പിടിച്ചാണു പല്ലന്റെ ചോദ്യം.
'സാറേ ആനക്ക്‌ പോരേ റിഫ്ലറ്ററു.എനിക്ക്‌ വേണ്ടല്ലാ'.ഭാസി ഒന്ന് നിര്‍ത്തി.
'റിഫ്ലറ്ററു വേണ്ടവരു ഇവിടെ നിക്കട്ടെ,വേണ്ടാത്തവരു ദേ പോണു'.എന്നും പറഞ്ഞ്‌ ഭാസി ഒരു നടത്തം വച്ച്‌ കൊടുത്തു.
പല്ലനു എന്താണു സംഭവിക്കുന്നത്‌ എന്ന് മനസ്സിലാകുന്നതിനു മുന്‍പ്‌ ഭാസി ഇരുട്ടില്‍ മറഞ്ഞു.
പിന്നെ ഒരു മണിക്കൂറിനു ശേഷം ഭാസിയെ പോലീസുകാര്‍ ഷാപ്പില്‍ നിന്നും കണ്ടെടുത്ത്‌ സ്റ്റേഷനില്‍ എത്തിച്ചു.അവന്റെ എല്ലൊടിക്കും, എന്നും പറഞ്ഞിരുന്ന പല്ലന്‍ അടിച്ച്‌ ഫിറ്റായി തണ്ടൊടിഞ്ഞ്‌ കിടന്ന താമരഭാസിയെ കണ്ട്‌,ഇനി ഇവനെ തൊട്ടാല്‍ ഇവന്‍ ചത്ത്‌ പോകും എന്ന് മനസ്സിലാക്കി ,കൈത്തരിപ്പ്‌ തീരാന്‍ ആനയെ കുനിച്ച്‌ നിര്‍ത്തി രണ്ടിടിയിടിച്ചു എന്നാണു നാട്ടുകാര്‍ പറഞ്ഞു പരത്തിയത്‌.

7 comments:

sandoz said...

ഇനി കുറച്ച്‌ ദിവസം എന്നെ ബൂലോഗത്ത്‌ കണ്ടില്ലെങ്കില്‍ ഒരു കാര്യം തീര്‍ച്ചയാക്കിക്കോ ബൂലൂഗമേ -എന്നെ പല്ലന്‍ പൊക്കി.
ടാഡ,പോട്ട അതുമല്ലെങ്കില്‍ പുതിയ ഗുണ്ടാ നിയമം ഏതെങ്കിലും ചാര്‍ത്തി പല്ലന്‍ എന്നെ കുത്തിച്ചാരും.

sandoz said...

ഇനി കുറച്ച്‌ ദിവസം എന്നെ ബൂലോഗത്ത്‌ കണ്ടില്ലെങ്കില്‍ ഒരു കാര്യം തീര്‍ച്ചയാക്കിക്കോ ബൂലൊഗമെ -എന്നെ പല്ലന്‍ പൊക്കി.
ടാഡ,പോട്ട അതുമല്ലെങ്കില്‍ പുതിയ ഗുണ്ടാ നിയമം, ഏതെങ്കിലും ചാര്‍ത്തി പല്ലന്‍ എന്നെ കുത്തിച്ചാരും

Mubarak Merchant said...

പല്ലന്റെ കാര്യമോര്‍ത്ത് ചിരിച്ചു പോയി.
നിങ്ങളൊക്കെ ആണാന്നും പറഞ്ഞ് നടന്നിട്ടും ആ താമര ഭാസി വരേണ്ടി വന്നില്ലേ പല്ലനെ മുട്ടുകുത്തിക്കാന്‍!!! ഷെയിം ഷെയിം.

Anonymous said...

:)
ചിലപ്പോള്‍ പല്ലനും ബ്ലോഗ്ഗറായിരിക്കാം.
/*നവവത്സരാശംസകള്‍*/

വേണു venu said...

:)
happy new year

Unknown said...

പല്ലന്‍ കഥ കലക്കി.:-)

ഓടോ: അല്ല അറിയാന്‍ മേലാഞ്ഞിട്ട് ചോദിക്കുവാ വെറുതെ പോണ ജനങ്ങളെയിട്ട് പെരുക്കുന്ന പോലീസുകാരെ ഒതുക്കാന്‍ ഇരുട്ടടിയും എമ്മെല്ലെയെ വിളിച്ച് കണികാണാക്കുന്നിലേയ്ക്ക് സ്ഥലം മാറ്റിപ്പിക്കലുമല്ലാതെ ഒന്നും ചെയ്യാന്‍ കഴിയില്ലേ?

എസ്.കെ (ശ്രീ) said...

പല്ലന്റെ കഥകള്‍ അങ്ങിനെയൊന്നും തീരുന്നതല്ല....മാഷേ...ഞാനും ഒരു ഏലൂരുകാരനാ....അസ്സലു വിഷപ്പുക തീറ്റക്കാരന്‍..(!)
ഒരിയ്ക്കല്‍ ഏലൂരു ഡിപ്പോയില്‍ ഒരു വീട്ടില്‍ കള്ളന്‍ കയറി. ആളുണര്‍ന ടൈമായപ്പ്പോഴേയ്ക്കും കള്ളന്‍ ഓടിക്കളഞ്ഞു. അലമാരയിലിരുന്ന ഒരു 700 രൂപ, രണ്ടു സാരി.,പിന്നെ മേശപ്പുറത്തിരുന്ന ഒരു പഴയ ടേപ്പ്രിക്കാര്‍ദര്‍..ഇതൊക്കെയാണു നഷ്ടപ്പെട്ടത്. കേസുമായി വീട്ടുകാരന്‍(ഭാര്യയും, ഭര്‍ത്താവും എത്തി) സ്റ്റേഷനില്‍ വന്നു. (പല്ലു തള്ളിയിരിയ്ക്കുന്നതിനാല്‍ ഒരു പ്രത്യേക ഭാഷാശൈലിയാണു പല്ലന്)
പല്ലന്‍ ചോദിച്ചു: “എന്താഡാ അവന്‍ കൊണ്ടോയത്??”
ഭര്‍ത്താവ്‌:“സാറെ ഒരെഴുന്നൂറു രൂപയും ടേപ്പ്രിക്കാര്‍ഡറും പിന്നെ ഇവളടെ രണ്ടു സാരിയും
പല്ലന്‍ :“ഉടുത്തിരുന്ന സാരിയാര്‍ന്നോഡീ..?”
ആട്ടെ അലമാരി തൊറക്കാന്‍ അവനു താക്കോലെങ്ങനെ കിട്ടി...അവന്‍ താക്കോലുപയോഗിച്ചാനല്ലോ തൊറന്നത്?”
അപ്പോള്‍ ഭര്‍ത്താവ്:“ അത്..സാറേ...താക്കോലു ബെഡ്ഡിന്റെ അടീലുണ്ടായിരുന്നു....അവിടന്നെടുത്തു...“
പല്ലന്‍:“അപ്പോ നീയൊക്കെ ചത്തു കെടക്കേര്‍ന്നോ?..അതോ....
ആട്ടെ നീയെഴുന്നേറ്റപ്പോഴേയ്ക്കും അവനോടി രക്ഷപ്പെട്ടെന്നല്ലേ പറഞ്ഞത്...?...അപ്പോ അവനെ കണ്ടാല്‍ തിരിച്ചറിയാന്‍ വല്ല മാര്‍ഗ്ഗഓമൊണ്ടോടാ....”
ഭര്‍ത്താവ്:“ സാറേ അവന്റെ മുന്വശത്തെ പല്ലല്‍പ്പം പൊങ്ങിയതാ ...അതുരപ്പ്...
പല്ലന്‍:പ്ഫ....നായിന്റെ മോനേ കടന്നുപോഡാ...സ്റ്റേഷനീന്ന്....
....(ഇനിയുമുണ്ട് റിട്ടയര്‍ ചെയ്തിട്ടും മറക്കാത്ത മായാത്ത പല്ലന്‍ കഥകള്‍...ഇനിയുമെഴുതാം..)
ഓര്‍മ്മപ്പെടുത്തിയതിനു നന്ദി ബ്ലോഗറേ......