Thursday, October 26, 2006

മുതലും സൈസും

പള്ളിയില്‍ വിളിച്ചത്‌ വിന്‍സെന്റ്‌, പക്ഷെ നാട്ടുകാര്‍ വിളിക്കുന്നത്‌ പിച്ചാണ്ടി.
വയസ്സ്‌-42[ഉറപ്പില്ല]
വിവാഹം-കഴിച്ചിട്ടില്ല[ഭാഗ്യം]
തൊഴില്‍-ഇറച്ചിവെട്ട്‌
പൊക്കം-ഏഴടി[ഉറപ്പ്‌]
ആരോഗ്യം-നാലഞ്ച്‌ പേര്‍ ചേര്‍ന്ന് പിടിച്ചാലൊന്നും നില്‍ക്കുകയില്ല.
വിദ്യാഭ്യാസം-വീട്‌ സ്കൂളിന്റെ അടുത്തായത്‌ കൊണ്ട്‌ മഴയുള്ള രാത്രികളില്‍ വീട്‌ ചോരുമ്പോള്‍ സ്കൂളില്‍ കയറി കിടന്നിട്ടുണ്ട്‌.
ബുദ്ധി-താന്‍ വെട്ടുന്ന മൃഗങ്ങളുടേതുമായി താരതമ്യം ചെയ്ത്‌ നോക്കിയെന്ന് ആ മൃഗങ്ങള്‍ അറിഞ്ഞാല്‍ ദൈവത്താണേ....അറിയാവുന്ന ഭാഷയില്‍ അവറ്റ തെറി വിളിക്കും.
സ്വഭാവം-ഷാപ്പുകളില്‍ ഇറച്ചി വില്‍പ്പന ഉണ്ടെങ്കിലും കള്ള്‌ ഇഷ്ടമല്ല.പകരം സര്‍ക്കാര്‍, കളര്‍ ചേര്‍ത്ത്‌ വിദേശമദ്യം എന്ന പേരില്‍ കുറഞ്ഞ വിലയ്ക്ക്‌ വില്‍ക്കുന്ന ചാരായം കുടിക്കും.
കുടിച്ച്‌ കഴിഞ്ഞാല്‍ എല്ലാ ഭാഷയിലുമുള്ളത്‌ പോലെ മലയാള ഭാഷയിലുമുള്ള തനതായ നാടന്‍ പദാവലികള്‍ ഉപയോഗിച്ച്‌ നാട്ടുകാരെ അഭിസംബോധന ചെയ്യും.തിരിച്ച്‌ വല്ലതും പറയുന്നവരുടെ ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായുള്ള എല്ലാ ബന്ധുജനങ്ങളേയും പ്രത്യേകം അടിവരയിട്ട്‌ പറഞ്ഞ്‌ അവരുടെ വിശേഷം തിരക്കും.
പേടി-പോലീസിനെ മാത്രം.[കാക്കിയണിഞ്ഞ അപരിചിതരെ കണ്ടാല്‍ പുള്ളി ഒന്ന് പരുങ്ങും.ഇനി പോലീസോ മറ്റോ ആണോ.]
പുതിയതായി വന്ന പോസ്റ്റുമാന്‍ പടി കടന്ന് വരുന്നത്‌ കണ്ട്‌ ഓടിയ പിച്ചാണ്ടി രണ്ട്‌ ദിവസം കഴിഞ്ഞാണു നാട്ടില്‍ തിരിച്ചെത്തിയത്‌.വന്നത്‌ പോലീസല്ലെന്നും കാക്കിയണിഞ്ഞ പുതിയ പോസ്റ്റുമാന്‍ ആണെന്നും അറിഞ്ഞ പിച്ചാണ്ടി,പിന്നീട്‌ ആ പാവപ്പെട്ടവനെ കണ്ടുമുട്ടിയ രംഗം ആ മനുഷ്യനൊഴിച്ച്‌ ബാക്കിയെല്ലാവര്‍ക്കും രസിച്ച ഒരു സംഭവം ആയിരുന്നു.പിന്നീട്‌ കാക്കിയൂണിഫോം എന്ന് കേട്ടാല്‍ പോസ്റ്റുമാനും ഞെട്ടാന്‍ തുടങ്ങി.തന്റെ നാലുതലമുറ മുന്‍പ്‌ ജീവിച്ചിരുന്ന ബന്ധുജനങ്ങളെ വരെ ആ തെരുവില്‍ വച്ച്‌ പരിചയപ്പെടാന്‍ കഴിഞ്ഞത്‌ ജീവിതത്തിലെ ഒരു അസുലഭ നിമിഷമായി അയാള്‍ ഇന്നും ഓര്‍ക്കുന്നു.
സിനിമ-മോഹന്‍ലാല്‍,രജനീകാന്ത്‌ എന്നീ നടന്മാര്‍ പിച്ചാണ്ടിയുടെ ജീവിതത്തില്‍ അപ്പനുമമ്മയേക്കാള്‍ വേണ്ടപ്പെട്ടവരാകുന്നു.ലാലിന്റെ 'രാജാവിന്റെമകന്‍' പിച്ചാണ്ടി എത്ര പ്രാവശ്യം കണ്ടുവെന്ന് കണക്കെടുക്കാന്‍ പുറപ്പെട്ടവര്‍ക്ക്‌ ,കയ്യിലും കാലിലും കൂടി ഇരുപത്‌ വിരലുകള്‍ മാത്രം മനുഷ്യനുള്ളത്‌ ഒരു പോരായ്മയായി അനുഭവപ്പെട്ടു.താന്‍ എത്ര പ്രാവശ്യം ആ സിനിമ കണ്ടുവെന്ന് എണ്ണുന്നതിനു തന്റെ സുഹൃത്ത്‌ ഡേവിസിന്റെ വിരലുകളും പിച്ചാണ്ടി പ്രയോജനപ്പെടുത്തിയെങ്കിലും അപ്രതീക്ഷിതമായി ഗള്‍ഫില്‍ ജോലി കിട്ടി ഡേവിസ്‌ പോയപ്പോള്‍ കണക്ക്‌ മുഴുവന്‍ തെറ്റുകയായിരുന്നു.
രജനിയുടെ'അണ്ണാമല'പിച്ചാണ്ടിയുടെ ഫേവറിറ്റ്‌ ലിസ്റ്റില്‍ പെടും.ഉത്സവം,പള്ളിപെരുന്നാള്‍ തുടങ്ങിയ വേളകളില്‍ നടക്കാറുള്ള ഗാനമേളകളില്‍ 'അണ്ണാമല അണ്ണാമല'എന്ന ഹിറ്റ്‌ ഗാനം പാടിയില്ലെങ്കില്‍ പിച്ചാണ്ടിയുടെ പദാവലി പ്രയോഗം ഗാനമേളക്കാരും കമ്മിറ്റിക്കാരും കേള്‍ക്കാനെത്തുന്ന നാട്ടുകാരും സഹിക്കേണ്ടി വരാറുണ്ട്‌.അത്‌ കാരണം ഗാനമേള ബുക്ക്‌ ചെയ്യുമ്പോള്‍ തന്നെ കമ്മിറ്റിക്കാര്‍ 'അണ്ണാമല'പാട്ട്‌ പാടാറുണ്ടോ എന്ന് അവരോട്‌ അന്വേഷിക്കാറുണ്ട്‌.
ഭക്ഷണം-താന്‍ വെട്ടുന്ന മൃഗങ്ങളുടെ ഇറച്ചി പിച്ചാണ്ടി ഒരിക്കലും കഴിക്കാറില്ല.താറാവാണു പുള്ളീടെ ഫേവറിറ്റ്‌ മെനു.അഞ്ച്‌ താറാവിനെ വരെ ഒരു നേരം വിഴുങ്ങാന്‍ പിച്ചാണ്ടിക്ക്‌ ഒരു മടിയുമില്ല.പിന്നെ മുട്ട.അത്‌ കോഴി,താറാവ്‌ കാട അങ്ങനെ ഏത്‌ മുട്ട എന്ത്‌ മുട്ട എന്നൊന്നുമില്ല,ഏത്‌ മുട്ടയും തട്ടും.മുട്ട പുഴുങ്ങിയത്‌, വാട്ടിയത്‌,പൊരിച്ചത്‌ ബുള്‍സൈ,പച്ചയ്ക്ക്‌ അങ്ങനെ ഏത്‌ രീതിയിലും മുട്ട അകത്തേക്ക്‌ പോകും.
വൃത്തി-അലക്കും കുളിയും ആഴ്ചയില്‍ ഒരിക്കല്‍.ഞായറാഴ്ച്‌ രാവിലത്തെ ബിസിനസ്സ്‌ കഴിഞ്ഞാല്‍ അലക്കാനുള്ള തുണിയും എടുത്ത്‌ ഒരു പോക്കാണു പുഴക്കടവിലേക്ക്‌.വര്‍ഷങ്ങളായി ഇതറിയാവുന്ന നാട്ടുകാര്‍ ഞായറാഴ്ച്‌ പുഴക്കടവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഉപേക്ഷിക്കാറാണു പതിവ്‌.
ഭക്തി-അമ്മച്ചിയുടെ ഒക്കത്തിരുന്ന് പള്ളിയില്‍ പോയിട്ടുണ്ട്‌.പിന്നെ ഒതുക്കത്തിലിരുന്ന് വെള്ളമടിക്കാന്‍ പള്ളിയോട്‌ ചേര്‍ന്നുള്ള സിമിത്തേരിയില്‍ ഏകാന്തത അന്വേഷിച്ച്‌ പോകാറുണ്ട്‌.പക്ഷെ വെള്ളം അകത്ത്‌ ചെന്നാല്‍ അടക്കവും ഒതുക്കവുമൊക്കെ പോകും.ചത്ത്‌ മണ്ണായി കിടക്കുന്ന പുണ്യാത്മാക്കളെ വരെ വിളിച്ച്‌ എഴുന്നേല്‍പിച്ച്‌ തെറി പറയും.സിമിത്തേരിയില്‍ നിന്ന് രാത്രിയില്‍ സ്ഥിരം അട്ടഹാസവും അലര്‍ച്ചയുമായപ്പോള്‍ നാട്ടുകാര്‍ പള്ളീലച്ചനോട്‌ പരാതി പറഞ്ഞു.ഉപദേശിക്കാന്‍ പിച്ചാണ്ടിയെക്കാണാന്‍ ചെന്ന അച്ചന്‍ പിന്നീട്‌ ഒരാഴ്ച പനിപിടിച്ച്‌ ആശുപത്രിയില്‍ കിടന്നു.അഞ്ച്‌ കുപ്പി ഗ്ലൂക്കോസാണു അച്ചന്റെ ശരീരത്തില്‍ കയറ്റിയത്‌.അമ്മാതിരി ഡീഹൈഡ്രേഷന്‍ ഉണ്ടാക്കുന്ന തെറിയാണു പിച്ചാണ്ടി അച്ചനെ പറഞ്ഞത്‌.

സുഹ്രുത്തുക്കളെ,
ഞാന്‍ ഒരു വ്യക്തിയുടെ ബയോഡാറ്റ എന്നാലാവും വിധം ഇവിടെ കുറിച്ചിട്ടുണ്ട്‌.എന്തിനാണെന്ന് പറഞ്ഞാല്‍ പുള്ളിക്ക്‌ ഇപ്പോള്‍ ഒരാശ.കല്യാണം കഴിക്കണമെന്ന്.പറ്റിയ പെണ്‍കുട്ടികള്‍ വല്ലതും നിങ്ങളുടെ അറിവിലുണ്ടെങ്കില്‍ അറിയിക്കണമെന്ന് അപേക്ഷ.
ഏത്‌ 'സൈസും' സ്വീകാര്യം.കാരണം ഞങ്ങളുടെ പിച്ചാണ്ടി ഒരു 'മുതല്‍' ആണു. മുതലും സൈസും ചേര്‍ന്ന് സുഖമായി ജീവിക്കട്ടെ.സഹകരിക്കുമല്ലോ.

8 comments:

sandoz said...

ശ്രദ്ധിക്കൂ ശ്രദ്ധിക്കൂ ഗോപേട്ടന്‍

സുല്‍ |Sul said...

ഉപദേശിക്കാന്‍ പിച്ചാണ്ടിയെക്കാണാന്‍ ചെന്ന അച്ചന്‍ പിന്നീട്‌ ഒരാഴ്ച പനിപിടിച്ച്‌ ആശുപത്രിയില്‍ കിടന്നു.അഞ്ച്‌ കുപ്പി ഗ്ലൂക്കോസാണു അച്ചന്റെ ശരീരത്തില്‍ കയറ്റിയത്‌.അമ്മാതിരി ഡീഹൈഡ്രേഷന്‍ ഉണ്ടാക്കുന്ന തെറിയാണു പിച്ചാണ്ടി അച്ചനെ പറഞ്ഞത്‌.

ഇത്രയും ഡീഹൈഡ്രേറ്റഡ് ബയോഡാറ്റാ കാണുന്നതിതാദ്യം.

അടിപൊളി.

സുഗതരാജ് പലേരി said...

സ്വാഗതം. താങ്കളെ ആദ്യമായി കാണുന്നതാണ്. വളരെനന്നായിട്ടുണ്ട്.

Siju | സിജു said...

സാന്‍‌ഡോസിനെ നാട്ടുകാര്‍ വിളിക്കുന്ന പേരാണോ പിച്ചാണ്ടിയെന്ന്. :-)
ബൈ ദ ബൈ, സാന്‍ഡോസ് മുട്ടാറുള്ള ക്ലബല്ലേ, അതു മായി വല്ല ബന്ധവുമുണ്ടോ..
നുമ്മ യീ നാട്ടുകാരന്‍ തന്നെയാണെന്ന് ഇപ്പ മനസ്സിലായി കാണോലാ..
പ്ര. ശ്ര. മുട്ടാര്‍ ഒരു സ്ഥലപ്പേരാണ്, തെറ്റിദ്ധരിക്കരുത്.

വേണു venu said...

പറ്റിയ പെണ്‍കുട്ടികള്‍ വല്ലതും നിങ്ങളുടെ അറിവിലുണ്ടെങ്കില്‍ അറിയിക്കണമെന്ന് അപേക്ഷ.
സന്തോഷേ,പാവം ആ അച്ചനഗ്ഗതിയായെങ്കില്‍ ...
അച്ചന്‍ പിന്നീട്‌ ഒരാഴ്ച പനിപിടിച്ച്‌ ആശുപത്രിയില്‍ കിടന്നു.
ഇതൊക്കെ അറിഞ്ഞോണ്ടു് വേലീക്കിടക്കുന്ന...

ഇഷ്ടപ്പെട്ടു സന്തോസ്.

Aravishiva said...

പിച്ചാണ്ടി കലക്കീല്ലോ സന്തോസേ..പിച്ചണ്ടിയ്ക്ക് ഇനി പെണ്ണന്വോഷിയ്ക്കണമെന്നില്ല..ഇതുതന്നെ ധാരാളം..ബ്ലോഗുലകത്തിലെ സ്ത്രീജനങ്ങള്‍ പിച്ചണ്ടിയുടെ പടിയ്ക്കല്‍ ക്യൂ നില്‍ക്കും..ഉറപ്പ്!!!!!

sandoz said...

നന്ദി
സുല്‍,സുഗതന്‍,സിജു,വേണു,അരവിശിവ.
സിജൂ..
തന്നടൈ,അളിയാ നാട്ടുകാരാ,
മുട്ടാര്‍ പാലത്തിനും മഞ്ഞുമ്മല്‍ പള്ളിക്കും ബ്ലോഗില്‍ വേറെ അവകാശികള്‍ ഉണ്ടാവുമെന്ന് നിരീചില്ല.സാന്‍ഡോസ്‌ ക്ലബ്ബുമായി വളരെ അടുത്ത ബന്ധമുണ്ട്‌ എനിക്ക്‌.

yetanother.softwarejunk said...

add a counter too!!!

see this
1) http://www.statcounter.com/
2) http://gostats.com/