Saturday, November 18, 2006

ചില ക്രമസമാധാന പ്രശ്നങ്ങള്‍

ഒഴിഞ്ഞ പാടത്തും പറമ്പിലും നടന്നു വരുന്ന റമ്മി ഒളിമ്പ്യാഡ്‌,രാത്രികളില്‍ ചില കവലകളില്‍ നിന്നുമുയരാറുള്ള 'കള്ളടിച്ചാന്‍ പാട്ട്‌', ഞരമ്പുരോഗികളായ ചില 'എത്യോപ്യന്‍സിന്റെ'ശല്യം,പണിക്ക്‌ പോയാല്‍ അച്ചന്‍ ചീത്ത പറയും എന്ന് പ്രഖ്യാപിച്ച്‌ കലുങ്കിലിരിക്കുന്ന മഞ്ഞുമ്മലിന്റെ സ്വന്തം കാമുകന്മാര്‍, ഇലക്ഷന്‍ അടുക്കുമ്പോള്‍ പാര്‍ട്ടിക്കാര്‍ നടത്തുന്ന ചില കൈകാലൊടിക്കല്‍ കളികള്‍ തുടങ്ങിയ ചില്ലറ ക്രമസമാധാന പ്രശ്നങ്ങളേ മഞ്ഞുമ്മല്‍ പ്രദേശം ഇതുവരെ നേരിടേണ്ടി വന്നിട്ടുള്ളു.
അതുകൊണ്ടു തന്നെ മഞ്ഞുമ്മല്‍ പ്രദേശം ഉള്‍പ്പെടുന്ന ഏലൂര്‍ പോലീസ്‌ സ്റ്റേഷനില്‍ നിന്നുള്ള 'മഞ്ഞുമ്മല്‍ വിസിറ്റ്‌' വളരെ കുറവായിരുന്നു.
ബെന്നി, പിച്ചാണ്ടി മുതലായ 'ഷോ ബിസിനസ്സില്‍'മാത്രം ശ്രദ്ധ ചെലുത്തുന്നവര്‍,പോലീസ്‌ എന്ന് തികച്ച്‌ കേള്‍ക്കണ്ട 'പോ' എന്ന് കേട്ടാല്‍ തന്നെ പെരിയാര്‍ നീന്തി അക്കരയുള്ള ചേരാനെല്ലൂരില്‍ അഭയം തേടുന്ന തന്റേടികളും ആയിരുന്നു.
അങ്ങനെയുള്ള മഞ്ഞുമ്മലില്‍ ചാരായം നിരോധിച്ച എ.കെ.ആന്റണിക്കെതിരെ പ്രകടനം നടത്തികൊണ്ടാണു ആ മൂവര്‍ സംഘം ജനങ്ങളെ ഞെട്ടിച്ചത്‌.
ഏഴെട്ട്‌ കൊല്ലം മുന്‍പ്‌ ആന്റണി സറക്കാര്‍ നടത്തിയ പ്രഖ്യാപനം-വരുന്ന ഏപ്രില്‍ ഒന്ന് മുതല്‍ കേരളത്തില്‍ ചാരായം ലഭിക്കുന്നതല്ലെന്നും വിദേശമദ്യത്തിനു ഇരുന്നൂറു ശതമാനം വിലവര്‍ദ്ധനയെന്നും കേട്ട്‌ ഷാപ്പുകളില്‍ കുഴഞ്ഞ്‌ വീണവര്‍ എത്ര,ബാറുകളിലിരുന്ന് തേങ്ങി തേങ്ങി കരഞ്ഞവര്‍ എത്ര,ആന്റണീ..നീ നശിച്ചു പോകട്ടെ എന്ന് പ്രാകിയവര്‍ എത്ര.അവരുടെയെല്ലം പ്രതിനിധികളായി മാര്‍ച്ച്‌ 31-നു രാത്രി മുട്ടാര്‍ പാലത്തിന്റെ അടുത്തുള്ള ഉണ്ണിചേട്ടന്റെ ചാരയഷാപ്പില്‍ നിന്ന് അവസാന തുള്ളി അമൃതും മോന്തി ഇറങ്ങിയ ആ മൂവര്‍ സംഘം മഞ്ഞുമ്മല്‍ കിടുങ്ങുമാറുച്ചത്തില്‍ ആന്റണിക്കെതിരെ മുദ്രാവാക്യം വിളിച്ചു.കേട്ടു നിന്ന ഞാനടക്കമുള്ള മഞ്ഞുമ്മലിന്റെ വളരും സിംഹങ്ങള്‍ മനസ്സ്‌ കൊണ്ട്‌ അവര്‍ക്ക്‌ പിന്തുണ പ്രഖ്യാപിച്ചു.അവരുടെ ഒപ്പം കൂടി ആന്റണിയെ ഹരാസ്സ്‌ ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും വീട്ടിലറിഞ്ഞാല്‍ കഞ്ഞികുടി,കിടപ്പ്‌ തുടങ്ങിയ അവസ്ഥകള്‍ക്ക്‌ വേറെ സ്ഥലം തേടേണ്ടി വരും എന്നുള്ളതു കൊണ്ടുമാത്രം സമയമനം പാലിച്ചു.[അല്ലാതെ മിലിട്ടറിയെ പേടിച്ചൊന്നുമല്ല]
ചാരായ പ്രേമികളുടേ അഭിവാദനങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ടും സ്ത്രീ ജനങ്ങളുടെ പരിഹാസവും ചീത്ത വിളികളും മറികടന്നും ആ ജാഥ പള്ളിനട ജങ്ങ്ഷനില്‍ എത്തിയപ്പോള്‍ 'പല്ലന്‍' വഴിതടഞ്ഞു.'പല്ലന്‍ അഥവാ എസ്സ്‌.ഐ.സുന്ദരന്‍പിള്ള.'ഇന്ദ്രന്‍ ചന്ദ്രന്‍'എന്ന തമിഴ്‌ സിനിമയിലെ കമലഹാസന്റെ മേയര്‍ വേഷം ഇദ്ദേഹത്തെ കണ്ട്‌ മെനഞ്ഞതാണെന്നാണു ജനം രഹസ്യം പറയാറുള്ളത്‌.ഫോട്ടോ ഫ്രെയിം ചെയ്യാന്‍ പറ്റാത്ത വിധത്തിലുള്ള ദന്ദനിരകളാണു പല്ലന്‍ എന്ന ഓമനപ്പേര്‍ സുന്ദരന്‍പിള്ളയ്ക്ക്‌ നേടികൊടുത്തത്‌.പ്രകടനം കമ്മ്യൂണിസ്റ്റുകാര്‍ക്ക്‌ സുഖിച്ചെങ്കിലും കോണ്‍ഗ്രസ്സുകാര്‍ക്ക്‌ പിടിച്ചില്ല.അവരുടെ നേതാവല്ലേ ആന്റണി.തടഞ്ഞ്‌ നിര്‍ത്തി മൂന്നെണ്ണത്തിനേം രണ്ടെണ്ണം വീതം പൊട്ടിക്കാമെന്ന് വച്ചാല്‍'ആ സഖാക്കന്മാര്‍ വല്ലവരും കയറി അവന്മാര്‍ക്ക്‌ പിന്തുണ പ്രഖ്യാപിക്കുമോ എന്നാ പേടി.ചുവപ്പന്മാരോട്‌ തല്ലി നില്‍ക്കാനുള്ള കോപ്പൊന്നും മഞ്ഞുമ്മലില്‍ കോണ്‍ഗ്രസ്സുകാര്‍ക്കില്ല.അപ്പോള്‍ 'കോങ്ക്രസ്സിനു' തോന്നിയ ബുദ്ധിയാണു സുന്ദരന്‍പിള്ളയുടെ ജാഥ തടഞ്ഞുകൊണ്ടുള്ള നില്‍പിന്റെ കിടപ്പ്‌.
'കഴ്‌ വേറി മക്കളേ വെള്ളമടിച്ചാല്‍ നാട്ടുകാര്‍ക്ക്‌ സ്വൈര്യം കൊടുക്കൂല്ലാ അല്ലേ.കേറെടാ ജീപ്പില്‍.'പല്ലന്‍ അലറി.
പത്ത്‌ മിനുട്ടിനു ശേഷം ഏലൂര്‍ പോലീസ്‌ സ്റ്റേഷനില്‍ നിന്ന് കൂട്ടക്കരച്ചില്‍ ഉയര്‍ന്നു.അതു ഒരു പതിനഞ്ച്‌ മിനുട്ടോളം നീണ്ടു നിന്നു.
അവസാനം മെതിച്ച്‌ മതിയായ പല്ലന്‍ ചോദിച്ചു.
'നിന്റേക്കെ പേരെന്താടാ'
'ഗംഗന്‍'
'തങ്കന്‍'
'പങ്കന്‍'
ഗംഗന്‍,തങ്കന്‍,പങ്കന്‍-പേരുകള്‍ കേട്ടതും പല്ലന്‍ പിന്നേം കലിതുള്ളി.കളിയാക്കിയത്‌ ആണെന്നാണു പല്ലന്‍ വിചാരിച്ചത്‌.
'ഒണ്ടാക്കുന്നോടാ പന്നികളേ,ശരിക്കുള്ള പേര്‍ പറയടാ.'
'ഗംഗാധരന്‍'
'തങ്കച്ചന്‍'
'പങ്കജാക്ഷന്‍'
പിന്നേയും അരമണീക്കൂറോളം മരണവീടേതാ പോലീസ്‌ സ്റ്റേഷന്‍ ഏതാ എന്ന് തിരിച്ചറിയാന്‍ പറ്റാത്ത വിധത്തില്‍ ഉച്ചത്തിലുള്ള 'ചങ്കിലിടി'നിലവിളികള്‍ക്ക്‌ ഏലൂര്‍ പ്രദേശം കാതോര്‍ത്തു.

11 comments:

sandoz said...

ബൂലോഗരേ, പുതിയ കുറച്ച്‌ കഥാപാത്രങ്ങളെ ഇറക്കിയുള്ള പ്രകടനത്തിനുള്ള ശ്രമമാണു.അഭിപ്രായങ്ങള്‍ അറിയിച്ചാല്‍ സന്തോഷം

വാളൂരാന്‍ said...

സാന്‍ഡോ.... ആത്മകഥകള്‍ ഓരോന്നങ്ങിനെ പോരട്ടെ...

Anonymous said...

“.........പിന്നേയും അരമണീക്കൂറോളം മരണവീടേതാ പോലീസ്‌ സ്റ്റേഷന്‍ ഏതാ എന്ന് തിരിച്ചറിയാന്‍ പറ്റാത്ത വിധത്തില്‍ ഉച്ചത്തിലുള്ള 'ചങ്കിലിടി'നിലവിളികള്‍ക്ക്‌ ഏലൂര്‍ പ്രദേശം കാതോര്‍ത്തു.......“

എന്നിട്ടു?......

ഉത്സവം : Ulsavam said...

"വിദേശമദ്യത്തിനു ഇരുന്നൂറു ശതമാനം വിലവര്‍ദ്ധനയെന്നും കേട്ട്‌ ഷാപ്പുകളില്‍ കുഴഞ്ഞ്‌ വീണവര്‍ എത്ര,ബാറുകളിലിരുന്ന് തേങ്ങി തേങ്ങി കരഞ്ഞവര്‍ എത്ര,ആന്റണീ..നീ നശിച്ചു പോകട്ടെ എന്ന് പ്രാകിയവര്‍ എത്ര."
ഹഹഹ കൊള്ളാം, അത് എത്ര ആത്മാര്‍ത്തമായ, ചങ്കില്‍ കൊണ്ടുള്ള കരച്ചിലായിരുന്നു എന്ന് അറിയാമോ...:-)

വേണു venu said...

അവസാന തുള്ളി അമൃതും മോന്തി ഇറങ്ങിയ ആ മൂവര്‍ സംഘം മഞ്ഞുമ്മല്‍ കിടുങ്ങുമാറുച്ചത്തില്‍ ആന്റണിക്കെതിരെ മുദ്രാവാക്യം വിളിച്ചു.കഷ്ടം മഞ്ഞുമ്മലിന്‍റെ ഗതികേടേ, വെറും മൂന്നു പേര്‍.
സാണ്ടോസ്സേ, നല്ല വിവരണം.

yetanother.softwarejunk said...

ചെങ്കന്‍ ആയിട്ടുണ്ടല്ലോ, സാന്‍ഡോസ് !!!

Siju | സിജു said...

പെട്ടെന്നോര്‍മ്മ വന്നത് അനിയത്തിപ്രാവിലെ പേരു ചോദിക്കലാ..

sandoz said...

എല്ലാവരോടും,
എനിക്ക്‌ നല്ല ആരോഗ്യം ഇല്ലായിരുന്നു നന്ദി രേഖപ്പെടുത്താന്‍.
സഹിച്ചതിനു, കണ്ടവര്‍ക്കും കാണാത്തവര്‍ക്കും എല്ലാം നന്ദി.

Siju | സിജു said...

സത്യം പറയെടാ..
നിന്റെ കാല്‍ ആരോ തല്ലിയൊടിച്ചതല്ലേ..
പാണ്ടി ബെന്നിയോ അതോ പല്ലനോ

എന്തായാലും എത്രയും വേഗം സുഖം പ്രാപിച്ച് കൂടുതല്‍ കഥകളുമായി വാ..

Binu said...

സാന്‍ഡോസ്‌,

വിശാലമനസ്കന്റെ ബ്ലൊഗില്‍ നിന്നണു താങ്കളുടെ ബ്ലൊഗില്‍ വന്നതു. വളരെ നന്നവുന്നുണ്ടു

സുധി അറയ്ക്കൽ said...

കൊള്ളാാം.രസമുണ്ടായിരുന്നു.