Friday, July 31, 2009

അമരയുടെ മരണം ഒരു ഫ്ലാഷ്ഫ്രണ്ട്

‘ഞാന്‍ തോറ്റു സാര്‍..എനിക്കിനി വയ്യ.
എനിക്ക് വല്ല ലഷ്കര്‍ തോയ്ബ കേസും താ.അത് ഇതിനേക്കാള്‍ ഭേദമാ...‘

‘നടക്കില്ല മോഹിനീ..വിടില്ല ഞാന്‍...’

‘എന്റെ സാറേ...നാര്‍ക്കോയും ഏല്‍ക്കുന്നില്ല..’

‘അതെന്ത് പറ്റി..’

‘ലോകത്തില്‍ കിട്ടാ‍വുന്ന എല്ലാ മയക്കുമരുന്നും കേറ്റി...
എന്നിട്ടും ഫാദര്‍ പാന്റൂരാന് ഒരു കൊഴപ്പോമില്ല..‘

‘ഫാദര്‍ തൃക്കയിലോ...’

‘അങ്ങേര് ഒന്ന് കണ്ണടച്ച് പോലുമില്ല...
അത് മാത്രോല്ലാ..എന്നെ ഒരു മാതിരി വൃത്തികെട്ട നോട്ടോം..
ഞാനോടി മുറിക്ക് പുറത്തിറങ്ങി..’

‘സിസ്റ്റ പെറ്റെണിറ്റു എന്താണ് പറയുന്നത്..’

‘ആയമ്മ ചുമ്മാ കെടന്ന് ഒറങ്ങിക്കളഞ്ഞ്...
പിറ്റേ ദിവസം രാവിലേ ചോദിക്കുവാ..
ഈ പരിപാടി ദിവസോം നടത്താന്‍ വല്ല മാര്‍ഗ്ഗോമുണ്ടോന്ന്...
അവര്‍ക്ക് നല്ല ഒറക്കം കിട്ടീന്ന്...’

‘കര്‍ത്താവേ ..എത്രായിരം രൂപേടെ മയക്കുമരുന്നാ കുത്തിക്കേറ്റീത്.
ഒരു സോഡാ കുടിച്ച അവസ്ഥ പോലും വന്നില്ലേ അവറ്റക്ക്.
ആ നുണ പരിശോധന എന്തായി...’

‘അന്ന് പറഞ്ഞ കാര്യങ്ങള്‍ സത്യമാണോന്നറിയാന്‍..
വേറെ നുണ പരിശോധന വേണ്ടീ വരൂന്നാ തോന്നണേ...’

‘എന്ന് വച്ചാല്‍...’

‘നുണ പരിശോധനക്കിടെ പാന്റൂരാന്‍ പറഞ്ഞത്..
താനാ അടുത്ത പാപ്പ എന്നാണ്.
തൃക്കൈ പറഞ്ഞത് കൊടൂങ്ങല്ലൂര്‍ വഴി വന്ന ആദ്യ ശ്ലീഹാ താനായിരുന്നു എന്ന്.
പെറ്റെണിറ്റുവിന് മദര്‍ തെരേസയില്‍ കുറഞ്ഞ ഡയലോഗില്ല...’

‘എന്ന് വച്ചാല്‍..നുണ പരിശോധനയും മൂ..മൂ..മൂവാണ്ടന്‍ കൊമ്പത്ത് എന്നര്‍ത്ഥം...’

‘അതാ പറഞ്ഞത്..എന്നെ വല്ല ശ്വാന വിഭാഗത്തിലോട്ടും മാറ്റാന്‍.
എനിക്കിനി വയ്യ...’

‘മാറ്റക്കാര്യം പിന്നെ നോക്കാം...
ഇന്‍സ്പെക്ടര്‍ മോഹിനി ഒന്നവരോട് നേരിട്ട് സംസാരിക്ക്...’

**************************************

‘ഫാദര്‍ പാന്റൂരാന്‍..
സിസ്റ്റര്‍ അമര കൊല്ലപ്പെട്ട രാത്രിയില്‍..
താങ്കള്‍ കോണ്‍ വെന്റില്‍ ഉണ്ടായിരുന്നുവെന്ന് ഞങ്ങള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്.
താങ്കള്‍ എന്തിനാണ് അവിടെ പോയത്...’

‘എന്ത്..സിസ്റ്റര്‍ അമര കൊല്ലപ്പെട്ടോ...ജീസസ്...’

‘അച്ചന്റെ നെഞ്ചത്ത് മുട്ട് കാല് കേറ്റിയ ആദ്യ പോലീസുകാരി ഞാനാകൂന്നാ തോന്നണേ..
എന്തിനാണ് താങ്കളും തൃക്കയിലും മഠത്തിലേക്ക് കെട്ടിയെടുത്തതെന്ന് പറയന്റെ പൊന്നച്ചോ...’

‘ഞങ്ങള്‍ കൃഷിയെ കുറിച്ച് സംസാരിക്കാന്‍ പോയതാ...’

‘എന്ത് കൃഷി...’

‘മൈസൂര്‍ പൂവന്‍...’

‘കൂട്ട് കൃഷിയായിരുന്നോ...’

‘അതേ..
പിന്നെ..എല്ലാ കാലാവസ്ഥയിലും കൂട്ട് കൃഷി പറ്റില്ല.
അപ്പോള്‍ കോണ്‍ വെന്റ് വക സ്ഥലം ഞങ്ങള്‍ പാട്ടത്തിനെടുക്കും.
എന്നിട്ട് കൃഷിയിറക്കും.വിളവ് അവര്‍ക്ക് കൊടുക്കും.
വിളവില്‍ ഒരു അവകാശോം ഞങ്ങള്‍ ഉന്നയിക്കാറില്ല.
ഒരു തരം നിഷ്കാമ കര്‍മ്മമായിരുന്നു ഞങ്ങളുടേത്...’

‘അപ്പോള്‍ താങ്കളും തൃക്കയിലും പെറ്റെണിറ്റുവും വെറും
കൃഷിക്കാര്‍ മാത്രമായിരുന്നു എന്നാണോ താങ്കള്‍ പറയുന്നത്...’

‘അതേ..ഞങ്ങള്‍‍ക്ക് പൂവന്‍ കൊലയുമായി മാത്രമേ ബന്ധമുള്ളൂ.
അമര കൊലയുമായി ഒരു ബന്ധോമില്ല...’

**********************************

ചോദ്യം ചെയ്ത് ചെയ്ത് തലക്ക് പ്രാന്തായ ഇന്‍സ്പെക്ടര്‍ മനോമോഹിനി..
സഹികെട്ട് അമരയുടെ മൃതദേഹം കാണപ്പെട്ട കിണറ്റിലെടുത്ത് ചാടി.
സംഭവമറിഞ്ഞതും..ജീമോന്‍ പുത്തനച്ചി പുരപ്പുറം തൂക്കും പിടഞ്ഞെണീറ്റു.
വൈറ്റ് ഹൌസ്..
ബ്ലാക്ക് ഹൌസ്..
യു.എന്‍..
രാഷ്ട്രപതി..
പ്രധാനമന്ത്രി..
ഗവര്‍ണര്‍..
മുഖ്യമന്ത്രി..
പ്രതിപക്ഷ നേതാവ്..
സ്പീക്കര്‍..
കളക്റ്റര്‍..
ജില്ലാ..ബ്ലോക്ക്..ഗ്രാമ പഞ്ചായത്ത് പ്രസിഡ്ന്റുമാര്‍‍..
തഹസീല്‍ദാര്‍..
വില്ലേജ് ഓഫീസര്‍..
തുടങിയവര്‍ക്കുള്ള പരാതി റെഡിയാക്കി.

ടാഡ..പോട്ട പ്രകാരമുള്ള ഹര്‍ജികള്‍ സുപ്രീം കോടതിയിലും..
ഹേബിയസ് കോര്‍പസ് ഹൈക്കോടതിയിലും നല്‍കാന്‍ തീരുമാനിച്ചു.
ജില്ലാ..മുന്‍സിഫ് കോടതികളില്‍ നല്‍കാനുള്ള ഹര്‍ജികള്‍ എഴുതിവച്ചു.
മനുഷ്യാവകാശ കമ്മീഷന്‍..
ഓംബുഡ്സ്മാന്‍ തുടങ്ങിയ വകുപ്പുകളും ആക്രമിക്കാന്‍ തീരുമാനിച്ചു.

എല്ലാം തന്റെ തോള്‍സഞ്ചിയിലടുക്കി പുറത്തിറങ്ങി.
എന്നിട്ട് പണിതീരാറായ ഫ്ലാറ്റിന് നേരെ നോക്കി നെടുവീര്‍പ്പിട്ടു.
മനോമോഹിനി ചാടിയ വകുപ്പില്‍ ഈ കെട്ടിടം പണി കമ്പ്ലീറ്റാക്കാം.
ഒരെണ്ണം കൂടി ചാടിക്കിട്ടിയാല്‍ മൂന്നാറിലെ വില പറഞ്ഞ
എസ്റ്റേറ്റും ഒ.കെ...
പുത്തനച്ചിപുരപ്പുറം തൂക്കും ആഞ്ഞ് നടന്നു...

**********************************

പാതിരാത്രി ഒരു വലിയ മതിലിന് മുകളില്‍ വലിഞ്ഞ് കയറുന്ന..
ഒരു വെള്ള നൈറ്റിയിട്ട രൂപത്തെ ക്ണ്ട്..
താഴെ വഴിയേ പോയ ആള്‍ വിളിച്ചു പറഞ്ഞു...

‘അച്ചോ..പൊന്നച്ചോ..ഇങ്ങ് താഴേക്ക് പോര്.
അത് മഠത്തില്‍ പറമ്പ് എന്ന വീടാ...
അച്ചനുദ്ദേശിച്ച മഠം കുറച്ചപ്പുറത്താ...‘

Wednesday, July 01, 2009

ഡിക്റ്ററ്റീവ് ഉഷ്ണരാമയ്യരുടെ സാഹസങ്ങള്‍...

വാഷിങ്ടണ്‍ ഡിസിയിലെ തന്റെ കൊട്ടാരസദൃശമായ വീടിന്റെ പുറകിലെ മൈതാനത്ത്...
സ്വന്തം ഹെലിക്കോപ്റ്ററിന് ഗ്രീസടിക്കുന്നതിനിടയില്‍ ഡിക്റ്ററ്റീവ് ഉഷ്ണരാമയ്യരുടെ സെല്‍ഫോണ്‍ ശബ്ദിച്ചു.

‘ഡിക്റ്ററ്റീവ് ഉഷ്ണരാമയ്യര്‍ അല്ലേ...’

‘അതേ..ഞാനാണാ ഭയങ്കരന്‍.
താങ്കളാരാണ്....‘

‘ഞാന്‍ ഒബാമ...’

‘മാമയോ....ഏത് മാമ....ആരടെ മാമ..’

‘മാമയല്ലാ...ഒബാമ..പ്രസിഡന്റ്...’

‘ഏത് പഞ്ചായത്തിന്റെ...’

‘പഞ്ചായത്തിന്റെയല്ലടോ...അമേരിക്കന്‍ പ്രസിഡന്റ് ഒബാമയാ..’

‘ഒവ്വ...എന്താ പ്രസിഡന്റേ ഈ നട്ടുച്ചക്ക്..’

‘എനിക്ക് ഡിക്റ്ററ്റീവിന്റെ ഒരു സഹായം വേണം..’

‘എന്ത് സഹായം...’

‘മിനുട്ടുകള്‍ക്ക് മുന്‍പ്...വൈറ്റ് ഹൌസീന്‍ നിന്ന് ഒരു അമൂല്യ വസ്തു..
ഒരു ഭീകരന്‍ അടിച്ചോണ്ട് പോയി.
ഒരു കറുത്ത ലിമോസിന്‍ കാറില്‍...സദ്ദാം ഹുസൈന്‍ റോഡിലൂടെ
അവര്‍ കിഴക്കോട്ട് വച്ച് പിടിച്ചിട്ടുണ്ട്.ഡിക്റ്ററ്റീവ് ഉണര്‍ന്ന് പ്രവര്‍ത്തിച്ച്..
അയാളെ തടഞ്ഞ്..വൈറ്റ് ഹൌസിനാ അമൂല്യ വസ്തു തിരികേ എത്തിച്ച് തരണം.
വൈറ്റ് ഹൌസിന്റെ പ്രശസ്തി ഇത്ര വര്‍ദ്ധിപ്പിച്ച് വേറൊരു സാധനം നിലവില്‍ കിട്ടാനില്ല.
അത് കൊണ്ട്...’

‘മതി മതി...ഇത്രയും വിശദീകരണം മതി.
പ്രസിഡന്റ് സമാധാനമായി ഇരുന്ന്...ഒരു കുപ്പിയുടെ കഴുത്ത് പൊട്ടിച്ച് അടി തുടങ്ങ്.
നാലമത്തെ പെഗ്ഗില്‍ ഐസിടുന്നതിന് മുന്‍പ് ഞാന്‍ എത്തിയിരിക്കും.
കുപ്പീലെ ബാക്കി എനിക്ക് തന്നേക്കണം....
മുഴുവന്‍ കുടിച്ചാ പ്രസിഡന്റാണ്..കോപ്പാണ്...എന്നൊന്നും ഞാന്‍ നോക്കുല്ല....
വയ്ക്കടാ ഫോണ്‍...’

ഡിക്റ്ററ്റീവ് ഉഷ്ണരാമയ്യര്‍ പറഞ്ഞാല്‍ പറഞ്ഞതാണ്.
നിമിഷങ്ങള്‍ക്കകം തന്റെ ഹെലിക്കോപ്റ്ററില്‍ സദ്ദാം ഹുസൈന്‍ റോഡ് ലാക്കാക്കി പുറപ്പെടാന്‍ അയ്യര്‍ തയ്യാറായി.
പുറപ്പെടുന്നതിന് മുന്‍പ് തന്റെ കുന്നംകുളം മെയിഡ് പിസ്റ്റള്‍ ഓവര്‍ക്കോട്ടിന്റെ ഇടത്തേ പോക്കറ്റില്‍ തിരുകി.
മട്ടാഞ്ചേരി നിര്‍മ്മിത മെഷീന്‍ ഗണ്‍ തോളില്‍ തൂക്കി.
കണ്ണൂരില്‍...സ്റ്റേറ്റ് കമ്മിറ്റി നേതാക്കന്മാരുടെ മക്കള്‍ പൊട്ടിച്ച് കളിക്കുന്ന പടക്കങ്ങള്‍ പത്തിരുപതെണ്ണം വലത്തേ പോക്കറ്റില്‍ തള്ളി.
അയ്യര്‍ റെഡി...കോപ്റ്റര്‍ കുതിച്ച് പറന്നു.

അല്‍ക്കൊയ്ദ തെരുവും കടന്ന് സദ്ദാം ഹുസൈന്‍ റോഡിലൂടെ പായുകയായിരുന്നു
അപ്പോള്‍ കറുത്ത ലിമോസിന്‍.
ഡിക്കിയില്‍ ഒരു വലിയ ചാക്കില്‍ വൈറ്റ് ഹൌസില്‍ നിന്ന് കടത്തിയ അമൂല്യ വസ്തു.
ഡ്രൈവിങ്ങ് സീറ്റിലിരുന്ന് ഒരു താടിക്കാരന്‍ അട്ടഹസിച്ച് ചിരിക്കുന്നുണ്ടായിരുന്നു.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് തനിക്ക് നഷ്ടപ്പെട്ട മുതലാണ് താന്‍ തിരിച്ച് പിടിച്ചിരിക്കുന്നത്.
താടിക്കാരന്‍ വീണ്ടും അലറിച്ചിരിച്ചു.
അപ്പോള്‍ ആകാശത്ത് ലിമോസിന് നേരേ മുകളില്‍ അയ്യരുടെ ഹെലിക്കോപ്റ്റര്‍ പ്രത്യക്ഷപ്പെട്ടു.

താഴെ ലിമോസിന്‍ കണ്ടതും ഉഷ്ണരാമയ്യര്‍ റെഡിയായി.
ഇന്ധനം തീര്‍ന്ന് വഴിയില്‍ കിടക്കുമ്പോള്‍...കോപ്റ്റര്‍ കെട്ടിവലിക്കാനുപയോഗിക്കുന്ന
കയറെടുത്ത് ഒരറ്റം സീറ്റിന്റെ കാലില്‍ കെട്ടി.
മറ്റേയറ്റം വാതില്‍ തുറന്ന് താഴേക്കിട്ടു.
കയറിലൂടെ താഴെ ലിമോസിന്റെ മുകളിലേക്ക് ഇറങ്ങാന്‍ തയ്യാറായ അയ്യര്‍ ഒന്നാലോചിച്ചു.
താന്‍ താഴേക്കിറങ്ങിയാല്‍ കോപ്റ്റര്‍ ആര് പറപ്പിക്കും.
ഐഡിയ...അയ്യരാരടെയാ മോന്‍‍...ആര്‍ക്കറിയാം...
ഇറക്കത്ത് ലാന്‍ഡ് ചെയ്യുമ്പോള്‍ ഊട് വയ്ക്കുന്നതിന് വേണ്ടി സൂക്ഷിച്ചിരുന്ന കല്ലെടുത്ത്...
കോപ്റ്ററിന്റെ ആക്സിലേറ്ററിന്റെ മുകളില്‍ വച്ചു.
സബാഷ്...
കോപ്റ്റര്‍ മുന്നോട്ട്..അയ്യര്‍ താഴോട്ട്...

കയറില്‍ തൂങ്ങി ലിമോസിന്റെ മുകളില്‍ ലാന്‍ഡ് ചെയ്ത അയ്യര്‍..
കാറിന്റെ മുകളില്‍ കുത്തിയിരുന്നു.
ആദ്യം അമൂല്യ വസ്തു കൈവശപ്പെടുത്തണം.
എന്നിട്ട് മതി ഭീകരനെ കീഴ്പ്പെടുത്തുന്നതെന്ന് അയ്യര്‍ തീര്‍ച്ചപ്പെടുത്തിയിരുന്നു.
അല്ലെങ്കില്‍ വൈറ്റ് ഹൌസിന്റെ അഭിമാനമായ അമൂല്യ വസ്തു നശിപ്പിക്കപ്പെടാനും മതി.

ഖൊമേനി കവലയിലെ ബ്ലോക്കില്‍ പെട്ട് ലിമോസിന്‍ നിന്നതും...
അയ്യര്‍ ചാടിയിറങ്ങി.നേരേ കാറിന്റെ പുറകില്‍ ചെന്ന് ഡിക്കി തുറന്നു.
അതാ ചാക്ക് കെട്ട്...അത് അനങ്ങുന്നു....
എന്ത്..ജീവനുള്ള അമൂല്യ വസ്തുവോ...
എന്തുമാകട്ടെ..അയ്യര്‍ സമയം കളയാതെ ചാക്ക് കെട്ട് കാറില്‍ നിന്ന് പുറത്തെടുത്തു.
കെട്ടഴിച്ച് തുറന്ന് നോക്കിയതും അയ്യര്‍ അന്തം വിട്ടു...

‘എന്തായീ കാണണേന്റെ പാറേപ്പള്ളി സോണിയ മാതാവേ...’

മോണിക്ക...
സാക്ഷാല്‍...മോണിക്ക ലെവിന്‍സ്കി...
വൈറ്റ് ഹൌസിന്റെ പ്രശസ്തി വാനോളമുയര്‍ത്തിയ ആ അപൂര്‍വ മൊതലിനെ കണ്ടതും...
സന്തോഷം സഹിക്കാനാകാതെ...
ഉഷ്ണരാമയ്യര്‍ തന്റെ മട്ടാഞ്ചേരി നിര്‍മ്മിത മെഷീന്‍ ഗണ്ണെടുത്ത് ആകാശത്തേക്ക് തുരുതുരെ വെടിവച്ചു.

വെടിവയ്പ്പും ബഹളവും കേട്ട് താടിക്കാരന്‍ ഭീകരന്‍ ചാടിപ്പുറത്തിറങ്ങി.
വൈകിയില്ലാ...നീ ഞങ്ങടെ മോണിക്കയെ തട്ടിക്കൊണ്ട് പോകുമല്ലേടാ തെണ്ടീ...
എന്നാക്രോശിച്ച് കൊണ്ട് അയ്യര്‍ ഭീകരന്റെ മേല്‍ ചാടി വീണു.കഴുത്തിന് കുത്തിപ്പിടിച്ചു.
പിടിവലിക്കിടയില്‍ ഭീകരന്റെ താടി ഊരിപ്പോയി.
താടി പോയതും തന്നെ മനസ്സിലാകാതിരിക്കാന്‍ ഭീകരന്‍ കൈകൊണ്ട് മുഖം പൊത്തി.

എടാ കള്ളത്താടി എന്നലറിക്കൊണ്ട് അയ്യര്‍ ഭീകരന്റെ കയ്യില്‍ പിടുത്തമിട്ടു.ബലം പ്രയോഗിച്ച്
മുഖത്ത് നിന്ന് കൈ മാറ്റി...
ഒരു നിമിഷം..
അയ്യര്‍ ആ മുഖത്തേക്ക് സൂക്ഷിച്ച് നോക്കി...
എന്നിട്ടലറി...

‘ക്ലിന്റണ്‍...ക്ലിന്റണ്‍...’

ഈ സമയം കൊച്ചിയിലെ ഒരു ഫ്ലാറ്റില്‍...
പാതിരാത്രി..
തന്റെ കെട്ടിയോന്‍...
തന്റെ നെഞ്ചത്തിരുന്ന് കൊണ്ട് ക്ലിന്റണ്‍..ക്ലിന്റന്‍ എന്നലറുന്നതും..
കഴുത്തിന് കുത്തിപ്പിടിക്കുന്നതും എന്തിനെന്നറിയാതെ..
അന്തം വിട്ട് കിടക്കുകയായിരുന്നു മിസ്സിസ് ദാക്ഷായണി ഉഷ്ണരാമയ്യര്‍.....

Wednesday, August 13, 2008

ശാന്തുളകം ഒന്നാം കണ്ടം

‘രാജരാജ പ്രമുഖന്...രാജാധിരാജന്...രാജരാജകുണാണ്ടര്‍....
പാണ്ട്യന്...പായും പുലി....അണ്ണാമലൈ..ശിവജി...
മുഷ്യന്ത രാജാവ്.. എഴുന്നള്ളുന്നേ....എഴുന്നള്ളുന്നേ..
എഴുന്നേറ്റ് തള്ളുന്നേ...’

‘മതീടോ..നിര്ത്ത്...
താന് കെടന്നധികം തൊള്ളയെടുക്കണ്ട...
ഞാനിങ്ങെത്തി..
രാവിലേ താന് കെടന്നിങ്ങനെ ബഹളമൊണ്ടാക്കീല്ലേലും ഞാനിങ്ങെത്തും..
മനസ്സിലായാ..‘

‘അങ്ങിപ്പഴിങ്ങനെ പറയും...
അത് കേട്ട് ഞാന് വിളീം നിര്ത്തും...
അത് കഴിഞ്ഞ് രാത്രിയാവുമ്പം സ്മോളുമടിച്ചിട്ട്..
ഞാന് വരുമ്പെ നീ ജെയ് വിളിക്കൂല്ലാല്ലേടാ പന്നീ എന്നും പറഞ്ഞ് കുനിച്ച് നിര്ത്തി ഇടിക്കേം ചെയ്യും...’

‘സോറി മന്ത്രീ സോറി...
ഇനി മേലാല് കുനിച്ച് നിര്ത്തി ഇടിക്കൂല്ലാ..’

‘എന്ന് വച്ചാല് ഇനി ഇടി മതിലില് ചാരി നിര്ത്തി ആണെന്നാണാ അങ്ങ് പറഞ്ഞ് വരണത്...’

‘ശ്ശൊ..ഈ മന്ത്രീടെ ഒരു കാര്യം...
കുനിച്ച് നിര്ത്തി ഇടിച്ചതിന് പകരമായിട്ട്..
മന്ത്രിക്ക് ഒരു 25 പവന്റെ സ്വര്ണ്ണ മാല നാം സമ്മാനം പ്രഖ്യാപിക്കുന്നു.
ആരെവിടെ...വേഗം മാല കൊണ്ടു വരൂ.
ഒരു കാര്യം..ഖജനാവില് മാല വല്ലതും ബാക്കിയൊണ്ടേല് കൊണ്ടുവന്നാ മതീട്ടാ..
ഖജനാവില് മാലയില്ലാന്നും പറഞ്ഞ് എന്റെ അലമാരയെങ്ങാന് കുത്തിത്തൊറന്നാ...
ടാ ഭടാ..നിന്റെ എടപാട് ഞാന് തീര്ക്കൂട്ടാ...’

‘നന്ദി പ്രഭോ..നന്ദി..’

‘ഉവ്വ..’

‘പ്രഭോ..രാവിലേ മുതല് കവാടത്തിലൊരു കശപിശ..’

‘കശപിശയോ..വല്ല വശപ്പെശക് കേസ് കെട്ടും ആണോടോ..’

‘അറിയാന് മേല...
ഒരു പെണ്ണുമ്പിള്ളേം കാര്ന്നോരും കൂടിയാ അങ്ങേ കാണണം എന്നും പറഞ്ഞ് അലമ്പെണ്ടാക്കണത്..‘

‘അവര് അപ്പോയിന്റ്മെന്റ് എടുത്തിട്ടുണ്ടോ..’

‘അതറിയില്ല പ്രഭോ..ഞാന് വേണോങ്കില് അവരെ ചോദ്യം ചെയ്തിട്ട് വരാം.
ഗേറ്റിലിട്ട് ചോദ്യം ചെയ്താല് മതിയോ..
അതോ നമ്മുടെ രഹസ്യ സങ്കേതത്തിലേക്ക് മാറ്റി അറിഞ്ഞൊന്ന്...
വിശദമായിട്ട് ചോദ്യം ചെയ്യണോ..’

‘എന്തിന്..’

‘പത്ത് മിനുട്ട് മതി പ്രഭോ...
ഏത് പെണ്ണുമ്പിള്ളേ കൊണ്ടും അപ്പോയിന്റ്മെന്റ് എടുത്തത് അവരാണെന്ന് ഞാന് സമ്മതിപ്പിക്കും..’

‘മന്ത്രീ..തന്റെ പഞ്ചായത്ത് ഏതാടോ...’

‘പഞ്ചായത്തല്ല പ്രഭോ..എന്റേത് മുന്സിപ്പാലിറ്റിയല്ലേ..മുന്സിപ്പാലിറ്റി..
എന്താ പ്രഭോ ചോദിച്ചത്..’

‘അല്ലാ..ഈ സൈസ് എനം ആ നാട്ടില് വേറേം എണ്ടോന്നറിയാന് ചോദിച്ചതാ...
ടോ..ക്ലോസറ്റ് തലയാ..
അപ്പോയിന്മെന്റ് എന്നുവച്ചാല് എന്ന കാണാന് അവര് മുന് കൂട്ടി അനുവാദം വാങ്ങിച്ചിട്ടുണ്ടോയെന്ന്..’

‘അയ്യോ..അതാരുന്നാ...
ഒരു ദേഹ പരിശോധനാ ചാന്സ് മിസ്സായല്ലേ..ശ്ശെ..’

‘താന് ചെന്ന് അവരെയിങ്ങ് കടത്തിവിട്..
മെറ്റല് ഡിറ്റക്റ്ററിലൂടെ കടത്തിവിട്ടാ മതീട്ടാ...
അരേല് വല്ല ബോംബാ കീമ്പാ ഉണ്ടോന്ന് ആര്ക്കറിയാ..’

‘ഉവ്വ..ഒരു മെറ്റല് ഡീറ്റക്റ്ററ്...
കഴിഞ്ഞ ദെവസം ഒരു ലോഡ് കമ്പി അതിനകത്തൂടെ കൊണ്ടുപോയിട്ട്....
ആ മെഷീന് കമാന്നൊരക്ഷരം മിണ്ടീല്ലാ..’

‘അതെന്ത് പറ്റീടോ..’

‘വല്ലപ്പോഴും കാശ് മൊടക്കി നന്നാക്കണം പ്രഭോ...
അല്ലാതെ ജനങ്ങളുടെ കാശ് മൊടക്കി പുട്ടടിച്ചാ മാത്രം പോരാ..’

‘അത് പറയരുത്..മന്ത്രി അത് മാത്രം പറയരുത്...
ജനത്തിന്റെ കാശ് ഞാന് വിഴുങ്ങീന്ന് മാത്രം പറയരുത്..
ഇപ്പഴും ജങ്ങളുടെ കണ്ണിലുണ്ണീയാണ് ഞാന്..’

‘ഉവ്വ...ഉണ്ണി അധികം പൊറത്തേക്ക് ഇറങ്ങണ്ടാട്ടാ...
ജനത്തിന്റെ കണ്ണില് പെട്ടാല്...
ഉണ്ണീടെ ഞുണ്ണി അവര് ചവിട്ടി കലക്കും...’

‘ടോ..താനിങ്ങനെ പറഞ്ഞ് പേടിപ്പിക്കല്ലേടോ...
ഞാനെന്ത് തെറ്റാണ് ജനത്തിനോട് ചെയ്തത്..’

‘അങ്ങല്ലാ തെറ്റ് ചെയ്തത്...
നമ്മുടെ കരം പിരിവുകാരാണ്..
കരം പിരിച്ച് കരം പിരിച്ച്..
പെമ്പിള്ളേരടെ കരത്തില് കേറി പിടിച്ചാ..
നാട്ടുകാര് നോക്കിയിരിക്കോ..’

‘ആഹാ..മന്ത്രീ എനിക്കൊരൈഡ്യ...’

‘എന്ത് അങ്ങുന്നിനും ഐഡിയയോ..കേള്ക്കട്ടെ..കേള്ക്കട്ടെ..’

‘ഈ കരം പിരിവ് നാം നേരിട്ടങ്ങ് നടത്തിയാലോ...’

‘പ്രഭോ..ദേ ഇതങ്ങട് പിടിച്ചേ..’

‘എന്താടോ ഇത്..’

‘എന്റെ രാജിക്കത്താണ്...
നാട്ടുകാരടെ തല്ല് കൊണ്ട് ചാവാന് എനിക്ക് പാടില്ലാ..’

‘അപ്പ വേണ്ടാല്ലേ..’

‘വേണം വേണം...അങേക്ക് സന്താനസൌഭാഗ്യം ഇല്ലാത്തത് കാരണം..
അങ്ങ് പെട്ടെന്ന് കാഞ്ഞ് പോയാല്..രാജ്യം എനിക്ക് ഭരിക്കാല്ലോ...
അങ്ങ് തീര്ച്ചയായും കരം പിരിക്കാന് പോണം...’

‘മന്ത്രീ..താന് അധിക തെക്കോട്ട് പോണ്ടാ...
താന് ചെന്ന് ഗേറ്റില് നിക്കണ ആ ചേടത്തീനേം കാര്ന്നോരേം ഇങ്ങ് കടത്തി വിട്..‘

‘ഉത്തരവ് പ്രഭോ...’

********************

‘നമസ്കാരം പ്രഭോ..’

‘നമസ്കാരം...ആരാണ് മനസ്സിലായില്ലല്ലോ..’

‘എന്നെ മനസ്സിലാവാന് ചാന്സില്ലാ...
പക്ഷേ ഈ നിക്കണവളെ അറിയോന്ന് അങ്ങൊന്ന് നോക്കിയേ..’

‘പെങ്ങളേ....ഇങ്ങോട്ടൊന്ന് മാറിനിന്നേ...
ആളെയൊന്ന് കാണട്ടേ..’

‘എന്നെ എന്താ വിളിച്ചേ..പെങ്ങളെന്നാ...
കെട്ടിക്കോളാന്നും പറഞ്ഞ് കാട്ടീന്ന് പോന്നിട്ട് കൊല്ലം രണ്ടായി..
എന്നിട്ട് ആളെ കാണാണ്ട് തപ്പി വന്നപ്പോ പെങ്ങളെന്നാ..
എന്റെ മലപ്പുറത്തപ്പാ..എനിക്കങ് ചത്താ മതി..’

‘മന്ത്രീ...ടോ മന്ത്രീ...താനിങ്ങ് വന്നേടോ...
ഇതേതാടോ ഈ കുരിശ്...’

‘ഞാനിവിടെയില്ല...എന്നെ തെക്കോട്ടെടുത്തു...’

‘ടോ...താനിങ്ങ് വന്നേടോ..എന്നെ ഉപേക്ഷിക്കല്ലേടോ...
ഒരു 25 പവന്റെ മാല കൂടി തന്റെ പെമ്പ്രന്നോത്തീടെ കഴുത്തില് കിടക്കണതില് തനിക്കെന്തെങ്കിലും വിരോധമിണ്ടാ..’

‘മാല കിട്ടീല്ലേലും വേണ്ടില്ല...
ഈ ജാതി കേസ് കെട്ടൊന്നും അഴിക്കാന് എന്നെ കൊണ്ട് പറ്റൂല്ലെന്റെ പൊന്ന് തമ്പുരാനേ...’

‘താന് വല്യ അഴിക്കല് മിടുക്കൊന്നും ഇവിടെയെടുക്കണ്ട...
ഇവരോടോന്ന് ചോദിച്ചാല് മതി എന്താ എടപാടെന്ന്...’

‘ഞാന് പണ്ടേ പറഞിട്ടില്ലേ...
വല്ല കടുക്കാവെള്ളോം കുടിച്ചോണ്ട് കൊട്ടാരത്തിലെങ്ങാന് ചുരുണ്ടാ മതി..
വെട്ടിയാല് പഴം പോലും മുറിയാത്ത വാളും പിടിച്ചോണ്ട് നായാട്ടിനെന്നും പറഞ്ഞ് പോണ്ടാ പോണ്ടാന്ന്...‘

‘ഡെഡ് ബോഡീലിറ്റ് കുത്താതെടോ...
താനൊന്ന് ചോദിച്ച് മനസ്സിലാക്ക് കാര്യങ്ങള്..
എനിക്ക് തല കറങ്ങണ്..’

‘കറങ്ങണേല് ആ മൂലേലോട്ടിരി...
ഞാനൊന്ന് ചോദിക്കട്ടെ കാര്യങ്ങള്..’

‘ശരി..വേഗം പണ്ടാറടങ്ങ്..’

**********************

‘കാര്ന്നോരേ...ആക്ച്വലി എന്താ സംഭവം...
ഒള്ള കാര്യം പറ..ഏതാ ഈ പെങ്കൊച്ച്...’

‘ഞങ്ങളേ..കൊറച്ച് ദൂരേന്ന് വരേണ്...’

‘ഏകദേശം എത്ര ദൂരത്ത് നിന്നാണ്..’

‘അത് ഞാന് പിന്നെ മന്ത്രീടെ ചെവീല് പറഞ്ഞ് തരാം..ഇപ്പ ഇത് കേള്ക്ക്...
എനിക്ക് മഹര്ഷി പണിയാണ്...
ഈ നിക്കണ പെങ്കൊച്ചിന്റെ പേര് മഞ്ജുള.
എന്റെ വകേലൊരു അളിയനായ കണ്ണന്റെ മോളാണ്...
കണ്ണനും മഹര്ഷിപ്പണിയാണ്..’

‘കുടുമ്പോയിട്ട് മഹര്ഷിപ്പണിയാണല്ലേ...
നല്ല വരുമാനോയിരിക്കും...മിടുക്കന്മാരേ..
എന്നിട്ട് കേക്കട്ടെ...’

‘മുഷ്യന്ത രാജാവ്..കുറച്ച് നാളു മുന്പ് ഞങ്ങടെ തറവാടിന്റെ സൈഡിലൂടെ നായാടാന് വന്ന്.
അന്ന് വെള്ളം കോരാന് പോയ ഈ നിക്കണ പെങ്കൊച്ചിനെ..
കണ്ണും കൈയ്യും കാലും..പിന്നെ വേറെന്തൊക്കെയോ കാണിച്ച് മയക്കി...’

‘മയക്കീട്ട്..ഒന്ന് വേഗം പറയെന്റെ മഹര്ഷീ...
എനിക്ക് കണ്ട്രോള് കിട്ടണില്ലാ...‘

‘അടങ്ങ് മന്ത്രീ..അടങ്ങ്...
മയക്കീട്ട് വിവാഹവാഗ്ദാനോം കൊടുത്തിട്ട് ഇങ്ങ് പോന്നതാണ് രാജാവ്.
പിന്നെ ആ പടി ചവിട്ടിട്ടില്ലാ...
ദുഷ്ടനായ ഈ പൊന്നങ്ങുന്ന്....‘

[തുടര്ന്നേക്കും....ആരും തല്ലിക്കൊന്നില്ലേല്..]

Wednesday, April 23, 2008

ഹവീല്‍ ദാര്‍ പാപ്പച്ചന്‍ സിങിന്റെ ഓര്‍മ്മക്കുറിപ്പുകള്‍

1945....
ഗാന്ധിജി അന്ന് തെക്കന്‍ പ്രദേശങ്ങളില്‍ പര്യടനത്തിലായിരുന്നു....
നെഹ്രു വടക്കന്‍ പ്രദേശങ്ങളിലും...
സീതാറാം കേസരി പടിഞ്ഞാറും...
കരുണാകരന്‍ കിഴക്കും.
അന്ന് മുരളി 'ബഡ്ജറ്റില്‍ 'പോലും പരാമര്‍ശിക്കപ്പെട്ടിരുന്നില്ല.
അല്ലെങ്കില്‍ അച്ഛന്‍‍ അധികം കിഴക്കോട്ട് പോണ്ടാന്ന് മുരളി പറയുമായിരുന്നു.

**********

ഓച്ചന്തുരുത്ത് തെക്കേനടയില്‍ കുട്ടപ്പന്റേയും വടക്കേനടയില്‍ അമ്മിണിയുടേയും മകനായി
ഞാന്‍ ജനിച്ച് വീണ സമയം എന്റെ മാതാവ് അമ്മിണി നെല്ല് കുത്തുകയായിരുന്നു.
അപ്പൂപ്പന്‍ നാണു വീടിനു പുറത്തിരുന്ന് പല്ല് കുത്തുകയും....
അമ്മൂമ്മ പ്ലാവില കുത്തുകയും ആയിരുന്നു.
ഉരലിലേക്ക് പ്രസവിച്ച് വീണ എന്നെ മാറ്റിക്കിടത്തിയിട്ട് നെല്ല് കുത്ത് തുടര്‍ന്ന എന്റെ മാതാവ്...നെല്ല് കുത്ത് തീര്‍ന്നതിന് ശേഷം മാത്രമാണ് മറ്റുള്ളവരോട് വിവരം പറഞ്ഞത്.

************

ബ്രീട്ടിഷുകാര്‍ക്കെതിരെ പോരാടാന്‍ ഒരു ധീരജവാന്‍ ഓച്ചന്തുരുത്ത് ഏരിയയില്‍ എവിടെയോ പിറന്നേക്കും എന്ന് ലോക പ്രശസ്ത ജ്യോത്സന്‍ റിച്ചാര്‍ഡ് വെള്ളാപ്പള്ളി ഗണിച്ചതനുസരിച്ച്....
ഓച്ചന്തുരുത്തിന്റെ ചുമതലയുണ്ടായിരുന്ന സര്‍ ബെന്റ്ലി സായിപ്പ്...
ഗര്‍ഭിണികളുടെ കണക്കെടുപ്പ് നടത്തുന്ന സമയമായിരുന്നു അത്.പക്ഷേ അന്വേഷിച്ച് പിടിച്ച് വന്നപ്പോള്‍ നാട്ടില്‍ ഒരു ഗര്‍ഭിണി മാത്രം.അത് ഓച്ചന്തുരുത്ത് വടക്കേനടയിലെ അമ്മിണി ആയിരുന്നു.
ഒരു പട്ടാളക്കാരനേ ഗര്‍ഭത്തിലേ നശിപ്പിക്കാന്‍ സായിപ്പ് കണ്ടുപിടിച്ച വിദ്യ അമ്മിണിക്ക് വിഷം നല്‍കുക എന്നായിരുന്നു.
ഗര്‍ഭിണികള്‍ക്ക് സര്‍ക്കാര്‍ ചിലവില്‍ പാല്‍ എന്ന നിയമം ഉടനടി പാസാക്കുകയും...
ഓച്ചന്തുരുത്തിലെ ഏകഗര്‍ഭിണിയായ അമ്മിണിക്ക് പാല്‍ നല്‍കി കൊണ്ട് ആ സംരംഭം ബെന്റ്ലി സായിപ്പ് ഉല്‍ഘാടനം ചെയ്യുകയും ചെയ്തു.
പക്ഷേ വിഷം കലര്‍ത്തിയ പാല്‍ അവിടെ വച്ച് കുടിക്കാതെ...
'ഞാനിതെന്റെ വീട്ടില്‍ കൊണ്ടോയി കുടിച്ചോളാം സായിപ്പേ..'എന്നും പറഞ്ഞ് അമ്മിണി പാല്‍ വീട്ടിലേക്ക് കൊണ്ടുവന്നു.
പാല്‍ മേശപ്പുറത്ത് വച്ച് അമ്മിണി കുളിക്കാന്‍ പോയ നേരത്ത്....
ഇവളങ്ങനെ പാലു കുടിച്ച് രസിക്കണ്ടായെന്നും പറഞ്ഞ് നാത്തൂന്‍ ലീലാമ്മ പാലെടുത്ത് കുടിക്കുകയുംഇഹലോകവാസം വെടിയുകയും ചെയ്തു.
അങ്ങനെ ബ്രിട്ടീഷുകാരുടെ അതിക്രൂരമായ പദ്ധതിയില്‍ നിന്ന് രക്ഷപെട്ട് ആ ഗര്‍ഭം വിജയിക്കുകയും...
പാപ്പച്ചന്‍ സിങ് എന്ന ഞാന്‍ ഈ ഭൂമിയില്‍ ജനിച്ച് വീഴുകയും ചെയ്തു.

************

കഷ്ടപ്പാടുകളോട് പടവെട്ടി ആയിരുന്നു എന്റെ ബാല്യകാലം.
പടവെട്ടി പടവെട്ടി അടുത്ത പറമ്പിലെ വാഴവെട്ടിയപ്പോള്‍ അവരെന്നെ വെട്ടി.അമ്പലപ്പറമ്പിലെ തേങ്ങാക്കുല വെട്ടിയപ്പോള്‍ നാട്ടുകാരു വെട്ടി.കാശ് തട്ടിയപ്പോള്‍ പോലീസുകാര് എടുത്തിട്ട് തട്ടി.
അങ്ങനെ പടവെട്ടി പടവെട്ടി മടുത്ത്....
ഞാനെന്റെ സംഭവബഹുലമായ ബാല്യകാലം ഓച്ചന്തുരുത്തില്‍ഉപേക്ഷിച്ച് മദ്രാസിലേക്ക് കള്ളവണ്ടി കേറുകയും.
എന്റെ കയ്യിലിരുപിന്റെ ഗുണം കൊണ്ട് അല്ലെങ്കില്‍ ജീനിന്റെ ഗുണം കൊണ്ട് പട്ടാളക്കാരന്‍ ആവുകയും ചെയ്തു.

****************

എന്റെ പിതാവ് കുട്ടപ്പന്‍ ഒരു വെടിക്കെട്ടുകാരന്‍ ആയിരുന്നു.
നാടിന്റെ നാനാപ്രദേശങ്ങളില്‍ അങ്ങേര്‍ ഓടി നടന്ന് വെടിവച്ചു.താവിന്റെ വെടിവയ്പ്പിന്റെ പ്രശസ്തി നാടെങ്ങും പരന്നതിനെ തുടര്‍ന്ന് പല പൂരക്കമ്മറ്റിക്കാരും നേരിട്ട് വീട്ടില്‍ വന്ന്....
വെടിക്കെട്ട് പിതാവിന് ഏല്‍പ്പിച്ചുകൊടുത്തിരുന്നു.
അതാണ് ഞാന്‍ നേരത്തെ പറഞ്ഞ ജീന്‍.
അതായത് പിതാവിനും വെടിവെപ്പ്...
എനിക്ക് പട്ടാളത്തിലും വെടിവെപ്പ്.
*************

'ഹലോ...ഹലോ...ഹവീല്‍ദാര്‍ പാപ്പച്ചന്‍ സിങല്ലേ..നിങ്ങള്‍‍ക്ക് കേള്‍ക്കാമോ....ഓവര്‍..ഓവര്‍..'
'പിന്നെ കേള്‍‍ക്കാണ്ടിരിക്കാന്‍ ഞാനെന്താ പൊട്ടനാ....ആരാണ്ട്രാ കഴുവേറ്ട മോനേ അപ്പറത്ത്.....
ഇവനിത്തിരി ഓവറാണെട്ടാ...'

'ഞാനാണ്..ക്യാപ്റ്റന്‍ നാണു....ഓവറാക്കരുത്..'

'അയ്യോ...സാറാരുന്നാ...എന്താ സാറെ ഈ പാതിരാക്ക്.....ഇതിത്തിരി ഓവറായിപ്പോയി..'

'ഹവീല്‍ദാര്‍ ‍ പാപ്പച്ചന്‍ സിങ്...എല്ലാം റെഡിയല്ലേ...
നമുക്കുടനേ തുടങ്ങണം....
നീയല്ലേലും ഇത്തിരി ഓവറാ....'

'എല്ലാം റെഡിയാണ് സാര്‍...കുപ്പിയും ടച്ചിങ്സുമെല്ലാം റെഡി.
പക്ഷേ സോഡ സാറ് കൊണ്ടുവരണം...ഇത് ഓവറാകും..'

'എന്ത് കുപ്പിയോ...എന്റെ പൊന്നു ഹവീല്‍ദാരേ താനെന്ത് തേങ്ങയാണീ പറയണത്.
ഞാന്‍ പാക്കിസ്ഥാന്‍ അതിര്‍ത്തി ആക്രമിക്കാന്‍ നിങ്ങളുടെ ട്രൂപ്പ് റെഡിയല്ലേ എന്നാണ് ചോദിച്ചത്...
ഒടുക്കത്തെ ഒരു ഓവവറ്....'

'അതാരുന്നാ....ഞാന്‍ വിചാരിച്ച്....ശ്ശെ...ഓവറായി നാറി...'

'താനെന്ത് വിചാരിച്ചെന്നാ....താനിപ്പോ എവിടെയാ...
നമ്മുടെ ട്രൂപ്പിലെ ബാക്കി ആള്‍ക്കാരെവിടെ...
കര്‍ത്താവേ..ഇതിന്റെ പേരും ഓവര്‍ എന്നാണാ...'

'ഞാനിവിടെ ലഡാക്ക് മുക്കിലെ വളവിലുള്ള കാര്‍ത്ത്യായനീടെ ഷാപ്പില്‍...
ബാക്കിയുള്ളോരൊക്കെ ഫീസായി...എല്ലാം ഓവറാ...'

'എന്ത്....ലഡാക്ക് മുക്കില്‍ ഞാനറിയാത്ത ഷാപ്പോ...
അതും ഒരു കാര്‍ത്ത്യായനി നടത്തുന്ന ഷാപ്പോ...
സാധനം ഓവര്‍ സൈസ് ആണോ ഹവീല്‍ദാരേ...'

'സാറിങ്ങ് പോരെ...നമുക്കിവിടെ ഇരുന്ന് യുദ്ധതന്ത്രം ചര്‍ച്ച ചെയ്യാം...
പറ്റിയ ഏരിയ ആണണ്ണാ ഇവിടെ....മൊത്തം ഓവറായി...'

************

‘ക്യാപ്റ്റോ...ടോ ക്യാപ്റ്റോ..എണിക്കടോ...
ഇയാളെന്ത് കെടപ്പാണ് കെടക്കണത്...ഷാപ്പിലെ സാധനോം തീര്‍ന്ന് വെളക്കുമൂതി...ടോ ക്യാപ്റ്റോ...'

‘ങേ..ങേ...എന്താ എന്താണ്....എന്താ പറ്റീത് ...
പാകിസ്ഥാന്‍ സൈന്യം ഇങ്ങെത്തിയോ...
വെടിവച്ചിടടാ എല്ലാത്തിനേം...’

‘പിന്നേ..വെടിവയ്ക്കാന്‍ പറ്റിയ കോലോം...
എണീറ്റ് നടക്കാന്‍ പറ്റണില്ലാ.അപ്പഴാ വെടിവക്കണത്....
സാറേ..സാധനം തീര്‍ന്ന്....’

‘അതിനിപ്പോ എന്തു ചെയ്യൂടോ...ഈ പാതിരാക്ക് സാധനം എവിടെ കിട്ടാനാണ്...’

‘വിളിച്ച് പറ സാറേ ഹെഡ് ക്വാട്ടേഴ്സിലേക്ക്...’

‘അത് വേണോ...’

‘സാധനം വേണോങ്കില്‍ മതി...’

‘ശരി വിളിച്ച് നോക്കാം....‘

**************

‘ഹലോ..ഹലോ..ഞാന്‍ ക്യാപ്റ്റന്‍ നാണു...
മേജര്‍ വര്‍ക്കിയോടൊന്ന് സംസാരിക്കണം..’

‘യേസ്..മേജര്‍ ഹിയര്‍...
എന്താണ് ക്യാപ്റ്റന്‍..അതിര്‍ത്തിയില്‍ എന്തുണ്ട് വിശേഷം..’

‘പിന്നേ..അതിര്‍ത്തിയില്‍ ഭയങ്കര വിശേഷോല്ലേ.
താന്‍ വല്യ കൊണവതിയാരം അടിക്കാതെ ഒരു പെട്ടി ഹണീബീ ഫുള്ളിങ് അയക്ക്...
അല്ലേല്‍ മനുഷ്യനിവിടെ തണുത്ത് ചാകും..’

‘ക്യാപറ്റന്‍ ഡീസന്റായിട്ട് സംസാരിക്കണം...
അല്ലെങ്കില്‍ നിങ്ങള്‍ക്കെതിരെ എനിക്ക് നടപടി എടുക്കേണ്ടി വരും...’

‘പിന്നേ..ഇയാളങ്ങ് ഒലത്തും...
എനിക്കെതിരെ നടപടി എടുത്താല്‍ തന്നെ ഞാന്‍ തന്റെ വട്ടാപ്പാറേലെ
വീട്ടില്‍ കേറി വെട്ടും.
കുന്നമംഗലത്തല്ലേ തന്റെ ഭാര്യ വീട്..അവടെ കേറി ഞാന്‍ നെരപ്പാക്കും..’

‘ടാ ക്യാപ്റ്റന്‍ തെണ്ടീ..ഡീസന്റായിട്ട് സംസാരിക്കടാ പന്നീ..
അല്ലേല്‍ ഇടിച്ച് നിന്റെ പള്‍സര്‍ ഞാനെളക്കും...’

************

ക്യാപ്റ്റനും മേജറും തമ്മില്‍ ഉടക്കിയതിനു ശേഷം...
ല‍ഡാക്ക് അറ്റാക്കിന്റെ ചുമതല എനിക്ക് വന്നു ചേര്‍ന്നു.
പക്ഷേ പാറ്റണ്‍ ടാങ്ക് ലഡാക്കിലെ കൊക്കയില്‍ മറിഞ്ഞ് കാണാതായതിനെ തുടര്‍ന്ന്..
യുദ്ധം പരാജയപ്പെടുമെന്ന അവസ്ഥയില്‍..
മറ്റു റെജിമെന്റിലെ ആമ്പിള്ളേര്‍ വരികയും കഷ്ടിച്ച് യുദ്ധം ജയിക്കുകയും ചെയ്തു.
പാറ്റണ്‍ ടാങ്ക് നഷ്ടപ്പെട്ടതല്ലാ...
കാര്‍ത്ത്യായനീടെ ഷാപ്പില്‍ പണയം വച്ച് കള്ള് കുടിച്ചതാണെന്ന ഒരു ആക്ഷേപം
എന്റെ പേരില്‍ ഈ സമയത്ത് ഉയര്‍ന്ന് വരികയുണ്ടായി.
ഞാന്‍ വളരെയധികം ഡീസന്റായത് കൊണ്ട് ആ ആക്ഷേപം പറഞ്ഞ് പരത്തിയ
പന്നിയെ ഈ ആത്മകഥയിലൂടെ നാറ്റിക്കുന്നില്ല.

***************

ടെലഗ്രാം എന്റെ കയ്യില്‍ കിട്ടുമ്പോള്‍ ഞാന്‍ ബംഗ്ലാദേശ് അതിര്‍ത്തിയിലായിരുന്നു.
ചുമ്മാ പോയതാ....
ചുമ്മാ ബംഗ്ലാദേശ് അതിര്‍ത്തി വരെ പോണതിന് വായനക്കാര്‍ക്ക് വല്ല വിരോധോണ്ടോ...
വിരോധമുള്ളവന്‍ ഇങ്ങോട്ട് വാടാ...
നിന്റെ എടപാട് ഞാന്‍ തീര്‍ത്ത് തരാടാ പ......
വേണ്ട...ഞാന്‍ ഡീസന്റാണല്ലോ...

എന്റെ പിതാവ് കുട്ടപ്പന്‍ മരിച്ചു എന്നായിരുന്നു ആ ടെലഗ്രാമില്‍.
വെടിക്കെട്ടുകാരനായ പിതാവിന്റെ നിശ്ചലമായ ശരീരത്തില്‍ കിടന്ന് എന്റെ മാതാവ് അമ്മിണി നെഞ്ച് പൊട്ടി
കരഞത് ഇപ്പോഴും എന്റെ കണ്ണിലുണ്ട്...
എന്റെ കാതിലുണ്ട്.

‘എന്തോരം വാണം വിട്ട കൈയ്യാണിതേ...
ഏതൊക്കെ നാട്ടില്‍ പോയി വെടിവച്ച ദേഹമാണിതിങ്ങനെ അനങ്ങാണ്ട് കിടക്കണതെന്റെ
ചിറ്റിലപ്പള്ളി വി-ഗാര്‍ഡ് മാതാവേ...’

**************

മലയാളിയായ എനിക്ക് എങ്ങനെ സിങ് എന്ന പേര് വാലായി വീണു എന്ന്....
എന്നെ എന്നും അത്ഭുതപ്പെടുത്തിയിരുന്നു.
മരണക്കിടക്കയില്‍ കിടന്ന് എന്റെ മാതാവ് ആ രഹസ്യം വെളിപ്പെടുത്തി.

പഞ്ചാബിലെ ഒരു അമ്പലത്തില്‍ വെടിക്കെട്ടിനു പോയ എന്റെ പിതാവ് അഞ്ച് കൊല്ലമായിട്ടും മടങ്ങി വന്നില്ല.
അഞ്ചാം കൊല്ലം മാതാവ് എന്നെ പ്രസവിച്ചപ്പോള്‍ പിതാവിന്റെ സ്മരണാര്‍ഥം സിങ് എന്ന സര്‍ നെയിം
കൂട്ടിചേര്‍ക്കുകയായിരുന്നു.
ഇന്നത്തെ പോലെ സാറ്റലൈറ്റ് യുഗമൊന്നുമല്ലല്ലോ അന്ന്.
ഇന്ന് കൊച്ചീലിരുന്ന് എന്റര്‍ കീ അമര്‍ത്തിയാല്‍‍ ഉഗാണ്ടയില്‍ ഇരട്ടക്കുട്ടികളെ
പ്രസവിക്കും.
അങ്ങനെ ആധുനിക യന്ത്രങ്ങളുടെയൊന്നും സഹായമില്ലാതെ....
എന്തിന്..പിതാവിന്റെ പോലും സഹായമില്ലാതെ
എന്നെ പ്രസവിച്ച് പോറ്റി വളര്‍ത്തിയ
എന്റെ വീര മാതാവിന് എന്റെ വക ഒരു സല്യൂട്ട്.

ധീര പിതാവേ...കുട്ടപ്പാ...
തനിക്ക് ഞാന്‍ വച്ചിട്ടുണ്ടടോ...

Saturday, October 27, 2007

സണ്ണിച്ചന്‍ പാവമായിരുന്നു....

ഇന്ന് താന്‍ മരിക്കും.
ചുമ്മാ ആപ്പാ ഊപ്പാ മരിക്കലൊന്നുമല്ലാ....അതിന്‌ വേറെ ആളെ നോക്കണം.
താന്‍ മരിക്കാന്‍ പോണതേ ആത്മഹത്യ ചെയ്താ...ഹും.
സണ്ണിച്ചന്‍ തീരുമാനിച്ച്‌ കഴിഞ്ഞിരുന്നു.വ്യക്തമായ പദ്ധതിയും തയ്യാറാക്കി കഴിഞ്ഞു.

കഴിഞ്ഞ പ്രാവശ്യത്തെ പോലെ അബദ്ധം പറ്റരുത്‌.ആ പോലീസുകാരന്‌ കേറി തടയാന്‍ പറ്റരുത്‌.അയാളും മോളും അനുഭവിക്കണം.തന്റെ ശവത്തിന്‌ അവരെക്കൊണ്ട്‌ സമാധാനം പറയിപ്പിക്കണം.

സണ്ണിച്ചന്‍ ഒന്ന് ഊറി ചിരിച്ചു.എന്നിട്ട്‌ വീടിന്‌ പുറത്തേക്കിറങ്ങി.പുറത്ത്‌ നിന്നുകൊണ്ട്‌ തന്റെ വീടിനെ അവസാനമായി ഒന്ന് നോക്കി. അതിന്‌ ശേഷം കവല ലക്ഷ്യമാക്കി ആഞ്ഞ്‌ നടന്നു.
സണ്ണിച്ചന്‍ പാവമായിരുന്നു.
******************
സണ്ണിച്ചന്‍ ഉറങ്ങാറില്ല.
ഡയസപാം ഗുളികയും ബാറ്ററിയും കലക്കിയ കള്ള്‌ അഞ്ച്‌ കുപ്പി...
കുതിരപോലും കുടിക്കാത്ത വില കുറഞ്ഞ സര്‍ക്കാര്‌ മദ്യം കാല്‍ക്കുപ്പി...
ആവശ്യത്തിന്‌ കഞ്ചാവും....
ഇത്രയും സ്ഥിരം കേറ്റാറുള്ള സണ്ണിച്ചന്‌....
ഒരു ദിവസം പോലും ഉറങ്ങാന്‍ പറ്റാറില്ല.
അത്‌ സണ്ണിച്ചന്റെ തെറ്റായിരുന്നില്ല.
ഉറങ്ങുന്നതിനു മുന്‍പേ ബോധം പോകുന്നത്‌ സണ്ണിച്ചന്റെ തെറ്റാണോ...
അല്ല..അല്ല..അല്ല.

സണ്ണിച്ചന്‍ പാവമായിരുന്നു.
***************
സണ്ണിച്ചന്‍ സുന്ദരനാണ്‌...
സുമുഖനാണ്‌...
സര്‍വോപരി സംഭാഷണ പ്രിയനാണ്‌.
സംഭാഷണം കേള്‍ക്കുന്നവന്‍...ഒരെണ്ണം മുഖമടച്ച്‌ സണ്ണിച്ചനിട്ട്‌ പൊട്ടിക്കാതെ വേറെ പണിക്ക്‌ പോവൂല്ല.
അത്രക്ക്‌ കേമനാണ്‌ സണ്ണിച്ചന്‍.എന്നാലും സണ്ണിച്ചന്‍ പാവമായിരുന്നു.
പാവം മാത്രമല്ലാ..അധ്വാനിയും കൂടിയായിരുന്നു.
സദാശിവന്‍ മുതലാളിയുടെ കൊപ്രക്കളത്തില്‍ എല്ലുമുറിയെ പണിയെടുത്ത്‌...കാശ്‌ സമ്പാദിച്ച്‌...സണ്ണിച്ചന്‍ ഷാപ്പുകാരന്‍ ഗോപാലന്റെ കുടുംബം പുലര്‍ത്തി.
ബിവറേജസ്‌ കോര്‍പ്പറേഷനെ നഷ്ടത്തില്‍ നിന്ന് രക്ഷിച്ചു.
മലമടക്കുകളിലെ കഞ്ചാവ്‌ തോട്ടങ്ങളില്‍ വിയര്‍പ്പൊഴുക്കുന്നവര്‍ക്ക്‌ അത്താണിയായി.

അങ്ങനെ പരോപകാരിയായി....
പരോപകാരികള്‍ക്ക്‌ ഉപകാരിയായി...
സണ്ണിച്ചന്‍ ജീവിച്ച്‌ പോരുന്നതിനിടയിലാണ്‌...
പീച്ചിഡാമില്‍...
എവിടെനിന്നെന്നോ...
എങ്ങനെയെന്നോ അറിയാതെ പെട്ടെന്ന് പ്രത്യക്ഷപ്പെട്ട മുതലയെപ്പോലെ...
ഒരു പെണ്‍കുട്ടി സണ്ണിച്ചന്റെ മുന്‍പില്‍ വന്നവതരിച്ചത്‌.

വൈകീട്ട്‌ ഒരു അഞ്ചഞ്ചര മണിക്ക്‌ ബാറ്ററിവാട്ടറും കേറ്റി...
അടുത്ത പടിയായ സര്‍ക്കാരിന്റെ കാല്‍ക്കുപ്പി വാങ്ങാനുള്ള പ്രയാണത്തിനിടയില്‍...
സ്ഥലകാലബോധം പോയി...
തെക്കേതാ വടക്കേതാ എന്നറിയാതെ കവലയില്‍ നിന്ന് കറങ്ങുമ്പോഴാണ്‌ ഗുരുവായൂര്‍ക്ക്‌ പോകുന്ന ഫാസ്റ്റ്‌ പാസഞ്ചര്‍ കവലയില്‍ ചവുട്ടിയതും...
അതില്‍ നിന്ന് മിസ്‌:ശോശന്ന മൈക്കിള്‍ ഇറങ്ങിയതും.
ശോശന്നയെ കണ്ടപ്പോള്‍...
ഇവളെ അറുത്താല്‍ പത്ത്‌ പത്തേമാരി പണിയാമല്ലോ കര്‍ത്താവേ....എന്നാണ്‌ സണ്ണിച്ചന്‌ ആദ്യം തോന്നിയത്‌.
ആ തോന്നല്‍ കുറച്ച്‌ ഉറക്കെയായിപ്പോയത്‌ സണ്ണിച്ചന്റെ തെറ്റായിരുന്നില്ല.ഉള്ളിലുള്ള ബാറ്ററിവാട്ടറിന്റെ തെറ്റായിരുന്നു.
ഒരു നിമിഷം...ശോശന്ന ഒന്ന് മുന്നോട്ടാഞ്ഞു.കൈയ്യൊന്നാഞ്ഞ്‌ വീശി.
ആദ്യം ഠേ എന്നൊരു ശബ്ദവും...അതിന്റെ തൊട്ടുപുറകേ പ്‌ധും എന്നൊരു ശബ്ദവും കേട്ട്‌...കവലയിലെ ബസ്‌സ്റ്റോപ്പിലിരുന്ന് ലോട്ടറി ടിക്കറ്റ്‌ വില്‍ക്കുന്ന കാഴ്ചയില്ലാത്ത...അതിനും കൂടിചേര്‍ത്ത്‌ കേള്‍വി ശക്തിയുള്ള അന്ത്രുക്ക ചെവിയോര്‍ത്തു.
ആരാടാ ഈ വൈകീട്ട്‌...വെടിവച്ച്‌ ചക്കയിടണത്‌...
അന്ത്രുക്ക ചിന്താപ്രോബ്ലത്തിലായി.
ജെസീബിയുടെ കൈ പോലുള്ള തന്റെ കൈവീശി...
കൊന്നത്തെങ്ങിന്‌ കാറ്റുപിടിച്ച പോലെ നിന്നാടുന്ന സണ്ണിച്ചന്റെ കരണത്തിട്ട്‌ ഒരു കിണ്ണും കൊടുത്ത്‌ നൂറ്റി ഇരുപത്‌ കിലോ ഭാരമുള്ള ശോശന്ന കൂളായിട്ട്‌ നടന്ന് വീട്ടിലേക്ക്‌ പോയി.

അടികൊണ്ട്‌ താഴെ വീണ സണ്ണിച്ചന്‍ കുറച്ച്‌ നേരം നക്ഷത്രമെണ്ണി.
മുഴുവനും എണ്ണിയില്ല...പത്തെണ്ണം വരെ എണ്ണി നിര്‍ത്തി.
കാരണം പത്തുവരെ എണ്ണാനേ സണ്ണിച്ചന്‌ അറിയാമായിരുന്നുള്ളൂ.
എണ്ണല്‍ നിര്‍ത്തി എഴുന്നേല്‍ക്കാന്‍ ശ്രമിച്ച സണ്ണിച്ചന്‍...
ഫാസ്റ്റ്‌ അറ്റംറ്റില്‍ ഫെയില്‍ ആവുകയും...
സെക്കന്‍ഡ്‌ ആന്‍ഡ്‌ തേര്‍ഡ്‌ അറ്റംറ്റുകള്‍ സമ്പൂര്‍ണ്ണ ഫെയിലുകളില്‍ കലാശിക്കുകയും ചെയ്തപ്പോള്‍...
പിന്നൊന്നും ചിന്തിക്കാതെ അവിടെ തന്നെ ചുരുണ്ട്‌ കൂടി കിടന്നു.
ഏകദേശം രാത്രി പന്ത്രണ്ട്‌ മണിയോട്‌ കൂടി ഒരുറക്കം കഴിഞ്ഞപ്പോള്‍...
കിട്ടിയ കൊട്ടിന്റേയും ഉള്ളിലുള്ള കൊട്ടുവടിക്ക്‌ തുല്യമായ കള്ളിന്റേയും കെട്ട്‌ ഇറങ്ങുകയും...
ഒരു വിധം തപ്പിപ്പിടിച്ച്‌ എഴുന്നേറ്റ്‌...
ബസ്സ്റ്റോപ്പിലെ സിമന്റ്‌ ബെഞ്ചിലേക്ക്‌ വിശ്രമസ്ഥാനം മാറ്റുകയും ചെയ്തു.
താന്‍ വഴിയരികില്‍ സമാധിയാകാനുണ്ടായ കാര്യങ്ങളെക്കുറിച്ച്‌ സണ്ണിച്ചന്‍ സിമന്റ്‌ ബെഞ്ചില്‍ കിടന്ന് കൊണ്ട്‌ ഒരു വിശകലന്‍ നടത്തി.പത്ത്‌ മിനുട്ട്‌ നേരത്തെ വിശകലനത്തിന്‌ ശേഷം ചടിയെഴുന്നേറ്റ്‌ തൊട്ടടുത്തുള്ള നാണുനായരുടെ ചായക്കടയില്‍ ചെന്ന് മുട്ടിവിളിച്ചു.

'ടോ നായരേ....എഴുന്നേറ്റേടോ...ടോ ഞാനാണ്‌...സണ്ണിച്ചന്‍..'

നാണുനായര്‍ക്ക്‌ ചായക്കടയും വീടുമെല്ലാം ഒന്നു തന്നെ.വരവ്‌ ചെലവെല്ലാം എഴുതിക്കൂട്ടി...
കാശ്‌ തരാതെ പറ്റ്‌ ബുക്കില്‍ പടമായി മാറിയവരുടെ തന്തക്കും തള്ളക്കും ഒരു റൗണ്ട്‌ വിളിച്ച്‌...കിടക്കാന്‍ ഒരുങ്ങുകയായിരുന്ന നാണുപിള്ള വിളികേട്ടു.

'ഹ.ഹ..നീ എഴുന്നേറ്റാ....നിന്റെ കെടപ്പ്‌ കണ്ടപ്പ നീ കാഞ്ഞുപോയെന്നാ ഞാന്‍ കരുതീത്‌. നിന്നെ കുഴിച്ചിടാന്‍ രാവിലേ പഞ്ചായത്തില്‌ വിളിച്ച്‌ പറഞ്ഞാലോ എന്നു വിചാരിച്ചിരിക്കേയിരുന്ന് ഞാന്‍...'

'ഉവ്വാടോ നായരേ....ഞാന്‍ ചത്തെട്ട്‌ ഈ കവലേല്‌ ആളുകൂടി താന്‍ നാലുചായ കൂടുതല്‍ വിറ്റത്‌ തന്നെ...'

'നിന്നേന്തിനാടാ ആ പോലീസുകാരന്റെ മോള്‌ തല്ലീത്‌...'

'പോലീസുകാരന്റെ മോളാ...
ഏത്‌ പോലീസുകാരന്റെ....
ഏതാടോ നായരേ ആ റോഡ്‌റോളറ്‌...'

'അതാ മൈക്കിള്‌ പോലീസുകാരന്റെ മോളാ...അത്‌ അതിന്റെ അമ്മ വീട്ടില്‌ നിന്നല്ലേ പഠിച്ചിരുന്നേ..അതാ നിനക്ക്‌ മനസ്സിലാകാഞ്ഞേ...'

'അവള്‌ അമ്മേടെ വീട്ടിലാ...അമ്മായിയമ്മേടെ വീട്ടിലാ നിന്ന് പഠിക്കട്ടെ....എന്നേന്തിനാ ആ പിശാശ്‌ തല്ലീത്‌...'

'ഇത്‌ നല്ല കൂത്ത്‌...നിന്നെയവള്‌ തല്ലീതെന്തിനാന്ന് എന്റടുത്താണാ ചോദിക്കണേ....നീയവളോട്‌ ചോദിക്കടാ...'

'ഞാന്‍ ചോദിക്കും...കൊരക്കില്‍ ജീവനൊണ്ടേ ഈ സണ്ണിച്ചന്‍ ചോദിക്കും...'

'ടാ ചെക്കാ...നീയിനി ചോദിക്കാനും പിടിക്കാനുമൊന്നും പോണ്ടാട്ടാ....ഇപ്പ അവളടേന്ന് കിട്ടി...അത്‌ നാട്ടുകാരാരും കണ്ടിട്ടില്ലാ...ഇനി ചോദിക്കാന്‍ ചെന്നാ അവളടപ്പന്‍ പോലീസുകാരന്‍ നിന്നെയെടുത്തിട്ട്‌ മെതിക്കും...നാട്ടുകാര്‌ അറിയേം ചെയ്യും...'

'ഇനിയെന്റെ ദേഹത്ത്‌ കൈവച്ചാ കൊപ്ര പൊളിക്കണ വാക്കത്തിക്ക്‌ വീശും ഞാന്‍ രണ്ടിനേം...'

'ഊവാ..നടന്നത്‌ തന്നെ...നിന്റെ പൊന്നുപോലത്തെ നാക്ക്‌ കൊണ്ട്‌ ആ പെങ്കൊച്ചിനെ വല്ലോം പറഞ്ഞ്‌ കാണും.അല്ലാതെ...വെറുതേ ആരേലും മെക്കിട്ട്‌ കേറുവോ.
ടാ..കഴിഞ്ഞത്‌ കഴിഞ്ഞു.ഇനി ചോദിക്കാന്‍ പോയിട്ട്‌ കാക്കിക്കാര്‍ക്ക്‌ കൂടി ഈ ശരീരത്തില്‍ കേറി നെരങ്ങാനൊരു ചാന്‍സ്‌ കൊടുക്കണ്ടാട്ടാ...'

'പോടോ നായരേ...ഈ സണ്ണിച്ചനേ വെറും ഉണ്ണാക്കനല്ലാ...ഞാന്‍ ചോദിക്കും...ഇന്ന് തന്നെ ചോദിക്കും...'

'എങ്കില്‍ ചെല്ല്..കിട്ടണത്‌ വാങ്ങിച്ച്‌ പെട്ടീല്‌ വച്ചോ....എനിക്കൊറങ്ങണം..നീയൊന്ന് പോയേ...'

'ഞാന്‍ പൊക്കോളാം...തന്റെ പതിനാറിന്റെ ഉപ്പുമാവ്‌ തിന്നാന്‍ വന്നതല്ലാ ഞാന്‍...'

'നിന്റെയീ നാക്ക്‌ ആദ്യം ചെത്തിക്കള...അല്ലേല്‍ നിനക്ക്‌ ഇനീം കിട്ടും ഇതുപോലുള്ള അസ്സല്‍ പെട...'

സണ്ണിച്ചന്‍ നടന്ന് കഴിഞ്ഞിരുന്നു...
മൈക്കിള്‍ പോലീസിന്റെ വീട്‌ ലക്ഷ്യമാക്കി...
മകള്‍ ശോശന്നയെ ലക്ഷ്യമാക്കി.

സണ്ണിച്ചന്‍ പാവമായിരുന്നു....
***************
ഒരാവേശത്തിന്‌ ഇങ്ങട്‌ പോന്നെങ്കിലും...ശോശന്നയുടെ വീടിന്‌ മുന്‍പിലെത്തിയപ്പോള്‍ സണ്ണിച്ചന്‍ ഒന്ന് പരുങ്ങി.
നേരേ കേറി ചെന്ന് മുട്ടിവിളിച്ച്‌...അവളെ പുറത്തിറക്കി രണ്ടെണ്ണം പൂശിയാലോ.
മുട്ടിവിളിച്ചാല്‍ അവള്‍ക്ക്‌ പകരം അപ്പന്‍ ഇറങ്ങിയാല്‍ പണിയാകും.അല്ലെങ്കില്‍ തന്നെ രാത്രിനേരമാണ്‌.അപ്പനേ ഇറങ്ങിവരൂ.മകള്‍ റോഡ്‌റോളറാണെങ്കില്‍ അപ്പന്‍ ഷിപ്‌ യാര്‍ഡിലെ ക്രെയിനാണ്‌.കുറഞ്ഞത്‌ നൂറ്റന്‍പത്‌ കിലോ ഉറപ്പാണ്‌.
തല്ലണ്ട..വെറുതേ മറിഞ്ഞുകെട്ടി തന്റെ ദേഹത്തേക്ക്‌ വീണാല്‍ തന്നെ കണ്ടെയിനര്‍ ലോറി കേറിയ ബി.എസ്‌.എ സൈക്കിളിന്റെ അവസ്ഥയിലാവും.
ക്ഷമിക്കാം.നേരം വെളുക്കണത്‌ വരെ ക്ഷമിക്കാം.
സണ്ണിച്ചന്‍...ശോശന്നയുടെ വീടിന്റെ അടുത്ത്‌ തന്നെയുള്ള പാലത്തിന്റെ താഴെ പോയി കുത്തിയിരുന്നു.പിന്നെ അവിടെ കിടന്നുറങ്ങി.
**************
'ടാ...സണ്ണിച്ചാ...എണീറ്റ്‌ പോടാ...പെണ്ണുങ്ങടെ കുളിക്കടവിനടുത്താണാടാ പോത്തേ കെടന്നൊറങ്ങണത്‌...'

ഞെട്ടിയുണര്‍ന്ന സണ്ണിച്ചന്‍ കണ്ടത്‌..ഒരു കെട്ട്‌ തുണിയുമായി നില്‍ക്കുന്ന ത്രേസ്യാ ചേടത്തിയെ...

'പെണ്ണുങ്ങടെ കടവനിടുത്ത്‌ കെടന്നാല്‍ ഉറക്കം വരൂല്ലേ..ഞാന്‍ സുഖോയിട്ട്‌ ഒറങ്ങിയല്ലാ...'

'നീയങ്ങനെ പല കടവിലും ഒറങ്ങീട്ടൊണ്ടാവും..പക്ഷേ ഇപ്പയെന്റെ മോന്‍ എണീറ്റ്‌ പോയേ..ഞങ്ങക്ക്‌ നനക്കേം കുളിക്കേമൊക്കെ ചെയ്യാനൊള്ളതാ..'

സണ്ണിച്ചന്‍ പിന്നേം ചൊറിയണ വര്‍ത്തമാനം പറയാന്‍ തന്റെ പൊന്നു പോലത്തെ നാക്ക്‌ പുറത്തേക്കിട്ടെങ്കിലും...
കടവിനടുത്തേക്ക്‌ നടന്ന് വരുന്ന മറ്റൊരാളെ കണ്ട്‌..പുറത്തേക്കിട്ട നാക്ക്‌ തിരിച്ചകത്തേക്കിട്ടു.
ശോശന്ന വരുന്നു.കൈയ്യില്‍ ഒരു കെട്ട്‌ തുണിയുമുണ്ട്‌.
സണ്ണിച്ചന്‌ പെട്ടെന്ന് തലയിലെന്തോ കത്തി.
കത്തിയ പാടെ...അതിന്റെ ചൂടില്‍ ചേടത്തിയെ നോക്കി ഒരു വളിച്ച ചിരിയും ചിരിച്ച്‌...
പൊടിയുംതട്ടി ചാടിയെഴുന്നേറ്റ്‌ നേരേ പാലത്തിലേക്ക്‌ ഓടിക്കേറി.
എന്നിട്ട്‌ അക്കരക്ക്‌ വച്ച്‌ പിടിച്ചു.
*********************
രാവിലേ പുഴയില്‍ ഇറക്കമായിരുന്നു.അതുകൊണ്ട്‌ തന്നെ നല്ല ഒഴുക്കും.
പായലുകള്‍ കൂട്ടം കൂട്ടമായി ഒഴുക്കിനൊത്ത്‌ സഞ്ചരിച്ച്‌ കൊണ്ടിരുന്നു.
ത്രേസ്യ ചേടത്തിയാണ്‌ ആദ്യം കണ്ടത്‌...
എല്ലാ പായല്‍ കൂട്ടങ്ങളും ഒഴുക്കിനൊപ്പം നീങ്ങുമ്പോള്‍ ഒരു പായല്‍കൂട്ടം മാത്രം എതിരെ ഒഴുക്കുന്നു.
എതിരെ ഒഴുകുന്നു എന്ന് മാത്രമല്ലാ...അത്‌ നേരെ അവര്‍ നില്‍ക്കുന്ന കടവിനിടുത്തേക്ക്‌ വരുന്നു.

'ടീ ശോശന്നേ..നീയത്‌ കണ്ടാ....പായലൊരെണ്ണം പൊഴക്ക്‌ വട്ടം ഒഴുകെണടീ...'

തുണി കുത്തിപ്പിഴിയുകയായിരുന്ന ശോശന്ന തലയുയര്‍ത്തി നോക്കി.

'ചേടത്തീ...വല്ല നീര്‍നായേ മറ്റോ ആണോ അതിന്റടീല്‍...'

നീര്‍നായ എന്ന് കേട്ടതും ചേടത്തി ചാടി കരക്ക്‌ കേറി.
നീര്‍നായേല്ലാ...നീര്‍ക്കടുവ വന്നാലും കരക്ക്‌ കേറാത്ത ടൈപ്പായ ശോശന്ന വെള്ളത്തില്‍ തന്നെ നിന്നു.
പായല്‍ക്കൂട്ടം കടവിനടുത്തെത്തി.ശോശന്ന അതിലേക്ക്‌ കുനിഞ്ഞ്‌ സൂക്ഷിച്ച്‌ നോക്കി.
ഒരു നിമിഷം....
പായല്‍ക്കൂട്ടത്തില്‍ നിന്ന് ഒരു കൈ ഉയര്‍ന്ന് വന്ന്...മുട്ടോളം വെള്ളത്തില്‍ നില്‍ക്കുകയായിരുന്ന ശോശന്നയുടെ കാലില്‍ പിടുത്തമിട്ടു.ആദ്യം ഒന്ന് ഞെട്ടിയെങ്കിലും സമനില വീണ്ടെടുത്ത്‌ തന്റെ കാലില്‍ പിടിച്ച കൈയ്യില്‍ ശോശന്നയും പിടുത്തമിട്ടു.പിന്നൊരു ബലപരീക്ഷണമായിരുന്നു.അവസാനം അറുപത്തഞ്ച്‌ കിലോ ഭാരത്തെ നൂറ്റിരുപത്‌ കിലോ ഭാരം ജയിച്ചു.
ശോശന്ന സണ്ണിച്ചനെ പായലിനടിയില്‍ നിന്ന് വലിച്ചുയര്‍ത്തി.
സണ്ണിച്ചന്‍ കുതറി.ശോശന്നയുടെ കൈ വിടുവിച്ച്‌ തിരിച്ച്‌ വെള്ളത്തിലേക്ക്‌ മുങ്ങി.
പക്ഷേ ശോശന്ന ആരാ മോള്‌.ഒറ്റ ജമ്പായിരുന്നു വെള്ളത്തിലേക്ക്‌.
വെള്ളത്തിലിട്ട്‌ ചവിട്ടി സണ്ണിച്ചനെ ശോശന്ന.
കഴുത്തിനു കുത്തിപ്പിടിച്ച്‌ വെള്ളത്തില്‍ താഴ്തിപ്പിടിച്ചു.
എന്നിട്ടും അരിശം തീരാതെ തുണികുത്തിപ്പിഴിയുന്ന മാതിരി വെള്ളത്തിലിട്ട്‌ കുത്തി.

'ടീ..അവനെ വിടടീ...അവന്‍ ചത്ത്‌ പോകും...'

കൊലക്ക്‌ സമാധാനം പറയാന്‍ ഇഷ്ടമില്ലാത്ത ത്രേസ്യ ചേടത്തി കരഞ്ഞു.

ഒന്നുകൂടി വെള്ളത്തിന്‌ മുകളില്‍ സണ്ണിച്ചനെ പൊക്കിയിട്ട്‌ ഒരു ഫ്രീകിക്ക്‌ മോഡല്‍ തൊഴി കൊടുത്തു ശോശന്ന.
ഏകദേശം പുഴയുടെ നടുക്ക്‌ ചെന്ന് വീണ സണ്ണിച്ചന്‍....
പുഴയിലേക്ക്‌ താഴ്‌ന്ന് പോകുന്നത്‌ ത്രേസ്യ ചേടത്തി വാപൊളിച്ച്‌ നോക്കിനിന്നു.

'അവന്‍ താന്ന് പോയെടീ.കര്‍ത്താവേ..ചത്ത്‌ പോവോ..'

ത്രേസ്യാചേടത്തിയുടെ സംശയത്തിന്‌ അറുതിവരുത്തിക്കൊണ്ട്‌ സണ്ണിച്ചന്‍ കുറച്ച്‌ നേരം കഴിഞ്ഞപ്പോള്‍ അക്കരെക്കടവില്‍ പൊങ്ങി.പൊങ്ങിയതും സണ്ണിച്ചന്‍ വിളിച്ച്‌ പറഞ്ഞു.

'നിന്നെ ഞാന്‍ എടുത്തോളാടീ എരുമേ....'

പറഞ്ഞത്‌ പോലെ തന്നെ നടന്നു.
എടുത്തു.
സണ്ണിച്ചന്‍ ശോശന്നയെ അല്ല...മൈക്കിള്‍ പോലീസ്‌ സണ്ണിച്ചനെ.
അവിടുന്നും കിട്ടി ഉരിയരി..ഇവിടുന്നും കിട്ടി ഉരിയരി എന്ന അവസ്ഥയിലായി സണ്ണിച്ചന്‍.
നിലംതൊടാന്‍ നേരമില്ലാതെ സണ്ണിച്ചന്‍ കവലയില്‍ പറന്ന് നടന്നു.
ബസ്‌ സ്റ്റോപ്പീന്ന് ചായക്കടയുടെ മുന്‍പിലേക്ക്‌..അവിടുന്ന് തിരിച്ച്‌ ബസ്‌ സ്റ്റോപ്പിലേക്ക്‌...അവിടുന്ന് പാര്‍ട്ടിക്കാര്‌ നാട്ടിയ കൊടിയുടെ മുന്‍പിലേക്ക്‌...സണ്ണിച്ചന്‍ പറന്ന് നടന്നു.അഥവാ മൈക്കിള്‍ പോലീസ്‌ ചവുട്ടി പറപ്പിച്ചു.
പതിനഞ്ച്‌ മിനുട്ടോളം നീണ്ടുനിന്ന ചവുട്ടിപ്പറപ്പിക്കലിന്‌ ശേഷം മൈക്കിള്‍ പോലീസ്‌ തന്റെ ബുള്ളറ്റ്‌ സ്റ്റാര്‍ട്ട്‌ ചെയ്ത്‌ ഓടിച്ച്‌ പോയി.
സണ്ണിച്ചന്‍ കവലയില്‍ പഴന്തുണി പോലെ കിടന്നു.
നാട്ടുകാര്‍ ചുറ്റും കൂടി.
ചിലരുടെ കണ്ണുകളില്‍ പരിഹാസം..ചിലരുടെ കണ്ണുകളില്‍ സഹതാപം.
ആരോ ഒരു സോഡ പൊട്ടിച്ച്‌ സണ്ണിച്ചന്‌ നേരേ നീട്ടി.

'പന്നികള്‍..ഒരു തെണ്ടീം വന്നില്ലല്ലാ എന്നെയൊന്ന് സഹായിക്കാന്‍.എന്നിട്ടിപ്പ സോഡേം കൊണ്ടുവന്നേക്കണ്‌...നിന്റേന്നുമൊരു കോപ്പും വേണ്ടടാ എനിക്ക്‌...'

അനങ്ങാന്‍ പറ്റാതെ കിടക്കുന്നവന്റെ വീര്യം കണ്ട്‌ ജനം ആര്‍ത്ത്‌ ചിരിച്ചു.

ചിരി കണ്ടതോട്‌ കൂടി സണ്ണിച്ചന്‍ പിന്നേം തന്നെ പൊന്നുപോലത്തെ നാക്ക്‌ പുറത്തേക്കിട്ടു.

'നീയൊക്കെ ചിരിച്ചോടാ...എന്നെ തല്ലിയ തന്തേനേം മോളേം ഞാനെന്റെ ശവം തീറ്റിക്കും.അപ്പഴും നീയൊക്കെ ചിരിക്കണോട്ടാടാ ഡാഷുകളേ....'

ജനം പിന്നേം ആര്‍ത്ത്‌ ചിരിച്ചു.
ചിരി കേട്ട്‌ സണ്ണിച്ചന്‍ പിന്നേം തെറി വിളിച്ചു.
എന്നാലും സണ്ണിച്ചന്‍ പാവമായിരുന്നു.
********************
രണ്ട്‌ ദിവസം വീടിന്‌ പുറത്തിറങ്ങീല്ലാ സണ്ണിച്ചന്‍.ശരീരം മുഴുവന്‍ വേദന.നൂറ്റിരുപതും നൂറ്റമ്പതും കൂടി മെനക്ക്‌ മെതിച്ച ഒരു അറുപത്തഞ്ചുകാരന്‍ വീട്ടിലിരുന്ന് എരിപിരി സഞ്ചാരം കൊണ്ടു.എരിപിരിയുടെയൊപ്പം ചിന്തിച്ചു.ശരിക്ക്‌ ചിന്തിച്ചു.
അവസാനം....അതായത്‌ ചിന്തകളുടെ അവസാനം ഒരു തീരുമാനത്തിലെത്തി.
ആത്മഹത്യ ചെയ്യുക.അതും ശോശന്നയുടെ പറമ്പിലെ ഏതെങ്കിലും മരത്തില്‍ തന്നെ തൂങ്ങി ആത്മഹത്യ ചെയ്യുക.
ഏതായാലും അപ്പനോടും മോളോടും ഇടിയുണ്ടാക്കി ജയിക്കൂല്ലാ.അവരെ ജയിക്കാനും നാണക്കേട്‌ മാറ്റാനും ഈ മാര്‍ഗ്ഗമേയൊള്ളൂ.
സണ്ണിച്ചന്‌ തന്റെ ചിന്തയില്‍ നിന്ന് ഉരുത്തിരിഞ്ഞ ഐഡിയയില്‍ അഭിമാനം തോന്നി.താന്‍ മോശക്കാരനല്ല.
തന്റെ ശവം ശോശന്നയുടെ പറമ്പിലെ മരത്തില്‍ നിന്നാടുന്നതും...
പോലീസ്‌ അവരെ ചോദ്യം ചെയ്യുന്നതും...
മൈക്കിളിനെ സര്‍വീസില്‍ നിന്ന് സസ്‌പ്പെന്‍ഡ്‌ ചെയ്യുന്നതും മനസ്സില്‍ കണ്ട്‌ സണ്ണിച്ചന്‍ അലറിച്ചിരിച്ചു.
ചിരിച്ചപ്പോള്‍ ഇളകിക്കിടക്കുകയായിരുന്ന സന്ധിബന്ധങ്ങള്‍ ഒന്നുകൂടി ഇളകി.
ആ ഇളകലിന്റെ എഫക്ടില്‍ സണിച്ചന്‍ അയ്യോയെന്ന് ഞരങ്ങി.
************
മണല്‍ഷട്ടറുകാരന്‍ ജോസപ്പന്റെ സല്‍ക്കാരം കഴിഞ്ഞ്‌ പത്ത്‌ മണിയോട്‌ കൂടിയാണ്‌ മൈക്കിള്‍ പോലീസ്‌ വീട്ടിലെത്തിയത്‌.
ഓസിനു കിട്ടിയാല്‍ ഒതളങ്ങ ഒറ്റയിരുപ്പിന്‌ ഒമ്പതെണ്ണം വരെ തിന്നും എന്ന പോളിസിക്കുടമയായ പോലീസ്‌ വന്ന പാടെ ഉറക്കം പിടിച്ചു.
ഏകദേശം രണ്ട്‌ മണിയായപ്പോള്‍ പോലീസ്‌ കണ്ണ്‌ തുറന്നു.
മൂത്രമൊഴിക്കണം.
ഓസിന്‌ കിട്ടിയപോള്‍ വലിച്ച്‌ വാരി കേറ്റീത്‌ വയറ്റില്‍ തിട്ടപൊട്ടാന്‍ റെഡിയായി നില്‍ക്കുന്നു.
വാതില്‍ തുറന്ന് പുറത്തിറങ്ങി...
മോട്ടര്‍ ഓണ്‍ ചെയ്തതും മൈക്കിള്‍ പോലീസിനൊരു സംശയം.
പറമ്പില്‍ ആരോ കയറീട്ടുണ്ട്‌.ഗേറ്റ്‌ തുറന്ന് കിടക്കുന്നു.
തിരിച്ച്‌ അകത്ത്‌ കേറിയ മൈക്കിള്‍ ടോര്‍ച്ചുമായി പുറത്തിറങ്ങി.ചുറ്റും കറങ്ങി.
ആരുമില്ല.താന്‍ ഗേറ്റടക്കാന്‍ മറന്നതായിരിക്കും എന്ന് കരുതി...ചെന്ന് ഗേറ്റുമടച്ച്‌ തിരിച്ച്‌ വരുന്നതിനിടയില്‍ പിന്നേം മൈക്കിള്‍ പോലീസിനൊരു സംശയം.മുറ്റത്തെ മാവിന്റെ മുകളില്‍ ആരോ ഉണ്ട്‌.
മുകളിലേക്ക്‌ ടോര്‍ച്ചടിച്ച മൈക്കിള്‍ കുറച്ച്‌ നേരംശ്വാസം വിടാന്‍ പറ്റാതെ നിന്നു.
മാവിന്റെ മുറ്റത്തേക്ക്‌ ചാഞ്ഞ്‌ കിടക്കുന്ന കൊമ്പില്‍ സണ്ണിച്ചന്‍ ഇരിക്കുന്നു.കഴുത്തില്‍ കയറുമുണ്ട്‌.
കയറിന്റെ മറ്റേ അറ്റം മരക്കൊമ്പില്‍ കെട്ടിയിരിക്കുന്നു.

'എറങ്ങട പന്നീ താഴെ..കളിച്ച്‌ കളിച്ച്‌ പോലീസുകാരന്റെ മാവില്‍ കേറിയാണാടാ കളിക്കണേ...'

അടുത്ത്‌ നിമിഷം കഴുത്തിലെ കുരുക്കുമായി സണ്ണിച്ചന്‍ താഴേക്ക്‌ ചാടി.
പെട്ടെന്ന് അന്താളിച്ചെങ്കിലും..അപകടം മനസ്സിലാക്കിയ മൈക്കിള്‍ പോലീസ്‌ ഓടി അകത്ത്‌ കേറി.
അടുക്കളയില്‍ നിന്ന് കറിക്കത്തിയുമായി പുറത്തിറങ്ങി.
മിന്നല്‍ വേഗത്തില്‍ തന്റെ നൂന്റമ്പത്‌ കിലോയും വഹിച്ച്‌ മാവില്‍ പൊത്തിപ്പിടിച്ച്‌ കേറിയ മൈക്കിള്‍...കയര്‍ മുറിച്ചു.
ചാക്ക്‌ കെട്ട്‌ വന്ന് വീഴുന്നത്‌ മാതിരി താഴെ ലാന്‍ഡ്‌ ചെയ്ത സണ്ണിച്ചന്റെ ദേഹത്തേക്ക്‌...
മൈക്കിള്‍പോലീസിന്റെ ഭാരം താങ്ങാനാവതെ മാവിന്‍ കൊമ്പും ഒടിഞ്ഞ്‌ വീണു.
പുറകേ മൈക്കിള്‍ പോലീസും.

ഭൂമികുലുക്കം അണെന്നാണ്‌ ശോശന്ന ആദ്യം കരുതീത്‌.
മുറിക്ക്‌ പുറത്തിറങ്ങിയ ശോശന്ന കണ്ടത്‌ തുറന്ന് കിടക്കുന്ന മുന്‍ വാതില്‍.
ഭൂമി കുലുങ്ങിയപ്പോള്‍ അപ്പനും അമ്മച്ചീം ഇറങ്ങി ഓടീതായിരിക്കും എന്ന് കരുതി..ശോശന്നയും ഓടി പുറത്തിറങ്ങി.
പുറത്ത്‌ കണ്ടതോ....
ഒടിഞ്ഞ്‌ കിടക്കുന്ന മാവിന്‍ കൊമ്പ്‌...
അതിന്റടീല്‍ സണ്ണിച്ചന്‍.തൊട്ടടുത്ത്‌ മലര്‍ന്നു കിടക്കുന്ന തന്നെ അപ്പന്‍.
ഇത്‌ ഭൂമികുലുക്കം തന്നെ.കുലുക്കത്തില്‍ മാവിന്‍ കൊമ്പ്‌ വരെ വീണു.
തന്റെ അപ്പനും വീണു.
തന്റെ വീട്ടീന്ന് ഒന്നരകിലോമീറ്റര്‍ അകലെ താമസിക്കുന്ന സണ്ണിച്ചന്‍ വരെ തെറിച്ച്‌ ഇവിടെയെത്തി.
ഹോ..ഭയങ്കര കുലുക്കം തന്നെ.
**************
പക്ഷേ ഇന്ന് സണ്ണിച്ചന്‍ രണ്ടും കല്‍പ്പിച്ചായിരുന്നു.
വിജയിച്ചേ പറ്റൂ.
കൈയ്യിലിരുന്ന കടലാസ്സുകഷ്ണം സണ്ണിച്ചന്‍ ഒന്നുകൂടി നോക്കി.
അതില്‍ ഇങ്ങനെ എഴുതിയിരുന്നു...
'എന്റെ ചാവലിന്‌ കേരണം മീക്കിളും മോളുമാണ്‌. തെണ്ടിപ്പൊലിസിനെ അറസ്റ്റ്‌ ചെയ്ത്‌ കൊസ്റ്റിന്‍ ചെയ്യണം.'

ഇത്‌ മതി.തന്റെ മരണത്തിനുള്ള തെളിവ്‌ ഇതു മതി.മൈക്കിളും മോളും പെട്ടത്‌ തന്നെ.
സണ്ണിച്ചന്‍ നടപ്പിന്‌ വേഗം കൂട്ടി.
കവലയില്‍ നിന്ന് കുറച്ച്‌ മാറി റോഡരികില്‍ നിന്നു.
താന്‍ മരിക്കാന്‍ പോകുന്നു.അല്ലാ..പ്രതികാരം ചെയ്യാന്‍ പോകുന്നു.
പറന്ന് വരുന്ന ഏതെങ്കിലും ഫാസ്റ്റ്‌ പാസഞ്ചറിന്റെ മുന്‍പിലേക്ക്‌ ചാടിയാല്‍ ആരും മരിക്കും.രക്ഷപെടാന്‍ ഒരു ചാന്‍സുമില്ല.
ഇപ്രാവശ്യം മൈക്കിള്‍ പോലീസ്‌ എന്തു ചെയ്യുമെന്ന് കാണട്ടെ..തെണ്ടി.
ബസ്സിന്റെ ശബ്ദം കേട്ട്‌ തുടങ്ങി.
സണ്ണിച്ചന്‍ തയ്യാറായി.
ഊറിച്ചിരിച്ച്‌ കൊണ്ട്‌...
കേസില്‍ പെട്ട്‌...
പണിപോയി തെണ്ടി തിരിഞ്ഞ്‌ നടക്കുന്ന മൈക്കിള്‍ പോലീസിനെ മനസ്സിലോര്‍ത്ത്‌...
അടുത്തെത്തിയ ബസ്സിനുനേരേ സണ്ണിച്ചന്‍ എടുത്ത്‌ ചാടി.

ബസ്സിനെ ഓവര്‍ടേക്ക്‌ ചെയ്ത്‌ കേറി വന്ന മൈക്കിള്‍ പോലീസ്‌ കണ്ടത്‌..തന്റെ മുന്‍പിലേക്ക്‌ ചാടുന്ന മൈക്കിള്‍.
ഫ്രണ്ട്ബ്രേക്കും ബാക്ക്‌ ബ്രേക്കും ഒരുമിച്ച്‌ പിടിച്ച്‌ ഒരു വിധം മൈക്കിള്‍ ബൈക്ക്‌ നിര്‍ത്തി.
എഴുന്നേറ്റ്‌ നിന്ന് ബ്രേക്ക്‌ ചവുട്ടി പുറകിലെ ബസ്സിന്റെ ഡ്രൈവര്‍ ബസ്സും നിര്‍ത്തി.
പക്ഷേ ബസ്‌ നിന്നത്‌...മൈക്കിളിന്റെ ബൈക്കിന്റെ പുറകില്‍ ഇടിച്ചാണ്‌.ഇടിയുടെ ആഘാതത്തില്‍ ബൈക്കിന്‌ പുറകിലിരുന്ന ശോശന്ന തന്റെ അപ്പന്റെ മുകളിലൂടെ മലക്കം മറിഞ്ഞ്‌ കണ്ണടച്ച്‌ ചാവാന്‍ റെഡിയായി നിന്ന സണ്ണിച്ചന്റെ മുന്‍പില്‍ ചെന്ന് ലാന്‍ഡ്‌ ചെയ്തു.

ഇത്രനേരമായിട്ടും ബസ്സ്‌ ഇങ്ങെത്തീല്ലേയെന്ന് സംശയിച്ച്‌ കണ്ണ്‌ തുറന്ന് സണ്ണിച്ചന്‍ കണ്ടത്‌...
നിലത്ത്‌ നിന്ന് കുതിച്ചെണീക്കുന്ന ശോശന്നയെ.

സണ്ണിച്ചന്‍ ഓടിയില്ലാ...
സണ്ണിച്ചന്‍ അഭിമാനിയായിരുന്നു.
അതുകൊണ്ട്‌ തന്നെ നേരേ ശോശന്നയുടെ കാല്‍ക്കല്‍ വീണു....
എന്നിട്ട്‌ പറഞ്ഞു.....

'ഇടിക്കരുത്‌.....'

Sunday, October 14, 2007

ആണവം

'ടോ പിള്ളേ..മോഹനന്‍ പിള്ളേ...താന്‍ എവട പോയി കെടക്കേടോ....'

'എന്തോ...ദേ വരണമ്മച്ചീ...'

'താനവടെക്കെടന്ന് വിളിച്ച്‌ കൂവാതെ ഇങ്ങോട്ടുവാടോ...താനവടെ എന്തൂട്ടാ ഇത്ര മലമറിക്കണ പണി ചെയ്യണത്‌...'

'ഞനെത്തിപ്പോയീ...രാഹുക്കുഞ്ഞിനെ അപ്പീടീക്കേയിരുന്നമ്മച്ചീ...'

'ശ്ശെന്റെ ഒടേ തമ്പുരാനേ....ഈ ചെക്കനിപ്പഴും ഒറ്റക്ക്‌ ഇടൂല്ലേ...നാണക്കേടാക്കൂല്ലാ....'

'രാഹുക്കുഞ്ഞ്‌ വേണ്ടാന്ന് വച്ചിട്ടാ...വേണോന്ന് വച്ചാ നേരത്തേ തന്നെ ഒറ്റക്ക്‌ ഇട്ടേനേന്ന് ഇന്നാളും കൂടി പറഞ്ഞില്ലേ...ഹോ..അത്‌ കേട്ടിട്ട്‌ എനിക്ക്‌ വന്ന രോമാഞ്ചം ഇപ്പഴും പോയിട്ടില്ലാ..'

'വല്ലോരും അപ്പീടണേന്‌....തനിക്കെന്തൂട്ടിനാണ്‌ രോമാഞ്ചം വരണത്‌....'

'ശ്ശൊ....ഈ അമ്മച്ചിക്ക്‌ ഒന്നുമറിഞ്ഞൂടാ...ഈ കുടുംബത്തിലെ ആര്‌ അപ്പീട്ടാലും ഞങ്ങക്ക്‌ രോമാഞ്ചം വരുമമ്മച്ചീ...അതോര്‌ ശീലോയിപ്പോയ്‌..'

'താനാ രോമാഞ്ചോക്കെ ഒന്നൊതുക്കീട്ട്‌ പറമ്പില്‍ പണിക്ക്‌ ആള്‌ വന്നാന്ന് നോക്കീട്ട്‌ വാ...'

'അവര്‌ വരൂല്ലാ അമ്മച്ചീ....അമ്മച്ചീടെ സ്വഭാവം നന്നാവാതെ അവരിനി പണിക്ക്‌ വരുല്ലാന്നാ പറയണേ...'

'കര്‍ത്താവേ...അവരെന്ത്‌ പണിയാ കാണിക്കണേ..ഞാനിനി എങ്ങനെ നന്നാവണോന്നാ അവര്‌ പറയണേ....ചട്ടേം മുണ്ടും മാറ്റി സാരിയുടുക്കണില്ലേ...നല്ല മണിമണി പോലെ അവറ്റേടേം പിള്ളേടേമെക്കെ കൊഞ്ഞിപ്പ്‌ ഭാഷ പറയണില്ലേ...'

'അതല്ലാ കാര്യം...അമ്മച്ചി ആണവം വാങ്ങാന്‍ പോണത്‌ അവര്‍ക്ക്‌ പിടിച്ചട്ടില്ലാ....'

'നുമ്മ ആണവം വാങ്ങണേന്‌ ആര്‍ക്കാണിത്ര സൂക്കേട്‌..'

'ആ കാരാടനും കൂട്ടരും കൂടിയാ എല്ലാരേം കുത്തിപ്പൊക്കി അലമ്പെണ്ടാക്കണത്‌..'

'അലമ്പെണ്ടാക്കാനിത്‌ കമ്മീഷന്‍ വിഴുങ്ങാന്‍ പറ്റണ കേസ്‌ കെട്ടൊന്നുമല്ലല്ലാ....അവരെ ഇങ്ങ്‌ വിളി..ഞാനൊന്ന് ചോദിക്കട്ടെ...'

**********************

'ടാപ്പാ..കാരാടാ..ദേ നിങ്ങളെ അമ്മച്ചി വിളിക്കണ്‌...'

'എന്തൂട്ടിന്‌..അമ്മച്ചിക്ക്‌ വല്ലോം പറയനുണ്ടേ ഇങ്ങട്‌ വരാന്‍ പറ...'

'വല്ല്യ ഗമ കാണിച്ചാ അമ്മച്ചി ഇട്ടിട്ട്‌ പോകും...പിന്നെ ബാക്കി കൊല്ലം പട്ടിണിയാവൂട്ടാ..'

'ഇട്ടിട്ട്‌ പോയാല്‍ ഞങ്ങ മാത്രോല്ലാ...അമ്മച്ചീം പിള്ളേമൊക്കെ പട്ടിണിയാകും...പേടിപ്പിക്കല്ലേ മോഹനന്‍പിള്ളേ..'

'ഒള്ള പണി കളഞ്ഞാ പിന്നെ അടുത്ത പണിക്കാര്‌ ആരാ വരണേന്ന് അറിയാല്ലാ...അവന്മാര്‌ ശൂലം പള്ളക്ക്‌ കേറ്റും....'

'ആ ചിന്ത നിങ്ങക്കും വേണം.
അമ്മച്ചിയോട്‌ പറഞ്ഞേക്ക്‌...അച്ചായന്റെ കൈയീന്ന് എന്ത്‌ കിട്ടിയാലും വാങ്ങൂന്നും പറഞ്ഞിരിക്കേല്ലേ പെണ്ണുമ്പിള്ള...'

'അങ്ങനെ എന്തും വാങ്ങാനിത്‌ കമ്മീഷന്‍ കിട്ടണ പണിയൊന്നുമല്ലല്ല...'

'പിന്നേ..കമ്മീഷന്‍ വാങ്ങാത്ത മൊതലുകള്‌.അമ്മച്ചീടെ കെട്ടിയോന്‍ പണ്ട്‌ പീരങ്കി കച്ചോടത്തില്‍ വാങ്ങിയ കാശ്‌ ചാക്ക്‌ കണക്കിനല്ലേ തട്ടുമ്പൊറത്ത്‌ കെടക്കണത്‌...അപ്പോ പിന്നെ ഈ കച്ചോടം ഇടക്ക്‌ വച്ച്‌ മുക്കിയാലും പെണ്ണുമ്പിള്ളക്ക്‌ ഒന്നൂല്ലാ..അടുപ്പത്ത്‌ അരിവേവും..കാശല്ലേ ഇരിക്കണത്‌...'

'അത്‌ പറയരുത്‌...ആ വര്‍ത്താനം മാത്രം പറയരുത്‌...മറ്റവന്മാര്‌ നുഴഞ്ഞ്‌ വന്നപ്പ അമ്മച്ചീടെ കെട്ടിയോന്‍ വാങ്ങിച്ച പീരങ്കി മാത്രോണ്‌ ശഠേ ശഠേന്ന് കറങ്ങി വെടി വച്ചത്‌.നിന്റേക്കെ പുട്ടിനും ചോനുമൊക്കെ കൊടുത്ത വിട്ട വാണം വടക്കോട്ട്‌ വിട്ടപ്പ തെക്കോട്ടല്ലേ പോയത്‌...ഗുണ്ടാണെങ്കി കത്തിച്ചിട്ട്‌ എറിയണേന്‌ മുന്‍പേ പൊട്ടി നമ്മടെ ആള്‍ക്കാര്‌ തന്നേണ്‌ ചത്തത്‌. അതു കൊണ്ടേ കാശ്‌ വാങ്ങിയെങ്കി കണക്കായിപ്പോയി...'

********************

'ടോ..എണീക്കടോ...ഒറങ്ങീത്‌ മതി..പണ്ടാറടങ്ങാനായിട്ട്‌ താനിനിയൊന്ന് റെസ്റ്റെടുത്തിട്ട്‌ കെടന്നൊറങ്ങ്‌..'

'എന്റെ ലദ്വാനീ..താനൊന്ന് പോയേ...മനുഷേനേ ഒന്നൊറങ്ങാനും സമ്മതിക്കൂല്ലാ...'

'താന്‍ ഇങ്ങനെ കെടന്നൊറങ്ങിക്കോ...കണ്ണിക്കണ്ട നാട്ടിലും മേട്ടിലുമൊക്കെ രഥോമുരുട്ടി കഷ്ടപ്പെട്ട്‌ ഞാനിനീം തനിക്ക്‌ തിന്നാന്‍ തരാട്ടാ....'

'ഇതെന്താ പാടാണ്‌ കര്‍ത്താവേ....എടാപ്പാ നിനക്കിനീം ഉരുട്ടാന്‍ പാടില്ലേ..ഉരുട്ടിക്കിട്ടണത്‌ നീ തന്നെ തിന്നോടാ..ഞാനാ വഴി വരണില്ലായിനി...'

'പഴേ പോലേ ഉരുട്ടലിനൊന്നുമിപ്പൊ മാര്‍ക്കറ്റില്ലാ കാര്‍ന്നോരേ...വല്ലതും പൊളിക്കാന്ന്‌ വച്ചാ..പഴേത്‌ പൊളിച്ചേന്റെ കേസ്‌ കെട്ട്‌ ഇതു വരെ തീര്‍ന്നിട്ടില്ലാ..ഈ വയസ്‌ കാലത്ത്‌ തീഹാറില്‌ പുല്ല്‌ ചെത്തേണ്ടി വരുവോ കര്‍ത്താവേ...'

'പിന്നെന്തൂട്ടാടാ കൂവേ ഒരു മാര്‍ഗ്ഗം...അമ്മച്ചീം കാരാടനും കൂടി ആണവത്തില്‍ അടിച്ച്‌ പിരിയോ...പിരിഞ്ഞാല്‍ കേറി പിടിച്ചോണം...'

'കേറി പിടിക്കാന്‍ ഞാനാര്‌ ജോസപ്പനാ...'

'പ്‌ഭാ.....വൃത്തികെട്ടവനേ...അവര്‌ അടിച്ച്‌ പിരിഞ്ഞാല്‍...ആ ചാന്‍സില്‍ കേറി പിടിക്കണ കാര്യോണ്‌ ഞാന്‍ പറഞ്ഞത്‌...അവര്‌ അടിച്ച്‌ പിരിയോടെയ്‌...'

'എവടന്ന്...അവറ്റക്ക്‌ അറിഞ്ഞൂടേ പിരിഞ്ഞാല്‍ രണ്ടിന്റേം ക്ലാസ്‌ പൂട്ടൂന്ന്...ഇവിടെയിങ്ങനെയൊരു കച്ചോടം ഒള്ളത്‌ കൊണ്ടല്ലേ കാരാടനൊക്കെ...തെക്കന്മാരായ ദാസന്റേം വിജയന്റേമൊക്കെയടുത്ത്‌ കെടന്ന് തെളക്കണത്‌...അല്ലെങ്കി പട്ടി മൈയിന്‍ഡ്‌ ചെയ്യും...'

'അപ്പോ ശിഷ്ട കാലം രാമ രാമ...അല്ലേ ലദ്വാനീ...'

'രാമന്റെ കാര്യം പറഞ്ഞപ്പഴാണ്‌...നമക്ക്‌ രാമന്റെ പാലത്തി കേറി പിടിച്ചാലാ കാര്‍ന്നോരേ...'

'രാമന്റെ പാലോ..അതേത്‌ പാലം...'

'സീതേനെ തട്ടിക്കൊണ്ടുപോയപ്പ..രക്ഷിക്കാന്‍ ലങ്കേലേക്ക്‌ രാമന്‍ പോയ പാലം...'

'സീതേനെ തട്ടിക്കൊണ്ട്‌ പോയാ..ആര്‌..എപ്പ...എന്റെ രക്തം തെളക്കണ്‌....സര്‍ക്കാര്‍ രാജിവയ്ക്കുക...ക്രമസമാധാനം തകര്‍ന്നു...ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ പരാജയപ്പെട്ട സര്‍ക്കാര്‍ രാജി വെക്കുക...അമ്മച്ചി സര്‍ക്കാര്‍ മൂര്‍ദ്ദാബാദ്‌...പാവ പിള്ള രാജിവെയ്ക്കുക...'

'നടൂനിട്ട്‌ ഒരു ചവുട്ട്‌ തന്നാലെണ്ടല്ലാ...താന്‍ നാറ്റിക്കേ ഒള്ളല്ലാ...എങ്കില്‍ പിന്നെ സീതേനെ രക്ഷിക്കാന്‍ പട്ടാളത്തിനെ അയക്കണോന്നും പറഞ്ഞ്‌ താനൊരു ധര്‍ണേം കൂടിയിരിയെടോ.എന്റെ കൈപ്പാങ്ങീന്ന് മാറിനിന്നാ തനിക്ക്‌ കൊറച്ച്‌ നാള്‌ കൂടി ജീവിക്കാ...മണകൊണാച്ചന്‍...'

***************

അച്ചായന്റെ കൈയീന്ന് ആണവം വാങ്ങണ കാര്യം തീരുമാനിക്കാന്‍ ഇനീം കിടക്കേല്ലേ സമയം...നീ കെടന്ന് പെടക്കല്ലേടാ കാരാടാ എന്നും പറഞ്ഞ്‌ അമ്മച്ചി കാരാടനെ സമാധാനിപ്പിച്ച്‌ വീണ്ടും തൂമ്പയെടുത്ത്‌ കൈയില്‍ കൊടുത്തു.
ആ പറഞ്ഞത്‌ കാരാടനങ്ങോട്ട്‌ ബോധിച്ചില്ലെങ്കിലും...പണി പോയാല്‍ വംഗനും തെക്കനും മൈയിന്‍ഡ്‌ ചെയ്യേമില്ലാ...ആട്ടേം ചെയ്യുമെന്ന കാര്യമോര്‍ത്തപ്പോള്‍ ഒടക്ക്‌ നിര്‍ത്തി മെല്ലെപ്പോക്ക്‌ സമരം തൊടങ്ങി.

ലദ്വാനി പാലത്തില്‍കേറി നിന്ന് കുറേ ഒച്ചയുണ്ടാക്കീട്ട്‌...രക്ഷയില്ലാന്ന് കണ്ടപ്പോള്‍ പിന്നേം ചൊറി കുത്ത്‌ തുടങ്ങി.

കാര്‍ന്നോര്‌...ആരെങ്കിലും പണിയെടുത്ത്‌ കൊണ്ടുവന്നാല്‍ തിന്നാമെന്നും പറഞ്ഞ്‌ പിന്നേം കിടന്നുറങ്ങി.

മോഹനന്‍ പിള്ള പിന്നേം രാഹുകുഞ്ഞിനെ അപ്പീടീക്കാന്‍ പോയി.

അപ്പോ ആരാ മിടുക്കന്‍...
സംശയോണ്ടാ..അമ്മച്ചി തന്നെ.....

അമ്മച്ചിക്ക്‌ എന്തൂട്ടായാ എന്തൂട്ട്‌ തേങ്ങേണ്‌....
തടീം കരക്കാരടെ...
ആനേം കരക്കാരടെ...
വലിച്ചാലും കാശ്‌....
വലിച്ചില്ലേലും കാശ്‌...

ജെയ്‌ ഹിന്ദ്‌.....

Tuesday, September 25, 2007

ഓപ്പറേഷന്‍ പടച്ചാന്‍

ഒരു കുപ്പി ഉള്ളില്‍ ചെന്നതും 'പടച്ചാന്‍' വേണു മുരണ്ടു......

'വാ..കസ്തേ.....'

മുരള്‍ച്ചയോടൊപ്പം തന്നെ തന്റെ കാലുയര്‍ത്തി....
അടുത്തിരുന്ന് കുടിക്കുകയായിരുന്ന നാണുപിള്ളച്ചേട്ടന്റെ നടുമ്പുറം നോക്കി ചവുട്ടി....

'നീയെന്റെ മുമ്പിലിരുന്ന് മോന്തൂല്ലേടാ ശവീ....'

താന്‍ വാങ്ങിച്ച്‌ കൊടുത്ത കള്ള്‌ കുടിച്ചിട്ട്‌ തന്റെ തന്നെ നടുവിനിട്ട്‌ ചവുട്ടിയ പടച്ചാനെ... നാണുപിള്ള കിടന്ന കിടപ്പില്‍ ഭയഭക്തി ബഹുമാനങ്ങളോടെ നോക്കി....

അതാണ്‌ പടച്ചാന്‍ എന്നറിയപ്പെടുന്ന വേണു....
ആറടിയിലധികം പൊക്കം....
പക്ഷേ പൊക്കത്തിന്‌ ബാലന്‍സ്‌ ചെയ്യുന്ന തടിയില്ല.....
പകരമായിട്ട്‌ ശബ്ദമുണ്ട്‌....
നല്ല കിണ്ണങ്കാച്ചി ശബ്ദം....

'പടച്ചാന്‌ ഒരു കുപ്പി പറയടാ...'എന്ന് വെടിക്കെട്ട്‌ ശബ്ദത്തില്‍ പറഞ്ഞാല്‍ ആരും ഒരു കുപ്പി വാങ്ങിച്ച്‌ കൊടുത്ത്‌ പോകും...
പാമ്പ്‌ ഒഴിഞ്ഞ്‌ പോട്ടെ എന്ന് കരുതി....


രാവിലേ ഷാപ്പ്‌ തുറക്കുന്നത്‌ തന്നെ പടച്ചാനാണ്‌...
അകത്ത്‌ നിന്ന്...
കാരണം തലേദിവസം വീട്ടില്‍ പോയിട്ടുണ്ടാകില്ല...

കുറച്ച്‌ നാള്‍ മുന്‍പ്‌ വരെ ഇങ്ങനെയൊന്നുമായിരുന്നില്ലാ പടച്ചാന്‍....
പണിക്ക്‌ പോകും...
വൈകീട്ട്‌ മാത്രം കലാപം....
അങ്ങനെ ഇന്ന പണി എന്നൊന്നുമില്ലാ..എന്തു പണീം ചെയ്യും....
അങ്ങനെ ദാമോദരന്റെ വീട്ടിലെ പറമ്പ്‌ കിളച്ച്‌ കൊണ്ടിരിക്കുന്നതിനിടയിലാണ്‌....
ഒരു ഉണക്ക തേങ്ങ വന്ന് പടച്ചാന്റെ തലയില്‍ വീണത്‌....
'ഹെന്റമച്ചീ....'എന്നും വിളിച്ച്‌ ബോധം പോയി നിലത്ത്‌ വീണ പടച്ചാന്‍....
പിന്നീട്‌ അമൃത ആശുപത്രിയിലെ ഡോക്ടറോട്‌ പറഞ്ഞത്‌....
'തേങ്ങയായത്‌ ആ പന്നിതേങ്ങേടെ ഭാഗ്യം .....അല്ലേല്‍ കുത്തി ഞാന്‍ കീറിയേനേ....'എന്നാണ്‌...

കുറച്ച്‌ നാളത്തേക്ക്‌ കഴുത്ത്‌....തല മുതലായ ഭാഗങ്ങള്‍ അനങ്ങുന്ന വിധം പണിയൊന്നും ചെയ്യരുതെന്ന ഡോക്ടറുടെ ഉപദേശം മനസ്സാ സ്വീകരിച്ച്‌...
കഴുത്തനക്കാതെ....
ഇതുവരെ കാര്യമായി അനങ്ങിയിട്ടില്ലാത്ത തല അനക്കാതെ പടച്ചാന്‍ വിശ്രമംജീവിതം ആരംഭിച്ചു....ഷാപ്പില്‍.

തന്നേക്കാള്‍ അരോഗ്യം കുറഞ്ഞവരോട്‌ കലാപം നടത്തിയും...
ആരോഗ്യം കൂടിയവരോട്‌ അനുനയം കാണിച്ചും പടച്ചാന്‍...
ഓസടിച്ച്‌...
കഴുത്തനക്കാതെ....
തലയനക്കാതെ....
തൊണ്ട്‌ മാത്രം അനക്കി ജീവിച്ച്‌ പോന്നു.

ഇടക്ക്‌ വരുത്തന്മാരായ കുടിയന്മാരെ ഒത്ത്‌ കിട്ടുന്ന ദിവസം പടച്ചാന്‌ ചാകരയാണ്‌....
അരയില്‍ നിന്ന് കത്തിയൂരി സിനിമാസ്റ്റൈയിലില്‍ മേശപ്പുറത്ത്‌ കുത്തിനിര്‍ത്തും.....
എന്നിട്ട്‌ ഒരോര്‍ഡറാണ്‌....
'ഈ വരുത്തന്‍ ഡാഷിന്റെ വക പടച്ചാന്‌ ഒരുകുപ്പി എടുത്തോ ഗോപാലാ...'
ഒരിക്കലൊരു വരുത്തനൊരുത്തന്റെ കൈയ്യീന്ന് കള്ളുംകുപ്പിക്ക്‌ തലക്കിട്ടടിയും അഞ്ച്‌ സ്റ്റിച്ചും കൈനീട്ടി വാങ്ങിയതൊഴിച്ചാല്‍ വേറെ അനിഷ്ടങ്ങളൊന്നുമില്ലാതെ പടച്ചാന്‍ വാണരുളി....

****************

ഡിസംബര്‍ രണ്ട്‌ മുതല്‍ എട്ട്‌ വരെയാണ്‌ മഞ്ഞുമ്മല്‍ പള്ളി തിരുന്നാള്‍.....
പക്ഷേ ഞങ്ങള്‍....ആഘോഷം ഒന്നാം തീയതി മുതല്‍ തുടങ്ങും.

സര്‍ക്കാരിന്റെ ക്രൂരമായ കുത്തകബൂര്‍ഷാ പിന്തിരിപ്പന്‍ നയം മൂലം ഒന്നാം തീയതി ബിവറേജസിന്‌ അവധിയാണെങ്കിലും....
അടിസ്ഥാന വര്‍ഗ്ഗ പാനിയമായ കള്ള്‌ ലഭ്യമാണ്‌.

അങ്ങനെ നാലു കൊല്ലം മുന്‍പ്‌...
ഒരു ഡിസംബര്‍ ഒന്നിന്‌ മഞ്ഞുമ്മല്‍ അമലോല്‍ഭവമാതാവിന്റെ തിരുന്നാള്‍ കൊടിയേറുന്നത്‌ ആഘോഷിക്കാന്‍ മറ്റു മാര്‍ഗ്ഗങ്ങളൊന്നുമില്ലാതെ....
കള്ളുഷാപ്പില്‍ ചെന്നു കയറിയ ഞങ്ങളെ വരവേറ്റത്‌ പടച്ചാനായിരുന്നു.
ഞങ്ങള്‍ എന്നുപറഞ്ഞാല്‍....ഞങ്ങള്‍ മൂന്ന് പേര്‍.ഞാനും എന്റെ സുഹൃത്തുക്കളായ രാജീവും റോഷനും.

'ഒന്നാന്തി സാധനം കിട്ടാത്തപ്പോ....കടന്നല്‍കൂട്‌ എളകി വരണത്‌ മാതിരിയല്ലേ പിള്ളേര്‌ ഷാപ്പിലേക്ക്‌ വരണത്‌...'

ഞങ്ങളെ കണ്ടതും പടച്ചാന്‍ ഒന്ന് ചൊറിഞ്ഞു......

അത്‌ മൈയിന്‍ഡ്‌ ചെയ്യാതെ ഒരു വളിച്ച ചിരിയും ചിരിച്ച്‌..മൂന്ന് കുപ്പിയും പറഞ്ഞ്‌ ഞങ്ങള്‍ ഷാപ്പിലൊരു സൈഡ്‌ പിടിച്ചു.....
എന്നിട്ട്‌ ഒരു മീന്‍ കറിയും കൂട്ടത്തില്‍ വാങ്ങിച്ച്‌ വീശല്‍ ആരംഭിച്ചു....

ഒന്നുരണ്ട്‌ മിനുട്ട്‌ ഞങ്ങളെ തന്നെ നോക്കിയിരുന്നതിന്‌ ശേഷം പടച്ചാന്‍ പതുക്കെ എഴുന്നേറ്റു....
നേരെ മുന്‍പിലേക്ക്‌ വന്നു....
എന്നിട്ട്‌ പറഞ്ഞു....

'പടച്ചാനും ഒരു കുപ്പി പറയടാപ്പാ.....'

ഞാന്‍ റോഷനെ നോക്കി...അവന്‍ തല കുമ്പിട്ട്‌ ഇരിക്കുവാണ്‌....
രാജീവനെ നോക്കി....അവന്‍ കണ്ണടച്ച്‌ കാണിച്ചു.

'കാശില്ലല്ലാ..വേണുച്ചേട്ടാ...'
ഞാന്‍ ഒരു സ്കൂട്ടാകല്‍ നാടകം തുടങ്ങി.....

'ടാ മക്കളെ....ഇവിടെ വന്ന് അങ്ങനെ ചുമ്മാ കുടിച്ചേച്ച്‌ പോകാന്ന് വിചാരിച്ചാ...എനിക്കൊരു കുപ്പി വാങ്ങിച്ച്‌ താടാ മര്യാദക്ക്‌....'

'എന്റെ വേണുച്ചേട്ടാ...ഞങ്ങളു തന്നെ തപ്പിപ്പെറുക്കിയാ വന്നേക്കണത്‌....ഇനിയൊരു സിഗററ്റിന്റെ കാശും കൂടി ഞങ്ങടെ കയ്യിലില്ലാ....'

'മോനേ...വേണ്ടാടാ..അഭ്യാസം എന്റടുത്ത്‌ വേണ്ടാട്ടാ....'
എന്നും പറഞ്ഞ്‌ പടച്ചാന്‍...തലകുമ്പിട്ട്‌ ഇരിക്കുകയായിരുന്ന റോഷന്റെ കുപ്പിയില്‍ പിടുത്തമിട്ടു.
പെട്ടന്നാണത്‌ സംഭവിച്ചത്‌.....ചാടിയെഴുന്നേറ്റ റോഷന്‍ എനിക്കൊ രാജീവനോ.....എന്തിന്‌..പടച്ചാനോ തടയാന്‍ കഴിയുന്നതിനു മുന്‍പേ..പടച്ചാന്റെ ചെകിള നോക്കി ഒരു കീറു കൊടുത്തു...
അടി കൊണ്ട്‌ പുറകിലേക്ക്‌ വേച്ച്‌ പോയ പടച്ചാന്‍....നാലഞ്ച്‌ സെക്കന്റുനേരം ഒരു മേശയില്‍ പിടിച്ച്‌ നിന്ന് അടികൊണ്ട ഭാഗം തടവി.
പിന്നെ മാനം രക്ഷിക്കല്‍ പ്രക്രിയയുടെ ഭാഗമായി അരയില്‍ നിന്ന് കത്തി വലിച്ചൂരി....

കത്തി വലിച്ചൂരി നോക്കിയ പടച്ചാന്‍ കണ്ടത്‌ ശൂന്യമായ ഞങ്ങളുടെ മേശ...
കേട്ടത്‌...
പുറത്തെ ബൈക്കിന്റെ ശബ്ദം...
നിമിഷ നേരം കൊണ്ടാണ്‌ മൂന്ന് പേരേം വഹിച്ച്‌ കൊണ്ട്‌ ശകടം മൂന്ന് കിലോമീറ്റര്‍ അപ്പുറമുള്ള വേറൊരു ഷാപ്പിലെത്തിയത്‌...

**********************

കലിപ്പും സങ്കടവും അടക്കാനാകതെ ഞങ്ങള്‍ കുപ്പികള്‍ വലിച്ച്‌ വാരി കേറ്റി.
റോഷനായിരുന്നു ഏറ്റവും കൂടുതല്‍ സങ്കടം....
ഷാപില്‍ കേറി ഇടിയുണ്ടാക്കിയെന്ന് വീട്ടുകാരറിഞ്ഞാല്‍ പിന്നെ ജീവിച്ചിട്ട്‌ കാര്യമില്ലായെന്നും പറഞ്ഞ്‌ അവനിരുന്ന് പിറുപിറുത്തു......
പഴേ ഷാപ്പില്‍ നിന്ന് മിന്നല്‍ വേഗത്തിലുള്ള സ്കൂട്ടിംഗ്‌ ആയിരുന്നത്‌ കൊണ്ട്‌ കാശ്‌ കൊടുക്കാന്‍ പറ്റീരുന്നില്ലാ...
അത്‌ സാരമില്ലാ...നാളെയായാലും കൊടുക്കാം..പക്ഷേ ഒരു തുള്ളി കള്ള്‌ മോന്താന്‍ ആ പടച്ചാന്‍ തെണ്ടി കാരണം പറ്റീല്ലല്ലോ എന്നോര്‍ത്തപ്പോള്‍ ഞങ്ങളുടെ ഉള്ളില്‍ പ്രതികാരം നുരഞ്ഞ്‌ പൊന്തി....
വാങ്ങിച്ച്‌ വച്ച മീനിന്റെ കാര്യം ഓര്‍ത്തപ്പോള്‍ രാജീവന്‍ ചാടിയെഴുന്നേറ്റു...

'ആ പന്നീനെ പൂശണം....ഇപ്പ തന്നെ പൂശണം....നാട്ടുകാരേതായലും കഥയൊക്കെ ഇപ്പൊ അറിഞ്ഞു കാണും...അതു കൊണ്ട്‌ ഇനി നാറാനൊന്നും ബാക്കി കാണില്ലാ...
അത്‌ കൊണ്ട്‌ ഇപ്പ തന്നെ കേറി ബാക്കീം കൂടിയങ്ങ്‌ പൂശാ....'

രാജീവന്‍ നിന്ന് വിറച്ചു.....

'വേണ്ടടാപ്പാ....നമുക്ക്‌ പൂശിയാ പോരേ....അതിനു വഴീണ്ട്‌..നാളെയാവട്ടെ...'

ഞാന്‍ രാജീവനെ പിടിച്ചിരുത്തി....
തുടര്‍ന്ന് പ്ലാനിംഗ്‌ ആരംഭിക്കുകയായിരുന്നു....
'ഓപ്പറേഷന്‍ പടച്ചാന്‍...'

**********************

പിറ്റേ ദിവസം ഷാപ്പ്‌ തുറക്കുന്നതിനു മുന്‍പേ ഞാനും രാജീവനും ഷാപ്പുകാരന്‍ ഗോപാലന്റെ വീട്ടില്‍ ചെന്നു...
ഞങ്ങളെ കണ്ടതും ഗോപാലന്‍ ചേട്ടന്‍ ഓടി പുറത്ത്‌ വന്നു....

'എന്റെ മക്കളേ...നിങ്ങ എന്ത്‌ പണിയാ കാണിച്ചേ..ആ പോഴനെ തല്ലണ്ട വല്ല ആവശ്യോം എണ്ടായിരുന്നാ...ഞാന്‍ ദെവസോം കാണണതല്ലേ അവന്റെ പടം....
ഇനലെ നിങ്ങ തിരിച്ച്‌ വന്നാലോയെന്ന് പേടിച്ച്‌ അവന്‍ അപ്പ തന്നെ ഷാപ്പീന്ന് മുങ്ങി....'

അത്‌ ശരി..അപ്പോള്‍ അങ്ങനെയാ കാര്യങ്ങള്‍...
കാര്യം കത്തിയൊക്കെ ഊരിയെങ്കിലും...പണിപുറകേ വന്നാലോയെന്ന് പേടിച്ച്‌ പടച്ചാന്‍ മുങ്ങി.

അവസാനം അന്വേഷണത്തിനൊടുവില്‍ പടച്ചാനെ കടവിനടുത്തുള്ള മണല്‍ ഷട്ടറിന്റടുത്ത്‌ ഞങ്ങള്‍ കണ്ടെത്തി.
ഞങ്ങളെ കണ്ടതും...ഷട്ടറില്‍ കിടക്കുകയായിരുന്ന പടച്ചാന്‍ ചാടിയേഴുന്നേറ്റു...എന്നിട്ട്‌ കത്തിയൂരി...

'വേണുച്ചേട്ടാ...ഞങ്ങള്‍ കലിപ്പിന്‌ വന്നതല്ലാ....
ഇന്നലെ അങ്ങനെ പറ്റിപ്പോയി...ക്ഷമ ചോദിക്കാന്‍ വന്നതാ ഞങ്ങള്‍...'

പടച്ചാന്‍ സംശയത്തോടെ ഞങ്ങളെ നോക്കി....

'റോഷന്‌ ഭയങ്കര സങ്കടമൊണ്ട്‌...ഇന്നു വൈകീട്ട്‌ പ്രശ്നം സോള്‍വ്‌ ചെയ്യാന്‍ വേണുച്ചേട്ടന്‌ രണ്ട്‌ സ്മോള്‍ വാങ്ങിക്കൊടുക്കണം എന്നും പറഞ്ഞ്‌ അവനാ ഞങ്ങളെ അയച്ചേ...'

പടച്ചാന്‍ ഒന്നും മിണ്ടുന്നില്ലാ...പുള്ളിക്ക്‌ സംശയം മാറീട്ടില്ലാ...

'അവന്‌ ചേട്ടന്റെ മുന്‍പില്‍ വരാന്‍ പേടി...അതാ ഞങ്ങള്‌ വന്നേ....വൈകിട്ട്‌ എവടെ കാണും...
രണ്ടെണ്ണം നമുക്കൊരുമിച്ച്‌ വീശാം...
നല്ല മിലിട്ടറി ഒപ്പിച്ചിട്ടൊണ്ട്‌...
അപ്പൊ തീരും എല്ലാ പ്രശ്നോം...'

പടച്ചാന്‍ എന്നിട്ടും മിണ്ടുന്നില്ലാ...സംശയം മാറീട്ടില്ലായെന്ന് ചുരുക്കം...

'ഞങ്ങളു പോണ്‌..വൈകീട്ട്‌ ഷാപ്പിന്റെ അവിടെ നിന്നാല്‍ മതീട്ടാ..ഞങ്ങള്‌ വണ്ടിയായിട്ട്‌ വരാ...
നമക്ക്‌ ബസ്സ്റ്റാന്‍ഡിന്റെ പൊറകിലെ പാടത്ത്‌ ഇരുന്ന് പൂശാ...'

തിരിഞ്ഞ്‌ നോക്കിയപ്പോഴും കണ്ടത്‌...ഒന്നും മനസ്സിലാകാതെ മിഴിച്ച്‌ നില്‍ക്കണ പടച്ചാന്‍...

*********************

വൈകീട്ട്‌ ഷാപ്പിന്റടുത്ത്‌ ചെന്ന് നോക്കിയപ്പോള്‍ ആ പ്രദേശത്തെങ്ങും പടച്ചാനില്ല.ഷാപ്പിലും കേറി നോക്കി..അവിടെയുമില്ല.
ഗോപാലന്‍ ചേട്ടനോട്‌ ചോദിച്ചപ്പോള്‍...രാവിലെ വന്നിരുന്നു എന്ന് പറഞ്ഞു.
മണല്‍ ഷട്ടറിലും...കടവിലും..പള്ളിപ്പറമ്പിലും....അങ്ങനെ പടച്ചാനെ കാണാന്‍ ചാന്‍സുള്ള സകല സ്ഥലത്തും ഞങ്ങള്‍ തിരഞ്ഞു....നോ രക്ഷ.

അവസാനം അങ്ങേര്‌ പേടിച്ച്‌ മുങ്ങീതായെന്നും പറഞ്ഞ്‌...അങ്ങേര്‍ പോയാല്‍ പോട്ടെ..നമുക്ക്‌ പൂശല്‍ തുടങ്ങിയേക്കാമെന്നും പറഞ്ഞ്‌...
ബസ്‌ സ്റ്റാന്‍ഡിന്‌ പുറകിലെ പാടത്ത്‌ എത്തിയപ്പോള്‍ കണ്ട കാഴ്ച...
പടച്ചാന്‍ ഞങ്ങളെ വെയിറ്റ്‌ ചെയ്ത്‌...പാടത്തിന്റെ കരയിലുള്ള ഒരു തെങ്ങിന്റെ മൂട്ടില്‍ കുത്തിയിരിക്കുന്നു....

പിന്നെയെല്ലാം പെട്ടന്നായിരുന്നു...
ഒരു ഫുള്‍ മിലിട്ടറി നിമിഷനേരം കൊണ്ട്‌ തീര്‍ന്നു....
അതിനിടയില്‍ റോഷന്റെ ക്ഷമാപണവും....ചേട്ടാ..ചേട്ടന്‍ പുലിയാണുചേട്ടാ ഡയലോഗുകളും ആവശ്യത്തിനു നടന്നിരുന്നു....

രണ്ടാമത്തെ ഫുള്ളില്‍ നിന്നും കൂടുതല്‍ പടച്ചാന്‌ ഒഴിച്ച്‌ കൊടുക്കാനും....നേരം എങ്ങനെയെങ്കിലും പത്ത്‌ മണിനേരം ആക്കിയെടുക്കാനും ഞങ്ങള്‍ പരമാവധി ശ്രദ്ധിച്ചു.
അങ്ങനെ രണ്ടാമതെ ഫുള്‍ തീരാറായി..പടച്ചാന്റെ നാക്ക്‌ കുഴഞ്ഞ്‌ തുടങ്ങി....
ഓപ്പറേഷന്റെ സമയം അടുക്കുന്നു....
ഞങ്ങള്‍ തമ്മില്‍ തമ്മില്‍ നോക്കി.
അവസാന പെഗും പടച്ചാന്‍ വിഴുങ്ങി....ടച്ചിങ്ങ്സായി വാങ്ങിച്ച്‌ കൊണ്ടുവന്നിരുന്ന മിക്ചറിന്റെ പാക്കറ്റ്‌ എടുത്ത്‌ അതിന്റെ അടിയില്‍ കിടക്കുന്ന അവസാന തരിയും വായിലേക്ക്‌ പകര്‍ത്തി....
എന്നിട്ട്‌ പതുക്കെ എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു....ഇല്ലാ ഒറ്റക്ക്‌ നടക്കില്ല.ഞാന്‍ ഒരു കൈസഹായം ചെയ്തു.എന്റെ കൈയില്‍ തൂങ്ങി പടച്ചാന്‍ എഴുന്നേറ്റു...
എന്നിട്ട്‌ അഴിഞ്ഞ്‌ തുടങ്ങിയ മുണ്ട്‌ മുറുക്കികെട്ടാന്‍ ശ്രമം തുടങ്ങി...

ഒരു നിമിഷം...ഞാന്‍ റോഷന്‌ സിഗ്നല്‍ കൊടുത്തു....

ഒറ്റക്കുതിക്കലിനു റോഷന്‍ പടച്ചാന്റെ ദേഹത്തേക്ക്‌ ചാടി വീണു....
രണ്ടും കൂടി പാടത്ത്‌ കിടന്ന് ഉരുണ്ടു....

പക്ഷേ ഞങ്ങളെ ഞെട്ടിച്ചുകൊണ്ട്‌.....പടച്ചാന്‍..ഒരു റൗണ്ട്‌ ഉരുളലിനു ശേഷം കുതിച്ചെണീറ്റു....
അരയില്‍ നിന്ന് തെറിച്ച്‌ പോയ കത്തി തപ്പിയെടുത്ത്‌ വീശിക്കൊണ്ട്‌ അലറി...

'......മക്കളേ...നിന്റെയൊക്കെ ഉള്ളിലിരുപ്പ്പ്‌ എനിക്കറിഞ്ഞൂടെ....എന്നെ വെള്ളം തന്ന് മറിച്ചിട്ട്‌ കിണ്ണാനായിരുന്നല്ലേ പരിപാടി..ഊവാ...നീയൊക്കെ ഒലത്തും...'

കര്‍ത്താവേ...പണി പാളി....ഇനി നോക്കിനിന്നിട്ട്‌ കാര്യമില്ല...അറ്റാക്ക്‌ തന്നെ ശരണം....

പക്ഷേ അറ്റാക്ക്‌ ചെയ്യണോങ്കില്‍ അടുക്കാന്‍ പറ്റണ്ടേ....
പടച്ചാന്‍ കത്തി കറക്കി വീശിക്കൊണ്ടിരിക്കുവാണ്‌....
ഓടിയടുത്താല്‍ കത്തി പള്ളക്ക്‌ കേറും...
വല്ല വടിയുമൊടിച്ച്‌ തലക്കടിക്കാമെന്ന് വച്ചാല്‍ പാടത്തിന്റെ നടുക്കെവിടെ വടി.....
ഈ സമയം ബസ്‌ സ്റ്റാന്റിലേക്ക്‌ ഓടിപ്പോയ രാജീവന്‍ ഒരു കയറുമായിട്ടാ വന്നത്‌....
ജാക്കിലിവര്‍ എടുക്കാന്‍ പോയവന്‍ കയറുമായിട്ട്‌ വന്നത്‌ കണ്ട്‌ എന്റെ കലിപ്പ്‌ മൂത്തു....
കയറെങ്കില്‍ കയര്‍.....

കത്തി തെറിപ്പിക്കാന്‍ ആദ്യം കയറിനു വീശി നോക്കി....രക്ഷയില്ലാ..
പക്ഷേ വീശി വീശി വന്നപ്പോള്‍ എങ്ങനെയോ....പടച്ചാന്‍ കയറില്‍ കുടുങ്ങി...
ഒരു വലി വലിച്ചപ്പോള്‍ മലര്‍ന്നടിച്ച്‌ താഴെ വീണു....
അവിടെകിടന്ന് പടച്ചാന്‍ ഉരുണ്ടത്‌ കാര്യങ്ങള്‍ എളുപ്പമാക്കി...
ഇപ്പോള്‍ മുഴുവനായിട്ട്‌ പടച്ചാന്‍ കയറില്‍ കുരുങ്ങി....
ഞങ്ങള്‍ ഇരയെ മണ്ണിലൂടെ വലിച്ച്‌....പാടത്തിന്റെ കരയിലുള്ള തെങ്ങില്‍ കൊണ്ടുപോയി കെട്ടിയിട്ടു.

പിന്നെ ചുറ്റുമൊരു ഡാന്‍സായിരുന്നു....
ഇടക്കിടക്ക്‌ പള്ളക്കിട്ട്‌ ഓരോ കുത്ത്‌ കൊടുക്കും....
അപ്പോള്‍ പടച്ചാന്‍ തെറി വിളിക്കും....
അപ്പോ പിന്നേം കുത്തും..പിന്നേം ഡാന്‍സ്‌....

പള്ളക്കിട്ട്‌ കുത്ത്‌ എത്രകൊടുത്തിട്ടും പടച്ചാന്റെ വായിലെ നാക്ക്‌ കുറഞ്ഞില്ല.

'ഇവടന്നൊന്ന് അഴിഞ്ഞ്‌ കിട്ടിയാല്‍ നിന്നെയൊക്കെ ഞാന്‍ പൂളുമെടാ പന്നികളേ....'
പടച്ചാന്‍ ഓരോ പള്ളക്കിട്ട്‌ കുത്ത്‌ വാങ്ങുമ്പോഴും പറഞ്ഞ്‌ കൊണ്ടിരുന്നു....

അപ്പോഴാണ്‌ റോഷന്‍ പ്രഖ്യാപിച്ചത്‌...ഇവനെ നമുക്കങ്ങ്‌ കൊന്ന് കളയാം....

ഞാനും രാജീവനും കയ്യടിച്ച്‌ ആ അഭിപ്രായം പാസ്സാക്കി....

'ഇവനെ നമുക്ക്‌ പെട്രോളൊഴിച്ച്‌ കത്തിക്കാം....'

'സബാഷ്‌...കൊണ്ടുവാടാ പെട്രോള്‍....'

ഞങ്ങള്‍ ഓടി ചെന്ന് ബസ്‌ സ്റ്റാന്റില്‍ പാര്‍ക്ക്‌ ചെയ്തിരുന്ന ബസ്സില്‍ നിന്ന് ജീവനക്കാര്‍ ഉപയോഗിക്കുന്ന ഒരു ബക്കറ്റ്‌ കണ്ടെടുത്തു...
ഗ്രീസിന്റെയും ഡീസലിന്റെയും മണമുള്ള ബക്കറ്റ്‌....
അതും കൊണ്ട്‌ ഞങ്ങളുടേ ബൈക്കിന്റെ അടുത്ത്‌ പോയി..അതില്‍ നിന്ന് പെട്രോള്‍ ഊറ്റുന്ന മാതിരി അഭിനയിച്ചു....

അതിനു ശേഷം കുറച്ച്‌ ചെളിവെള്ളം അടുത്തുള്ള കാനയില്‍ നിന്ന് ബക്കറ്റില്‍ സംഘടിപ്പിച്ചു.....

നേരേ ചെന്ന് പടച്ചാന്റെ തല വഴി ഒഴിച്ചു....
അത്രയും നേരം ഒരു പുഛഭാവത്തോടെ ഞങ്ങളുടെ അങ്കമെല്ലാം കണ്ട്‌ കൊണ്ട്‌ നിന്നിരുന്ന പടച്ചാന്റെ ഭാവം മാറി...
ദേഹത്ത്‌ വീണ ദ്രാവകം പടച്ചാന്‍ ഒന്ന് മണത്ത്‌ നോക്കി...
എന്തോ ഒരു മണം....ബക്കറ്റില്‍ ചെറിയ തോതിലുണ്ടായിരുന്ന ഗ്രീസും ഡീസലും ചേര്‍ന്ന് ചെളിവെള്ളത്തിന്‌ ഒരു വല്ലാത്ത മണം....
പടച്ചാന്‌ ഡൗട്ടടിച്ച്‌ തുടങ്ങി...
ഇവന്മാര്‍ കൊല്ലാന്‍ തന്നെയാ പരിപാടി....
അതും കത്തിച്ച്‌ കളയാന്‍ തന്നെയാ പരിപാടി....

ഞാന്‍ തീപ്പെട്ടിയുരച്ചു....
പടച്ചാന്റെ നേരേ നീട്ടി...

'ടാ മോനേ വേണ്ടാടാ....കളി സീരിയസ്സ്‌ ആവണെട്ടാ....'

പടച്ചാന്‍ കരഞ്ഞ്‌ തുടങ്ങി..
ഞങ്ങള്‍ക്ക്‌ രസം പിടിച്ചു...
ആദ്യ കൊള്ളി ഊതിക്കെടുത്തിയ ഞാന്‍ രണ്ടാമത്തെ കൊള്ളി കത്തിച്ചു..എന്നിട്ട്‌ മറ്റുള്ളവരോട്‌ പുറകിലേക്ക്‌ മാറാന്‍ പറഞ്ഞു....
ഞാനും പുറകിലേക്ക്‌ മാറി....
കത്തിച്ച തീപ്പെട്ടിക്കൊള്ളി തന്റെ ദേഹത്തേക്ക്‌ എറിയാനാണ്‌ ഇവന്മാരുടെ പരിപാടിയെന്ന് മനസ്സിലാക്കിയ പടച്ചാന്‍...അടുത്ത നിമിഷം....
അലറിക്കരഞ്ഞു....

'എന്നെ കൊല്ലാന്‍ പോണേ..കത്തിച്ച്‌ കൊല്ലാന്‍ പോണേ.....'

ഞങ്ങള്‍ ചിരി തുടങ്ങുന്നതിനുമുന്‍പേ...ബസ്‌ സ്റ്റാന്‍ഡിലേക്ക്‌ ഒരു വണ്ടി കേറി വന്നു....

തിരിഞ്ഞ്‌ നോക്കിയ രാജീവന്‍ പറഞ്ഞു...

'ടാ...പോലീസ്‌..'

പറഞ്ഞതും അവന്‍ ഓടീതും ഒരുമിച്ച്‌ കഴിഞ്ഞു...
റോഷനെ നോക്കിയ ഞാന്‍ കണ്ടത്‌..അവന്‍ രാജീവന്റെ മുന്‍പില്‍ ഓടുന്ന കാഴ്ചയാണ്‌....

ഈ സമയം പടച്ചാന്‍ പിന്നേം അലറി....

'സാറേ..രക്ഷിക്കണേ....എന്നെയീ പന്നികള്‍ കത്തിച്ച്‌ കൊല്ലാന്‍ പോണേ.....'

പിന്നെ ഞാനൊന്നും ചിന്തിച്ചില്ല...
എന്റെ ബൈക്കാണ്‌ ബസ്‌ സ്റ്റാന്‍ഡില്‍ ഇരിക്കുന്നതെന്നോ...
പടച്ചാന്റെ വായ പൊത്തിപ്പിടിച്ച്‌ കരച്ചില്‍ സൗണ്ട്‌ ഇല്ലാതെയാക്കാമെന്നോ....
പോലീസുക്കാര്‍ക്ക്‌ ഈ ഭാഗത്തേക്ക്‌ ശ്രദ്ധ കിട്ടിയോ എന്നൊന്നും ഞാന്‍ ചിന്തിച്ചില്ലാ....
ഓട്ടത്തില്‍ പണ്ടേ മിടുക്കനായ ഞാന്‍ നിമിഷങ്ങള്‍ക്കകം രാജീവനേയും റോഷനേയും ഓവര്‍ടേക്ക്‌ ചെയ്ത്‌ പാഞ്ഞ്‌ പോയി....

********************
പിറ്റേന്ന് ബന്ധുജനങ്ങളുടേയും രാഷ്ട്രീയക്കാരുടേം അകമ്പടിയോടെ ഞങ്ങള്‍ മൂവര്‍ സംഘം സ്റ്റേഷനില്‍ ഹാജരായി....

കാര്യമെല്ലാം മനസ്സിലാക്കിയ എസ്‌.ഐ ആദ്യം ചിരിച്ചു...പിന്നെ ചെവി കല്ലച്ച്‌ പോണ തെറി പറഞ്ഞു....

പടച്ചാന്‌ പരാതിയില്ലാത്തത്‌ കൊണ്ട്‌ കേസ്‌ ഒന്നും എടുത്തില്ല.

അങ്ങനെ ആഘോഷപൂര്‍വം ഞങ്ങള്‍ സ്റ്റേഷനില്‍ നിന്ന് പിരിഞ്ഞ്‌ പോന്നു.

കുറച്ച്‌ നാള്‍ മുന്‍പ്‌ റോഷനും ഞാനും കൂടി..അവന്റെ ബൈക്കില്‍ പെട്രോള്‍ തീര്‍ന്നു പോയിട്ട്‌...ഒരു കോളാ കുപ്പിയില്‍ പെട്രോളും വാങ്ങിച്ച്‌ വരുന്ന വഴി പടച്ചാനെ കണ്ടു....

'പടച്ചാനേ ഇത്‌ കണ്ടാ..ഇന്നൊരു കത്തിക്കലൊണ്ട്‌....'

എന്നു ഞാന്‍ കുപ്പി പൊക്കി കാണിച്ച്‌ പറഞ്ഞതിന്‌ മറുപടിയായി....പടച്ചാന്‍ പറഞ്ഞു....

'ഊവാ...നീ ഒലത്തും...'