Saturday, October 27, 2007

സണ്ണിച്ചന്‍ പാവമായിരുന്നു....

ഇന്ന് താന്‍ മരിക്കും.
ചുമ്മാ ആപ്പാ ഊപ്പാ മരിക്കലൊന്നുമല്ലാ....അതിന്‌ വേറെ ആളെ നോക്കണം.
താന്‍ മരിക്കാന്‍ പോണതേ ആത്മഹത്യ ചെയ്താ...ഹും.
സണ്ണിച്ചന്‍ തീരുമാനിച്ച്‌ കഴിഞ്ഞിരുന്നു.വ്യക്തമായ പദ്ധതിയും തയ്യാറാക്കി കഴിഞ്ഞു.

കഴിഞ്ഞ പ്രാവശ്യത്തെ പോലെ അബദ്ധം പറ്റരുത്‌.ആ പോലീസുകാരന്‌ കേറി തടയാന്‍ പറ്റരുത്‌.അയാളും മോളും അനുഭവിക്കണം.തന്റെ ശവത്തിന്‌ അവരെക്കൊണ്ട്‌ സമാധാനം പറയിപ്പിക്കണം.

സണ്ണിച്ചന്‍ ഒന്ന് ഊറി ചിരിച്ചു.എന്നിട്ട്‌ വീടിന്‌ പുറത്തേക്കിറങ്ങി.പുറത്ത്‌ നിന്നുകൊണ്ട്‌ തന്റെ വീടിനെ അവസാനമായി ഒന്ന് നോക്കി. അതിന്‌ ശേഷം കവല ലക്ഷ്യമാക്കി ആഞ്ഞ്‌ നടന്നു.
സണ്ണിച്ചന്‍ പാവമായിരുന്നു.
******************
സണ്ണിച്ചന്‍ ഉറങ്ങാറില്ല.
ഡയസപാം ഗുളികയും ബാറ്ററിയും കലക്കിയ കള്ള്‌ അഞ്ച്‌ കുപ്പി...
കുതിരപോലും കുടിക്കാത്ത വില കുറഞ്ഞ സര്‍ക്കാര്‌ മദ്യം കാല്‍ക്കുപ്പി...
ആവശ്യത്തിന്‌ കഞ്ചാവും....
ഇത്രയും സ്ഥിരം കേറ്റാറുള്ള സണ്ണിച്ചന്‌....
ഒരു ദിവസം പോലും ഉറങ്ങാന്‍ പറ്റാറില്ല.
അത്‌ സണ്ണിച്ചന്റെ തെറ്റായിരുന്നില്ല.
ഉറങ്ങുന്നതിനു മുന്‍പേ ബോധം പോകുന്നത്‌ സണ്ണിച്ചന്റെ തെറ്റാണോ...
അല്ല..അല്ല..അല്ല.

സണ്ണിച്ചന്‍ പാവമായിരുന്നു.
***************
സണ്ണിച്ചന്‍ സുന്ദരനാണ്‌...
സുമുഖനാണ്‌...
സര്‍വോപരി സംഭാഷണ പ്രിയനാണ്‌.
സംഭാഷണം കേള്‍ക്കുന്നവന്‍...ഒരെണ്ണം മുഖമടച്ച്‌ സണ്ണിച്ചനിട്ട്‌ പൊട്ടിക്കാതെ വേറെ പണിക്ക്‌ പോവൂല്ല.
അത്രക്ക്‌ കേമനാണ്‌ സണ്ണിച്ചന്‍.എന്നാലും സണ്ണിച്ചന്‍ പാവമായിരുന്നു.
പാവം മാത്രമല്ലാ..അധ്വാനിയും കൂടിയായിരുന്നു.
സദാശിവന്‍ മുതലാളിയുടെ കൊപ്രക്കളത്തില്‍ എല്ലുമുറിയെ പണിയെടുത്ത്‌...കാശ്‌ സമ്പാദിച്ച്‌...സണ്ണിച്ചന്‍ ഷാപ്പുകാരന്‍ ഗോപാലന്റെ കുടുംബം പുലര്‍ത്തി.
ബിവറേജസ്‌ കോര്‍പ്പറേഷനെ നഷ്ടത്തില്‍ നിന്ന് രക്ഷിച്ചു.
മലമടക്കുകളിലെ കഞ്ചാവ്‌ തോട്ടങ്ങളില്‍ വിയര്‍പ്പൊഴുക്കുന്നവര്‍ക്ക്‌ അത്താണിയായി.

അങ്ങനെ പരോപകാരിയായി....
പരോപകാരികള്‍ക്ക്‌ ഉപകാരിയായി...
സണ്ണിച്ചന്‍ ജീവിച്ച്‌ പോരുന്നതിനിടയിലാണ്‌...
പീച്ചിഡാമില്‍...
എവിടെനിന്നെന്നോ...
എങ്ങനെയെന്നോ അറിയാതെ പെട്ടെന്ന് പ്രത്യക്ഷപ്പെട്ട മുതലയെപ്പോലെ...
ഒരു പെണ്‍കുട്ടി സണ്ണിച്ചന്റെ മുന്‍പില്‍ വന്നവതരിച്ചത്‌.

വൈകീട്ട്‌ ഒരു അഞ്ചഞ്ചര മണിക്ക്‌ ബാറ്ററിവാട്ടറും കേറ്റി...
അടുത്ത പടിയായ സര്‍ക്കാരിന്റെ കാല്‍ക്കുപ്പി വാങ്ങാനുള്ള പ്രയാണത്തിനിടയില്‍...
സ്ഥലകാലബോധം പോയി...
തെക്കേതാ വടക്കേതാ എന്നറിയാതെ കവലയില്‍ നിന്ന് കറങ്ങുമ്പോഴാണ്‌ ഗുരുവായൂര്‍ക്ക്‌ പോകുന്ന ഫാസ്റ്റ്‌ പാസഞ്ചര്‍ കവലയില്‍ ചവുട്ടിയതും...
അതില്‍ നിന്ന് മിസ്‌:ശോശന്ന മൈക്കിള്‍ ഇറങ്ങിയതും.
ശോശന്നയെ കണ്ടപ്പോള്‍...
ഇവളെ അറുത്താല്‍ പത്ത്‌ പത്തേമാരി പണിയാമല്ലോ കര്‍ത്താവേ....എന്നാണ്‌ സണ്ണിച്ചന്‌ ആദ്യം തോന്നിയത്‌.
ആ തോന്നല്‍ കുറച്ച്‌ ഉറക്കെയായിപ്പോയത്‌ സണ്ണിച്ചന്റെ തെറ്റായിരുന്നില്ല.ഉള്ളിലുള്ള ബാറ്ററിവാട്ടറിന്റെ തെറ്റായിരുന്നു.
ഒരു നിമിഷം...ശോശന്ന ഒന്ന് മുന്നോട്ടാഞ്ഞു.കൈയ്യൊന്നാഞ്ഞ്‌ വീശി.
ആദ്യം ഠേ എന്നൊരു ശബ്ദവും...അതിന്റെ തൊട്ടുപുറകേ പ്‌ധും എന്നൊരു ശബ്ദവും കേട്ട്‌...കവലയിലെ ബസ്‌സ്റ്റോപ്പിലിരുന്ന് ലോട്ടറി ടിക്കറ്റ്‌ വില്‍ക്കുന്ന കാഴ്ചയില്ലാത്ത...അതിനും കൂടിചേര്‍ത്ത്‌ കേള്‍വി ശക്തിയുള്ള അന്ത്രുക്ക ചെവിയോര്‍ത്തു.
ആരാടാ ഈ വൈകീട്ട്‌...വെടിവച്ച്‌ ചക്കയിടണത്‌...
അന്ത്രുക്ക ചിന്താപ്രോബ്ലത്തിലായി.
ജെസീബിയുടെ കൈ പോലുള്ള തന്റെ കൈവീശി...
കൊന്നത്തെങ്ങിന്‌ കാറ്റുപിടിച്ച പോലെ നിന്നാടുന്ന സണ്ണിച്ചന്റെ കരണത്തിട്ട്‌ ഒരു കിണ്ണും കൊടുത്ത്‌ നൂറ്റി ഇരുപത്‌ കിലോ ഭാരമുള്ള ശോശന്ന കൂളായിട്ട്‌ നടന്ന് വീട്ടിലേക്ക്‌ പോയി.

അടികൊണ്ട്‌ താഴെ വീണ സണ്ണിച്ചന്‍ കുറച്ച്‌ നേരം നക്ഷത്രമെണ്ണി.
മുഴുവനും എണ്ണിയില്ല...പത്തെണ്ണം വരെ എണ്ണി നിര്‍ത്തി.
കാരണം പത്തുവരെ എണ്ണാനേ സണ്ണിച്ചന്‌ അറിയാമായിരുന്നുള്ളൂ.
എണ്ണല്‍ നിര്‍ത്തി എഴുന്നേല്‍ക്കാന്‍ ശ്രമിച്ച സണ്ണിച്ചന്‍...
ഫാസ്റ്റ്‌ അറ്റംറ്റില്‍ ഫെയില്‍ ആവുകയും...
സെക്കന്‍ഡ്‌ ആന്‍ഡ്‌ തേര്‍ഡ്‌ അറ്റംറ്റുകള്‍ സമ്പൂര്‍ണ്ണ ഫെയിലുകളില്‍ കലാശിക്കുകയും ചെയ്തപ്പോള്‍...
പിന്നൊന്നും ചിന്തിക്കാതെ അവിടെ തന്നെ ചുരുണ്ട്‌ കൂടി കിടന്നു.
ഏകദേശം രാത്രി പന്ത്രണ്ട്‌ മണിയോട്‌ കൂടി ഒരുറക്കം കഴിഞ്ഞപ്പോള്‍...
കിട്ടിയ കൊട്ടിന്റേയും ഉള്ളിലുള്ള കൊട്ടുവടിക്ക്‌ തുല്യമായ കള്ളിന്റേയും കെട്ട്‌ ഇറങ്ങുകയും...
ഒരു വിധം തപ്പിപ്പിടിച്ച്‌ എഴുന്നേറ്റ്‌...
ബസ്സ്റ്റോപ്പിലെ സിമന്റ്‌ ബെഞ്ചിലേക്ക്‌ വിശ്രമസ്ഥാനം മാറ്റുകയും ചെയ്തു.
താന്‍ വഴിയരികില്‍ സമാധിയാകാനുണ്ടായ കാര്യങ്ങളെക്കുറിച്ച്‌ സണ്ണിച്ചന്‍ സിമന്റ്‌ ബെഞ്ചില്‍ കിടന്ന് കൊണ്ട്‌ ഒരു വിശകലന്‍ നടത്തി.പത്ത്‌ മിനുട്ട്‌ നേരത്തെ വിശകലനത്തിന്‌ ശേഷം ചടിയെഴുന്നേറ്റ്‌ തൊട്ടടുത്തുള്ള നാണുനായരുടെ ചായക്കടയില്‍ ചെന്ന് മുട്ടിവിളിച്ചു.

'ടോ നായരേ....എഴുന്നേറ്റേടോ...ടോ ഞാനാണ്‌...സണ്ണിച്ചന്‍..'

നാണുനായര്‍ക്ക്‌ ചായക്കടയും വീടുമെല്ലാം ഒന്നു തന്നെ.വരവ്‌ ചെലവെല്ലാം എഴുതിക്കൂട്ടി...
കാശ്‌ തരാതെ പറ്റ്‌ ബുക്കില്‍ പടമായി മാറിയവരുടെ തന്തക്കും തള്ളക്കും ഒരു റൗണ്ട്‌ വിളിച്ച്‌...കിടക്കാന്‍ ഒരുങ്ങുകയായിരുന്ന നാണുപിള്ള വിളികേട്ടു.

'ഹ.ഹ..നീ എഴുന്നേറ്റാ....നിന്റെ കെടപ്പ്‌ കണ്ടപ്പ നീ കാഞ്ഞുപോയെന്നാ ഞാന്‍ കരുതീത്‌. നിന്നെ കുഴിച്ചിടാന്‍ രാവിലേ പഞ്ചായത്തില്‌ വിളിച്ച്‌ പറഞ്ഞാലോ എന്നു വിചാരിച്ചിരിക്കേയിരുന്ന് ഞാന്‍...'

'ഉവ്വാടോ നായരേ....ഞാന്‍ ചത്തെട്ട്‌ ഈ കവലേല്‌ ആളുകൂടി താന്‍ നാലുചായ കൂടുതല്‍ വിറ്റത്‌ തന്നെ...'

'നിന്നേന്തിനാടാ ആ പോലീസുകാരന്റെ മോള്‌ തല്ലീത്‌...'

'പോലീസുകാരന്റെ മോളാ...
ഏത്‌ പോലീസുകാരന്റെ....
ഏതാടോ നായരേ ആ റോഡ്‌റോളറ്‌...'

'അതാ മൈക്കിള്‌ പോലീസുകാരന്റെ മോളാ...അത്‌ അതിന്റെ അമ്മ വീട്ടില്‌ നിന്നല്ലേ പഠിച്ചിരുന്നേ..അതാ നിനക്ക്‌ മനസ്സിലാകാഞ്ഞേ...'

'അവള്‌ അമ്മേടെ വീട്ടിലാ...അമ്മായിയമ്മേടെ വീട്ടിലാ നിന്ന് പഠിക്കട്ടെ....എന്നേന്തിനാ ആ പിശാശ്‌ തല്ലീത്‌...'

'ഇത്‌ നല്ല കൂത്ത്‌...നിന്നെയവള്‌ തല്ലീതെന്തിനാന്ന് എന്റടുത്താണാ ചോദിക്കണേ....നീയവളോട്‌ ചോദിക്കടാ...'

'ഞാന്‍ ചോദിക്കും...കൊരക്കില്‍ ജീവനൊണ്ടേ ഈ സണ്ണിച്ചന്‍ ചോദിക്കും...'

'ടാ ചെക്കാ...നീയിനി ചോദിക്കാനും പിടിക്കാനുമൊന്നും പോണ്ടാട്ടാ....ഇപ്പ അവളടേന്ന് കിട്ടി...അത്‌ നാട്ടുകാരാരും കണ്ടിട്ടില്ലാ...ഇനി ചോദിക്കാന്‍ ചെന്നാ അവളടപ്പന്‍ പോലീസുകാരന്‍ നിന്നെയെടുത്തിട്ട്‌ മെതിക്കും...നാട്ടുകാര്‌ അറിയേം ചെയ്യും...'

'ഇനിയെന്റെ ദേഹത്ത്‌ കൈവച്ചാ കൊപ്ര പൊളിക്കണ വാക്കത്തിക്ക്‌ വീശും ഞാന്‍ രണ്ടിനേം...'

'ഊവാ..നടന്നത്‌ തന്നെ...നിന്റെ പൊന്നുപോലത്തെ നാക്ക്‌ കൊണ്ട്‌ ആ പെങ്കൊച്ചിനെ വല്ലോം പറഞ്ഞ്‌ കാണും.അല്ലാതെ...വെറുതേ ആരേലും മെക്കിട്ട്‌ കേറുവോ.
ടാ..കഴിഞ്ഞത്‌ കഴിഞ്ഞു.ഇനി ചോദിക്കാന്‍ പോയിട്ട്‌ കാക്കിക്കാര്‍ക്ക്‌ കൂടി ഈ ശരീരത്തില്‍ കേറി നെരങ്ങാനൊരു ചാന്‍സ്‌ കൊടുക്കണ്ടാട്ടാ...'

'പോടോ നായരേ...ഈ സണ്ണിച്ചനേ വെറും ഉണ്ണാക്കനല്ലാ...ഞാന്‍ ചോദിക്കും...ഇന്ന് തന്നെ ചോദിക്കും...'

'എങ്കില്‍ ചെല്ല്..കിട്ടണത്‌ വാങ്ങിച്ച്‌ പെട്ടീല്‌ വച്ചോ....എനിക്കൊറങ്ങണം..നീയൊന്ന് പോയേ...'

'ഞാന്‍ പൊക്കോളാം...തന്റെ പതിനാറിന്റെ ഉപ്പുമാവ്‌ തിന്നാന്‍ വന്നതല്ലാ ഞാന്‍...'

'നിന്റെയീ നാക്ക്‌ ആദ്യം ചെത്തിക്കള...അല്ലേല്‍ നിനക്ക്‌ ഇനീം കിട്ടും ഇതുപോലുള്ള അസ്സല്‍ പെട...'

സണ്ണിച്ചന്‍ നടന്ന് കഴിഞ്ഞിരുന്നു...
മൈക്കിള്‍ പോലീസിന്റെ വീട്‌ ലക്ഷ്യമാക്കി...
മകള്‍ ശോശന്നയെ ലക്ഷ്യമാക്കി.

സണ്ണിച്ചന്‍ പാവമായിരുന്നു....
***************
ഒരാവേശത്തിന്‌ ഇങ്ങട്‌ പോന്നെങ്കിലും...ശോശന്നയുടെ വീടിന്‌ മുന്‍പിലെത്തിയപ്പോള്‍ സണ്ണിച്ചന്‍ ഒന്ന് പരുങ്ങി.
നേരേ കേറി ചെന്ന് മുട്ടിവിളിച്ച്‌...അവളെ പുറത്തിറക്കി രണ്ടെണ്ണം പൂശിയാലോ.
മുട്ടിവിളിച്ചാല്‍ അവള്‍ക്ക്‌ പകരം അപ്പന്‍ ഇറങ്ങിയാല്‍ പണിയാകും.അല്ലെങ്കില്‍ തന്നെ രാത്രിനേരമാണ്‌.അപ്പനേ ഇറങ്ങിവരൂ.മകള്‍ റോഡ്‌റോളറാണെങ്കില്‍ അപ്പന്‍ ഷിപ്‌ യാര്‍ഡിലെ ക്രെയിനാണ്‌.കുറഞ്ഞത്‌ നൂറ്റന്‍പത്‌ കിലോ ഉറപ്പാണ്‌.
തല്ലണ്ട..വെറുതേ മറിഞ്ഞുകെട്ടി തന്റെ ദേഹത്തേക്ക്‌ വീണാല്‍ തന്നെ കണ്ടെയിനര്‍ ലോറി കേറിയ ബി.എസ്‌.എ സൈക്കിളിന്റെ അവസ്ഥയിലാവും.
ക്ഷമിക്കാം.നേരം വെളുക്കണത്‌ വരെ ക്ഷമിക്കാം.
സണ്ണിച്ചന്‍...ശോശന്നയുടെ വീടിന്റെ അടുത്ത്‌ തന്നെയുള്ള പാലത്തിന്റെ താഴെ പോയി കുത്തിയിരുന്നു.പിന്നെ അവിടെ കിടന്നുറങ്ങി.
**************
'ടാ...സണ്ണിച്ചാ...എണീറ്റ്‌ പോടാ...പെണ്ണുങ്ങടെ കുളിക്കടവിനടുത്താണാടാ പോത്തേ കെടന്നൊറങ്ങണത്‌...'

ഞെട്ടിയുണര്‍ന്ന സണ്ണിച്ചന്‍ കണ്ടത്‌..ഒരു കെട്ട്‌ തുണിയുമായി നില്‍ക്കുന്ന ത്രേസ്യാ ചേടത്തിയെ...

'പെണ്ണുങ്ങടെ കടവനിടുത്ത്‌ കെടന്നാല്‍ ഉറക്കം വരൂല്ലേ..ഞാന്‍ സുഖോയിട്ട്‌ ഒറങ്ങിയല്ലാ...'

'നീയങ്ങനെ പല കടവിലും ഒറങ്ങീട്ടൊണ്ടാവും..പക്ഷേ ഇപ്പയെന്റെ മോന്‍ എണീറ്റ്‌ പോയേ..ഞങ്ങക്ക്‌ നനക്കേം കുളിക്കേമൊക്കെ ചെയ്യാനൊള്ളതാ..'

സണ്ണിച്ചന്‍ പിന്നേം ചൊറിയണ വര്‍ത്തമാനം പറയാന്‍ തന്റെ പൊന്നു പോലത്തെ നാക്ക്‌ പുറത്തേക്കിട്ടെങ്കിലും...
കടവിനടുത്തേക്ക്‌ നടന്ന് വരുന്ന മറ്റൊരാളെ കണ്ട്‌..പുറത്തേക്കിട്ട നാക്ക്‌ തിരിച്ചകത്തേക്കിട്ടു.
ശോശന്ന വരുന്നു.കൈയ്യില്‍ ഒരു കെട്ട്‌ തുണിയുമുണ്ട്‌.
സണ്ണിച്ചന്‌ പെട്ടെന്ന് തലയിലെന്തോ കത്തി.
കത്തിയ പാടെ...അതിന്റെ ചൂടില്‍ ചേടത്തിയെ നോക്കി ഒരു വളിച്ച ചിരിയും ചിരിച്ച്‌...
പൊടിയുംതട്ടി ചാടിയെഴുന്നേറ്റ്‌ നേരേ പാലത്തിലേക്ക്‌ ഓടിക്കേറി.
എന്നിട്ട്‌ അക്കരക്ക്‌ വച്ച്‌ പിടിച്ചു.
*********************
രാവിലേ പുഴയില്‍ ഇറക്കമായിരുന്നു.അതുകൊണ്ട്‌ തന്നെ നല്ല ഒഴുക്കും.
പായലുകള്‍ കൂട്ടം കൂട്ടമായി ഒഴുക്കിനൊത്ത്‌ സഞ്ചരിച്ച്‌ കൊണ്ടിരുന്നു.
ത്രേസ്യ ചേടത്തിയാണ്‌ ആദ്യം കണ്ടത്‌...
എല്ലാ പായല്‍ കൂട്ടങ്ങളും ഒഴുക്കിനൊപ്പം നീങ്ങുമ്പോള്‍ ഒരു പായല്‍കൂട്ടം മാത്രം എതിരെ ഒഴുക്കുന്നു.
എതിരെ ഒഴുകുന്നു എന്ന് മാത്രമല്ലാ...അത്‌ നേരെ അവര്‍ നില്‍ക്കുന്ന കടവിനിടുത്തേക്ക്‌ വരുന്നു.

'ടീ ശോശന്നേ..നീയത്‌ കണ്ടാ....പായലൊരെണ്ണം പൊഴക്ക്‌ വട്ടം ഒഴുകെണടീ...'

തുണി കുത്തിപ്പിഴിയുകയായിരുന്ന ശോശന്ന തലയുയര്‍ത്തി നോക്കി.

'ചേടത്തീ...വല്ല നീര്‍നായേ മറ്റോ ആണോ അതിന്റടീല്‍...'

നീര്‍നായ എന്ന് കേട്ടതും ചേടത്തി ചാടി കരക്ക്‌ കേറി.
നീര്‍നായേല്ലാ...നീര്‍ക്കടുവ വന്നാലും കരക്ക്‌ കേറാത്ത ടൈപ്പായ ശോശന്ന വെള്ളത്തില്‍ തന്നെ നിന്നു.
പായല്‍ക്കൂട്ടം കടവിനടുത്തെത്തി.ശോശന്ന അതിലേക്ക്‌ കുനിഞ്ഞ്‌ സൂക്ഷിച്ച്‌ നോക്കി.
ഒരു നിമിഷം....
പായല്‍ക്കൂട്ടത്തില്‍ നിന്ന് ഒരു കൈ ഉയര്‍ന്ന് വന്ന്...മുട്ടോളം വെള്ളത്തില്‍ നില്‍ക്കുകയായിരുന്ന ശോശന്നയുടെ കാലില്‍ പിടുത്തമിട്ടു.ആദ്യം ഒന്ന് ഞെട്ടിയെങ്കിലും സമനില വീണ്ടെടുത്ത്‌ തന്റെ കാലില്‍ പിടിച്ച കൈയ്യില്‍ ശോശന്നയും പിടുത്തമിട്ടു.പിന്നൊരു ബലപരീക്ഷണമായിരുന്നു.അവസാനം അറുപത്തഞ്ച്‌ കിലോ ഭാരത്തെ നൂറ്റിരുപത്‌ കിലോ ഭാരം ജയിച്ചു.
ശോശന്ന സണ്ണിച്ചനെ പായലിനടിയില്‍ നിന്ന് വലിച്ചുയര്‍ത്തി.
സണ്ണിച്ചന്‍ കുതറി.ശോശന്നയുടെ കൈ വിടുവിച്ച്‌ തിരിച്ച്‌ വെള്ളത്തിലേക്ക്‌ മുങ്ങി.
പക്ഷേ ശോശന്ന ആരാ മോള്‌.ഒറ്റ ജമ്പായിരുന്നു വെള്ളത്തിലേക്ക്‌.
വെള്ളത്തിലിട്ട്‌ ചവിട്ടി സണ്ണിച്ചനെ ശോശന്ന.
കഴുത്തിനു കുത്തിപ്പിടിച്ച്‌ വെള്ളത്തില്‍ താഴ്തിപ്പിടിച്ചു.
എന്നിട്ടും അരിശം തീരാതെ തുണികുത്തിപ്പിഴിയുന്ന മാതിരി വെള്ളത്തിലിട്ട്‌ കുത്തി.

'ടീ..അവനെ വിടടീ...അവന്‍ ചത്ത്‌ പോകും...'

കൊലക്ക്‌ സമാധാനം പറയാന്‍ ഇഷ്ടമില്ലാത്ത ത്രേസ്യ ചേടത്തി കരഞ്ഞു.

ഒന്നുകൂടി വെള്ളത്തിന്‌ മുകളില്‍ സണ്ണിച്ചനെ പൊക്കിയിട്ട്‌ ഒരു ഫ്രീകിക്ക്‌ മോഡല്‍ തൊഴി കൊടുത്തു ശോശന്ന.
ഏകദേശം പുഴയുടെ നടുക്ക്‌ ചെന്ന് വീണ സണ്ണിച്ചന്‍....
പുഴയിലേക്ക്‌ താഴ്‌ന്ന് പോകുന്നത്‌ ത്രേസ്യ ചേടത്തി വാപൊളിച്ച്‌ നോക്കിനിന്നു.

'അവന്‍ താന്ന് പോയെടീ.കര്‍ത്താവേ..ചത്ത്‌ പോവോ..'

ത്രേസ്യാചേടത്തിയുടെ സംശയത്തിന്‌ അറുതിവരുത്തിക്കൊണ്ട്‌ സണ്ണിച്ചന്‍ കുറച്ച്‌ നേരം കഴിഞ്ഞപ്പോള്‍ അക്കരെക്കടവില്‍ പൊങ്ങി.പൊങ്ങിയതും സണ്ണിച്ചന്‍ വിളിച്ച്‌ പറഞ്ഞു.

'നിന്നെ ഞാന്‍ എടുത്തോളാടീ എരുമേ....'

പറഞ്ഞത്‌ പോലെ തന്നെ നടന്നു.
എടുത്തു.
സണ്ണിച്ചന്‍ ശോശന്നയെ അല്ല...മൈക്കിള്‍ പോലീസ്‌ സണ്ണിച്ചനെ.
അവിടുന്നും കിട്ടി ഉരിയരി..ഇവിടുന്നും കിട്ടി ഉരിയരി എന്ന അവസ്ഥയിലായി സണ്ണിച്ചന്‍.
നിലംതൊടാന്‍ നേരമില്ലാതെ സണ്ണിച്ചന്‍ കവലയില്‍ പറന്ന് നടന്നു.
ബസ്‌ സ്റ്റോപ്പീന്ന് ചായക്കടയുടെ മുന്‍പിലേക്ക്‌..അവിടുന്ന് തിരിച്ച്‌ ബസ്‌ സ്റ്റോപ്പിലേക്ക്‌...അവിടുന്ന് പാര്‍ട്ടിക്കാര്‌ നാട്ടിയ കൊടിയുടെ മുന്‍പിലേക്ക്‌...സണ്ണിച്ചന്‍ പറന്ന് നടന്നു.അഥവാ മൈക്കിള്‍ പോലീസ്‌ ചവുട്ടി പറപ്പിച്ചു.
പതിനഞ്ച്‌ മിനുട്ടോളം നീണ്ടുനിന്ന ചവുട്ടിപ്പറപ്പിക്കലിന്‌ ശേഷം മൈക്കിള്‍ പോലീസ്‌ തന്റെ ബുള്ളറ്റ്‌ സ്റ്റാര്‍ട്ട്‌ ചെയ്ത്‌ ഓടിച്ച്‌ പോയി.
സണ്ണിച്ചന്‍ കവലയില്‍ പഴന്തുണി പോലെ കിടന്നു.
നാട്ടുകാര്‍ ചുറ്റും കൂടി.
ചിലരുടെ കണ്ണുകളില്‍ പരിഹാസം..ചിലരുടെ കണ്ണുകളില്‍ സഹതാപം.
ആരോ ഒരു സോഡ പൊട്ടിച്ച്‌ സണ്ണിച്ചന്‌ നേരേ നീട്ടി.

'പന്നികള്‍..ഒരു തെണ്ടീം വന്നില്ലല്ലാ എന്നെയൊന്ന് സഹായിക്കാന്‍.എന്നിട്ടിപ്പ സോഡേം കൊണ്ടുവന്നേക്കണ്‌...നിന്റേന്നുമൊരു കോപ്പും വേണ്ടടാ എനിക്ക്‌...'

അനങ്ങാന്‍ പറ്റാതെ കിടക്കുന്നവന്റെ വീര്യം കണ്ട്‌ ജനം ആര്‍ത്ത്‌ ചിരിച്ചു.

ചിരി കണ്ടതോട്‌ കൂടി സണ്ണിച്ചന്‍ പിന്നേം തന്നെ പൊന്നുപോലത്തെ നാക്ക്‌ പുറത്തേക്കിട്ടു.

'നീയൊക്കെ ചിരിച്ചോടാ...എന്നെ തല്ലിയ തന്തേനേം മോളേം ഞാനെന്റെ ശവം തീറ്റിക്കും.അപ്പഴും നീയൊക്കെ ചിരിക്കണോട്ടാടാ ഡാഷുകളേ....'

ജനം പിന്നേം ആര്‍ത്ത്‌ ചിരിച്ചു.
ചിരി കേട്ട്‌ സണ്ണിച്ചന്‍ പിന്നേം തെറി വിളിച്ചു.
എന്നാലും സണ്ണിച്ചന്‍ പാവമായിരുന്നു.
********************
രണ്ട്‌ ദിവസം വീടിന്‌ പുറത്തിറങ്ങീല്ലാ സണ്ണിച്ചന്‍.ശരീരം മുഴുവന്‍ വേദന.നൂറ്റിരുപതും നൂറ്റമ്പതും കൂടി മെനക്ക്‌ മെതിച്ച ഒരു അറുപത്തഞ്ചുകാരന്‍ വീട്ടിലിരുന്ന് എരിപിരി സഞ്ചാരം കൊണ്ടു.എരിപിരിയുടെയൊപ്പം ചിന്തിച്ചു.ശരിക്ക്‌ ചിന്തിച്ചു.
അവസാനം....അതായത്‌ ചിന്തകളുടെ അവസാനം ഒരു തീരുമാനത്തിലെത്തി.
ആത്മഹത്യ ചെയ്യുക.അതും ശോശന്നയുടെ പറമ്പിലെ ഏതെങ്കിലും മരത്തില്‍ തന്നെ തൂങ്ങി ആത്മഹത്യ ചെയ്യുക.
ഏതായാലും അപ്പനോടും മോളോടും ഇടിയുണ്ടാക്കി ജയിക്കൂല്ലാ.അവരെ ജയിക്കാനും നാണക്കേട്‌ മാറ്റാനും ഈ മാര്‍ഗ്ഗമേയൊള്ളൂ.
സണ്ണിച്ചന്‌ തന്റെ ചിന്തയില്‍ നിന്ന് ഉരുത്തിരിഞ്ഞ ഐഡിയയില്‍ അഭിമാനം തോന്നി.താന്‍ മോശക്കാരനല്ല.
തന്റെ ശവം ശോശന്നയുടെ പറമ്പിലെ മരത്തില്‍ നിന്നാടുന്നതും...
പോലീസ്‌ അവരെ ചോദ്യം ചെയ്യുന്നതും...
മൈക്കിളിനെ സര്‍വീസില്‍ നിന്ന് സസ്‌പ്പെന്‍ഡ്‌ ചെയ്യുന്നതും മനസ്സില്‍ കണ്ട്‌ സണ്ണിച്ചന്‍ അലറിച്ചിരിച്ചു.
ചിരിച്ചപ്പോള്‍ ഇളകിക്കിടക്കുകയായിരുന്ന സന്ധിബന്ധങ്ങള്‍ ഒന്നുകൂടി ഇളകി.
ആ ഇളകലിന്റെ എഫക്ടില്‍ സണിച്ചന്‍ അയ്യോയെന്ന് ഞരങ്ങി.
************
മണല്‍ഷട്ടറുകാരന്‍ ജോസപ്പന്റെ സല്‍ക്കാരം കഴിഞ്ഞ്‌ പത്ത്‌ മണിയോട്‌ കൂടിയാണ്‌ മൈക്കിള്‍ പോലീസ്‌ വീട്ടിലെത്തിയത്‌.
ഓസിനു കിട്ടിയാല്‍ ഒതളങ്ങ ഒറ്റയിരുപ്പിന്‌ ഒമ്പതെണ്ണം വരെ തിന്നും എന്ന പോളിസിക്കുടമയായ പോലീസ്‌ വന്ന പാടെ ഉറക്കം പിടിച്ചു.
ഏകദേശം രണ്ട്‌ മണിയായപ്പോള്‍ പോലീസ്‌ കണ്ണ്‌ തുറന്നു.
മൂത്രമൊഴിക്കണം.
ഓസിന്‌ കിട്ടിയപോള്‍ വലിച്ച്‌ വാരി കേറ്റീത്‌ വയറ്റില്‍ തിട്ടപൊട്ടാന്‍ റെഡിയായി നില്‍ക്കുന്നു.
വാതില്‍ തുറന്ന് പുറത്തിറങ്ങി...
മോട്ടര്‍ ഓണ്‍ ചെയ്തതും മൈക്കിള്‍ പോലീസിനൊരു സംശയം.
പറമ്പില്‍ ആരോ കയറീട്ടുണ്ട്‌.ഗേറ്റ്‌ തുറന്ന് കിടക്കുന്നു.
തിരിച്ച്‌ അകത്ത്‌ കേറിയ മൈക്കിള്‍ ടോര്‍ച്ചുമായി പുറത്തിറങ്ങി.ചുറ്റും കറങ്ങി.
ആരുമില്ല.താന്‍ ഗേറ്റടക്കാന്‍ മറന്നതായിരിക്കും എന്ന് കരുതി...ചെന്ന് ഗേറ്റുമടച്ച്‌ തിരിച്ച്‌ വരുന്നതിനിടയില്‍ പിന്നേം മൈക്കിള്‍ പോലീസിനൊരു സംശയം.മുറ്റത്തെ മാവിന്റെ മുകളില്‍ ആരോ ഉണ്ട്‌.
മുകളിലേക്ക്‌ ടോര്‍ച്ചടിച്ച മൈക്കിള്‍ കുറച്ച്‌ നേരംശ്വാസം വിടാന്‍ പറ്റാതെ നിന്നു.
മാവിന്റെ മുറ്റത്തേക്ക്‌ ചാഞ്ഞ്‌ കിടക്കുന്ന കൊമ്പില്‍ സണ്ണിച്ചന്‍ ഇരിക്കുന്നു.കഴുത്തില്‍ കയറുമുണ്ട്‌.
കയറിന്റെ മറ്റേ അറ്റം മരക്കൊമ്പില്‍ കെട്ടിയിരിക്കുന്നു.

'എറങ്ങട പന്നീ താഴെ..കളിച്ച്‌ കളിച്ച്‌ പോലീസുകാരന്റെ മാവില്‍ കേറിയാണാടാ കളിക്കണേ...'

അടുത്ത്‌ നിമിഷം കഴുത്തിലെ കുരുക്കുമായി സണ്ണിച്ചന്‍ താഴേക്ക്‌ ചാടി.
പെട്ടെന്ന് അന്താളിച്ചെങ്കിലും..അപകടം മനസ്സിലാക്കിയ മൈക്കിള്‍ പോലീസ്‌ ഓടി അകത്ത്‌ കേറി.
അടുക്കളയില്‍ നിന്ന് കറിക്കത്തിയുമായി പുറത്തിറങ്ങി.
മിന്നല്‍ വേഗത്തില്‍ തന്റെ നൂന്റമ്പത്‌ കിലോയും വഹിച്ച്‌ മാവില്‍ പൊത്തിപ്പിടിച്ച്‌ കേറിയ മൈക്കിള്‍...കയര്‍ മുറിച്ചു.
ചാക്ക്‌ കെട്ട്‌ വന്ന് വീഴുന്നത്‌ മാതിരി താഴെ ലാന്‍ഡ്‌ ചെയ്ത സണ്ണിച്ചന്റെ ദേഹത്തേക്ക്‌...
മൈക്കിള്‍പോലീസിന്റെ ഭാരം താങ്ങാനാവതെ മാവിന്‍ കൊമ്പും ഒടിഞ്ഞ്‌ വീണു.
പുറകേ മൈക്കിള്‍ പോലീസും.

ഭൂമികുലുക്കം അണെന്നാണ്‌ ശോശന്ന ആദ്യം കരുതീത്‌.
മുറിക്ക്‌ പുറത്തിറങ്ങിയ ശോശന്ന കണ്ടത്‌ തുറന്ന് കിടക്കുന്ന മുന്‍ വാതില്‍.
ഭൂമി കുലുങ്ങിയപ്പോള്‍ അപ്പനും അമ്മച്ചീം ഇറങ്ങി ഓടീതായിരിക്കും എന്ന് കരുതി..ശോശന്നയും ഓടി പുറത്തിറങ്ങി.
പുറത്ത്‌ കണ്ടതോ....
ഒടിഞ്ഞ്‌ കിടക്കുന്ന മാവിന്‍ കൊമ്പ്‌...
അതിന്റടീല്‍ സണ്ണിച്ചന്‍.തൊട്ടടുത്ത്‌ മലര്‍ന്നു കിടക്കുന്ന തന്നെ അപ്പന്‍.
ഇത്‌ ഭൂമികുലുക്കം തന്നെ.കുലുക്കത്തില്‍ മാവിന്‍ കൊമ്പ്‌ വരെ വീണു.
തന്റെ അപ്പനും വീണു.
തന്റെ വീട്ടീന്ന് ഒന്നരകിലോമീറ്റര്‍ അകലെ താമസിക്കുന്ന സണ്ണിച്ചന്‍ വരെ തെറിച്ച്‌ ഇവിടെയെത്തി.
ഹോ..ഭയങ്കര കുലുക്കം തന്നെ.
**************
പക്ഷേ ഇന്ന് സണ്ണിച്ചന്‍ രണ്ടും കല്‍പ്പിച്ചായിരുന്നു.
വിജയിച്ചേ പറ്റൂ.
കൈയ്യിലിരുന്ന കടലാസ്സുകഷ്ണം സണ്ണിച്ചന്‍ ഒന്നുകൂടി നോക്കി.
അതില്‍ ഇങ്ങനെ എഴുതിയിരുന്നു...
'എന്റെ ചാവലിന്‌ കേരണം മീക്കിളും മോളുമാണ്‌. തെണ്ടിപ്പൊലിസിനെ അറസ്റ്റ്‌ ചെയ്ത്‌ കൊസ്റ്റിന്‍ ചെയ്യണം.'

ഇത്‌ മതി.തന്റെ മരണത്തിനുള്ള തെളിവ്‌ ഇതു മതി.മൈക്കിളും മോളും പെട്ടത്‌ തന്നെ.
സണ്ണിച്ചന്‍ നടപ്പിന്‌ വേഗം കൂട്ടി.
കവലയില്‍ നിന്ന് കുറച്ച്‌ മാറി റോഡരികില്‍ നിന്നു.
താന്‍ മരിക്കാന്‍ പോകുന്നു.അല്ലാ..പ്രതികാരം ചെയ്യാന്‍ പോകുന്നു.
പറന്ന് വരുന്ന ഏതെങ്കിലും ഫാസ്റ്റ്‌ പാസഞ്ചറിന്റെ മുന്‍പിലേക്ക്‌ ചാടിയാല്‍ ആരും മരിക്കും.രക്ഷപെടാന്‍ ഒരു ചാന്‍സുമില്ല.
ഇപ്രാവശ്യം മൈക്കിള്‍ പോലീസ്‌ എന്തു ചെയ്യുമെന്ന് കാണട്ടെ..തെണ്ടി.
ബസ്സിന്റെ ശബ്ദം കേട്ട്‌ തുടങ്ങി.
സണ്ണിച്ചന്‍ തയ്യാറായി.
ഊറിച്ചിരിച്ച്‌ കൊണ്ട്‌...
കേസില്‍ പെട്ട്‌...
പണിപോയി തെണ്ടി തിരിഞ്ഞ്‌ നടക്കുന്ന മൈക്കിള്‍ പോലീസിനെ മനസ്സിലോര്‍ത്ത്‌...
അടുത്തെത്തിയ ബസ്സിനുനേരേ സണ്ണിച്ചന്‍ എടുത്ത്‌ ചാടി.

ബസ്സിനെ ഓവര്‍ടേക്ക്‌ ചെയ്ത്‌ കേറി വന്ന മൈക്കിള്‍ പോലീസ്‌ കണ്ടത്‌..തന്റെ മുന്‍പിലേക്ക്‌ ചാടുന്ന മൈക്കിള്‍.
ഫ്രണ്ട്ബ്രേക്കും ബാക്ക്‌ ബ്രേക്കും ഒരുമിച്ച്‌ പിടിച്ച്‌ ഒരു വിധം മൈക്കിള്‍ ബൈക്ക്‌ നിര്‍ത്തി.
എഴുന്നേറ്റ്‌ നിന്ന് ബ്രേക്ക്‌ ചവുട്ടി പുറകിലെ ബസ്സിന്റെ ഡ്രൈവര്‍ ബസ്സും നിര്‍ത്തി.
പക്ഷേ ബസ്‌ നിന്നത്‌...മൈക്കിളിന്റെ ബൈക്കിന്റെ പുറകില്‍ ഇടിച്ചാണ്‌.ഇടിയുടെ ആഘാതത്തില്‍ ബൈക്കിന്‌ പുറകിലിരുന്ന ശോശന്ന തന്റെ അപ്പന്റെ മുകളിലൂടെ മലക്കം മറിഞ്ഞ്‌ കണ്ണടച്ച്‌ ചാവാന്‍ റെഡിയായി നിന്ന സണ്ണിച്ചന്റെ മുന്‍പില്‍ ചെന്ന് ലാന്‍ഡ്‌ ചെയ്തു.

ഇത്രനേരമായിട്ടും ബസ്സ്‌ ഇങ്ങെത്തീല്ലേയെന്ന് സംശയിച്ച്‌ കണ്ണ്‌ തുറന്ന് സണ്ണിച്ചന്‍ കണ്ടത്‌...
നിലത്ത്‌ നിന്ന് കുതിച്ചെണീക്കുന്ന ശോശന്നയെ.

സണ്ണിച്ചന്‍ ഓടിയില്ലാ...
സണ്ണിച്ചന്‍ അഭിമാനിയായിരുന്നു.
അതുകൊണ്ട്‌ തന്നെ നേരേ ശോശന്നയുടെ കാല്‍ക്കല്‍ വീണു....
എന്നിട്ട്‌ പറഞ്ഞു.....

'ഇടിക്കരുത്‌.....'

49 comments:

sandoz said...

ഒരു കഥ...
നീണ്ട നീണ്ട കഥ...
പുതിയ പോസ്റ്റ്‌...
സണ്ണിച്ചന്‍ പാവമായിരുന്നു...

RR said...

ഇത്രയും പാവമും അഭിമാനിയും ആയ ഒരാളെ പരിചയപെടുത്തി തന്നതിന് ഒരു സ്പെഷ്യല് നന്ദി :)

Unknown said...

ങേ.. ശോശന്നയുമായി ഇത്ര അടുത്ത സ്ഥിതിയ്ക്ക് ഉടന്‍ തന്നെ സണ്ണിച്ചന്റെ കെട്ട് നടക്കുമോ? (ഒടിഞ്ഞ കാലില്‍ ബാന്റേജിട്ട് കെട്ടല്‍)

ഓടോ: സാന്റോ.. ഞാന്‍ നാട്ടില്‍ വരുമ്പോള്‍ എന്റെ ഒരു മോഹം സാധിപ്പിച്ച തരണം. കഞ്ചാവ് ബീഡി വലിച്ച് നോക്കാന്‍. രണ്ടെണ്ണം സംഘടിപ്പിച്ച് വെച്ചേര്.. ;-)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: സാന്‍ഡോ നായിക ഇല്ലാന്ന് വെച്ചാല്‍ ഇതൊരു ആത്മകഥ മണക്കുന്നല്ലോ?
“പീച്ചിഡാമില്‍...
പ്രത്യക്ഷപ്പെട്ട മുതലയെപ്പോലെ” എന്നാ ഉപമ. കുമാരനാശാന്റെ വീണപൂവ് കഴിഞ്ഞാല്‍ പിന്നെ ഇതാ മോനേ ഈ ഉപമാ ഉപമാന്ന് പറയണത്.

സാന്‍ഡോ തിരക്കഥ എഴുതിയാല്‍ എന്തായാലും മലയാള നടിമാരാരും ഡേറ്റ് തരൂല. അത്രേം തൊലിക്കട്ടിയുള്ള ആരുണ്ടിവിടെ?

കുറുമാന്‍ said...

സര്‍വോപരി സംഭാഷണ പ്രിയനാണ്‌.
സംഭാഷണം കേള്‍ക്കുന്നവന്‍...ഒരെണ്ണം മുഖമടച്ച്‌ സണ്ണിച്ചനിട്ട്‌ പൊട്ടിക്കാതെ വേറെ പണിക്ക്‌ പോവൂല്ല.

ഹ ഹ കലക്കി സാന്റോ......ശോശന്നയുടേം സണ്ണിച്ചന്റേം കല്യാണം കൂടാന്‍ പറ്റുമോ ആവോ :)

ഒരു അറുപത്തഞ്ചേ, നൂറ്റിരുപത് ഗോമ്പോ....കലക്കക്ന്‍.

ദിലീപ് വിശ്വനാഥ് said...

ഇടിക്കരുത് - സണ്ണീച്ചന്റെ കഥ നിര്‍ത്താന്‍ പറ്റിയ വാചകം. കിടിലന്‍.

അരവിന്ദ് :: aravind said...

ഹഹഹ
അമറന്‍!

(ദില്‍ബാ ഡാ..ഒന്നിന്റെ കുറ്റി ഇങ്ങട് പാര്‍സല് അയക്കണേ..എന്റേം ഒരാഗ്രഹാ.)

സണ്ണിക്കുട്ടന്‍ /Sunnikuttan said...

പോസ്റ്റിന്റെ പേര് കണ്ട ആദ്യം ഒന്നു ഞെട്ടി. വായിച്ചപ്പോഴാ സമാധാനമായത്,

സീന്‍ ബൈ സീന്‍. ശരിക്കും വിഷ്വലൈസ് ചെയ്ത് കാണുന്നത് പോലെ തോന്നി. നല്ല എഴുത്ത്.

ഇനിയും ഇത്പോലുള്ള നാട്ടുകാരെ പരിചയപ്പെടുത്തുമല്ലോ, അല്ലേ സന്‍‌റ്റോ.

Mr. K# said...

ഇടിക്കരുത് :-)

ഉപാസന || Upasana said...

“കാഴ്ചയില്ലാത്ത...അതിനും കൂടിചേര്‍ത്ത്‌ കേള്‍വി ശക്തിയുള്ള അന്ത്രുക്ക ചെവിയോര്‍ത്തു.
ആരാടാ ഈ വൈകീട്ട്‌...വെടിവച്ച്‌ ചക്കയിടണത്‌...
അന്ത്രുക്ക ചിന്താപ്രോബ്ലത്തിലായി.“

സാന്റോയേ ഫുള്‍ കോമഡി.സൂപ്പര്‍

എന്തര് നീളമാ ഇതിനപ്പീ...
:)
ഉപാസന

ശെഫി said...

സണ്ണിച്ചന്‍ പാവമായിരുന്നു...


കലക്കീ

ഭൂമിപുത്രി said...

കഥപ്പെരുക്കം കണ്ടിട്ടു പ്രൊഫൈലില്‍പ്പറഞ്ഞതു
ശരിയാണെന്നു തോന്നുന്നില്ലല്ലോ

ഇടിവാള്‍ said...

അയ്യയ്യോ..

ആ ക്ലൈമാക്സ്. സ്പാറീ !!!!!!!!!

വിവരണവും കലക്കി സാന്റോ

asdfasdf asfdasdf said...

തകര്‍പ്പന്‍. ..

പ്രയാസി said...

സണ്ണിച്ചന്‍ പാവമായിരുന്നു...
ഇടിക്കരുതു!
ഹ,ഹ,ഹ ആശാനേ.. കലക്കന്‍ ക്ലൈമാക്സ്..:)

തമനു said...

സാന്‍ഡോ...

ആ അവസാന വരി.... സമ്മതിച്ചിരിക്കുന്നു ..
:)

R. said...

തകര്‍ത്തടിച്ച് പൊളിക്ക്യാന്നല്ലോ എന്റെ സാന്‍ഡോ !!!

കണ്‍ട്രോളില്ലാത്ത ചിരിയായിരുന്നു. ഹൊ‌‌ !!

Tomkid! said...

എന്തൊരു കീറാ സാന്റോചായോ ഇത്...കിടിലന്‍...കിടിലോല്‍ക്കിടിലന്‍

Sherlock said...

:) കൊള്ളാം..

ഇത്തിരി നീളം കൂടി പോയോ?

കൊച്ചുത്രേസ്യ said...

അതേയതെ സണ്ണിച്ചന്‍ പാവമായിരുന്നു. 'കിളിമാക്സ്‌' കലക്കി :-))

സഹയാത്രികന്‍ said...

ഹ ഹ ഹ ... കലക്കി മാഷേ...

ഇടിക്കരുത്... :)

സുഗതരാജ് പലേരി said...

സാന്‍റോ, കലക്കി കടുകു വറുത്തു.

തെന്നാലിരാമന്‍‍ said...

"സദാശിവന്‍ മുതലാളിയുടെ കൊപ്രക്കളത്തില്‍ എല്ലുമുറിയെ പണിയെടുത്ത്‌...കാശ്‌ സമ്പാദിച്ച്‌...സണ്ണിച്ചന്‍ ഷാപ്പുകാരന്‍ ഗോപാലന്റെ കുടുംബം പുലര്‍ത്തി."

എന്റമ്മോാാ...ചിരിച്ച്‌ ചിരിച്ച്‌ എടപാട്‌ തീര്‍ന്നു...തകര്‍ത്തു മാഷേ...തകര്‍ത്തു തരിപ്പണമാക്കി...

Jishad said...

ഓഫീസില്‍ ഇരുന്നു വായിക്കാന്‍, ഇതിലും പറ്റിയ സാധനം വെറെ ഇല്ല. എവിടെയെങ്കിലും ഇന്റെര്‍വ്യൂ അറ്റെന്‍ഡ് ചെയ്‌തു വക്കുന്നതായിരിക്കും എനിക്ക് നല്ലത്.

ധ്വനി | Dhwani said...

സണ്ണിച്ചന്‍ വെറും പാവമായിരുന്നു.

ഹഹ!!

ben said...

മന്നാജാ......
....
ഇവിടെ എന്തോരും പാവത്താന്മാരാ ....
ആടും ജോര്‍ജ്ജുട്ടി..
പടച്ചാന്‍...
സണ്ണിച്ചന്‍...
...
...
ചിരിച്ചാല്‍ ആയുസ്കൂടുമെന്നു ചിലര്‍ പറയുന്നു...
ചിരിച്ചുചിരിച്ചു ചത്തു എന്നുവേറെചിലരും...

ചത്താലും ജീവിച്ചാലും പന്തീരായിരം, സാന്‍ഡോ.....അടുത്ത പാവത്താന്‍ പോരട്ടെ

സാജന്‍| SAJAN said...

സാന്‍ഡോയേ, വായിക്കാന്‍ താമസിച്ചു പോയി,
അവസാന വാചകമാണിതിന്റെ ഹൈലൈറ്റ്!!!

നമുടെ കള്ളുകുടിയന്‍ ബൈജുവും കല്‍പ്പനയും എന്‍ എന്‍ ബാലകൃഷ്ണനേയും ഞാന്‍ ഇതിലൊന്നു സങ്കല്‍പ്പിച്ച് നോക്കി, ചിരിച്ചു മരിച്ചു എന്ന് പറഞ്ഞാല്‍ മതീലോ:)

sandoz said...

പാവമായ സണ്ണിച്ചനെ പരിചയപ്പെട്ടതിനു...
ആറാര്‍...ദില്‍ബന്‍..ചാത്തന്‍..
കുറുമാന്‍..വാല്മീകി..അരവിന്ദന്‍..
സണ്ണിക്കുട്ടന്‍...കുതിരവട്ടന്‍...
ഉപാസന..ശെഫി..ഭൂമിപുത്രി..
ഇടിഗഡി..മേനന്‍..പ്രയാസി..
തമനു...രജീഷ്‌..തോംസൂട്ടി..
ജിഹേഷ്‌...ത്രേസ്യ..സഹയാത്രികന്‍..
പലേരി..തെനാലി...ജിഷാദ്‌..
ധ്വനി...സാജന്‍..സുന്ദരന്‍...
എന്നിവര്‍ക്ക്‌..നന്ദി..നമസ്കാരം...

neermathalam said...

enthu..class....

aaa bhoomikulukkam...vayichapoozehkkum..njanum kulungi kulungi chirikkukayayirunnu....

നവരുചിയന്‍ said...

സണ്ണി ച്ചോ സണ്ണിച്ചന്‍ പാവം അല്ല ഒരു കൊച്ചു സുനാമി ആണ് ..ഒരു ചിരിയുടെ സുനാമി

മനോജ് കുമാർ വട്ടക്കാട്ട് said...

സാന്റ്റൂ, നമിച്ചു.

(ഇതിപ്പോഴാ കാണുന്നത്)

പൈങ്ങോടന്‍ said...


ഇടിക്കരുത്‌


ഹ ഹ ഹ..വളരെയേറെ ഇഷ്ടപ്പെട്ടു മച്ചൂ...യെന്നാലും അവസാനം സണ്ണിച്ചന്‍ ജയിച്ചൂലോ...എനിക്കതുമതി

sandoz said...

niirmathalam..padippura...
paigodan....navaruji..
ennivarkku....sunnicchan vaayichathinulla thaanks...

അനിയന്‍കുട്ടി | aniyankutti said...

കമന്‍റാനുള്ള ഓപ്ഷനില്ലാതെ കുറേക്കാലം വലഞ്ഞു. സാന്‍റൂ... നല്ല രസികന്‍ എഴുത്ത്. പതിവു പോലെ വായിച്ചു രസിച്ചൂ.... :)

രാവുണ്ണി said...

നല്ല രസം. കഥയില്‍ ഒരേ കഥാപാത്രങ്ങള്‍ തന്നെ തൃശൂര്‍, എറണാകുളം, കോട്ടയം ശൈലികള്‍ കലര്‍ത്തി സംസാരിക്കുന്നത് അസ്വാഭാവികമായി തോന്നി.

അനിയന്‍കുട്ടി | aniyankutti said...

മതീ... ഷോ വേണ്ടാ...കുറേയായി... വാ.. വന്നൊരു പോസ്റ്റ് പോസ്റ്റ്.. മാഞ്ഞുമ്മലിനീം കാണൂല്ലേ സണ്ണികള്‍ക്കൊത്ത ഉണ്ണികള്‍..വാ അവരുടെ സ്റ്റോറികളലക്കൂ.... ഹും..അലക്കാന്‍...... ;)

sandoz said...

അനിയന്‍ കുട്ടിയേ...
ഒരെണ്ണം അലക്കണോന്ന് എനിക്കും ആഗ്രഹമുണ്ട്...
പക്ഷേ നോ ടൈം...
സണ്ണികള്‍ക്കൊത്ത ഉണ്ണികള്‍ ഇനീം സ്റ്റോക്കുണ്ട് നാട്ടില്‍...
പക്ഷെ എന്തു ചെയ്യാം ഒരു ഗ്യാപ് കിട്ടണ്ടേ..

കാനനവാസന്‍ said...

മാഷേ ...സൂപ്പര്‍ ..വായിച്ചു ചിരിച്ചതിനു കണക്കില്ല.... :)

ഇവിടെ ആദ്യമായിട്ടാ..പക്ഷെ ഇനി സ്ഥിരം വരുന്നുണ്ട്.പഴയ പോസ്റ്റുകള്‍ വായിച്ചു തുടങ്ങീട്ടെയൊള്ളൂ....

മടിച്ചി പാറു said...

പ്രിയപ്പെട്ട sandoz
കൊടകരപുരാണത്തില്‍ നിന്നാണു ഇവിടെ എത്തിപ്പെട്ടതു. വായിച്ചപ്പോ സംഭവം നന്നെ ബോധിച്ചു. അതു കൊണ്ടു ഒറ്റ ഇരിപ്പിനു ആദ്യം മുതലുള്ള post എല്ലാം വായിച്ചു തീര്‍ത്തു.കൊള്ളം മാഷെ നന്നായിരിക്കുന്നു. ശരിക്കും രസിച്ചു വായിച്ചു. ഇടവേളകള്‍ ഇല്ലാതെ എഴുതികൊണ്ടേയിരിക്കൂ :)

മടിച്ചി പാറു said...
This comment has been removed by the author.
മടിച്ചി പാറു said...
This comment has been removed by the author.
Pradeep Purushothaman said...

സാന്‍‌ഡോസേ,
കലക്കുന്നുണ്ട്. പക്ഷേ, ഈയീടെയായി നീളം അല്പം കൂടുന്നോ എന്നൊരു സംശയം. പരത്തിപ്പറയുമ്പോ ഏകാഗ്രതയും ആസ്വാദ്യതയും കുറയും. കാച്ചിക്കുറുക്കിയതിനാണ് ഒരു സുഖം..തന്ടെ ശൈലിക്കും അതാണ് അനുയോജ്യം.
അസ്കിത തോന്നല്ലേ!
നല്ല ഗുണ്ടുകള്‍ വരട്ടെ... മഞ്ഞുമ്മല്‍ ആകെ കിടുങ്ങുന്ന ടൈപ്പ്..

പൊറാടത്ത് said...

ഹെന്റമ്മേ... ഇതിപ്പഴാ കണ്ടത്...
എന്തൂട്ടാ മൊതല്..
കിണ്ണങ്കാച്ചി സാനം..

സുഗേഷ് said...

സണ്ണിച്ചന്‍ ഒരു പാവം തന്നെ, സാന്റോസെ എവിടന്നു കിട്ടി ഇങ്ങനെയുള്ള സണ്ണിച്ചനേ


കലക്കി സാന്റോസെ ഇത്രയും ധീരനും, അഭിമാനിയും, സറ്വോപരി എന്റെ മനം കവറ്ന്ന കഥാപാ‍ത്രത്തെ അവതരിപ്പിച്ചതിന് സുസന്നയും സണ്ണിച്ചനേയും പറ്റി ഓറ്ക്കുമ്പൊ തന്നെ അറിയാതെ ഒരു പുഞ്ചിരി മുഖത്തു വിരിയുന്നു.

മുല്ലപ്പൂ said...

സണ്ണിച്ചന്‍ ശരിക്കും ഒരു പാവമായിരുന്നു...
ഇവിടെ വന്നാല്‍ എന്നും ചിരിക്ക് വകയുണ്ട് .
ക്ലൈമാക്സ് സൂപര്‍

Thushanth said...

super! chirichu chirichu mannu kappi

എം.എസ്. രാജ്‌ | M S Raj said...

എറിപ്പന്‍ ഐറ്റം ആണല്ലോ മാഷേ..!
കണ്‍ഗ്രാറ്റ്സ്‌..!!

നിര്‍ത്തി നിര്‍ത്തിയാ വായിച്ചത്‌. മനുഷ്യനു ചിരിക്കാനും സമയം വേണ്ടേ?

olapeeppi.blogspot.com

hi said...

'എന്റെ ചാവലിന്‌ കേരണം മീക്കിളും മോളുമാണ്‌. തെണ്ടിപ്പൊലിസിനെ അറസ്റ്റ്‌ ചെയ്ത്‌ കൊസ്റ്റിന്‍ ചെയ്യണം
kidu machaa...kidu

Unknown said...

സണ്ണിച്ചന്‍ ഓടിയില്ലാ...
സണ്ണിച്ചന്‍ അഭിമാനിയായിരുന്നു.
അതുകൊണ്ട്‌ തന്നെ നേരേ ശോശന്നയുടെ കാല്‍ക്കല്‍ വീണു....
എന്നിട്ട്‌ പറഞ്ഞു.....

'ഇടിക്കരുത്‌.....'



മച്ചാ...കിടു ....എന്ന് പറഞ്ഞാല്‍ പോര ..പൊളപ്പന്‍...ചിരിച്ചു ചിരിച്ചു വയറ്റില്‍ നീര് വെച്ചു