'വരുന്നോ,എന്നോടൊത്ത്'.തിര ചോദിച്ചു.
'ഇല്ല.ഞാന്‍ വരുന്നില്ല'.മണല്‍ തരി കിലുങ്ങി.
'എന്തേ വരാതിരിക്കാന്‍ കാരണമെന്തേ.ഈ രാത്രിയില്‍ നീ ആരെ കാത്തിരിക്കുന്നു.'
'ഞാന്‍ ആരേയും കാത്തിരിക്കുന്നില്ല. എനിക്കിവിടമാണിഷ്ടം.ഈ തണുപ്പില്‍ ,നക്ഷത്രങ്ങളെ നോക്കി,കൂട്ടിയുരുമ്മി കളിപറഞ്ഞ് പോകുന്ന മേഘങ്ങളെ നോക്കി ഇങ്ങനെ കിടക്കാന്‍.'
'എന്നോടൊത്ത് വന്നാലും നിനക്ക് ആകാശം കാണാം,നക്ഷത്രങ്ങളെ കാണാം.തണുപ്പും ആസ്വദിക്കാം.പിന്നെന്തേ ഈ ഏകാന്തതയില്‍,എന്റെ ചങ്ങാത്തം നിനക്ക് ഒട്ടും മുഷിയില്ലാ.'
'വേണ്ട എനിക്കെന്റെ സ്വാതന്ത്ര്യം നഷ്ടപ്പെടും.തോന്നുമ്പോള്‍ ചെറുകാറ്റിനോടൊത്ത് തുള്ളികളിക്കാന്‍ എനിക്കാവില്ല.കാറ്റിനെ മടുക്കുമ്പോള്‍ ആകാശം നോക്കി വെറുതേ കിടക്കാന്‍ നിന്നോടൊപ്പം വന്നാല്‍ എനിക്കാവില്ല.നിന്റെ ചങ്ങാത്തം എനിക്കൊരു ചങ്ങലയാകും.നിന്റെ ഗതിക്കനുസരിച്ച്, രൗദ്ര ശാന്ത ഭാവങ്ങളോടൊത്ത് കീഴ് മേല്‍ മറിയാന്‍ എനിക്കാവില്ല.'
'അപ്പോള്‍ നിനക്ക് എന്നെ ഭയമാണല്ലേ.നീ കരുതുന്നത് പോലെയുള്ള അവസ്ഥയല്ല എനിക്കിപ്പോള്‍.ഞാന്‍ ഇപ്പോള്‍ ശാന്തനാണു.ഈ കാലവസ്ഥ എനിക്ക് മനസുഖത്തിന്റേതാണു.ബോധം നഷ്ടപ്പെട്ട് കുലംകുത്തി കയറി,ആകാശം മുട്ടെ അലകളുയര്‍ത്തി ഞാന്‍ ഇപ്പോള്‍ ഒന്നും സ്വന്തമാക്കാറില്ല.അല്ലെങ്കില്‍ നിന്നോട് എനിക്ക് വരുന്നോ എന്ന് ചോദിക്കേണ്ട കാര്യമില്ല.എന്താണു സംഭവിക്കുന്നത് എന്ന് മനസ്സിലാകുന്നതിനു മുന്‍പെ നീ എന്റെ കൈക്കുള്ളില്‍ ഒതുങ്ങിയേനേ.'
'അതേ,ഈ ഭീഷണ സ്വരം തന്നെയാണു നിന്നോട് അകന്ന് നില്‍ക്കാന്‍ എന്നെ പ്രേരിപ്പിക്കുന്നത്.ഈ ഒരു ചിന്താഗതി മനസ്സില്‍ ഉള്ള കാലത്തോളം നിന്നെ ഞാന്‍ വിശ്വസിക്കില്ല.കാരണം നീ എപ്പോള്‍ വേണമെങ്കിലും ഭാവം മാറാം,അലറിയടുക്കാം.നിന്നോടൊത്ത് വരുന്ന എന്നെ ആകാശത്തോളം ഉയര്‍ത്തി തല ചുറ്റിക്കാം.നിന്റെ ഉള്ളിലേക്ക് വലിച്ച് എന്നെ ശ്വാസം മുട്ടിക്കാം.എന്റെ അന്നനാളങ്ങളില്‍ ഉപ്പ് രസം പടര്‍ത്താം.എന്നിട്ട് നിനക്ക് പൊട്ടിച്ചിരിക്കാം. അവസാനം കലിയടങ്ങുമ്പോള്‍ വിജയീഭാവത്തില്‍ എന്നെ കരയിലേക്ക് വലിച്ചെറിയാം.എന്നിട്ട് നിന്റെ സുഹൃത്തുക്കളോട് നിനക്ക് വീര്യം പറയാം.ഊഴമൂഴമായി വരുന്ന അവരെ കൊണ്ട് നിനക്ക് എന്നെ പരിഹസിപ്പിക്കാം.
എന്റെ ചങ്ങാതീ എനിക്ക് നിന്നെ ഭയമാണു.അതിനേക്കാളുപരി വിശ്വാസമില്ലായ്മയാണു എന്റെ പ്രശ്നം.'
'നിന്റെ വിശ്വാസങ്ങള്‍ക്കപ്പുറം ഞാന്‍ വളരെ മാറി പോയീ, ചങ്ങാതീ.ഇന്ന് ഞാന്‍ സ്വസ്ഥ ജീവിതം നയിക്കാന്‍ ആഗ്രഹിക്കുന്നു.പക്ഷേ അസ്വസ്തത എന്നെ നിരന്തരം വേട്ടയാടുന്നു.കാലവസ്ഥ എന്ന ചട്ടക്കൂടിന്റെ കരാളഹസ്തങ്ങളിലാണു ഞാന്‍.അവന്റെ കീഴില്‍ എനിക്ക് എന്റെ സ്വത്വമില്ല.ഞാന്‍ ഒരു ഉപകരണം മാത്രം.അതാണു എന്റെ അസ്വസ്തതയും.നീ കരുതുന്നത് പോലെ എനിക്ക് ഭീഷണിയുടെ സ്വരമില്ല.ആ സ്വരം എന്റെ അബോധാവസ്ഥയുടെ സ്വരമാണു.പേ നായയുടെ അവസ്ഥ.സുഹൃത്തുക്കളെ,ഉറ്റവരെ,എന്നെ ആശ്രയിക്കുന്നവരെ തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥ. ഒരു നല്ല സുഹൃത്ത് ബന്ധം ഞാന്‍ ആഗ്രഹിക്കുന്നു.എന്നെ അറിയുന്ന എന്നോടൊത്ത് ചേര്‍ന്ന് നില്‍ക്കുന്ന ഒരു സുഹൃത്തിനെ.അങ്ങനെ സ്വസ്തനാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.'
'ശരി ചങ്ങാതീ.ഞാന്‍ നിന്നോടൊപ്പം വരാം.ഭയം മാറിയത് കൊണ്ടല്ല.മറിച്ച് നിന്റെയീ അവസ്ഥയില്‍ നിനക്ക് ഞാന്‍ സ്വാന്ത്വനമാകുമെങ്കില്‍,എന്റെ സാമീപ്യം നിനക്ക് സന്തോഷം ഏകുന്നുവെങ്കില്‍ ഞാന്‍ നിന്നോടൊത്ത് വരാം.'
അങ്ങനെ അവര്‍ യാത്ര തുടങ്ങി.പതയും നുരയുമായി തീരത്ത് നിന്ന് തിരിച്ചിറങ്ങിയ തിരയുടെ കൂടെ മണല്‍ തരിയും യാത്രക്കിറങ്ങി.
തീരമണയാന്‍ വരുന്ന മറ്റു തിരകള്‍ക്ക് ഒഴിഞ്ഞ് കൊടുക്കാതെ തിര തലയുയര്‍ത്തി പിടിച്ച് തന്നെ തിരിച്ച് പോക്ക് ആരംഭിച്ചു.
ഒപ്പം,തന്നെ മനസ്സിലാക്കുന്ന,തന്റെ എല്ലാ ഭാവങ്ങളും നിത്യവും കാണുന്ന ഒരു സുഹൃത്ത് ഉണ്ട് എന്ന വിചാരം അവനെ കൂടുതല്‍ പുളകിതനാക്കി.
തന്റെ ഭാവപ്രകടനം അവസാനിപ്പിക്കേണ്ട തീരക്കടലില്‍ നിന്നും വളരെ അകന്ന് പോയിട്ടും പതകളുയര്‍ത്തി അലകളുയര്‍ത്തി ഒരു തിരയായ് തന്നെ അവന്‍ ഉള്‍ക്കടലിലേക്ക് അടുത്തു.
Subscribe to:
Post Comments (Atom)
7 comments:
ഞാനൊന്ന് തൊഴുത്ത് മാറി കിടന്ന് നോക്കട്ടെ.[ആധുനികന്‍ ആകാന്‍ വേണ്ടി കഞ്ചാവടിച്ചോണ്ട് എഴുതിയതൊന്നുമല്ലാ]
തൊഴുത്തുമാറിയതു നന്നായി. ചവിട്ടുകൊള്ളാത് നോക്കണേ.
സുനാമിയുടെ രണ്ടാം ഭാഗമാണോ?
വീണ്ടും ഒരു തേങ്ങ. ‘ഠേ........’
-സുല്‍
എനിക്ക് ഈ കഥ ഇഷ്ടമായി.
തേങ്ങ ഞാന്‍ എടുത്തു.
സന്‍ഡോസ്സേ, കഥയും ആഖ്യാന രീതിയുമിഷ്ടപ്പെട്ടു.
എന്തോ എനിക്കു് മറ്റേ തൊഴുത്താണൊത്തിരിയിഷ്ടം.
ആദ്യായിട്ടാ ഇവിടെ. വായിച്ചു ഇഷ്ടായി. തേങ്ങ ഔട്ട് ഓഫ് ഫാഷനായീന്നൊരു തോന്നല്‍.
ദാ ഈ അടക്ക വെച്ചോളൂ.
ഞാനും കുറുമാന്റെ പോലെ ആദ്യായിട്ടാ.....
-ഇവിടെ!
അടക്കക്കൊപ്പം ഇതാ എന്റെ വെറ്റിലയും.
സുല്‍- ക്രിസ്തുമസ്,പുതുവത്സര കലാപരിപാടികളില്‍ ഏര്‍പ്പെട്ടിരിക്കുന്നത് കൊണ്ട് ചവിട്ട് കിട്ടിയാലും അറിയാന്‍ തരമില്ല.
വീണ്ടും വന്ന് തേങ്ങ ഉടച്ചതിനു നന്ദി.
സു-ഒരു ചമ്മലോടെയാണു ഇത് പോസ്റ്റ് ചെയ്തത്.ഇപ്പോള്‍ ആ ചമ്മല്‍ മാറി.ഒരു മൂന്നാഴ്ചത്തെ ഇടവേളക്ക് ശേഷമാണു ഞാന്‍ സിസ്റ്റത്തിന്റെ മുന്‍പില്‍ ഇരുന്നത്.നന്ദി.
വേണു-പണി ഇഷ്ടായി എന്നറിയുന്നതില്‍ സന്തോഷം.ഇപ്പോള്‍ ഒരു കാര്യം മനസ്സിലായി,ഏത് തൊഴുത്തായാലും കാര്യം നടന്നാ മതി..ഏത്.നന്ദി
ഹായ് കുറുമനുഷ്യന്‍-സ്വാഗതം.
അടയ്ക്ക് മാത്രമേ ഉള്ളോ.വര്‍ഷാവസനമാണു,ചിലവുണ്ട്.ഒരു പൈയ്ന്റിന്റെ കാശെങ്കിലും...നന്ദി.
ഹായ് കൈതമുള്ള്-സ്വാഗതം.
വെറ്റിലയ്ക്ക് നന്ദി.അപ്പോള്‍ തേങ്ങ,അടയ്ക,വെറ്റില- ഞാന്‍ ഒരു ചന്തയാണെന്ന് ഇങ്ങനെ മുഖത്ത് നോക്കി പറയണ്ടായിരുന്നു.
Post a Comment