മഞ്ഞുമ്മലിന്റെ 'പട്ടണം റഷീദ്'ആയിരുന്നു ഗോപിക്കുട്ടന്.
ലോക്കല്‍ ക്ലബ്ബുകള്‍ നടത്തുന്ന ഫാന്‍സീഡ്രസ്സ് മത്സരങ്ങള്‍,കൃഷ്ണജയന്തി ഘോഷയാത്രയില്‍ പങ്കെടുക്കുന്ന കുട്ടികളുടെ കണ്ണന്-രാധ വേഷങ്ങള്‍,ബാലകലോത്സവങ്ങള്,പിന്നെ സ്ഥിരം തൊഴിലായി ഇടപ്പള്ളി കേന്ദ്രീകരിച്ചുള്ള ഒരു പ്രശസ്ത ബാലെ ട്രൂപ്പിന്റെ സഹമേക്കപ്പ് മാന്‍ പദവിയും.
ഗോപി,ഗോപിക്കുട്ടന്,ഗോവി,മേക്കപ്പ് ഗോവി അങ്ങനെ ഓരോരുത്തര്‍ക്കും ഇഷ്ടമുള്ള രീതിയില്‍ വിളിക്കാന്‍ പാകത്തിലുള്ള നല്ല അസല്‍ പേരാണു തനിക്കുള്ളതെന്ന അഹങ്കാരം ലവലേശമില്ലാതെ നാട്ടുകാരുടെ കലാസ്വപ്നങ്ങളില് മേക്കപ്പ് ഇട്ട് കൊണ്ട് ഗോപിക്കുട്ടന് മഞ്ഞുമ്മലില്‍ വിരാജിച്ചു.
ഏലൂര്‍ പഞ്ചായത്തിലെ കലുങ്കുകള്‍ തറവാട്ടു സ്വത്താക്കി മാറ്റിയ ചില സദ്ഗുണ സമ്പന്നര്‍ ഗോപിയെ 'ഓന്ത് ഗോപി'എന്നു വിളിച്ചിരുന്നു.തന്റെ ബുള്ളറ്റ് മോട്ടോര്‍ സൈക്കിളില്‍ ഇരുന്ന് ഗോപി വരുന്നത് കണ്ടാല്‍ മൈയില്ക്കുറ്റിയില് ഓന്ത് ഇരിക്കുന്നത് പോലെ തോന്നും എന്നാണു ചില കലുങ്കു വാസികളുടെ അഭിപ്രായം.
പക്ഷെ ഗോപിയെ അതൊന്നും ഏശില്ല.കാരണം,വീട് വിറ്റും ബുള്ളറ്റ് വാങ്ങും എന്നും പറഞ്ഞു നടന്ന ഒരു കാലമുണ്ടായിരുന്നു ഗോപിക്ക്.നടന് രതീഷ് ചില സിനിമകളില്‍ കാണിച്ച ബുള്ളറ്റ് അഭ്യാസങ്ങള്‍ കണ്ട് നാലര അടി പൊക്കവും കൊന്നപത്തലിന്റെ ശരീരവുമുള്ള ഗോപിയും,തനിക്കും വേണം ഒരു ബുള്ളറ്റ് എന്ന് മോഹിച്ചത് ഒരു കടന്ന കൈയായി പോയെന്ന് നാട്ടുകാര്‍ പറഞ്ഞെങ്കിലും ഗോപിക്ക് പുല്ലുവിലയായിരുന്നു.ബൈക്ക് സ്റ്റാന്‍ഡില്‍ വയ്ക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ മറിഞ്ഞ് വീണു,അതിന്റെ അടിയില്‍ പെട്ട് യുവാവ് മരിച്ചു എന്ന വാര്‍ത്ത വായിക്കാന്‍ ഇടയാവരുതേ എന്ന് നാട്ടുകാര്‍ പ്രാര്‍ഥിച്ചു പോയിട്ടുണ്ട്,ഗോപിയുടെ ബുള്ളറ്റ് 'സൈഡൊതുക്കല്' അഭ്യാസം കണ്ടിട്ട്.
അങ്ങനെ കാര്യങ്ങള്‍ ബുള്ളറ്റിനും മേക്കപ്പിനുമിടയില് വലിയ പ്രശ്നങ്ങള്‍ ഒന്നുമില്ലാതെ പോകുന്നതിനിടയിലാണു ഗോപിയുടെ നാടകട്രൂപ്പ് അക്കൊല്ലത്തെ പുതിയ നാടകമായി 'രാമായണം'അവതരിപ്പിക്കാന്‍ തീരുമാനിച്ചത്.
'കലാനിലയ'ത്തെ വെല്ലുന്ന രീതിയിലാണു ഇടപ്പള്ളി ട്രൂപ്പ് 'രാമായണത്തെ' രംഗത്ത് ഇറക്കിയത്.ഇഫക്ടുകളുടെ ഒരു പൊടിപൂരം തന്നെ ആയിരുന്നു നാടകം.ശബ്ദത്തിന്റേയും വെളിച്ചത്തിന്റേയും കൃത്യമായ മിശ്രണം കൊണ്ടും മേക്കപ്പിന്റെ അപാര സാധ്യതകള്‍ ഉപയോഗിച്ചു കൊണ്ടും അമ്പലപ്പറമ്പുകളെ 'രാമ രാമ'വിളികളാല്‍ മുഖരിതമാക്കിയ ആ നാടകത്തില്‍ ഗോപിക്ക് മേക്കപ്പ് സഹായിയുടെ ജോലി മാത്രമായിരുന്നില്ല.ഹനുമാന്റെ 'ഡ്യൂപ്പ്'ന്റെ വേഷം കൂടി ഏറ്റെടുക്കേണ്ടി വന്നു ഗോപിക്ക് .ഒരേയൊരു രംഗത്ത് മാത്രം പ്രത്യക്ഷപ്പെടുന്ന ഡ്യൂപ്പ്.
ലങ്കാ ദഹനം കഴിഞ്ഞ് ഹനുമാന് തിരിച്ച് പറന്ന് രാമന്റെ അടുക്കലേക്ക് വരുന്ന രംഗത്ത് മാത്രം ഗോപി വേദിയില്‍ പ്രത്യക്ഷനായി.പറക്കുന്ന ഹനുമാന് അഥവാ 'ഡ്യൂപ്പ് ഹനുമാന്.'
സ്റ്റേജില്‍ ഉയരത്തില്‍ വലിച്ച് കെട്ടിയ രണ്ടു കയറുകളുടെ മീതെയിട്ട പലകയില്‍ ഗദയും പിടിച്ച് ഇടതു വലതു കാലുകള്‍ മാറി മാറി പൊക്കി കഴുത്ത് ഉയര്‍ത്തി പിടിച്ച് ഡ്യൂപ്പ് ഹനുമാന് കിടക്കണം.കപ്പിയുടെ സഹായത്തോടെ വലിച്ച് നീക്കുന്ന കയര്‍.അതിനൊപ്പം ആകാശത്ത് നീങ്ങുന്ന ഹനുമാന്.കുറച്ച് സെക്കണ്ടുകള്‍ ഈ രംഗം അവതരിപ്പിച്ച ശേഷം ചില ലൈറ്റിന്റെ പൊടിക്കൈകള്‍.അതോടൊപ്പം 'ഡ്യൂപ്പ് ഹനുമാനെ'മറച്ച് കൊണ്ട് ബാക്ക്ഗ്രൗണ്ട് കര്ട്ടന് വീഴുകയും ഒറിജിനല്‍ ഹനുമാന് രംഗത്ത് വരികയും ചെയ്യും.
പല വേദികളിലും ഹര്‍ഷാരവത്തോടെയാണു 'പറക്കും ഹനുമാന്' രംഗത്തെ ജനം സ്വീകരിച്ചത്.
എറണാകുളം ജില്ലയിലെ പറവൂരിനടുത്തുള്ള ഒരു അമ്പലത്തില്‍ ഉത്സവത്തോടനുബന്ധിച്ച് 'രാമായണം'നാടകത്തിനു ബുക്കിംഗ് ലഭിക്കുന്നതോടെയാണു ഗോപിയുടെ ജീവിതത്തില്‍ ഒരു വഴിത്തിരിവ് ഉണ്ടാകുന്നത്.
നാടകം നടക്കേണ്ട ദിവസം തന്റെ ബുള്ളറ്റില്‍ പറവൂര്‍ക്ക് പുറപ്പെട്ട ഗോപി കരുതിയിരിക്കില്ല തനിക്ക് ഒരു 'പേര്' കൂടി ഈ കളിയോടെ ലഭിക്കും എന്ന്.
സാമാന്യം നല്ല ജനക്കൂട്ടമായിരുന്നു പറവൂരില്‍.കഥ രാമായണമായത് കൊണ്ടും വേദി അമ്പലമുറ്റമായത് കൊണ്ടും സാധാരണ മറ്റുള്ള നാടകങ്ങള്‍ നടക്കുമ്പോള്‍ സദസ്സില്‍ നിന്നും ഉയരാറുള്ള കൂക്കിവിളികളോ ബഹളമോ ഒന്നും അവിടെ ഉണ്ടായിരുന്നില്ല.പകരം സ്ത്രീകള്‍ ഭൂരിപക്ഷമായ സദസ്സില്‍ ഒരു ഭക്തിയുടെ അന്തരീക്ഷമായിരുന്നു.വൃദ്ധര്‍ പലരും കൈ കൂപ്പി പിടിച്ചാണു നാടകം കണ്ടുകൊണ്ടിരുന്നത്.
ഹനുമാന് ലങ്ക കത്തിക്കുന്ന രംഗമാണു നടന്ന് കൊണ്ടിരിക്കുന്നത്.വാലില്‍ തീയുമായി ഒറിജിനല്‍ ഹനുമാന് സ്റ്റേജില്‍ കിടന്ന് ഓടുന്നു.ലൈറ്റ്,സൗണ്ട് എഫക്ടുകളുടെ പശ്ചാത്തലത്തില്‍ ലങ്ക കത്തുന്ന ബാക്ക് ഗ്രൗണ്ട് കര്ട്ടന്.ഇനിയാണു ഗോപിയുടെ 'ഡ്യൂപ്പ് ആക്ഷന്‍'.ലങ്ക കത്തിച്ചതിനു ശേഷം ആകാശത്തേക്ക് ചാടുന്ന ആക്ഷന്‍ ഒറിജിനല്‍ ഹനുമാന് കാണിച്ചാല്‍ ഉടനേ സ്റ്റേജില്‍ ലൈറ്റ് അണയും.ബാക്ക്ഗ്രൗണ്ട് കര്ട്ടന് പൊങ്ങും.പുറകില്‍ ഉയരത്തില്‍ പലകയില്‍ പറക്കുന്ന ഹനുമാന്.ഇതേ സമയം ഒറിജിനല്‍ ഹനുമാന് സ്റ്റേജില്‍ നിന്നും ഓടി മാറും.പത്തുപതിനഞ്ച് നിമിഷം മാത്രം നീണ്ട് നില്ക്കുന്ന ഒരു രംഗമാണു ഇനി വരാനുള്ളത്.
ഗോപി ബാക്ക് കര്‍ട്ടനു പുറകില്‍ പലകപ്പുറത്ത് ഗദ പിടിച്ച് കഴുത്തുയര്‍ത്തി കാലു പൊക്കി റെഡിയായി കിടന്നു.കപ്പിയും കയറും നിയന്ത്രിക്കുന്ന ചെക്കനും തയ്യാറായി.
അതാ ഒറിജിനല്‍ ഹനുമാന് ആകാശത്തേക്ക് ചാടി.ലൈറ്റടഞ്ഞു.സെക്കണ്ടുകള്‍ക്ക് ശേഷം സ്റ്റേജില്‍ മങ്ങിയ വെളിച്ചം പരന്നു.അപ്പോള്‍ കാണികള്‍ വിസ്മയം കൊണ്ടു.അകാശത്ത് പറക്കുന്ന ഹനുമാന്.കാണികളുടെ മുന്‍ നിരയിലിരുന്ന കൊച്ചു കുട്ടികള്‍ വാ പൊളിച്ചു.സ്റ്റേജിന്റെ ഒരു ഭാഗത്ത് നിന്ന് നീങ്ങി നീങ്ങി 'പറക്കും ഹനുമാന്'മധ്യഭാഗത്ത് എത്തി.ജനങ്ങള്‍ക്കിപ്പോള്‍ സ്റ്റേജിന്റെ ഒരു ഭാഗത്ത് വിഷമിച്ചിരിക്കുന്ന രാമനേയും കാണാം.സീതയെ കുറിച്ച് വിവരം ഒന്നും ലഭിക്കാതെ വിഷമിച്ചിരിക്കുന്ന രാമന്.
രാമന് സ്റ്റേജില്‍ പ്രത്യക്ഷപ്പെട്ട് രണ്ടുമൂന്ന് സെക്കണ്ടുകള്‍ക്ക് ശേഷം ലൈറ്റ് ഒന്നുകൂടി അണയുകയും പറക്കും ഹനുമാനെ മറച്ചു കൊണ്ട് ബാക്ക്ഗ്രൗണ്ട് കര്ട്ടന് വീഴുകയും വേണം.അതേ സമയം ഒറിജിനല്‍ ഹനുമാന് രംഗത്തെത്തി രാമനെ വന്ദിച്ച് നില്ക്കുന്ന് കാഴ്ച്ച വേണം ലൈറ്റ് വരുമ്പോള്‍ കാണികള്‍ കാണാന്‍.
ഒറിജിനല്‍ ഹനുമാന് രംഗത്തെത്താന്‍ റെഡിയായി നിന്നു.അപ്പോഴാണു കപ്പി വലിക്കുന്ന ചെക്കനു ഒരു സംശയം.കപ്പിക്ക് ഒരു വലിച്ചില് ഉണ്ടോ.സ്മൂത്തായി കറങ്ങുന്നില്ല.പ്രശ്നം പരിഹരിക്കാന്‍ ചെക്കന് കപ്പിയുടെ ഹാന്‍ഡിലില്‍ നിന്നും കൈയ്യെടുത്ത് കയറില്‍ പിടിച്ച് ഒന്ന് കുലുക്കി.ഗോപിയുടെ ഗതികേട് എന്നല്ലാതെ എന്തു പറയാന്‍ കയറിനു മുകളിലിട്ടിരുന്ന പലക ചരിഞ്ഞു.പറക്കും ഹനുമാന് നേരെ രാമന്റെ മുന്പില് നെഞ്ചടിച്ച്,സാഷ്ടാംഗം പ്രണമിച്ച് ലാന്‍ഡു ചെയ്തു.താഴേക്ക് വരുന്നതിനിടയില്‍ ഗോപി കണ്ടത് പതുക്കെ സ്കൂട്ടാകുന്ന കപ്പി കറക്കുന്ന ചെക്കനെയാണു.
ലൈറ്റ് സൗണ്ട് ഓപ്പറേറ്ററുമ്മാരും വേദിയില്‍ കയറാന്‍ തയ്യാറായി നിന്ന ഒറിജിനല്‍ ഹനുമാനും എല്ലാവരും എന്ത് ചെയ്യണം എന്നറിയാതെ അന്തം വിട്ട് നിന്നു.
കാണികള്‍ക്ക് മാത്രം ഒന്നും മനസ്സിലായില്ല.രംഗത്തിന്റെ ഒറിജിനാലിറ്റി അവര്‍ ആസ്വദിച്ചു.
ഇതു പോലത്തെ അനേകം പരീക്ഷണ ഘട്ടങ്ങള്‍ കണ്ടിട്ടുള്ളത് കൊണ്ടാണോ അതോ നാടകത്തിന്റെ 'ടെമ്പോ' കളയണ്ട എന്ന് കരുതിയാണോ എന്നറിയില്ല മുന്പില് കിടന്ന് ഞരങ്ങുന്ന ഹനുമാനോട് രാമന് ചോദിച്ചു.
'അല്ലയോ ഹനുമാനേ,ഭവാന് എന്റെ സീതാദേവിയെ കണ്ടുവോ'
ഞരങ്ങി കൊണ്ടിരുന്ന ഹനുമാന് ഉത്തരം പറഞ്ഞത് അലറിക്കൊണ്ടാണു.
'ഞാനൊരു മറ്റവളേം കണ്ടില്ല.പക്ഷേങ്കി,ഇനിയാ കപ്പീം കയറും പിടിച്ചവനെ കണ്ടാല്‍ തല്ലിക്കൊന്ന് ഞാന്‍ പാടത്ത് താത്തും'.
സദസ്സിനു പുറം തിരിഞ്ഞ് ഇരുന്നിരുന്ന രാമന് പുറകില്‍ ഒരു ആരവം കേട്ട് തിരിഞ്ഞു നോക്കി.പിന്നെ നാടകത്തിന്റെ 'ടെമ്പോ'യെ കുറിച്ച് ചിന്തിക്കാതെ തടി രക്ഷിക്കാന്‍ നാടക ട്രൂപ്പിന്റെ 'ടെമ്പൊ വാന്‍' ഏത് ഭാഗത്ത് ആണെന്ന് മാത്രം ചിന്തിച്ച് സ്റ്റേജില്‍ നിന്നും ചാടിയോടി.
അന്നുമുതലാണു ഗോപി ഹനുമാന് ഗോപിയായത്.
Subscribe to:
Post Comments (Atom)
11 comments:
പല നാട്ടില്‍ പല രീതിയില്‍ പ്രചരിച്ചിരുന്ന ഒരു വീഴ്ചയുടെ കഥ ഗോപിയുടെ തലയില്‍ ശത്രുക്കള്‍ കെട്ടി വെച്ചതാണെന്ന് ഒരു വിഭാഗം ആളുകള്‍ പറഞ്ഞ് കേള്‍ക്കുന്നു.എങ്ങനെ ആയാലും ശരി ഇതിവിടെ കിടക്കട്ടെ.
ഹിഹി ഹനുമാന് പറഞ്ഞ ഡയലോഗ് എനിക്കിഷ്ടമായി.
സാന്ഡോസേ,
ഹനുമാന് ഗോപിയും ഇഷ്ടപ്പെട്ടു.
ഇതേ പോലെയൊരു കഥ ഈ വടക്കേ ഇന്‍ഡ്യയില്‍ കേട്ടിട്ടുണ്ടു്. അതിങ്ങനെ ആണു്. രാമലീല നടക്കുന്നു. മുകളിലിരുന്ന ഹനുമാന് കയര്‍ പൊട്ടി തറയില്‍ ശ്രീരാമന്റെ മുന്നില്‍ കമന്നു വീഴുന്നു.രാമന് ചോദിക്കുന്നു.ഹനുമന്‍, സീതയെ നീ കണ്ടോ?.
ഹനുമാന് ചാടി എണീറ്റു ചോദിക്കുന്നു.”പഹലെ ഏ ബതാവോ സാലേ, റസ്സി കിസ്നെ കാട്ടാ”. അതായതു്, ശ്രീരാമോ..@#$%, ആദ്യം നീ ഇതിനുത്തരം പറ, കയറാരാണു് കണ്ടിച്ചതു്.
“ബൈക്ക് സ്റ്റാന്‍ഡില്‍ വയ്ക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ മറിഞ്ഞ് വീണു,അതിന്റെ അടിയില്‍ പെട്ട് യുവാവ് മരിച്ചു!“
“ഗോപിക്കുട്ടന്റെ ബുള്ളറ്റ്” എനിക്ക് ക്ഷ പിടിച്ചു. പക്ഷെ, ഹനുമാന് സംഭവം മലയാളം വെര്‍ഷനും ഹിന്ദി വെര്‍ഷനും (സാക്ഷി വഴി)മുന്‍പ് കേട്ടിരുന്നതുകൊണ്ട്, അങ്ങട് ആസ്വദിച്ച് വായിക്കാന്‍ പറ്റിയില്ല. എങ്കിലും വിവരണം ഗംഭീരായിട്ടുണ്ട്.
സ്റ്റേജില്‍ കയറി തെറി പറയഞ്ഞ സംഭവം ഒത്തിരിയുണ്ട്:
ഒന്ന്:
നാടകം. കൂട്ടത്തിലൊരുത്തന്റെ മീശ പറിഞ്ഞു ഞാന്നു കിടക്കുന്നത് കണ്ട ഭടന്മാരില് ഒരുവന് പതുക്കെ:
“ഡാ.. മീശാ.മീശാ..”
കാര്യം ക്ലിയറാവാതെ മറ്റേ ഭടന് “എന്ത്?” എന്ന് ആക്ഷനിടുന്നു.
“നിന്റെ മീശാ.മീശാ..”
അപ്പോഴും ക്ലിയറാവുന്നില്ല. ദേഷ്യത്തോടെ
“എന്താന്ന്??”
“ഡേഷേ (മ) നിന്റെ മീശ പറഞ്ഞ് പോണ് ന്ന്”
ആ പ്റഞ്ഞത് ഭടന് ക്ലിയറായി കേട്ടു. മൈക്കിനടുത്തായതുകൊണ്ട് കാണികള്‍ മൊത്തവും.
(അല്ലെങ്കിലും പറയുന്നത് കേള്‍ക്കാതെ വന്നാല്‍ വാചകത്തില്‍ ഒരു തെറി ഫിറ്റ് ചെയ്താല്‍ പിന്നെ കേള്‍ക്കാതെ വരില്ല എന്നാണല്ലോ)
ഹനുമാന് ഗോപി നന്നായി,എന്നിട്ട് ആ കപ്പിത്താനെ കിട്ടിയോ
സാന്ഡോസേ,
ഹനുമാന് ഗോപി നന്നായി.
വിശാലേട്ടന് പറഞ്ഞത് പോലെ സ്റ്റേജില്‍ നിന്ന് തെറി പറഞ്ഞിട്ടുണ്ട് ഒരിക്കല്‍. ഞാനും എന്റെ ഒരു സഹപാഠിയും കൂടി എഴുതി സവിധാനം ചെയ്ത ‘മാവേലി ഇനി വരില്ല’ എന്ന ഓണനാടകത്തില് ഞാന്‍ മാവേലിയായി തകര്‍ത്തഭിനയിക്കുന്നു. എന്റെ ഒരു കലക്ക്ന് ഡയലോഗ് വരാന്‍ പോകുന്നു. റിഹേഴ്സല്‍ കണ്ടിട്ടുള്ള കൂട്ടുകാര്‍ കൈയ്യടിക്കാന്‍ തയ്യാറായി നില്ക്കുന്നു.
ഭടന് വന്ന് “പ്രഭോ,അങ്ങ് ഇനിയും വരാത്തതിന്റെ കാരണങ്ങള്‍ അബദ്ധജടിലമാണോ എന്ന് അടിയന് സംശയിക്കുന്നു” എന്ന് പറയണം. അബദ്ധജടിലം എന്ന വാക്കിനൊപ്പം അവന് ആ ഡയലോഗ് മൊത്തം വിഴുങ്ങി. സങ്കടവും ദേഷയ്വും കാരണം മൈക്ക് പൊത്തിപ്പിടിച്ച ഞാന്‍ വായുവില്‍ തൂങ്ങിയാടുന്ന മൈക്കിനെ മറന്നു. ഞാന്‍ പതുക്കെ ദേഷയ്ത്തില്“അബദ്ധജടിലം എന്ന് പറയഡാ #$@%“ എന്ന് പറഞ്ഞത് എന്റെ നാടകം കാണാന്‍ വന്നിരുന്ന അമ്മമ്മയടക്കം എല്ലാരും കേട്ടു. ശേഷം ചിന്ത്യം. :-(
ഹനുമാന് ചാടി എണീറ്റു ചോദിക്കുന്നു.”പഹലെ ഏ ബതാവോ സാലേ, റസ്സി കിസ്നെ കാട്ടാ”
ഹ ഹ ഹ ഹ
വേണുജീയുടെ കമന്റ് വായിച്ചിട്ടാണെനിക്ക് ചിരി നില്‍ക്കാത്തത്...
സത്യം, എന്റെ ചിരി ഇപ്പൊഴും നിന്നിട്ടില്ല.
*
സാന്‍ഡോസ്, പോസ്റ്റ് രസകരമായിട്ടുണ്ട്. മെലിഞ്ഞുകുറുകിയൊരു പയ്യന് ഒരു ബുള്ളറ്റിന്റെ മുകളില്‍ യാത്ര ചെയ്യുന്നതുകണ്ടിട്ട്, എന്റെയൊരു കൂട്ടുകാരന് അറിയാതെ പറഞ്ഞുപോയി : ഇവന് എങ്ങനെ ഇതിന്റെ മുകളില്‍ വലിഞ്ഞ് കേറിയെടാ...ന്ന്
ഹനുമാന്റെ ഡയലോഗ് വായിച്ചപ്പോള്‍ അറിയാതെ മുഖത്തൊരു പുഞ്ചിരി വന്നു. അതു കണ്ട് വന്ന അക്കൌണ്ടന്റ് സര്‍ദാര്‍ജി ചോദിക്കുവാ.. ഗേള്ഫ്രണ്ടാണോന്ന്. ബ്ലോഗ് വായിച്ചു ചിരിച്ചതാണെന്ന് പറയാന്‍ പറ്റാത്തതു കൊണ്ട് മൌനം സമ്മതമാക്കേണ്ടി വന്നു. പുറകിലിരുന്ന പെണ്‍കൊച്ചത് കാണുകേം ചെയ്തു
ഓരോരോ പാരകള്‍ വരുന്ന വഴിയേ :-(
കാല് നേരെയായോ
സു-ഇഷ്ടമായെങ്കില്‍ എനിക്ക് സന്തോഷവുമായി.
വേണു-നിങ്ങളില്‍ പലരും ഇത് കേട്ട് കാണുമെന്ന് ഊഹിച്ചു.അതാണു മുന്‍ കൂര് ജാമ്യം എടുത്തത്.
വിശാലന്-സ്വാഗതം
ഈ കഥ പുലികളാരെങ്കിലും മുന്‍പ് പോസ്റ്റിയിട്ടുണ്ടോ എന്ന് എന്നാലാവും വിധം ഞാന്‍ പഴയ ഗര്ജ്ജനങ്ങളെല്ലാം പരിശോധിച്ചു.ചളമാക്കരുതല്ലോ.[ഇതില്‍ കൂടുതല്‍ എന്ത് ചളമാവാന് അല്ലേ]
വിവരണം ഇഷ്ടമായി എന്നറിയിച്ചതില് സന്തോഷം.
വല്യമ്മായി-കപ്പി കറക്കുന്നവന്‍ കപ്പിത്താന്.അത് കലക്കി.അവനെ കിട്ടിയോ എന്നറിയില്ല.
എന്തായാലും ഗോപി ഇപ്പോള്‍ സിനിമാ രംഗത്താണു.
ദില്‍ബാ-ചിരിക്കാതെ എന്തു ചെയ്യും.അതിനു ശേഷം വീട്ടുകാരുടെ അബദ്ധജടിലന് പ്രയോഗങ്ങള്‍ വല്ലതും ഉണ്ടായോ.
ദിവാ- സ്വാഗതം
ബുള്ളറ്റ് പലരുടേയും സ്വപ്നം തന്നെയാണു.ഏതൊക്കെ പുതിയ വണ്ടികള്‍ വന്നാലും ഇവന്റെ തലയെടുപ്പ് ഒന്ന് വേറെ തന്നെയാണു.
സിജു-
ഈ ബൈക്കുകള്‍ക്ക് ഒരു കുഴപ്പമുണ്ട്,ബ്രേക്ക് ചവുട്ടിയാലെ നില്ക്കൂ.അല്ലെങ്കില്‍ ഇടിക്കണം.
ഇടപ്പള്ളി റയില്‍ വേ ഗേറ്റ് അടച്ച് ഇട്ടിരുന്നത് ഞാന്‍ കണ്ടെങ്കിലും എന്റെ വണ്ടി കണ്ടില്ല.ബ്ലോക്കില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന്റെ പുറകിലേക്ക് അവന് ഓടിക്കയറി.കാലില്‍ ചെറിയ ഉളുക്ക്,ചതവ്,രണ്ട് കുത്തിക്കെട്ട് ഇതിലൊതുങ്ങി സംഭവം.
sandoz, njanoru nishabtha vayanakkarananu ethuvarem. hanuman katha vaayichu chirichu mannu kappi. very good presentation.
ഹാ ഹാ ഹാാ.സൂപ്പർ!!ചിരിപ്പിച്ചു.
Post a Comment