Thursday, October 26, 2006

ജോസും ആന്റോയും തകരുന്ന പള്ളിയും

'അച്ചോ കൊച്ചച്ചോ ഒറങ്ങാണ്ട്‌ എണീറ്റ്‌ വന്നേ,പള്ളി വീഴണേ.നാട്ടുകാരു പന്നീടെ മക്കളാരും ഇല്ലേടാ ഇവിടെങ്ങും ഓടി വരാന്‍,പള്ളി മറിയണേ.'ജോസ അലമുറയിട്ടു.പിന്നെ ചരിഞ്ഞുകൊണ്ടിക്കണ പള്ളിമതിലില്‍ രണ്ട്‌ കയ്യും ചേര്‍ത്ത്‌ എതിര്‍ ദിശയിലേക്ക്‌ തള്ളിപ്പിടിച്ചു.
'ഹാ..വിടടാ ജോസേ,മറിയെണെങ്കില്‍ മറിയെട്ടേടാ.'അതും പറഞ്ഞ്‌ താഴെ ചുരുണ്ട്‌ കൂടി കിടന്ന ആന്റൊ ഒന്നു കൂടി ചുരുണ്ടു.
ജോസ വിടോ.ഒന്നു കൂടി അലറി;
'ആരെങ്കിലും ഒരു കൈ സഹായിക്കണേ,ഞാന്‍ മാത്രം പിടിച്ചാല്‍ നില്‍ക്കൂല്ലാ.അച്ചോ,നെല്‍സണച്ചോ'.ജോസ വിയര്‍ത്തു തുടങ്ങി.
'എടാ ആന്റോ എണീക്കെടാ,എണീറ്റ്‌ കൂട്ടമണിയടിയെടാ കഴുവേര്‍ടെ മോനെ.'
'അതിനു മണി മുന്‍ വശത്തല്ലേ ജോസേ.അവെടെം വരെ പോണ്ടേടാ.'ആന്റോ മടി പിടിച്ചു.
ജോസക്ക്‌ കലിപ്പിളകി.
'വേണ്ടെടാ,മണി ഇങ്ങോട്ട്‌ വരും.പോയി അടീടാ പന്നീ മണി.'
ആന്റൊ എഴുന്നേറ്റു.ചരിഞ്ഞ്‌ വീഴാന്‍ തുടങ്ങുന്ന മതില്‍ തന്റെ ദേഹത്ത്‌ വീഴാതിരിക്കാന്‍ അകലം സൂക്ഷിച്ചുകൊണ്ട്‌ വേച്ച്‌ വേച്ച്‌ പള്ളിയുടെ മുന്‍ വശത്തേക്ക്‌ പോയി.കുറച്ചു സമയത്തിനകം നാടിനെ നടുക്കി കൊണ്ട്‌ പാതിരാത്രിയില്‍ പള്ളി മണി മുഴങ്ങി.
കണ്ണു തുറന്ന ഉടനേ ആന്റൊ അടുത്തിരിക്കണ ടൈമ്പീസിലേക്കാണു നോക്കിയത്‌.തീപ്പെട്ടിയെടുക്കാതെ ടൈമ്പീസ്‌ കാണാന്‍ പറ്റിയത്‌ കൊണ്ട്‌ നേരം വെളുത്തിട്ട്‌ കുറച്ച്‌ നേരം ആയി എന്ന് മനസ്സിലായി.കിടന്ന് കൊണ്ട്‌ സമയം നോക്കിയ ആന്റൊ അയ്യോ എട്ടര എന്നും പറഞ്ഞ്‌ ചാടിയെഴുന്നേറ്റതും അമ്മേ എന്ന ഒരു ഞരക്കത്തോടെ തിരിച്ച്‌ പായിലേക്ക്‌ വീണതും ഒരുമിച്ച്‌ കഴിഞ്ഞു.ശരീരം മുഴുവന്‍ വലിഞ്ഞ്‌ മുറുകുന്നു.മുതുകിന്റെ ഭാഗത്ത്‌ നീറ്റലുമുണ്ട്‌.കാല്‍ മടക്കാന്‍ പറ്റണില്ല.
ദൈവമേ എന്ത്‌ അത്യാപത്താണിത്‌.രാവിലേ അഞ്ച്‌ മണിക്ക്‌ മണല്‍ വാരാന്‍ ചെല്ലാമെന്ന് കാദറിക്കയോട്‌ പറഞ്ഞതാ.നാട്ടുകാര്‍ എഴുന്നേല്‍ക്കുന്നതിനു മുന്‍പേ മണല്‍ വാരി നിറച്ച്‌ വഞ്ചി കടവില്‍ എത്തിക്കണം.മണല്‍ വാരല്‍ നിരോധിച്ച സമയമായത്‌ കൊണ്ട്‌ ആരും കാണരുത്‌.ഇന്നേതായാലും പണി പോയി.എന്നാലും എന്തായിത്‌ കര്‍ത്താവേ ശരീരത്തിന്ന് ഇങ്ങനെ ഒരു വേദന.ഇന്നലെ ഭാരിച്ച പണിയൊന്നും ചെയ്തില്ലല്ലോ.ഷാപ്പീന്ന് രണ്ടുകുപ്പി കള്ളല്ലേ കുടിച്ചോള്ളു.സാധാരണ മൂന്നാലു കുപ്പി വരെ ചെലുത്താറുണ്ട്‌.പക്ഷെ ഇന്നലെ ജാനമ്മേടെ അവിടെ ഒന്നു കേറണം എന്നു കരുതിയതു കൊണ്ട്‌ രണ്ടില്‍ നിര്‍ത്തി.ആടിയാടി ചെന്നാല്‍ അവള്‍ തെറി വിളിക്കും.അവള്‍ക്ക്‌ കള്ളിന്റെ മണം പിടിക്കൂല്ല.ബ്രാന്‍ഡിയാണെങ്കില്‍ കുഴപ്പമില്ല.അങ്ങോട്ട്‌ പോണ വഴി ഇനി തോട്ടിലെങ്ങാന്‍ വീണോ.ഏയ്‌.. തോട്ടില്‍ വെള്ളമില്ലാത്തതു കൊണ്ട്‌ തടിപ്പാല്‍ത്തില്‍ കയറാതെ തോട്ടിലൂടെ നടന്നാ പോയത്‌.സാധാരണ തടിപ്പാലത്തേന്ന് വെള്ളത്തില്‍ വീഴാറുണ്ട്‌.അടിച്ച്‌ കള്ളിന്റെ കെട്ട്‌ എറങ്ങേം ചെയ്യും.എറങ്ങിയത്‌ കേറാന്‍ പിന്നേം കള്ള്‌ കേറ്റും.പിന്നേം വീഴും.അവസാനം ഷാപ്പില്‍ വീഴും.അങ്ങനയാ പാലവുമായുള്ള മത്സരം അവസാനിക്കുന്ന പതിവ്‌.പക്ഷേ ഇന്നലെ...എന്താ പറ്റീത്‌ കര്‍ത്താവേ.
ആന്റൊ ഞരങ്ങി ഞരഞ്ഞി ജനലിന്റെ അടുത്തേക്ക്‌ ചെന്നു.ജനലപ്പടിയില്‍ വച്ചിരുന്ന ബീഡിപ്പൊതിയില്‍ നിന്നും ഒരെണ്ണമെടുത്ത്‌ കത്തിച്ച്‌ വലിച്ചു.
ഏഴ്‌ മണിക്ക്‌ കട്ടിലിന്റെ അരികില്‍ കൊണ്ടുവച്ച കട്ടന്‍ ചായ ജോസ എഴുന്നേറ്റ്‌ കുടിച്ചപ്പോള്‍ ഒന്‍പത്‌ മണിയായി.ചായേം കുടിച്ച്‌ ബീഡീം വലിച്ച്‌ വീടിന്റെ തിണ്ണേല്‍ വന്നിരുന്ന ജോസ ആകാശത്തേക്ക്‌ നോക്കി.മഴേടെ ലക്ഷണമൊന്നും ഇല്ലല്ലോ അല്ലേ.ഇല്ല ആകാശം തെളിഞ്ഞാ ഇരിക്കണേ.മണിച്ചേട്ടന്റെ വീടിന്റെ മുകളിലേക്ക്‌ ചാഞ്ഞ്‌ കിടക്കുന്ന മാവിന്‍ കൊമ്പ്‌ ഇന്ന് വെട്ടി കൊടുക്കാന്നാ പറഞ്ഞേ.ഇന്നലെ വൈകീട്ട്‌ പറഞ്ഞതാ മണിച്ചേട്ടന്‍.ഇന്ന് വെട്ടാം എന്നും പറഞ്ഞ്‌ 100 രൂപ അഡ്വാന്‍സും വാങ്ങിച്ചു.ഒരു പത്തു പത്തരയായിട്ട്‌ ചെല്ലാം.കോടാലി ഒന്ന് തേച്ച്‌ എടുക്കണം.കൊമ്പ്‌ വെട്ടിയിറക്കാന്‍ ഒരു കയറും വേണം.
സ്കൂളിനെന്താ ഇന്ന് അവധിയാണോ.അതൊ ഇവന്‍ പോകാഞ്ഞതോ.പഠിക്കാന്‍ പറഞ്ഞാല്‍ ചെക്കന്ന് ഒരു തരം വിറയല്‍ തുടങ്ങും.ഇങ്ങനെ മടിയുള്ള ഒരു ചെക്കന്‍.
'എടാ നിന്റെ തള്ളയെന്തിയേ'.
'അമ്മ ചന്തേല്‍ പോയി'
ചെക്കന്‍ ഉത്തരം പറഞ്ഞ്‌ തീര്‍ന്നില്ല,ഒരു കൈയ്യില്‍ കുറച്ച്‌ പ്ലാവിന്റെ ഇലയും മറ്റേ കയ്യില്‍ പ്ലാസ്റ്റിക്ക്‌ സഞ്ചിയുമായി 'ടീം ജോസ'-യുടെ സ്ട്രൈക്കര്‍ കം ഡിഫന്‍ഡര്‍ മേരി പ്രത്യക്ഷപെട്ടു. വേലിത്തര്‍ക്കങ്ങള്‍,പൈപ്പിന്‍ ചുവട്ടിലെ പ്രശ്നങ്ങള്‍,ആടിന്റെ ട്രെസ്സ്‌ പാസ്സിംഗ്‌ തുടങ്ങിയ അന്താരാഷ്ട്ര പ്രശ്നങ്ങളില്‍ ആക്രമണം നടത്തുകയും പ്രത്യാക്രമണം തടയുകയും ചെയ്യുന്ന ചുമതല മേരിയുടേതായിരുന്നു.ജോസ എപ്പോഴും മിഡ്‌ ഫീല്‍ഡില്‍ നില കൊണ്ടു.അതായത്‌ 'മദ്യ'നിരയില്‍.
പ്ലാവില ആടിന്ന് ഇട്ട്‌ കൊടുത്ത്‌ കൊണ്ട്‌ മേരി ചോദിച്ചു;നിങ്ങ ഇന്നലെ ആന്റൊയെ കണ്ടാരുന്നാ'.
'ആന്റോനേ.ഇന്നലേ....'
ജോസ ആലോചന തുടങ്ങി.
ഇന്നലെ ആന്റൊയെ കണ്ടല്ലാ.എവിടെ വച്ചാണു കര്‍ത്താവെ,ഓര്‍മ്മ കിട്ടണില്ല്ലല്ലാ.ഇനി സ്വപ്നത്തിലാ മറ്റൊ ആണാ.ങാ....പള്ളീടെ പുറകിലെ വഴീല്‍ വച്ചാ കണ്ടത്‌.അവനുമായിട്ട്‌ പള്ളീടെ തിണ്ണേലിരുന്ന് സംസാരിക്കേം ചെയ്ത്‌.അവന്‍ എന്റെ കയ്യീന്ന് ഒരു ബീഡീം വാങ്ങി വലിച്ചല്ലാ.അല്ല അവനിപ്പ എന്താ പറ്റിയേ.അവളെന്തിനാ അവനെക്കുറിച്ച്‌ ചോദിച്ചേ.
'എടീ നീയെന്തിനാ അവനെക്കുറിച്ച്‌ ചോദിച്ചേ.അവന്‍ വല്ലോം പറഞ്ഞാ.'
'ആന്റൊ പറഞ്ഞില്ല.പക്ഷെ നാട്ടുകാരു പറഞ്ഞു.ഇനി ആ നശിച്ചവന്റെ കൂടെ കണ്ടാ നിങ്ങടെ കാലും തല്ലി ഒടിക്കൂന്ന്.ആന്റൊയെ രാത്രി നാട്ടുകാരു തല്ലി പഞ്ചറാക്കി.'
ജോസ വാ പൊളിച്ചു.
'അവനെന്തൂട്ടാടീ അതിനു ചെയ്തേ.'
'എന്താ ചെയ്തേന്നോ'
'കള്ളും കഞ്ചാവും കേറ്റിക്കൊണ്ട്‌ പള്ളി ഇടിഞ്ഞ്‌ വീഴണേ എന്നും പറഞ്ഞ്‌ പാതിരാത്രി കൂട്ടമണിയടിച്ച്‌ ആളെ പേടിപ്പിച്ചാ പിന്നെ നാട്ടുകാര്‍ വെറുതേ വിടോ.അടി കൊണ്ട്‌ മോങ്ങണേന്റെ ഇടയില്‍ നിങ്ങടെ പേരും ആന്റോ വിളിച്ച്‌ പറഞ്ഞെന്നാ നാട്ടുകാര്‍ പറയണത്‌'.
മേരി ശ്വാസമെടുക്കാന്‍ ഒന്നു നിര്‍ത്തി.
'ആവി പിടിച്ച്‌ തരാന്‍ അനിയന്റെ വീട്ടീന്ന് നിങ്ങടെ തള്ളേ വിളിച്ച്‌ കൊണ്ട്‌ നിര്‍ത്തീട്ട്‌ മതി നാട്ടുകാരുടെ തല്ല് കൊള്ളാന്‍ പോണത്‌. കേട്ടാ പറഞ്ഞത്‌.അല്ല...പിന്നെ.'
മേരി ചവുട്ടിക്കുലുക്കി അകത്തേക്ക്‌ പോയി.
ജോസേടെ കൈ അറിയാതെ മുണ്ടിന്റെ അടിയിലിട്ടിരുന്ന കാക്കി നിക്കറിന്റെ പോക്കറ്റിലേക്ക്‌ പോയി.തെറുത്ത കഞ്ചാവ്‌ ബീഡി രണ്ടെണ്ണം കുറവുണ്ട്‌.ജോസ തലയില്‍ കൈ വച്ചു.

6 comments:

sandoz said...

ആരുമില്ലേടാ ഇവിടെങ്ങും ഇത്‌ കാണാന്‍[ഞാനും രണ്ട്‌ പുകയെടുത്തു]

സുഗതരാജ് പലേരി said...

ഇതും മോശമില്ലല്ലോ. ഇനിയും പ്രതീക്ഷിക്കുന്നു.

Sul | സുല്‍ said...

ഇതൊരുമാതിയാണല്ലോഷ്ടാ. ഒരെണ്ണം പുകയടങ്ങും മുമ്പ് അടുത്ത അമിട്ട്. നന്നായിരിക്കുന്നു.

sandoz said...

കമന്റിയതിനു വളരെ നന്ദി-സുഗതന്‍,സുല്‍

yetanother.softwarejunk said...

കൂയ് ...ഞാനെത്തി... വരാന്‍ വൈകിയതില്‍ ക്ഷമിക്കണം .btw എനിക്കും ഒരു പുക...പ്ലീസ്

സുധി അറയ്ക്കൽ said...

ഹാ ഹാ ഹാാ!!!!