Saturday, August 11, 2007

ആടും ജോര്‍ജ്ജുട്ടി.....

അന്നാമ്മച്ചേടത്തീടെ അയ്യോ പത്തോ എന്ന വാപൊളി....
ആ കഴുവേര്‍ടമകനെ കൊണ്ട്‌ തോറ്റല്ലോ കര്‍ത്താവെ എന്ന ഡയലോഗിലേക്ക്‌ മാറിയപ്പോഴാണ്‌....
ഇറയത്തിരുന്ന് കട്ടനും ബീഡീം സമാസമം കീറുകയായിരുന്ന പാപ്പിച്ചേട്ടന്‍...
എങ്കില്‍ പിന്നെ പുറകുവശത്തേക്കൊന്ന് പോയി നോക്കാം എന്ന് തീരുമാനിച്ചത്‌.രാവിലേ അവളടെ തൊള്ള കേട്ടപ്പോള്‍,ആടിനെ കെട്ടാന്‍ പോണ വഴി അവളെ വല്ല പാമ്പും കടിച്ചു കാണുമെന്നാണ്‌ പാപ്പിച്ചേട്ടന്‍ കരുതീത്‌.
അവളടെ കയ്യിലിരിപ്പ്‌ വച്ച്‌.....
എന്‍.എച്ച്‌ വഴി ചുമ്മാ പോണ പാമ്പ്‌ വരെ ടാക്സിയെടുത്ത്‌ വന്ന് കടിച്ചിട്ട്‌ പോകും...
വായീന്ന് വരണ മുത്തുകള്‍ കേട്ടാലോ......പാമ്പല്ലാ....തവള വരെ കടിക്കും.
പാമ്പിന്‌ വല്ലപ്പോഴും കിട്ടണ ഒരു ചാന്‍സല്ലേ....പാവം രണ്ട്‌ കടി കൂടുതല്‍ കടിച്ചോട്ടെ എന്നും കരുതിയാണ്‌ ആദ്യത്തെ അയ്യോ പത്തോ വിളി പാപ്പിച്ചേട്ടന്‍ മൈയിന്‍ഡ്‌ ചെയ്യാതിരുന്നത്‌.
പക്ഷേ അലമുറയില്‍ ഫിറ്റ്‌ ചെയുന്ന ഡയലോഗ്സിന്റെ സ്വഭാവം മാറിയപ്പോഴാണ്‌ ഇത്‌ കേസ്‌ പാമ്പല്ലാ എന്ന് തോന്നുകയും വലിച്ച്‌ കൊണ്ടിരുന്ന ബീഡി വലിച്ചെറിഞ്ഞ്‌ കളഞ്ഞ്‌ വീടിന്റെ പുറകുവശത്തേക്ക്‌ എഴുന്നെള്ളിയതും.
ആടിനെ കെട്ടാറുള്ള അടക്കാമരത്തിന്റെ ചുവട്ടില്‍ നിന്നാണ്‌ അന്നാമ്മച്ചേടത്തി അലമുറയിടുന്നത്‌.

'എന്താടീ പിശാശേ...രാവിലെ കെടന്ന് കീറണത്‌....നിന്റെ കെട്ടിയോന്‍ കാഞ്ഞ്‌ പോയാ...'

'നിങ്ങളെ ചൊമന്നോണ്ട്‌ പോണ ദെവസം ഞാന്‍ പടക്കം പൊട്ടിക്കും.....'

'നിന്റെ അപ്പന്‍ ചത്തപ്പ പൊട്ടിച്ച പടക്കം ബാക്കി കാണോയിരിക്കും....'

'നുമ്മടെ ആടിനെ കാണാനില്ലന്നേ...രാവിലേ എന്റപ്പന്റെ പൊറത്തേക്ക്‌ കേറാതെ അതിനെ ഒന്ന് പോയി തപ്പ്‌ മനുഷ്യാ....
'
'ആടിനെ കാണാനില്ലേ....
പറമ്പിലെങ്ങാന്‍ കാണൂടീ...അത്‌ അഴിഞ്ഞ്‌ പോയതായിരിക്കും....അല്ലാതെവിടെ പോകാന്‍... '

'അഴിഞ്ഞ്‌ പോയതൊന്നുമല്ലാ....അതാ കാലമാടന്‍ കൊണ്ടോയതാ....'

'ആര്‌..'

'വേറാര്‌....നിങ്ങടെ സല്‍പ്പുത്രന്‍....'

'ജോര്‍ജ്ജൂട്ടിയാ....'

'പിന്നല്ലാതെ....അവനല്ലാതെ നിങ്ങക്ക്‌ വേറേമിണ്ടാ...നിങ്ങക്കെന്തൂട്ടാ ഒരു സംശയം...'

'അവന്‍ കൊണ്ടോണ നീ കണ്ടാ...'

'കാണണേന്തിനാ...അവനിന്നലെ പൈസ ചോദിച്ച്‌ ഇവിടെ കെടന്ന് തലതല്ലിപ്പൊളിക്കണത്‌ നിങ്ങേം കേട്ടതല്ലേ....
ഇതവന്‍ തന്നെ കൊണ്ടോയതാണ്‌.....
കാലമാടന്‍
ഇനിയിങ്ങോട്ട്‌ കെട്ടിയെടുക്കട്ടെ...
ഈ പടിക്കെ ഞാന്‍ കേറ്റൂല്ല...
അതിന്റെ പാല്‌ വിറ്റ്‌ കിട്ടണ കാശിനാണ്‌ വിഴുങ്ങീരുന്നേന്ന് ഓര്‍ത്തില്ലല്ല്ലാ അവന്‍..
കര്‍ത്താവെ...അവന്‍ മുടിഞ്ഞ്‌ പോകത്തേയൊള്ള്‌....'

അന്നാമ്മച്ചേടത്തി പ്രാക്കിന്റെം കരച്ചിലിന്റേം ഡോസ്‌ കൂട്ടി...

'എടി അന്നാമ്മേ..നീയിങ്ങനെ കിടന്ന് കാറാതെ....'

'പിന്നെ ഞാന്‍ കാറാതെന്ത്‌ ചെയ്യും..നിങ്ങക്കിത്‌ വല്ലോം അറിയണോ...
ഞണ്ണാന്‍ നേരത്ത്‌ വന്നിരുന്നാ പോരേ.....ഇങ്ങനെ കുന്തം പോലെ നിക്കാതെ അവനെപോയി തപ്പ്‌ മനുഷ്യാ..
അവന്‍ അതിനെ വല്ല ഷാപ്പിലും കൊടുത്ത്‌ കള്ള്‌ കുടിക്കണേന്‌ മുന്നേ അതിനെ തിരിച്ച്‌ വാങ്ങിക്കൊണ്ട്‌ വാ....'

അന്നാമ്മച്ചേടത്തി പറഞ്ഞത്‌ സത്യമാണ്‌.ആ ആടിന്റെ വെല തന്തക്കും മോനും അറിയാന്‍ വകുപ്പില്ല.
മരാശാരി ആയിരുന്ന പാപ്പിച്ചേട്ടന്‍ പണിക്ക്‌ പോയിട്ട്‌ വര്‍ഷങ്ങളായി.
വയ്യാഞ്ഞിട്ടല്ലാ..പണീടെ ഗുണം കൊണ്ട്‌ ആരുംവിളിക്കാറില്ലാ...
വല്ലപ്പോഴും വിളിച്ച്‌ വല്ല പണീം കൊടുക്കണത്‌ മേടയില്‍ നിന്നായിരുന്നു.
അവിടെ പള്ളീലച്ചന്‌ വേണ്ടി പണിത ചാരുകസേര.....
പിന്നോട്ടുള്ള ചാരിന്‌ പകരം മുന്നോട്ടുള്ള ചാരില്‍ പണിതപ്പോള്‍....അവിടത്തെ പണീം പൂട്ടി.
ഈച്ചേം ചക്കരേം പോലെ നടന്നിരുന്ന അയല്‌വക്കത്തെ ഗോവിന്ദന്‍ അയാളുടെ വീട്‌ പുതുക്കിപണിയാന്‍ പുറത്ത്‌ നിന്ന് വേറെ ആശാരിയെ കൊണ്ടുവന്നത്‌ പാപ്പിമാപ്ല സഹിച്ചു...
പക്ഷേ വൈകുന്നേരം ഷാപ്പില്‍ വച്ച്‌ കണ്ടപ്പോള്‍.....
'എനിക്ക്‌ നല്ലൊരു ആശാരിയെ കിട്ടി മാപ്ലേ..'
എന്ന് പറഞ്ഞപ്പോഴാണ്‌...പാപ്പിമാപ്ലയുടെ പിടിവിട്ട്‌ പോയത്‌.

'കിട്ടീത്‌ കളയണ്ടാ...എടുത്ത്‌ മുണ്ടിനകത്ത്‌ വച്ചോ...'
എന്നും പറഞ്ഞ്‌ ഷാപ്പില്‍ നിന്നും ഇറങ്ങിപ്പോന്ന മാപ്ല...
തന്റെ ഉളിയും കൊട്ടുവടിയും ഇരിക്കണ സഞ്ചിയെടുത്ത്‌ തോട്ടില്‍ വലിച്ചെറിഞ്ഞ്‌ കളഞ്ഞിട്ടാണ്‌ ഷാപ്പില്‍ തിരിച്ച്‌ ചെന്നത്‌...

പാപ്പിച്ചേട്ടന്റെ രണ്ട്‌ സന്താനങ്ങളില്‍ ഇളയത്‌ പെണ്ണായിരുന്നു.ജീന.

ജീന.....അപ്പനേം അമ്മേം വിഷമിപ്പിക്കാതെ തന്റെ കെട്ട്‌ പ്രായം ആയീന്ന്....
തനിക്ക്‌ തന്നെ തോന്നിയപ്പോള്‍ ആരോടും അഭിപ്രായം ചോദിക്കാതെ......
അമ്മച്ചി പുര മേയാന്‍ വേണ്ടി ചിട്ടി പിടിച്ച്‌ വച്ചിരുന്ന കാശും എടുത്ത്‌ ബ്ലൗസിനകത്ത്‌ തിരുകി....
കവലയില്‍ തയ്യല്‍ക്കട നടത്തുന്ന പ്രദീപന്റെ ഒപ്പം ഒളിച്ചോടി.

പെങ്ങള്‍ ഒളിച്ച്‌ പോയതറിഞ്ഞ്‌ സംഹാരരുദ്രനായി പ്രദീപനെ വെട്ടാന്‍ വീട്ടില്‍ നിന്നും വാക്കത്തിയുമായി ഇറങ്ങിപ്പോയ ജോര്‍ജ്ജൂട്ടി പിറ്റേന്ന്....
അളിയന്‍....പൊന്നളിയന്‍...എന്ന പാട്ടും പാടി ഓട്ടോറിക്ഷയിലാണ്‌ തിരിച്ച്‌ വന്നത്‌.
പ്രദീപന്റെ അഛനും ചേട്ടനും ചെത്തുകാരായിരുന്നു.അവരുടെ ചെത്ത്‌ കത്തി കണ്ട്‌ പേടിച്ച്‌ അളിയനേം പെങ്ങളേം ജോര്‍ജ്ജൂട്ടി അംഗീകരിച്ചതാണെന്നും..അതല്ലാ ദിവസോം 'ചെത്ത്‌ ഫാമിലി' വക കള്ള്‌ കുടിക്കാം എന്ന ഐഡിയയില്‍ ബന്ധം ഓക്കെ ആക്കിയതാണെന്നും രണ്ട്‌ സംസാരമുണ്ട്‌ നാട്ടില്‍.
എന്തായാലും അന്നാമ്മചേടത്തിക്ക്‌ മകളുടെ ഒപ്പം ഒരു വാക്കത്തീം കൂടി നഷ്ടപ്പെട്ടെന്ന് ചുരുക്കം.....
ആ കൊല്ലം പുര മേയേണ്ടി വന്നില്ല്ലായെന്നുള്ളത്‌ ലാഭവും....

പണിക്ക്‌ പോക്ക്‌ ജോര്‍ജ്ജൂട്ടിക്കും പറഞ്ഞിട്ടുള്ള കാര്യമല്ല.
ജോര്‍ജ്ജുട്ടീടെ ഭാഷേല്‍ പറഞ്ഞാല്‍...
'പറ്റിയ പണിയാച്ചാല്‍ നുമ്മ പോകും....ഇല്ലേലില്ലാ..'

പറ്റിയ പണി എന്ന് വച്ചാല്‍ ജോര്‍ജ്ജുട്ടീടെ പണി മരം വെട്ടാണ്‌.
പണീടെ കാര്യത്തില്‍ അപ്പനെപ്പോലെ തന്നെ മിടുക്കന്‍ ആയത്‌ കൊണ്ട്‌ സ്വന്തമായി ഒരോര്‍ഡറും ജോര്‍ജ്ജുട്ടിക്ക്‌ കിട്ടാറില്ല.
അവസാനമായി കിട്ടിയ സ്വന്തം പണി, ലാസറ്‌ ചേട്ടന്റെ.....ഇടിമിന്നലേറ്റ്‌ തല പോയ തെങ്ങ്‌ വെട്ടലാണ്‌.തെങ്ങ്‌ വെട്ടി മറിക്കാന്‍ മൈതാനം പോലെ സ്ഥലം ഉണ്ടായിരുന്നിട്ടും.....
ജോര്‍ജ്ജുട്ടി തെങ്ങ്‌ വെട്ടിയിട്ടത്‌ ലാസറ്‌ ചേട്ടന്റെ വീടിന്റെ നടുമ്പുറത്തേക്കാണ്‌.
അന്നവടന്ന് കോടാലീം ഉപേക്ഷിച്ച്‌ ഓടിയ ജോര്‍ജ്ജുട്ടി പിന്നെ സഹായി റോളിലേ മരംവെട്ട്‌ ഫീല്‍ഡില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളൂ.
പക്ഷേ അതും അങ്ങോട്ട്‌ ക്ലെച്ച്‌ പിടിച്ചിരുന്നില്ല.ഒരു കോണ്‌ട്രാക്ടര്‍ എത്ര കാലം വല്ലവരുടേം സൈറ്റില്‍ ഹെല്‍പര്‍ ആയി പണിയെടുക്കും.
തന്റെ മരം വെട്ട്‌ ഫീല്‍ഡിലുള്ള പരിചയം....
'ടാ..ആ കൊമ്പ്‌ ആ സൈഡിലേക്ക്‌ മറിയടാ..'

'കോടാലി നേരേ പിടിയടാ...'

'ഈ തെങ്ങ്‌ മൂന്ന് മുറിയായി താഴെയിറക്കാം..'
തുടങ്ങിയ കോച്ചിംഗ്‌ ക്യാമ്പുകളിലൂടെ പുറത്ത്‌ വരികയും ..
പണിയൊന്നും എടുക്കാതെ വായ്‌ത്തള്ളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തപ്പോഴാണ്‌ മറ്റുപണിക്കാര്‍ സഹികേടിന്റെ ഉന്നതകോടിയില്‍ എത്തിയതും....
'ജോര്‍ജ്ജുട്ടി ആ തണലത്ത്‌ പോയി ഇരുന്നോ...വൈകീട്ട്‌ തച്ച്‌ കാശ്‌ തന്നേക്കാം..'
എന്ന് പറയുകയും ചെയ്തത്‌.

അതോട്‌ കൂടി അഭിമാനിയായ ജോര്‍ജ്ജുട്ടി നിന്റേന്നും പണിയെനിക്ക്‌ വേണ്ടടാ മറുതകളേയെന്ന് പ്രഖ്യാപിക്കുകയും ഷാപ്പിലേം മുറുക്കാന്‍ കടേലേം പറ്റ്‌ കാശ്‌ തീര്‍ക്കാനായി അന്നമ്മച്ചേടത്തീടെ അടുത്ത്‌ മുട്ടുകുത്തുകയും....
നടക്കില്ലായെന്ന് കണ്ടപ്പോള്‍ ആടിനെ വിറ്റാണെങ്കിലും ഞാന്‍ എന്റെ കടം തീര്‍ക്കും എന്നലറിക്കൊണ്ട്‌ വീട്‌ വിട്ട്‌ പോവുകയും ചെയ്തത്‌.
അതിന്റെ പിറ്റേന്നാണ്‌ ആടിനെ കാണാതെയായത്‌.

'നിങ്ങയാ ഷാപ്പിലെ നാരായണന്റടുത്ത്‌ ചെന്ന് നോക്ക്‌..
അവന്‍ പറ്റ്‌ തീര്‍ക്കാന്‍ ആടിനെ അയാക്ക്‌ കൊണ്ടോയ്‌ കൊടുത്തിട്ടൊണ്ടാവും....
നോക്കിനിക്കാതെ ഒന്ന് പോയെന്റെ മനുഷേനേ....'

താളം ചവിട്ടി കൊണ്ട്‌ നിന്നിരുന്ന പാപ്പിച്ചേട്ടന്‍ പതുക്കെ നടന്ന് തുടങ്ങി.
'നാരായണന്റെ അവടെ ഇല്ലേല്‍..അത്‌ പറയാന്‍ ഇങ്ങോട്ട്‌ വരണ്ടാട്ടാ...നേരേ ചന്തേലേക്ക്‌ വിട്ടോണം...'

പാപ്പിച്ചേട്ടന്റെ ബുദ്ധിയെക്കുറിച്ച്‌ മതിപ്പുണ്ടായിരുന്ന ചേടത്തി ഓര്‍മ്മിപ്പിച്ചു.

വീടിന്റെ പുറകുവശത്തെ വഴിയിലൂടെ ഇറങ്ങിപ്പോയ പാപ്പിച്ചേട്ടന്റെ പോക്കും നോക്കി താടിക്ക്‌ കൈയ്യും കൊടുത്ത്‌ ആടിനെ കൊണ്ടുപോയ ജോര്‍ജ്ജുട്ടിയെ പ്രാകി കൊണ്ട്‌ നില്‍ക്കുമ്പോളാണ്‌ പുറകില്‍ ഒരനക്കം കേട്ടത്‌.തിരിഞ്ഞ്‌ നോക്കിയ അന്നാമ്മച്ചേടത്തി കണ്ടത്‌....ഒരു മൂളിപ്പാട്ടും പാടി മുന്‍ വശത്ത്‌ നിന്ന് വരുന്നു ജോര്‍ജ്ജുട്ടി.

'അമ്മച്ചീ....'

'പ്‌ഫാ...അമ്മച്ചിയാ..'

ചേടത്തിയുടെ ആട്ടിന്റെ ശക്തിയില്‍ രണ്ടടിപുറകിലേക്ക്‌ തെറിച്ച ജോര്‍ജ്ജുട്ടി വീടിന്റെ മതിലില്‍ ചെന്നിടിച്ച്‌ നിന്നു.

'എവടടാ ആട്‌...'

'ആടാ...ഏതാട്‌....'

ജോര്‍ജ്ജുട്ടി ഒന്നും മനസ്സിലാകാതെ പൊട്ടനെ പോലെ നിന്നു.

'നീയതിനെ ആര്‍ക്കാടാ കൊടുത്തേ...ദുഷ്ടാ...നീയൊരുകാലത്തും ഗൊണം പിടിക്കൂല്ലടാ...കഞ്ഞിവെള്ളോങ്കിലും കുടിച്ച്‌ കെടന്നീരുന്നത്‌ അതിന്റെ പാല്‌ വിറ്റാടാ....നീയോ നിന്റപ്പനോ പണിയെടുത്ത്‌ പത്തിന്റെ പൈസ കുടുംബത്ത്‌ തരൂല്ലാ...ഇനിയെന്തിനാടാ ഇവിടെ വായുമ്പൊളിച്ച്‌ നിക്കണത്‌...അകത്തിരിക്കണ ചട്ടീ കലോം കൂടി കൊണ്ടോയ്‌ വിറ്റ്‌ കുടിയടാ നശിച്ചവനേ...ഇനിയത്‌ മാത്രോയിട്ട്‌ ഇവിടേന്തിനാ വച്ചേക്കണേ.....'

ചേടത്തി നെഞ്ചത്തടി തുടങ്ങി....

ജോര്‍ജ്ജുട്ടി പതുക്കെ പറമ്പിന്‌ പുറത്തേക്കിറങ്ങി...
എത്ര ആലോചിച്ചിട്ടും ജോര്‍ജ്ജുട്ടിക്ക്‌ കാര്യം മനസിലായില്ല.ആടിനെ വിറ്റായാലും കാശുണ്ടാക്കും എന്ന് പറഞ്ഞത്‌ നേരാണ്‌.അതും പറഞ്ഞ്‌ ഇന്നലെ ഇറങ്ങിപ്പോയിട്ട്‌ പിന്നെയിന്നാണ്‌ ഈ ഏരിയയിലേക്ക്‌ വന്നത്‌.പിള്ളേടെ തെങ്ങീന്ന് ഒരുകൊല തേങ്ങേമിട്ട്‌ അതു വിറ്റ്‌ വാറ്റുമടിച്ച്‌ കടവില്‍ തന്നെ കെടന്നൊറങ്ങീട്ട്‌ ഇപ്പഴാ ഇങ്ങട്‌ കെട്ടിയെടുത്തത്‌.

ശ്ശെടാ...ഇതെന്ത്‌ പരീക്ഷണം....
ഇത്രനാളും കള്ളന്‍ എന്ന പേര്‌ മാത്രമേ ഇല്ലാതിരിന്നുള്ളൂ..ഇപ്പ അതും ആയി.....

സങ്കടം സഹിക്കാനാകാതെ ജോര്‍ജ്ജുട്ടി വഴിയരികില്‍ കണ്ട മരക്കുറ്റിയില്‍ കാല്‌ മടക്കിയടിച്ചു.
അടിച്ചതും....അമ്മേയെന്ന് ഞരങ്ങിക്കൊണ്ട്‌ കാലുംതിരുമ്മി അവിടെ തന്നെയിരുന്നു.

ചാവണം...
ഇങ്ങനെ ജീവിച്ചിട്ട്‌ കാര്യമില്ലാ..ചാവണം....
സ്വന്തം വിട്ടിലെ ആടിനെ അടിച്ച്‌ മാറ്റിയവന്‍ എന്ന പേരും കേട്ട്‌ ഇനി ജീവിക്കാന്‍ വയ്യ ..
ചാവണം...വെറുതേ ചത്താല്‍ പോരാ....എല്ലാത്തിനേം കൊന്നിട്ട്‌ ചാവണം...
സങ്കടവും ദേഷ്യവും ഒരുമിച്ച്‌ വന്ന ഒരു മുഹൂര്‍ത്തത്തില്‍ കാലിലെ വേദന മറന്ന് ജോര്‍ജ്ജുട്ടി ചാടിയെഴുന്നേറ്റു.
കൊല്ലണം..അമ്മച്ചിയേം അപ്പച്ചനേം കൊല്ലണം....
എന്നിട്ട്‌ താനും ചാകും...
കൊല്ലാനുള്ള ആവേശത്തില്‍ തിരിച്ച്‌ വീട്ടിലെക്ക്‌ നടന്ന ജോര്‍ജ്ജുട്ടി പെട്ടെന്ന് എന്തോ ആലോചിച്ച്‌ സഡന്‍ബ്രേക്കിട്ട്‌ നിന്നു.
എങ്ങനെ കൊല്ലൂന്നാണ്‌....ചുമ്മാ അങ്ങ്‌ കൊല്ലാന്‍ പറ്റുമോ...
വല്ല പാരക്കോലിനും തലക്കടിച്ച്‌ കൊല്ലാന്ന് വച്ചാല്‍ കരച്ചിലും ബഹളോം കേട്ട്‌ ആള്‌ കൂടും.
ആള്‌ കൂടിയാല്‍ കൊലപാതകത്തിന്‌ ശേഷമുള്ള തന്റെ സൂയിസൈഡ്‌ ഐഡിയ പാളും.
നാട്ടുകാര്‍ എടുത്തിട്ട്‌ ചളുക്കും.കയ്യും കാലും ഒടിഞ്ഞാല്‍ പിന്നെങ്ങനെ തൂങ്ങിച്ചാവാന്‍ മരത്തില്‍ കേറും...
കൈ ഉയര്‍ത്തിയാലല്ലെ വിഷം കഴിക്കാന്‍ പറ്റൂ...
പിന്നെ എന്ത്‌ ചെയ്യും...ജോര്‍ജ്ജുട്ടി ആലോചന തുടങ്ങി....

കിട്ടി..കിട്ടിപ്പോയ്‌...ഗുഡ്‌ ഐഡിയ....
കിണറ്റില്‍ വെഷം കലക്കാം....
അപ്പോള്‍ അതിലെ വെള്ളം കോരിക്കുടിച്ച്‌ അവര്‌ ചാകും...
പുറകേ അതിലെ വെള്ളം തന്നെ കുടിച്ച്‌ തനിക്കും ചാകാം....
അപ്പുറത്ത്‌ കപ്പകൃഷി ചെയ്യുന്ന ജോസിന്റെ മോട്ടറ്‌ പൊരേല്‌ എലിക്കും കോഴിക്കും കൊടുക്കണ വെഷം ഇരിക്കണത്‌ കണ്ടിട്ടുണ്ട്‌.കപ്പ തൊരക്കാന്‍ വരണ പെരുച്ചാഴീം ചീരേടെ കിളുന്ത്‌ കൊത്താന്‍ വരണ കോഴീമൊക്കെ വെഷം ചെന്ന് ചത്ത്‌ കെടക്കണതും താന്‍ കണ്ടിട്ടൊണ്ട്‌.

ജോര്‍ജ്ജുട്ടി നേരേ മോട്ടറ്‌ പുരയിലേക്ക്‌ നടന്നു.

ജോസയില്ല...ഭാഗ്യം...
കുറച്ച്‌ നേരത്തെ തിരച്ചിലിന്‌ ശേഷം പുരയില്‍ തൂക്കിയിട്ടിരുന്ന സഞ്ചിയില്‍ നിന്നും ജോര്‍ജ്ജുട്ടിക്ക്‌ വിഷത്തിന്റെ പൊതി കിട്ടി.

കുറച്ചേ ഒള്ള്‌..സാരമില്ല..ഇത്‌ മതി....
ഒന്ന് കൊത്തുമ്പഴേക്കും കോഴിയൊക്കെ പിടഞ്ഞ്‌ വീഴണത്‌ താന്‍ കണ്ടിട്ടുണ്ട്‌....
അപ്പോ ഇതു മുഴുവന്‍ കലക്കിയാല്‍ അമ്മച്ചീം അപ്പച്ചനുമല്ലാ....
ഈ പഞ്ചായത്തിലെ ആള്‍ക്കാര്‍ മുഴുവന്‍ ചാകും...

വിഷവും കൊണ്ട്‌ നേരെ ജോര്‍ജ്ജുട്ടി വീട്ടിലേക്ക്‌ ഓടി....
വേലിക്കരികില്‍ നിന്ന് അകത്തേക്ക്‌ പതുങ്ങി നോക്കി..ഇല്ലാ....
അമ്മച്ചി പുറകുവശത്താണ്‌...
കിണറിന്റെ അരികില്‍ എത്തിയ ജോര്‍ജ്ജുട്ടി ചുറ്റിനും ഒന്ന് നോക്കി ആരും ശ്രദ്ധിക്കുന്നില്ലായെന്ന് ഉറപ്പ്‌ വരുത്തി...
എന്നിട്ട്‌ വിഷം നേരേ കിണറ്റിലേക്ക്‌ ചൊരിഞ്ഞു.
അതിന്‌ ശേഷം ബക്കറ്റ്‌ കിണറ്റിലേക്കിറക്കി ശരിക്ക്‌ അടിച്ച്‌ കലക്കി.
എന്നിട്ട്‌ കൂടുതലൊന്നും ആലോചിക്കാതെ ഒരു ബക്കറ്റ്‌ വെള്ളം കോരി മടമടായെന്ന് കുടിച്ചു.
കൂടുതല്‍ ആലോചിച്ച്‌ നിന്നാല്‍ താന്‍ പിന്തിരിഞ്ഞേക്കുമോ എന്ന ഡൗട്ടില്‍ നിന്നാണ്‌ പെട്ടെന്നീ പണി ജോര്‍ജ്ജുട്ടി ചെയ്തത്‌.

കുടിച്ചതും ബക്കറ്റ്‌ താഴെയിട്ടു....
താനിതാ മരിക്കാന്‍പോകുന്നു..കുറച്ച്‌ കഴിഞ്ഞ്‌ അപ്പനും അമ്മച്ചീം കൂടി മരിക്കും...
ജോര്‍ജ്ജുട്ടിക്ക്‌ അലറിച്ചിരിച്ചു..പക്ഷെ ശബ്ദം പുറത്തേക്ക്‌ വന്നില്ല.
വേച്ച്‌ വേച്ച്‌ ജോര്‍ജ്ജുട്ടി പുറത്തേക്ക്‌ നടന്നു.
ശരീരം തളരുന്നു..ഇതാ മരണം അടുത്തെത്തി....
ഈശോയേ...ജോര്‍ജ്ജുട്ടി വിളിച്ചു...
.

'എന്താടാ.....'
ഈശോ വിളി കേട്ടു.....

ഞെട്ടിപ്പോയ ജോര്‍ജ്ജുട്ടി തിരിഞ്ഞ്‌ നോക്കിയപ്പോള്‍ കണ്ടത്‌ ഞൊണ്ടന്‍ കാലന്‍ ഈശോപ്പനെ....

'നിന്നേല്ലടാ പിശാശേ....
ഞാന്‍ കര്‍ത്താവിനെ വിളിച്ചതാ....'

'ഹ..ഹ...ഇത്‌ നല്ല മേട്‌....ചെകുത്താമ്മാരും കര്‍ത്താവിനെ വിളിച്ച്‌ തൊടങ്ങിയാ...'

ഈശോപ്പന്റെ തന്തക്കും തള്ളക്കും വിളിക്കണം എന്ന് ജോര്‍ജ്ജുട്ടിക്ക്‌ തോന്നിയെങ്കിലും.....
ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ മരിക്കാന്‍ പോകുന്ന തനിക്ക്‌....
സ്വര്‍ഗ്ഗം ലഭിക്കാനുള്ള അവസരം അവസാന നിമിഷത്തെ തെറിവിളി മൂലം നഷ്ടമായലോ എന്ന ചിന്തയില്‍ അടക്കി.

'നീയൊരു നാറിയാണെങ്കിലും...നിന്റെ തന്ത ഒരു പര നാറിയാണെങ്കിലും...ഞാനിപ്പോ അതൊന്നും നിന്നെ വിളിക്കണില്ലാ..കാരണം.... ഞാനിപ്പ ചാകും...കെണറ്റില്‍ വെഷോം കലക്കി...
അതീന്ന് വെള്ളോം കോരിക്കുടിച്ച്‌ സ്വര്‍ഗ്ഗത്ത്‌ പോകാന്‍ റെഡിയായി നിക്കണ എന്നെ കൊണ്ട്‌ നീ അങ്ങനെ തെറിപറയിപ്പിക്കാന്ന് നോക്കണ്ടടാ ഈശോപ്പാ...'

ഈശോപ്പന്‍ ഒന്ന് ഞെട്ടി.....ജോര്‍ജ്ജുട്ടീടെ അടുത്തേക്ക്‌ ചെന്ന് മണം പിടിച്ചു.
ഇല്ലാ..വെള്ളമടിച്ചിട്ടില്ല..പിന്നെയിവന്‍ എന്തൊക്കേണീ പറയണത്‌...

'ടാ..ജോര്‍ജ്ജുട്ടീ...നീ എന്ത്‌ കോടാലിയൊക്കേണീ പറേണത്‌...
കെണറ്റില്‍ വെഷം കലക്കീന്നാ...'
മറുപടിയൊന്നും പറയാതെ ജോര്‍ജ്ജുട്ടി വേച്ച്‌ വേച്ച്‌ നടന്നു.
സ്വര്‍ഗ്ഗം കിട്ടാനുള്ള അതീവമായ ആഗ്രഹത്തിന്റെ പുറത്ത്‌...
ഈശോയെ..ഈശോയേ എന്ന് ഉരുവിട്ടു....

പകച്ച്‌ പോയ ഈശോപ്പന്‍ എന്തോ പന്തികേട്‌ മണത്തു.
തന്റെ ഞൊണ്ടിക്കാലും വലിച്ച്‌ വച്ച്‌ നേരെ ജോര്‍ജ്ജുട്ടിടെ വീട്ടിലേക്ക്‌ ഓടിക്കേറി.

അതാ അന്നാമ്മ ചേടത്തി വെള്ളം കോരുന്നു.
അയ്യോ..കോരിക്കഴിഞ്ഞു.
വെള്ളം പകര്‍ത്താനുള്ള കുടം കാണാനില്ലല്ലോ....
അയ്യോ....ചേടത്തി വെള്ളം ബക്കറ്റില്‍ നിന്ന് നേരേ കുടിക്കാനുള്ള പുറപ്പാടിലാണ്‌....

തടയണം.... തടഞ്ഞേ പറ്റൂ...

'ചേടത്തീ..വെള്ളം കുടിക്കല്ലേ...കെണറ്റില്‍ വെഷം കലക്കീട്ടൊണ്ടേ...'

ഈശോപ്പന്‍ സര്‍വ്വശക്തിയുമെടുത്ത്‌ അലറി....

ഇതിനകം രണ്ട്‌ കവിള്‍ വെള്ളം വിഴുങ്ങിക്കഴിഞ്ഞിരുന്ന ചേടത്തി അലര്‍ച്ച കേട്ട്‌ തലയുയര്‍ത്തി നോക്കി.

ഈശോപ്പനാണല്ലാ.....ഇവനിതെന്താ പറ്റിയേ....

'എന്താട ഈശോപ്പാ...നീ കെടന്ന് തൊള്ളയെടുക്കണത്‌....'

'ചേടത്തീ...ആ വെള്ളം കുടിക്കല്ലേ...അതിനകത്ത്‌ ജോര്‍ജ്ജുട്ടി വെഷം കലക്കീട്ടൊണ്ട്‌....
അവന്‍ വെഷവെള്ളോം കുടിച്ചോണ്ട്‌ പാതിജീവനോടെ വഴീല്‍ നില്‍പ്പൊണ്ട്‌...'

ചേടത്തീടെ കണ്ണില്‍ ഇരുട്ട്‌ കേറി...
വിഷം ചെന്ന വയറില്‍ തടവിക്കൊണ്ട്‌....
കര്‍ത്താവേ എന്നൊരു വിളിയോടെ അന്നാമ്മ ചേടത്തി പുറകോട്ട്‌ മറിഞ്ഞ്‌ വീണു.

-------------------

മരണത്തെ പുല്‍കാന്‍ തയ്യാറായി, വഴിയരികില്‍ കര്‍ത്താവിനെ പ്രാര്‍ഥിച്ചുകൊണ്ട്‌ മലര്‍ന്ന് കിടന്ന ജോര്‍ജ്ജുട്ടി,
പിടിയടാ അവനെ..കെണറ്റില്‍ വെഷം കലക്കിയ പന്നീനെ കൊല്ലടാ എന്നൊക്കെ ആക്രോശിച്ച്‌ കൊണ്ട്‌ തന്റെ നേരെ ഒരു പറ്റം ആള്‍ക്കാര്‍ പാഞ്ഞ്‌ വരുന്നത്‌ കണ്ട്‌....
താന്‍ വിഷം കഴിച്ച്‌.....
മരണത്തെ വെയിറ്റ്‌ ചെയ്യുകയാണെന്ന ചിന്ത മറന്ന്....
തടി രക്ഷിക്കാന്‍ ഉടുതുണീം വാരിപ്പിടിച്ച്‌ വേലി ചാടിയോടി.

ജോര്‍ജ്ജുട്ടിയേയും ആടിനേയും തപ്പിപ്പോയ പാപ്പിച്ചേട്ടന്‍...
തന്റെ ഓപ്പറേഷന്‍ സക്സസ്‌ ആയ സന്തോഷത്തില്‍ ഷാപ്പുകാരന്‍ നാരായണന്റെ അടുത്ത്‌ നിന്ന് ആടിന്റെ പൈസയും വാങ്ങി അരേല്‍ തിരുകി....
രണ്ട്‌ കുപ്പി കള്ളിനും ഓര്‍ഡര്‍ കൊടുത്ത്‌ ഷാപ്പില്‍ തന്നെയിരുന്നു.

അതേ സമയം....
വീട്ടിലേക്ക്‌ കൊണ്ടുപോകാന്‍ വാങ്ങിച്ച.....
മോട്ടറ്‌ പുരയിലെ സഞ്ചിയില്‍ സൂക്ഷിച്ചിരുന്ന.....
അപ്പത്തിനിടാനുള്ള യീസ്റ്റ്‌ തപ്പുകയായിരുന്നു കപ്പത്തോട്ടത്തിലെ ജോസ.....

49 comments:

sandoz said...

നീണ്ട കുറച്ച് ദിവസത്തെ അവധിക്ക് ശേഷം മഞുമ്മലില്‍ വീണ്ടും ഒരു പോസ്റ്റ്....സഹിച്ചാലും

Unknown said...

ചിരിച്ചു മോനേ സാന്റോ... ഈ ഡയലോഗിലൂടെ കഥ പറയാനുള്ള കഴിവ് അപാരം തന്നെ. നീയെന്താ സന്യസിയ്ക്കാന്‍ പോയോ? ഇവിടെയെങ്ങും കണ്ടിരുന്നില്ല..

ഗുപ്തന്‍ said...

ഹ ഹ ഹ സാന്‍ഡോപ്പാ.. ഇന്നത്തെ ദിവസം നീറ്റ്... പാവം ജോര്‍ജുകുട്ടി മൊത്തത്തില്പാളി അല്ലേ...

മെലോഡിയസ് said...

സാന്റോ..കിടിലം മച്ചൂ.
എന്നാലും പാവം നുമ്മട ജോര്‍ജ്ജൂട്ടി..

ഇടിവാള്‍ said...

ഹഹഹ! സാന്റോ, ഗ്യാപ്പിനു ശേഷമുള പോസ്റ്റും ഉഗ്രന്‍ കേട്ടാ.


അലാ, അപ്പ ജോര്‍ജ്ജൂട്ടി തന്ന്യാണോ ആടിനെ നാരാണേട്ടനു വിറ്റത്??

[ nardnahc hsemus ] said...

സാന്‍ഡോസ്‌,
ഇവിടെ ഇടയ്ക്കിടെ വന്നുപോകാറുണ്ടായിരുന്നു. അന്നേരമേ തോന്നിയിരുന്നു, സുനാമിയ്ക്കു മുന്‍പുള്ള നിശ്ശബ്ദതയാണെന്ന്! തകര്‍ത്തു ട്ടോ, ഇത്‌ സുനാമി തന്നെ!

G.MANU said...

'ഹ..ഹ...ഇത്‌ നല്ല മേട്‌....ചെകുത്താമ്മാരും കര്‍ത്താവിനെ വിളിച്ച്‌ തൊടങ്ങിയാ...'


adipoli keeru macha.....

മൂര്‍ത്തി said...

കൊള്ളാം സാന്‍‌ഡോസേ..
എവിടെയായിരുന്നു?

Unknown said...

മഞ്ഞുമ്മല്‍ മച്ചാനേ:)

കൊറേ നാളായല്ലോ കണ്ടിട്ട്, മെറ്റേണിറ്റി ലീവിലായിരുന്നൂല്ലേ?:)

നല്ല കൊച്ച് “ആടും ജോര്‍ജ്ജൂട്ടി...”
സാന്റോന്റെ തന്നെ.......

പാവം ജോസ് ഇനി യീസ്റ്റിനെവിടെ പോകും?;(

Satheesh said...

..കെണറ്റില്‍ വെഷം കലക്കിയ പന്നീനെ കൊല്ലടാ എന്നൊക്കെ ആക്രോശിച്ച്‌ കൊണ്ട്‌ തന്റെ നേരെ ഒരു പറ്റം ആള്‍ക്കാര്‍ പാഞ്ഞ്‌ വരുന്നത്‌ കണ്ട്‌....
താന്‍ വിഷം കഴിച്ച്‌.....
മരണത്തെ വെയിറ്റ്‌ ചെയ്യുകയാണെന്ന ചിന്ത മറന്ന്....
തടി രക്ഷിക്കാന്‍ ഉടുതുണീം വാരിപ്പിടിച്ച്‌ വേലി ചാടിയോടി.

ഇത്രയുമെത്തിയപ്പഴേക്ക് ചിരിയുടെ അവസാനത്തെ കണ്ട്രോളും കൈവിട്ടു! :-)

സുല്‍ |Sul said...

സാന്‍ഡോച്ചാ എവ്ട്യായിരുന്നു ഗഡ്യേ.
ഇതു കലക്കീട്ട്ണ്ട് മച്ചാ :)
-സുല്‍

കുതിരവട്ടന്‍ | kuthiravattan said...

ഇടവേള അല്പം നീണ്ടു പോയെങ്കിലും പോസ്റ്റ് കിടിലന്‍ തന്നെ.

അഭിലാഷങ്ങള്‍ said...

അടിപൊളി മാഷേ.. പൊടിപൂരമാക്കി...

എനിക്കിനി ചിരിക്കാന്‍ വയ്യേ....

അതുകൊണ്ട് ചിരി ഒന്നു പ്രോഗ്രാം ചെയ്യാതെ രക്ഷയില്ലപ്പാ....

for(i=0; i<10000000; 1++)
{
printf("%s", " ഹ ഹ ഹ ഹ ഹ..അയ്യോ‍ാ.. ");
}

SUNISH THOMAS said...

എബടാരന്നു ശശിച്ചേട്ടാ? ജോര്‍ജുകുട്ടി കലക്കീട്ടോ.........
കസേരയ്ക്കു മുന്നോട്ടുള്ള ചാരുപണിതുവച്ചുകൊടുത്തത് അങ്ങിഷ്ടപ്പെട്ടു. അങ്ങനെ വേണം.
:)

SUNISH THOMAS said...

ഇടിവാളു പേരുമാറ്റിയോ? വിം എന്നാണോ ഇപ്പോഴത്തെ പേര്? ഈ ചായയില്‍ ഒക്കെ കലക്കിക്കുടിക്കുന്ന വിം ആണോ വാളേ?
:)

പുള്ളി said...

സാന്റോസേ,‘ആടും ജോര്‍ജ്ജൂട്ടി‘ രസിച്ചു :) പോസ്റ്റിന്റെ തലക്കെട്ട് മുതല്‍...

SHAN ALPY said...

A free
gulf video
visit my blog
http://shanalpyblogspotcom.blogspot.com

:: niKk | നിക്ക് :: said...

ആടും... ആടും...

ന്നാലും എന്റെ സാന്റോസേ... :(

പോക്കിരി said...

-;) സാന്റോ...കല്‍ക്കി....

തമനു said...

സാന്‍ഡോസേ ... നന്നായി..

എന്നാലും കുറച്ചു കാലം എഴുതാതിരുന്നതിന്റെ ഒരു കുറവ് പല ഭാഗങ്ങളിലും കാണുന്നുണ്ട് എന്നെനിക്ക് തോന്നുന്നു... :)

എഴുതാന്‍ ഇത്രയും ഗ്യാപ്പ് പാടില്ല. കുറേക്കാലം എഴുതാതിരുന്നാല്‍ പിന്നീട് എഴുതാന്‍ മടിയായിപ്പോകും .. (ഈയിടെ എനിക്കൊരാള്‍ തന്ന ഉപദേശമാ... ഞാനോ നന്നാവുന്നില്ല, തനിക്കെങ്കിലും ഉപകാരമാകുന്നെങ്കില്‍ ആവട്ടേ..:)

തമനു said...

വല്യോരോടോ: സുനീഷ് ചോദിച്ചപോലെ ഈ ഇടിവാളെങ്ങനാ വീയെം ആയത്. വിശാലനും, വക്കാരിക്കും ശേഷം ബൂലോഗത്ത് മൂന്നാമത്തെ വീയെമ്മോ...? :)

മുസ്തഫ|musthapha said...

'എന്താടീ പിശാശേ...രാവിലെ കെടന്ന് കീറണത്‌....നിന്റെ കെട്ടിയോന്‍ കാഞ്ഞ്‌ പോയാ...'

'നിങ്ങളെ ചൊമന്നോണ്ട്‌ പോണ ദെവസം ഞാന്‍ പടക്കം പൊട്ടിക്കും.....'

'നിന്റെ അപ്പന്‍ ചത്തപ്പ പൊട്ടിച്ച പടക്കം ബാക്കി കാണോയിരിക്കും....'

ഇവിടെ എത്തിയപ്പഴേ ചിരി തൊടങ്ങി... :)

myexperimentsandme said...

ഹ...ഹ... തകര്‍ത്തു മണലോസേ.

അപ്പോള്‍ പാപ്പിച്ചേട്ടന്റെ ബുദ്ധിയെപ്പറ്റി അന്നാമ്മച്ചേടത്തിക്ക് മതിപ്പില്ലെങ്കിലും വായിക്കുന്നവര്‍ക്കുണ്ടാവുമല്ലേ :)

ടൈറ്റിലും ഉഗ്രന്‍... “ആടും ജോര്‍ജ്ജുട്ടി” കേന്ദ്രകഥാപാത്രവും ജോര്‍ജ്ജുട്ടിയുടെ കള്ളടിച്ചതിനുശേഷമുള്ള പ്രകടനവും ഒറ്റവാക്കില്‍. ഉഗ്രന്‍.

വേണു venu said...

ഹാഹാ...സാണ്ടോസ്സു്,
ആടും ജോര്‍ജ്ജൂട്ടി...ആടിആടി...ആടുമായി ജോര്‍ജ്ജൂട്ടി. കസേര പണിഞ്ഞിട്ടിരിക്കുന്നതു് അസ്സലായി. ഏതോ സിനിമയില്‍‍ തൂണിനു് ചുറ്റുമായി കട്ടിലു് പണിഞ്ഞിട്ട ജഗതിയെ ഓര്‍ത്തു.:)

മനോജ് കുമാർ വട്ടക്കാട്ട് said...

സാന്‍‌റ്റൂ....... :)

Rasheed Chalil said...

സാന്‍ഡോ... വല്ലപ്പോഴും ഉള്ളൂ എങ്കിലും ഈ വെടിക്കെട്ട് കലക്കി.

ശ്രീ said...

ആടും ജോര്‍‌ജ്ജൂട്ടി കൊള്ളാം
നന്നായി ചിരിപ്പിച്ചു....
:)

Promod P P said...

അലക്കി പൊളിച്ചെന്റെ സസി

കുട്ടന്‍സ്‌ | S.i.j.i.t.h said...

കലക്കി സാന്‍ഡോസ്..

ഇത്രക്കിടവേള വേണ്ട...പെട്ടെന്ന് പെട്ടെന്ന് പോരട്ട് മഞ്ഞുമ്മല്‍ന്ന്..

:)

Kalesh Kumar said...

സൂപ്പര്‍!!!

Dinkan-ഡിങ്കന്‍ said...

നീയാര് “മഞ്ഞുമ്മല്‍ സാന്ഡൊയോ” അതോ “ഇടവേള സാന്‍ഡൊയോ?

ഇനി ഇമ്മാതിരി ഇട“വേളി” നടത്താതെ ടമാര്‍ പഠാര്‍ ന്ന് പോസ്റ്റിട് ട്ടാ.

ജോര്‍ജപ്പന്‍ കലക്കീണ്ട്. ശരിക്കും തകര്‍ത്തു.

ഏറനാടന്‍ said...

സാന്റോ നീയാണുമോനേ സംഭാഷണകഥാകാരന്‍..! അങ്ങിനെയൊരു പട്ടം ഉണ്ടേലതിനവകാശി സാന്റോ മാത്രം..

ബയാന്‍ said...

സാന്റോ...നീയും കൂടി ഇല്ലെങ്കില്‍ ?

അധികം വൈകേണ്ട.

ജിസോ ജോസ്‌ said...

കൊള്ളാം !

Vempally|വെമ്പള്ളി said...

സാന്റൊ നിഷ്കളങ്കനായ ജോര്‍ജൂട്ടീടേം വില്ലനായ പാപ്പിച്ചേട്ടന്റെയും കഥ കലക്കി. ജീനേടെ ഭാഗം ഇത്തിരികൂടെ വികസിപ്പിക്കാമായിരുന്നു.

തമനു said...

വെമ്പള്ളീ.... :) :)

sandoz said...

ജോര്‍ജുട്ടിയുടെ ആട്ടം കാണാനെത്തിയ...
ദില്‍ബന്‍...മനു..മെലോഡിയസ്‌..
ഇടിഗഡി..സുമേഷ്‌..ജി.മനു..
മൂര്‍ത്തി..പൊതുവാള്‍..സതീഷ്‌..
സുല്‍..കുതിരവട്ടന്‍..അഭിലാഷ്‌..
സുനീഷ്‌..ഉറുമ്പ്‌..പുള്ളി..
ഷാന്‍..നിക്ക്‌..പോക്കിരിവാസു..
തമനു..അഗ്രു..വക്കാരി..
വേണുവേട്ടന്‍..പടിപ്പുര..ഇത്തിരി..
ശ്രീ..തഥഗതന്‍..കുട്ടന്‍സ്‌..
കലേഷ്‌..ഡിങ്കന്‍..ഏറനാടന്‍..
ബയാന്‍..തക്കുടു..വെമ്പള്ളി...
എന്നിവര്‍ക്ക്‌...നന്ദി...
ഒരുപാടോരുപാട്‌ സ്നേഹം..
എന്നെ സഹിക്കുന്നതിനു

സുന്ദരന്‍ said...

ബുഹഹഹഹ...
യീസ്റ്റ് കലക്കിക്കുടിച്ചാലും ആടുമില്ലേ...
കലക്കിക്കുടിക്കാതെയും ആടും...

ദിവാസ്വപ്നം said...

:-)

സാന്‍ഡോസിന്റെ പോസ്റ്റുകളെപ്പറ്റി പ്രത്യേകിച്ച് എന്തുപറയാ‍നാണ്. പതിവുതെറ്റിക്കാതെ ഇത്തവണയും അലക്കിപ്പൊളിച്ചിരിക്കുന്നു.

Typist | എഴുത്തുകാരി said...

ഇന്നാ ഞാന്‍ ഇവിടെ എത്തിയതു്. ജോര്‍ജ്ജൂട്ടി
കലക്കീട്ട്ണ്ടു്, ട്ടാ.

ഉണ്ണിക്കുട്ടന്‍ said...

ചിരിച്ചു പറ്റായിപ്പോയെടാ.. അഹമ്മദാബാദില്‍ കമ്പ്യൂട്ടറൊന്നുമില്ലേ..ഇല്ലേ ഇക്കാസിന്റെ കടേന്ന് വലുതു നോക്കി ഒരെണ്ണമെടുത്തോ..പോസ്റ്റ് മുടങ്ങാതെ ഇട്ടോണം..ങാ..

sandoz said...

ആട്ടത്തിന്റെ മിസ്റ്ററി അറിയാന്‍ വന്ന...
സുന്ദരന്‍....ടൈപ്പിസ്റ്റ്‌...
ദിവാച്ചന്‍..ഉണ്ണിക്കുട്ടന്‍...
എന്നിവര്‍ക്ക്‌..നന്ദി....
നമസ്കാരം...

RR said...

ഇതു പണ്ടേ വായിച്ചതാ... ഇതിനു ചുമ്മാ ഒരു സ്മൈലി ഇട്ടിട്ടു പോയാല്‍  പോരാ എന്നുള്ളതു കൊണ്ട് അന്നു കമന്റ് ചെയ്തില്ല. ഈ കമന്റ് ഒരാള്‍ കൂടി വായിച്ചു എന്നറിയിക്കാന്‍ വേണ്ടി :) ഒരു രക്ഷയും ഇല്ല മച്ചു... ചിരിച്ചൊരു വഴിക്കായി :)

qw_er_ty

എതിരന്‍ കതിരവന്‍ said...
This comment has been removed by the author.
എതിരന്‍ കതിരവന്‍ said...

ജോര്‍ജ്ജുകുട്ടി അമ്മച്ചിയ്ക്കും അപ്പച്ചനും എഴുതുന്നത്:

ആ കിണറ്റിലെ വെള്ളതിനു വല്യ കുഴപ്പമില്ലാരുന്നു. അന്ന് കുടിച്ച കള്ള് അകത്തുനിന്നും പതഞ്ഞു പൊങ്ങി. നല്ല എഫക്റ്റാരുന്നു.
ജോസിനോടു ചൊദിക്കണം ആവെഷം എവടെ കിട്ടും എന്ന്.

ആടിനെ കൊണ്ടുപോയ കള്ളന്‍ എന്ന് എന്നെ വിളിക്കരുത്. ആട് എന്റെ പൊറകേ ചുമ്മാ വന്നതാണ്. ഷാപ്പിനു പൊറകിലെത്തിയപ്പം ആടു ചോദിക്കുകാ ഞാന്‍ ജോര്‍ജ്ജുകുട്ടിയ്ക്കു കൂട്ടായിട്ട് ഇവിടെ നിന്നോട്ടെ എന്ന്.

ധ്യാനകേന്ദ്രമാണെങ്കിലും എനിയ്ക്കിവിടെ സുഖമാണ്.

താംബൂലം said...

climax kallki
startingil onnu ishajooooooooo

sandoz said...

എതിരവന്‍ കതിരവന്‍...ആറാര്‍...
അഭി..എന്നിവര്‍ക്ക്‌ ജോര്‍ജ്ജുട്ടിയുടെ ആട്ടം കണ്ടതിനു ഡാങ്ക്സ്‌.....

Sathees Makkoth | Asha Revamma said...

ഹഹ്ഹഹ്..
വീണ്ടും ചിരിപ്പിച്ചു സാന്റോ. നല്ലതായി.

സുധി അറയ്ക്കൽ said...

രസികനായിട്ടുണ്ട്.