Wednesday, March 28, 2007

ആന്റപ്പന്‍ ഒളിച്ചോടിയത്‌ എന്തിനു......

'ടാ സാന്റോ......നമ്മടെ ആന്റപ്പന്‍ നാട്‌ വിട്ടെന്ന്.....'

'എന്ത്‌.....'

പാലത്തിന്റെ അടിയില്‍ ഇരുന്ന് റമ്മി കളിക്കുകയായിരുന്ന ഞാന്‍
ഒരു ഞെട്ടലോടെ തല ഉയര്‍ത്തി നോക്കി......

'നമ്മടെ ആന്റപ്പനാ.......'

'അതേട പിശാശേ.....നിങ്ങ മുടിഞ്ഞ കൂട്ടായിരുന്നല്ലാ....എന്നിട്ട്‌ നീ അറിഞ്ഞില്ലേ....
നിനക്കൂടി പോകായിരുന്നില്ലേ അവന്റെ കൂടെ.....'

'ദേ....അലീക്കാ....നിങ്ങളു ചുമ്മാ എണ്ടാക്കണ വര്‍ത്താനം പറയാതെ കാര്യം പറ...
അവന്‍ എങ്ങോട്ട്‌ ഓടീന്നാ പറയണേ......
ഇന്നലെ ഉച്ചക്കും കൂടി കണ്ടതല്ലേ അവനെ.......'

'എട കോപ്പേ....അവന്‍ ഒരു എഴുത്തും എഴുതി വച്ച്‌ മുങ്ങീന്ന്....
ഇന്നലെ ഉച്ചക്ക്‌ ആ തൊമ്മിച്ചന്റെ വീട്ടിലു എന്തോ പ്രശ്നമൊണ്ടായിട്ടൊണ്ട്‌.....
അതാ കാര്യം എന്നാ കേക്കണേ.......
നീയും അവന്റെ ഒപ്പം പ്രശ്നം എണ്ടാക്കാന്‍ എണ്ടായിരുന്നു എന്നാണല്ലാ ‌കേട്ടത്‌.....'

'സാലീടെ വീട്ടിലാ.....'

'അതു തന്നേടാ ശവീ.....
അപ്പന്റെ പേരു പറഞ്ഞാലും.....
ഒറപ്പിക്കാന്‍ മോള്‍ടെ പേരു തന്നെ കേക്കണം...
ഇങ്ങനെ ഒരു കോന്തന്‍......'

എന്റെ കൈയ്യില്‍ നിന്നു ചീട്ട്‌ താഴേക്കു വീണു.......


------------------------------

'നീ നോക്കിക്കോടാ സാന്റോ....
ഇന്ന് അവളെ ഞാന്‍ പൂട്ടും.....'

'അവളെന്താ എരുമേ.... പൂട്ടാന്‍......'

'അവളെ ഞാന്‍ വളക്കൂന്ന്......നീ കണ്ടോടാ.......
ഇന്ന് ഞാന്‍ അവക്കീ പൂ കൊടുക്കും.....'

'നീ വേണ്ടാത്ത പണിക്കൊന്നും പോണ്ടാട്ടാ....
അവളടെ അപ്പന്‍ നിന്നെ വെട്ടും.....'

'അതിനു അവക്കല്ലേ ഞാന്‍ പൂ കൊടുക്കണേ....അപ്പനല്ലല്ലാ.....'

'ഉവ്വാ.....അവടപ്പന്റെ കോടാലി പള്ളക്ക്‌ കേറിയാല്‍.....
മോനേ....സ്റ്റിച്ചിടാന്‍...ഒരു ബണ്ടിലു നൂലു പോരാണ്ടു വരൂട്ടാ......'

'പിന്നേ...അയാളു എന്നെ അങ്ങട്‌ ചെത്തും.....
എന്റടുത്ത്‌ കളിച്ചാല്‍ തൊമ്മിച്ചന്റെ ഊപ്പാട്‌ ഞാന്‍ എളക്കും.......
ടാ..സാന്റോ..വൈകീട്ട്‌.....'മാത'വരെ നീയും വന്നോട്ടാ......'

'ഞാനാ....പിന്നേ....
കണ്ണിക്കണ്ട മരംവെട്ടുകാരടെ കോടാലിക്കൈയില്‍ ചെന്നു കേറാന്‍ നടക്കേല്ലേ ഞാന്‍....
വണ്ടി വേണെങ്കില്‍ നീ കൊണ്ടൊയ്ക്കോ.....
ഞാന്‍ ആ വഴിക്കില്ലാ പൊന്നേ....'

'നീ വന്നാല്‍ വൈകീട്ട്‌ നിന്റെ ഷെയറു എന്റെ വക......
അതും പോരെങ്കില്‍ നാളെ.....
പടിഞ്ഞാറേ ചെറേല്‍ ചെത്തണ കള്ളു....
ഒരു രണ്ടുമൂന്നു ലിറ്ററും ഒപ്പിച്ചു തരാ.......'

പ്രലോഭനം...പ്രലോഭനം...മുടിഞ്ഞ പ്രലോഭനം.....

വൈകീട്ടത്തെ സ്ഥിരം കലാപരിപാടിയുടെ പത്തറുപത്‌ രൂപാ വരുന്ന ഷെയറാണു
അവന്‍ വഹിച്ചോളാന്നു പറയണത്‌...
കൂടാതെ നാളെ....
ചെത്തു കള്ള്‌ ബോണസ്സും.

ഒരു തൊമ്മിച്ചനെ പേടിച്ച്‌ കള്ള്‌ വേണ്ടാന്നു വയ്ക്കാന്‍ മാത്രം മണ്ടനല്ലാ ഈ സാന്റോ.
തൊമ്മിച്ചന്‍ കൈക്കോടാലിക്ക്‌ വെട്ടിയാല്‍ തടുക്കാം.....
അല്ലെങ്കില്‍ കോടാലി വീശുമ്പൊ കുനിഞ്ഞ്‌ കളയാം.....
ഞാന്‍ തീരുമാനിച്ചു കഴിഞ്ഞു.....

മുടിഞ്ഞ ബുദ്ധിയല്ലേ എനിക്ക്‌.....
----------------

പത്താം ക്ലാസ്‌ ജയിച്ചാല്‍ കെട്ടിച്ച്‌ വിടാം എന്ന അപ്പന്റെ ഒറ്റ വാക്ക്‌ വിശ്വസിച്ചു മാത്രമാ....
സാലിക്കുട്ടി ഇപ്പഴും ഈ സാഹസം നടത്തണത്‌.
ആദ്യ കുത്തില്‍ ജയിച്ചില്ലാ ..പോട്ടെ....
ഏത്‌ മരംവെട്ടുകാരന്റെ മോളും ഒരു പ്രാവശ്യം ഒക്കെ തോല്‍ക്കും.
എന്നാലും നാലാമത്തെ പരീക്ഷണം കൂടി കഴിഞ്ഞപ്പോള്‍ സാലിക്കുട്ടിക്ക്‌ മടുത്തു.
അപ്പഴാണു തൊമ്മിക്കുഞ്ഞു ആ ഐഡിയ പ്രയോഗിച്ചത്‌.
പത്ത്‌ ജയിച്ചാല്‍ കെട്ടിച്ച്‌ വിടും.
ഐഡിയ മുന്നോട്ട്‌ വച്ചത്‌ കൂടാതെ....
നാട്ടിലെ ഏറ്റവും പ്രശസ്തമായ
'പത്താം ക്ലാസ്‌ പൊങ്ങല്‍' സഹായ കേന്ദ്രമായ 'മാതയില്‍' ചേര്‍ക്കുകയും ചെയ്തു.......

ആ മാതയുടെ മുന്‍പിലേക്കാണു ആന്റപ്പന്‍ ഒരു പൂവുമായി പോകാന്‍ ‍ പോകുന്നത്‌......
കുറച്ച്‌ മാസങ്ങളായി അവന്റെ ചങ്കിനകത്ത്‌ കുടിയേറി .....
അതിനകത്തിരുന്നു ജെല്ലിക്കെട്ട്‌ നടത്തുന്ന സാലിക്കുട്ടിക്കു കൊടുക്കാന്‍.....

'എട സാന്റോ...നീ വണ്ടി കോളേജിന്റെ മുന്‍പില്‍ നിര്‍ത്തണം......
ഞാന്‍ വണ്ടിയില്‍ നിന്ന് ഇറങ്ങി നില്‍ക്കും.....
അവളു ക്ലാസു കഴിഞ്ഞ്‌ വരുമ്പോ പൂവ്‌ അവക്കു കൊടുക്കും...
എന്നിട്ട്‌ ഞാന്‍ വന്ന് വണ്ടിയില്‍ കയറും...
ഒടനേ വണ്ടി വിട്ടോണം.....കേട്ടാ.....'

'ഉം.....മാതേടെ മുന്‍പില്‍ തന്നെ വേണോ...
കുറച്ച്‌ മാറീട്ടു പോരേ...'

'കറക്ട്‌ മുമ്പിലു വേണ്ടടാ..
വളവിലെ പൈപ്പിന്റെ അടുത്ത്‌ നിര്‍ത്തിയാ മതി...
അവളു നടന്നു അടുത്ത്‌ എത്തുമ്പോ ഞാന്‍ കൊടുത്തോളാ.....'

നാലു മണി .
കൃത്യമായ പ്ലാനിംഗ്‌ ഉണ്ടായിരുന്നത്‌ കൊണ്ട്‌ ഒരു സംശയവും ചോദിക്കാതെ ഞാന്‍ ബൈക്ക്‌ സ്റ്റാര്‍ട്ട്‌ ചെയ്തു.
അമ്മിണി ചേച്ചീടെ മുറ്റത്തു നിന്ന് അടിച്ച്‌ മാറ്റിയ ഒരു റോസാപ്പൂവ്‌ ആന്റപ്പന്റെ കൈകളില്‍ ഭദ്രം.

മാതയില്‍ നിന്ന് ഭാവിവാഗ്ദാനങ്ങള്‍ ഇറങ്ങി തുടങ്ങി......

ഞാന്‍ വണ്ടി പൈപ്പിന്റെ ചുവട്ടിലേക്ക്‌ നീക്കി നിര്‍ത്താന്‍ തുടങ്ങിയപ്പോഴാണു കണ്ടത്‌.....
അതിന്റെ ചുവട്ടില്‍ ഒരു സമ്മേളനത്തിനുള്ള ആളുണ്ട്‌.
വല്ലപ്പോഴും വരുന്ന വെള്ളത്തിനു വേണ്ടിയുള്ള ഒരു മിനി അങ്കം തന്നെ നടക്കുകയാണു അവിടെ.....

'ആന്റപ്പാ...പൈപ്പിന്റെ ചോട്ടില്‍ ആളൊണ്ടല്ലാ....'

'അതിനെന്താ..നീ അവിടെ തന്നെ നിര്‍ത്തടാ.....
നമക്ക്‌ ഒരു സെക്കന്റിന്റെ കാര്യോല്ലേ ഒള്ള്‌.....'

ഞാന്‍ പൈപ്പിനോട്‌ ചേര്‍ത്ത്‌ തന്നെ വണ്ടി നിര്‍ത്തി.
ആളുകള്‍ ഒന്നും ഞങ്ങളെ ശ്രദ്ധിക്കുന്നില്ല.
വല്ലപ്പോഴും പൈപ്പില്‍ വരുന്ന വെള്ളത്തില്‍ ആണു എല്ലാവരുടേയും ശ്രദ്ധ.

ഞാന്‍ തിരിഞ്ഞു നോക്കി.
സാലിക്കുട്ടീം പരിവാരങ്ങളും വളവു തിരിഞ്ഞു കഴിഞ്ഞു.
കൂട്ടാത്തില്‍ തലയെടുപ്പ്‌ സാലിക്കുട്ടിക്ക്‌ തന്നെ.എങ്ങനെ ഇല്ലാണ്ടിരിക്കും.
നല്ല പ്രായത്തില്‍ അവളേ കെട്ടിച്ചു വിട്ടിരുന്നേല്‍ അവളിപ്പൊ രണ്ട്‌ പിള്ളേരുടെ തള്ള ആയേനേ......

അവളു അടുത്തെത്താറായി.
പൂവ്‌ കൊടുക്കുന്നത്‌ ആന്റപ്പനാണെങ്കിലും ഇടിക്കുന്നത്‌ എന്റെ നെഞ്ചാണു.
തൊമ്മിച്ചന്‍ കോടാലിയുമായി എന്റെ പുറകേ ഓടുന്നത്‌ ഞാന്‍ ചുമ്മാ ഒന്ന് സങ്കല്‍പ്പിച്ചു.
സങ്കല്‍പ്പത്തില്‍.... ഞാന്‍ ഓടി രക്ഷപ്പെട്ടെങ്കിലും ഒറിജിനലായി
അങ്ങനെ സംഭവിക്കണം എന്നു ഇല്ലാത്തത്‌ കൊണ്ട്‌ ഞാന്‍ അറിയാതെ 'ശ്ശെ' എന്നു പറഞ്ഞു പോയി.

കളകളം കേട്ടു തുടങ്ങി.....
അവരിങ്ങെത്തി എന്നു എനിക്ക്‌ മനസ്സിലായി....
അടുത്ത നിമഷം എന്തും സംഭവിക്കാം...
അവളു പൂവ്‌ വാങ്ങാം...
വാങ്ങാതെ ഇരിക്കാം...
വാങ്ങീല്ലെങ്കില്‍ അവളെ പിടിച്ചു നിര്‍ത്തി ആന്റപ്പന്‍ പൂവ്‌ വാങ്ങിപ്പിക്കാം...
നാട്ടുകാരു എടുത്തിട്ട്‌ ചളുക്കി അലുമിനിയം ഷീറ്റ്‌ പോലെ ആക്കാം......
ഹോ..എനിക്ക്‌ വയ്യ.....

ഞാന്‍ ഓഫ്‌ ചെയ്യാതെ നിര്‍ത്തിയിരുന്ന ബൈക്കിന്റെ ആദ്യ ഗീയര്‍ ഇട്ടു.......
ക്ലെച്ച്‌ താങ്ങി.......
എന്തിനും റെഡിയായി നിന്നു.....

അടുത്ത നിമിഷം ആന്റപ്പന്റെ ശബ്ദം ഞാന്‍ കേട്ടു......

'സാലീ...പൂ....'

കളകളം നിന്നു.
രണ്ടുമൂന്ന് സെക്കന്റിന്റെ നിശബ്ദതക്കു ശേഷം പിന്നേയും ആന്റപ്പന്റെ ശബ്ദം...

'സാലീ...പൂ..'

പിന്നെ കേട്ടത്‌ സാലിക്കുട്ടീടെ ശബ്ദം .....

'പൂവ്‌ നിന്റെ തള്ളക്കു കൊണ്ടോയ്‌ കൊട്‌....'

'എന്റെ തള്ള ചത്തെട്ട്‌ അഞ്ചാറു കൊല്ലോയടീ...
ഇനി അവര്‍ക്കെങ്ങനേണു ഈ പൂ കൊണ്ടോയ്‌ കൊടുക്കണത്‌.....
ഇതു നല്ല കൂത്ത്‌.....
നിനക്ക്‌ വേണ്ടെങ്കി നീ നിന്റെ തള്ളക്കെങ്കിലും കൊണ്ടോയ്‌ കൊട്‌.....
ടീ..ഇതു വാങ്ങെടീ...'

സബാഷ്‌....എന്ത്‌ മനോഹരമായ പ്രേമ സല്ലാപം.....

ഇനി ഇവിടെ നിന്നാല്‍ പണി കിട്ടും എന്നു മനസ്സിലാക്കിയ ഞാന്‍..
ആന്റപ്പന്‍ ബൈക്കിന്റെ പുറകില്‍ കേറിയോ എന്നൊന്നും ചിന്തിക്കാന്‍ നില്‍ക്കാതെ .....
അവിടുന്ന് എങ്ങനെയെങ്കിലും ഊരണം എന്ന ഒറ്റ ചിന്തയില്‍.....
ഗീയറിട്ട്‌ വച്ചിരുന്ന വണ്ടീടെ ക്ലെച്ച്‌ വിട്ടു.
വെപ്രാളത്തിനിടയില്‍ വണ്ടി ഫുള്‍ ആക്സിലേറ്ററിലായിരുന്നു.
കുതിര ചാടണത്‌ മാതിരി ഒന്നു പൊങ്ങി ചാടിയ ബൈക്ക്‌.....
എന്റെ പിടിയില്‍ നില്‍ക്കാതെ.....പൈപ്പിന്റെ ചുവട്ടിലേക്ക്‌ ഇടിച്ച്‌ കയറി.....

പൈപ്പിന്റെ ചുവട്ടില്‍ നിന്നിരുന്ന അമ്മച്ചിമാര്‍ ചിതറിയോടി......
അഞ്ചാറു അലൂമിനിയം കുടം ചളുക്കുകയും....
പ്ലാസ്റ്റിക്‌ കുടം പൊട്ടിക്കുകയും ചെയ്ത്‌ കൊണ്ട്‌ എന്റെ ശകടം പൈപ്പിന്റെ
ചുവട്ടില്‍.... മറിഞ്ഞു കിടന്നു.
ഞാന്‍ മലര്‍ന്നും കിടന്നു......റോഡില്‍.
വെറുതെ കിടക്കുക ആയിരുന്നില്ലാ......
അമ്മച്ചിമാര്‍ തന്തക്കും തള്ളക്കും വിളിക്കണത്‌.......
പുഷ്പം പോലെ ...
മണി മണി പോലെ കേട്ടോണ്ട്‌ കിടന്നു......
എന്നിട്ട്‌ കിടന്ന കിടപ്പില്‍ ഒരു സിഗരട്ട്‌ കത്തിച്ചു വലിച്ചു......
---------------------------

'അവളെ അങ്ങനെ വിട്ടാല്‍ പറ്റൂല്ലടാ....
അവക്കിട്ട്‌ ഒരു പണി കൊടുക്കണം.....'

'ആന്റപ്പാ..പോയേ...പോയേ.......
കൈ ഉളുക്കീട്ട്‌..മര്യാദക്ക്‌ ചീട്ട്‌ വെളമ്പാന്‍ കൂടി പറ്റണില്ലാ....
ഇനി അവടെ കാര്യോം പറഞ്ഞോണ്ട്‌ വന്നാ.......
കര്‍ത്താവാണേ...നിന്നെ ഞാന്‍ എടുത്തീ പാലത്തിന്റെ അടീല്‍ താത്തും......'

'നീ..അടങ്ങട സാന്റോ.....
ദേ....നിന്റെ കൈ ഉളുക്കിനൊള്ള ഓയില്‍മന്റ്‌...'

ഒരു ഫുള്ള്‌.....അതും ഹണീബി......
അവന്‍ എന്റെ മര്‍മ്മത്തില്‍ തന്നെയാ പിടിച്ചത്‌.....
ഞാന്‍ കലിപ്പ്‌ മതിയാക്കി......
ചോരക്കുഞ്ഞിനെ നേഴ്സിന്റെ കൈയില്‍ നിന്ന് ഏറ്റുവാങ്ങുന്ന സൂക്ഷ്മതയോടെ ആ കുപ്പി വാങ്ങി........

രണ്ടെണ്ണം ചെന്നപ്പോള്‍ എനിക്കും തോന്നി......
അവന്‍ പറഞ്ഞത്‌ ശരിയാ..അവള്‍ക്കിട്ട്‌ പണിയണം.....

'ടാ.....ആന്റപ്പാ...അവളെ അങ്ങനെ വിട്ടാല്‍ പറ്റൂല്ലാടാ......
അവളടെ ഒരു ജാഡ..അവളാരാന്നാ അവടെ വിചാരം.....
അവളെ നമക്ക്‌ ഒതുക്കണം...'

'ഉം.....അവടെ പട്ടിക്കു വരെ എന്നെ കാണുമ്പ ചൊറിച്ചിലാ.....'

'പട്ടിക്കാ...'

'ആടാപ്പാ....അവള്‍ടെ വിട്ടിലു ഒരു ചൊക്ലി പട്ടീണ്ട്‌....
വേറാരെ കണ്ടാലും അതു കൊരക്കൂല്ലാ.....
ഞാന്‍ ആ വീടിന്റെ മുമ്പിലൊള്ള വഴീല്‍ കൂടി പോയാ അത്‌ കെടന്ന് തൊടലു പൊട്ടിക്കും.....
അവളു പഠിപ്പിച്ചത്‌ ആയിരിക്കും.......'

'എങ്കില്‍ നമ്മടെ പണി അവടന്ന് തൊടങ്ങാടാ....
ആദ്യം അതിനെ അങ്ങട്‌ തട്ടാം.....'

'അതു കൊള്ളാ...കൊടടാ കൈ...
അവളടെ പൊന്നോമന പട്ടിയെ തട്ടിക്കൊണ്ട്‌ തന്നെ നമക്ക്‌ പണി തൊടങ്ങാടാ.....
ഒഴീടാ ഒരെണ്ണം കൂടി........'

--------------------------

'ടാ...നീ ഇവിടെ നിന്നാ മതി...പണി ഞാന്‍ ഇപ്പ കാണിച്ച്‌ തരാട്ടാ....'

'ആന്റപ്പാ....നീയെന്താ ചെയ്യാന്‍ പോണേ......ഈ വടി എന്തിനാ.....'

'നീ കണ്ടോടാ...ഞാന്‍ ആ സാധനത്തിനെ ഇന്ന് തല്ലിക്കൊല്ലും....'

'എടാ ..മണ്ടത്തരം കാണിക്കല്ലേ......
ആരും അറിയാതെ നമക്ക്‌ വല്ല വെഷോം കൊടുക്കാടാ.....'

'അങ്ങനെ വെഷം കൊടുത്ത്‌ ഒന്നും ആന്റപ്പന്‍ കൊല്ലൂല്ലാ....
എല്ലാ പണീം നേരിട്ട്‌....
അവടെ മുമ്പിലിട്ട്‌ ഞാന്‍ അതിനെ തല്ലിക്കൊല്ലും.....'

'ടാ..അവടപ്പന്‍ ഒണ്ടാവും അവടെ.....'

'എങ്കി അയാക്കിട്ടും കിട്ടും പണി......
ഇന്ന് ആന്റപ്പനെ പിടിച്ചാല്‍ കിട്ടൂല്ലാ.....
നീ മിണ്ടാണ്ട്‌ കളി കാണടാ ചെക്കാ...'

ആന്റപ്പന്‍ കൈയ്യില്‍ ഇരുന്ന മുട്ടന്‍ വടിയുമായി സാലിക്കുട്ടീടെ മുറ്റത്തേക്ക്‌ കയറി.
ചൊക്ലിപ്പട്ടി കുര തുടങ്ങി.....

രണ്ട്‌ സ്റ്റെപ്പ്‌ സ്ലോമോഷനില്‍ നടന്ന ആന്റപ്പന്‍ ....
പട്ടി കുര തുടങ്ങിയതോടെ കൊടുങ്കാറ്റായി.
'ടാ..പന്നീ..' എന്നു വിളിച്ച്‌ കൊണ്ട്‌ പട്ടീടെ നേരേ പാഞ്ഞ്‌ ചെന്നു.
പട്ടിയെ കെട്ടിയിട്ടിരുന്നത്‌ കൊണ്ട്‌ ആന്റപ്പനു പണി എളുപ്പം ആയിരുന്നു.....
കുരച്ച്‌ ചാടിയ പട്ടിയുടെ മോന്തക്ക്‌ തന്നെ തന്നെ ആദ്യ അടി വീണു......അപ്രതീക്ഷിത അറ്റാക്കില്‍ പകച്ച്‌ പോയ പട്ടിക്ക്‌.......ആ പകപ്പ്‌ മാറ്റാനുള്ള സമയം കൂടി ആന്റപ്പന്‍ കൊടുത്തില്ല.
തലങ്ങും വിലങ്ങും തല്ലി.......
പട്ടി കുര നിര്‍ത്തി മോങ്ങല്‍ ആരംഭിച്ചു.

പതിവില്ലാതെ....ഉച്ചക്ക്‌.... പട്ടിയുടെ കുരയും....
അതിനു പുറകേയുള്ള മോങ്ങലും കേട്ടാണു തൊമ്മിച്ചന്‍ പുറത്തേക്ക്‌ വന്ന് നോക്കിയത്‌.....

മുറ്റത്ത്‌...ചോരയൊലിപ്പിച്ച്‌ കൈസര്‍.......
കൈസറിനെ വീണ്ടും വീണ്ടും തല്ലുന്ന ആന്റപ്പന്‍.......
തൊമ്മിച്ചന്‍ കണ്ണുതിരുമ്മി ഒന്നുകൂടി നോക്കി..
എന്നിട്ട്‌ അലറി......

'കള്ള എലാസ്റ്റിക്കു മോനേ ......'

അലര്‍ച്ച കേട്ട്‌ ആന്റപ്പന്‍ തിരിഞ്ഞ്‌ നോക്കി.......
വരാന്തയില്‍ മുറ്റത്തേക്ക്‌ കുതിക്കാന്‍ ഒരുങ്ങുന്ന തൊമ്മിച്ചന്‍.....

'പന്നീ...മുറ്റത്തേക്കിറങ്ങിയാ.....തല്ലിക്കൊല്ലും ഞാന്‍....
ഇതു കണ്ടല്ലാ..ഇതു പോലെ താങ്ങും ഞാന്‍......
കാലു ഞാന്‍ തല്ലിയിടിക്കും......'

പാതി ജീവനോടെ കിടക്കുന്ന പട്ടിയെ ചൂണ്ടിക്കാട്ടി ആന്റപ്പനും അലറി......

തൊമ്മിച്ചന്‍ ഒന്നു നിന്നു.....
ചെറിയ ഒരു പകപ്പ്‌ തോന്നി പുള്ളിക്ക്‌.....
ഒരു പേടീം ഇല്ലാതെ മുറ്റത്ത്‌ വന്നു നിന്ന് അലറുകയാണു ഒരുത്തന്‍.....
പട്ടീടെ ജീവന്‍ ഏതാണ്ട്‌ സ്വാഹ.....
ഇനി ഞാനും കൂടി അവന്റെ മുന്‍പിലേക്കു ചെല്ലണോ എന്ന ചിന്ത
ഒരു നിമിഷം തൊമ്മിച്ചന്റെ മനസ്സിലൂടെ കുതിച്ചു പാഞ്ഞു.

ഒച്ചേം ബഹളോം കേട്ട്‌ തൊമ്മിച്ചന്റെ പെണ്ണുമ്പിള്ളയും വന്നു.

ചോരയൊലിപ്പിച്ച്‌ കിടക്കുന്ന കൈസര്‍...
കൊലവിളിക്കുന്ന ആന്റപ്പന്‍.....
മിഴുങ്ങസ്യാ നില്‍ക്കുന്ന തന്റെ കെട്ടിയോന്‍......
എന്താ സംഭവം എന്നറിയാതെ പെണ്ണുമ്പിള്ള അന്തം വിട്ടു....
അതിനു ശേഷം വിടാന്‍ 'അന്തം' സ്റ്റോക്ക്‌ ഇല്ലാതിരുന്നത്‌ കൊണ്ട്‌ ചുമ്മാ വാപൊളിച്ച്‌ നിന്നു.......

തൊമ്മിച്ചന്‍ മുറ്റത്തേക്കിറങ്ങുന്നില്ലാ എന്നു കണ്ടപ്പോള്‍....
ആന്റപ്പന്‍ ഒന്നു അട്ടഹസിച്ച്‌ ചിരിച്ചു.
വടിയില്‍ പറ്റിയ കൈസറിന്റെ ചോര വിരലു കൊണ്ട്‌
തോണ്ടി നെറ്റിയില്‍ സ്വയം വിജയക്കുറി തൊട്ടു......എന്നിട്ട്‌ പറഞ്ഞു.......

'തന്റെ മോളോട്‌ പറഞ്ഞേക്ക്‌...
ആന്റപ്പനോട്‌ കളിച്ചാല്‍ ഇങ്ങനെ ഇരിക്കൂന്ന്...കളി എന്നോടാണാ.....'

വേലിക്കരികില്‍ ഓടാന്‍ തയ്യാറായി നിന്നിരുന്ന ഞാന്‍ പതുക്കെ മുറ്റത്തേക്ക്‌ കടന്നു.
സംഭവം വിജയിച്ച സ്ഥിതിക്ക്‌ ഓപ്പറേഷന്റെ ക്രെഡിറ്റ്‌ അവനു ഒറ്റക്കു
കൊടുക്കാന്‍ ഞാന്‍ തയ്യാര്‍ ആയിരുന്നില്ലാ.
ഞാനും കൂടി ഉണ്ട്‌ ആന്റപ്പന്റെ ഒപ്പം എന്നു കാണിച്ച്‌ കൊടുക്കാന്‍
ചുമ്മാ ഒന്നു മുറ്റത്തേക്ക്‌ കടന്ന ഞാന്‍ ......
അതേ നിമിഷം തിരിച്ച്‌ വേലീടെ മറവിലേക്ക്‌ പോയി.....

അടുക്കള ഭാഗത്ത്‌ നിന്ന് ഒരു പട്ടിക കഷണവും കൈയില്‍ പിടിച്ച്‌ സാലിക്കുട്ടി പറന്നു വരുന്നു.
വിജയശ്രീലാളിതനായി തിരിഞ്ഞു നടക്കുക ആയിരുന്ന ആന്റപ്പന്‍ ആ പറന്നു വരവ്‌ കണ്ടില്ലാ.
എന്റെ അപകട സൂചന അവനു മനസ്സിലാകുന്നതിനു മുന്‍പേ......
നടുമ്പുറത്തിനു ആദ്യ അടി വീണു......

'അമ്മച്ചീ...'എന്നും പറഞ്ഞ്‌ തിരിഞ്ഞ ആന്റപ്പന്റെ നെഞ്ചത്ത്‌ സാലിക്കുട്ടി പറന്ന് ചവുട്ടി.
ചവുട്ട്‌ കൊണ്ട്‌ പുറകോട്ട്‌ വേച്ചു പോയ അവന്റെ പള്ളക്ക്‌ പട്ടിക കഷണത്തിനു അടി വീണു.
പിന്നെ തലക്ക്‌......കൈക്ക്‌ ....കാലിനു.....
അടി കൊണ്ട്‌ നിലത്ത്‌ മലര്‍ന്നു വീണ ആന്റപ്പന്റെ
നെഞ്ചില്‍ കേറി നിന്ന് സാലിക്കുട്ടി തിരുവാതിര കളിച്ചു.....
നെഞ്ചത്തെ തിരുവാതിര മതിയായ സാലിക്കുട്ടി...
ആന്റപ്പന്റെ തലമുടി പറിച്ചെടുത്തു.......
മുഖം മാന്തിപ്പൊളിച്ചു......

ഒരു മിനുട്ട്‌ തികച്ച്‌ വേണ്ടി വന്നില്ലാ എനിക്ക്‌....
ആ സ്പോട്ടില്‍ നിന്ന് 2 കിലോമീറ്റര്‍ അകലെയുള്ള എന്റെ വീട്ടില്‍ എത്താന്‍......
ഒറ്റക്കുതിക്കലിനു അടുക്കളയില്‍ കയറിയ ഞാന്‍ മോരുകറിയും കൂട്ടി ഊണും കഴിച്ച്‌......
പുറകേ ഒരു സിഗരറ്റും വലിച്ച്‌.....
ചുമ്മാ അവിടെ തന്നെ കുത്തിയിരുന്നു.......
------------------------
ആന്റപ്പന്‍ നാടു വിട്ടതിന്റെ അടുത്ത ആഴ്ച സാലിക്കുട്ടി
'മാത'യിലെ മലയാളം സാറിന്റെ ഒപ്പം ഒളിച്ചോടി.

നീണ്ട മൂന്ന് കൊല്ലങ്ങള്‍ക്കു ശേഷം ആദ്യമായി എനിക്ക്‌ ആന്റപ്പന്റെ ഫോണ്‍ വന്നു.
അവന്‍ ഇപ്പോള്‍ തിരുപ്പൂരില്‍ ആണത്രേ.......
അവിടെ ഏതോ ബനിയന്‍ കമ്പനിയില്‍ പണിയെടുക്കുന്നു.
അവന്‍ ഒരിക്കല്‍ കോയമ്പത്തൂരു എന്തോ ആവശ്യത്തിനു വന്നപ്പോള്‍
സാലിക്കുട്ടിയേം അവളുടെ തമിഴന്‍ കെട്ടിയോനേം കണ്ടുവെന്ന്.......
എന്നാലും അവളെ ഒരു തമിഴനു കെട്ടിച്ചു
കൊടുത്തുകളഞ്ഞല്ലോ തൊമ്മിച്ചന്‍ എന്നു അവന്‍ പരിഭവം പറഞ്ഞു.......

സാലിക്കുട്ടി ഇവിടെ നിന്ന് പോയത്‌ ഒരു മലയാളിയുടെ ഒപ്പം ആയിരുന്നു
എന്നു അവനോട്‌ ഞാന്‍ പറഞ്ഞില്ലാ......

പരദൂഷണം തറവാട്ടുകാര്‍ക്കു ചേര്‍ന്നതല്ലല്ലോ.....യേത്‌.......

61 comments:

sandoz said...

പൂയ്‌ നാട്ടാരേ...ഇപ്പൊ ഇതൊക്കെ തന്നെ പണി...എന്തു പണീന്നാ.......ദേ ഒരു പോസ്റ്റ്‌ ...

എന്നു വച്ചാല്‍
പുതിയ പോസ്റ്റ്‌........

സുല്‍ |Sul said...

“'നീ വന്നാല്‍ വൈകീട്ട്‌ നിന്റെ ഷെയറു എന്റെ വക......
അതും പോരെങ്കില്‍ നാളെ.....
പടിഞ്ഞാറേ ചെറേല്‍ ചെത്തണ കള്ളു....
ഒരു രണ്ടുമൂന്നു ലിറ്ററും ഒപ്പിച്ചു തരാ.......'


സാന്‍ഡോ വീണ വീഴ്ചയേ... ഹഹഹ കൊള്ളാം
തേങ്ങാ എന്റെ വക
“ഠേ.........“

സുല്‍

ശാലിനി said...

ഇത് പണ്ട് പള്ളിമണി അടിച്ച് തല്ലുകിട്ടിയ ആന്റോ ആണോ?

“സബാഷ്‌....എന്ത്‌ മനോഹരമായ പ്രേമ സല്ലാപം.....“

-B- said...

തൃപ്രയാര്‍ നിന്ന്‌ വരാപ്പുഴ വരെയുണ്ടല്ലോ പോOസ്റ്റിന്റീ നീളം. കൊടുങ്ങല്ലൂരെത്തിയപ്പോ ഞാന്‍ നിര്‍ത്തി. വരാപ്പുഴ എത്തുമ്പോ ബാക്കി പറയാം ട്ടാ.

Rasheed Chalil said...

അമ്മച്ചിമാര്‍ തന്തക്കും തള്ളക്കും വിളിക്കണത്‌.......
പുഷ്പം പോലെ ...
മണി മണി പോലെ കേട്ടോണ്ട്‌ കിടന്നു......
എന്നിട്ട്‌ കിടന്ന കിടപ്പില്‍ ഒരു സിഗരട്ട്‌ കത്തിച്ചു വലിച്ചു......


സാന്‍ഡോ ... കലക്കി ചുള്ളാ..

മനോജ് കുമാർ വട്ടക്കാട്ട് said...

കിടന്ന കിടപ്പില്‍ അവന്റൊരു സിഗരറ്റ്‌ വലി.

(സാന്റൂ, നന്നായിരിക്കുന്നു.)

ഇടിവാള്‍ said...

സങ്കല്‍പ്പത്തില്‍.... ഞാന്‍ ഓടി രക്ഷപ്പെട്ടെങ്കിലും ഒറിജിനലായി
അങ്ങനെ സംഭവിക്കണം എന്നു ഇല്ലാത്തത്‌ കൊണ്ട്‌ ഞാന്‍ അറിയാതെ 'ശ്ശെ' എന്നു പറഞ്ഞു പോയി. ...

HAHAHAH... Kalakki SantOz !

iTivAL| ഇടിവാള്‍

Mubarak Merchant said...

ഹഹഹഹ
ചിരിച്ച് മനുഷേന്റെ ഊപ്പാടെളകിയെടാ..
കലക്കന്‍ പോസ്റ്റ്.
നിനക്ക്‌ വേണ്ടെങ്കി നീ നിന്റെ തള്ളക്കെങ്കിലും കൊണ്ടോയ്‌ കൊട്‌.....
ടീ..ഇതു വാങ്ങെടീ...'

സബാഷ്‌....എന്ത്‌ മനോഹരമായ പ്രേമ സല്ലാപം.....
ഹഹഹഹഹ

asdfasdf asfdasdf said...

ഒറ്റക്കുതിക്കലിനു അടുക്കളയില്‍ കയറിയ ഞാന്‍ മോരുകറിയും കൂട്ടി ഊണും കഴിച്ച്‌......
പുറകേ ഒരു സിഗരറ്റും വലിച്ച്‌.....
ചുമ്മാ അവിടെ തന്നെ കുത്തിയിരുന്നു.......
ഹ ഹ ഹ .. ആന്റപ്പാ.. അല്ല സാന്റപ്പാ കലക്കന്‍..

Ziya said...

ഹൊ വയ്യെടാ പൊന്നേ...പാതി ആയപ്പളേക്കും ഞാന്‍ ഫ്ലാറ്റ്...
നീ സിഗററ്റും വലിച്ചോണ്ട് അവിടെക്കെട...
ഞാന്‍ എങ്ങോട്ടെങ്കിലും മാറിയിരുന്ന് ഈ ചിരീടെ കെതപ്പൊന്ന് മാറ്റട്ടെ...
ന്നട്ട് വന്ന് നെന്നെ പൊക്കിയെടുക്കാടാ ശവീ

G.MANU said...

എന്റെ പിടിയില്‍ നില്‍ക്കാതെ.....പൈപ്പിന്റെ ചുവട്ടിലേക്ക്‌ ഇടിച്ച്‌ കയറി.....

പൈപ്പിന്റെ ചുവട്ടില്‍ നിന്നിരുന്ന അമ്മച്ചിമാര്‍ ചിതറിയോടി......
അഞ്ചാറു അലൂമിനിയം കുടം ചളുക്കുകയും....
പ്ലാസ്റ്റിക്‌ കുടം പൊട്ടിക്കുകയും ചെയ്ത്‌ കൊണ്ട്‌ എന്റെ ശകടം പൈപ്പിന്റെ
ചുവട്ടില്‍.... മറിഞ്ഞു കിടന്നു.



സാണ്റ്റോ........എണ്റ്റെ ചിരിയുടെ ക്ളച്ചും പൊയേ.......

സാജന്‍| SAJAN said...

ചുവട്ടില്‍.... മറിഞ്ഞു കിടന്നു.
ഞാന്‍ മലര്‍ന്നും കിടന്നു......റോഡില്‍.
വെറുതെ കിടക്കുക ആയിരുന്നില്ലാ......
അമ്മച്ചിമാര്‍ തന്തക്കും തള്ളക്കും വിളിക്കണത്‌.......
പുഷ്പം പോലെ ...
മണി മണി പോലെ കേട്ടോണ്ട്‌ കിടന്നു......
എന്നിട്ട്‌ കിടന്ന കിടപ്പില്‍ ഒരു സിഗരട്ട്‌ കത്തിച്ചു വലിച്ചു......
ഹ ഹ ഹ... ഗഭീരം

തമനു said...

എന്റമ്മച്ചീ ........

എന്നാ കീറാ മോനേ സാന്‍ഡോസേ ...

വായിച്ച്‌ ചിരിച്ച്‌ ചിരിച്ച്‌ ഇപ്പോ ചിരിയുടെ സ്റ്റോക്ക് തീര്‍ന്നു പോയതു കൊണ്ട് ഞാന്‍ വായും പൊളിച്ചിവിടിരിക്കുവാ..

കലക്കി പ്പൊളിച്ചു

കുറുമാന്‍ said...

ഡേയ് സാണ്ടോസേ, എന്നാ കത്തിപ്പാണെടാ മ്വാനെ ഇത്. മെയിലായി അയപ്പിച്ച് വാങ്ങി, കമന്റ് മെയിലായി തന്നെ ചെയ്യിപ്പിക്കുന്നു.

കലക്കീന്ന് പറഞ്ഞാ കല കലക്കി. ആന്റപ്പന്‍ പാവം.

സുഗതരാജ് പലേരി said...

ഒരു മിനുട്ട്‌ തികച്ച്‌ വേണ്ടി വന്നില്ലാ എനിക്ക്‌....
ആ സ്പോട്ടില്‍ നിന്ന് 2 കിലോമീറ്റര്‍ അകലെയുള്ള എന്റെ വീട്ടില്‍ എത്താന്‍......
ഒറ്റക്കുതിക്കലിനു അടുക്കളയില്‍ കയറിയ ഞാന്‍ മോരുകറിയും കൂട്ടി ഊണും കഴിച്ച്‌......
പുറകേ ഒരു സിഗരറ്റും വലിച്ച്‌.....
ചുമ്മാ അവിടെ തന്നെ കുത്തിയിരുന്നു.......

Best friend thanne. kalakki.... kalakki polichu.

Kaithamullu said...

'ആടാപ്പാ....അവള്‍ടെ വിട്ടിലു ഒരു ചൊക്ലി പട്ടീണ്ട്‌....
വേറാരെ കണ്ടാലും അതു കൊരക്കൂല്ലാ.....
ഞാന്‍ ആ വീടിന്റെ മുമ്പിലൊള്ള വഴീല്‍ കൂടി പോയാ അത്‌ കെടന്ന് തൊടലു പൊട്ടിക്കും....."

-അനുഭവിച്ചോണ്ടാ ഇത് ഇത്ര ഹൃദ്യമായി ആസ്വദിക്കാനെനിക്ക് കഴിഞ്ഞത്!

സാന്‍ഡൊസേ, ഇതൊന്നല്ല, ഒന്നൊന്നര, ഒന്നേമുക്കാല്‍ പോസ്റ്റുണ്ടല്ലോ?

RR said...

പാവം ആന്റപ്പന്‍... ചിരിച്ചിട്ടു വയ്യ. കലക്കി സാന്റോസേ..

qw_er_ty

വിചാരം said...

ചിരി തുടങ്ങിയത് ഇവിടം മുതല്‍ ...'എന്റെ തള്ള ചത്തെട്ട്‌ അഞ്ചാറു കൊല്ലോയടീ...
ഇനി അവര്‍ക്കെങ്ങനേണു ഈ പൂ കൊണ്ടോയ്‌ കൊടുക്കണത്‌.....
ഇതു നല്ല കൂത്ത്‌.....
നിനക്ക്‌ വേണ്ടെങ്കി നീ നിന്റെ തള്ളക്കെങ്കിലും കൊണ്ടോയ്‌ കൊട്‌.....
ടീ..ഇതു വാങ്ങെടീ...'
പിന്നെയത് അവസാനിപ്പിച്ചത് നീ എഴുതീ അവസാനിപ്പിച്ചതിന് ശേഷം

ഡാ സാന്‍റ്രോ.. മലയാളിയുടെ കൂടെ ചാടി പോയ സാലികുട്ടി അണ്ണാച്ചിയുടെ സംസാരമായി ???

സു | Su said...

പാവം ആന്റപ്പന്‍.

പാവം സാലിക്കുട്ടി.

പാവം മാഷ്.

പാവം തമിഴന്‍.

നല്ല തമാശക്കഥ സാന്റോസേ :)

അപ്പു ആദ്യാക്ഷരി said...

പാവം സാന്റോ. :-)

Unknown said...

എന്നിട്ട്‌ കിടന്ന കിടപ്പില്‍ ഒരു സിഗരട്ട്‌ കത്തിച്ചു വലിച്ചു......

സാന്റോ,

ഏത് പോസ്റ്റിനും ഒരു പോയിന്റ് ഓഫ് ബ്രില്ല്യന്‍സ് ഉണ്ടാവും. ഈ പോസ്റ്റിന്റെ പോയിന്റ് മുകളില്‍ പറഞ്ഞതാണ്. :-)

കലക്കി!

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

സാന്‍ഡോസേ,
എഴുത്തിലെ നര്‍മ്മം ശരിക്കും ആസ്വദിച്ചു. ഇതേ പോലെ ഓരോന്ന്‌ ഇടക്കിടക്ക്‌ വേണം കേട്ടോ

Vempally|വെമ്പള്ളി said...

സാന്‍ഡോസേ, ന്നാലും ഏതു കഥേടെ അവസാനവും നായകന്‍ എല്ലാവരെയും അടിച്ചൊതുക്കി ഡയലോഗു കാച്ച്യാണ് അവസാനിക്കുക, ഇതിപ്പോ നായകന്‍ നായികയുടെ കയ്യില്‍ നിന്നും തല്ലും വാങ്ങി,നാടുവിടുന്നു! ഇത് ട്രാജഡിയാ, കോമഡിയോ? ഒളിച്ചിരുന്ന നായകന്‍റെ സുഹ്രുത്തിനെങ്കിലും മുന്നോട്ടുവന്ന് ഒരു പ്രകടനം കാഴ്ച വക്കാമായിരുന്നു.

സാന്‍ഡൊസെ കലക്കി!

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:
ആന്റപ്പനും ബൈക്കോടിക്കാന്‍ അറീല, ചാത്തനും ലൈസന്‍സില്ല..സാന്‍ഡോസേ ബാംഗ്ലൂരു വരെ ബൈക്കും കൊണ്ടുവരാന്‍ റെഡിയല്ലേ..ഒരു കുഞ്ഞ് സഹായം..

മിടുക്കാ ഓരോ പോസ്റ്റ് കഴിയുമ്പോറും ഫാന്‍സിന്റെ എണ്ണം കൂടുന്നു.. ഇനിപ്പോ നിന്നോടു ചാറ്റ് ചെയ്യണേലും പാതിരാത്രി വരെ കാത്തിരിക്കേണ്ടി വരും അല്ലേ. തിരക്കൊഴിയാന്‍ :(

ബിന്ദു said...

പാവം കൈസര്‍! :)

അരവിന്ദ് :: aravind said...
This comment has been removed by the author.
അരവിന്ദ് :: aravind said...

ക്ലാസ്സിക്.

ഇത് ബൂലോഗത്തിലെ ഓള്‍‍ടൈം ഹിറ്റുകളില്‍ ഒന്ന്.
എവര്‍ഗ്രീന്‍ പോസ്റ്റുകളില്‍ ഒന്ന്.

:-))

നമിച്ചു സാന്റോസേ...നമിച്ചു.

അത്തിക്കുര്‍ശി said...

സാന്റോ....

ആന്റപ്പനും സാന്റപ്പനും കൊള്ളാം..
ഇനിയിപ്പൊ ആ ആന്റപ്പനല്ലേ ഈ സാന്റപ്പനെന്ന്‌ വര്‍ണ്ണ്യത്തിലാശങ്ക!!!

കൊള്ളാം.. നല്ല ഒരു ഹാസ്യ പ്രേമ കാവ്യം!!

Visala Manaskan said...

അടുത്ത നിമിഷം ആന്റപ്പന്റെ ശബ്ദം ഞാന്‍ കേട്ടു......

'സാലീ...പൂ....'

കളകളം നിന്നു.
രണ്ടുമൂന്ന് സെക്കന്റിന്റെ നിശബ്ദതക്കു ശേഷം പിന്നേയും ആന്റപ്പന്റെ ശബ്ദം...

'സാലീ...പൂ..'

പിന്നെ കേട്ടത്‌ സാലിക്കുട്ടീടെ ശബ്ദം .....

'പൂവ്‌ നിന്റെ തള്ളക്കു കൊണ്ടോയ്‌ കൊട്‌....'

:))))

athu aantappanumalla.. nee saanthappanumalla. real ponnappanaa.

adipoli.

Sathees Makkoth | Asha Revamma said...

പാവം ആന്റപ്പനെ നാടുകടത്തിയിട്ട് വെലസുകയാണല്ലേ.
ഈ കഥയുടെ സത്യം കണ്ടുപിടിക്കാനായി ബോണ്ടീനെ അര്‍ജന്റായി വിളിച്ചിട്ടുണ്ട്.

ആഷ | Asha said...

ബോണ്ടായേട്ടാ കസറീട്ടോ
എന്നാലും കിടന്ന കിടപ്പില്‍ സിഗരട്ട്‌ കത്തിച്ചു വലിച്ചു കളഞ്ഞല്ലോ :))

krish | കൃഷ് said...

കലക്കീടാ സാന്‍റൂ(സ്‌).. അടിപൊളിയായിട്ടുണ്ട്.
ആന്‍റപ്പന് അധികം കാത്തിരിക്കേണ്ടിവരില്ലാ.. പൂര്‍വചരിത്രം വെച്ച് നോക്കിയാല്‍...കൊതിച്ചിരുന്ന സാലി ഉടന്‍ ആന്‍റപ്പന്‍റെ സ്വന്തമാകും.

krish | കൃഷ് said...

കലക്കീടാ സാന്‍റൂ(സ്‌).. അടിപൊളിയായിട്ടുണ്ട്.
ആന്‍റപ്പന് അധികം കാത്തിരിക്കേണ്ടിവരില്ലാ.. പൂര്‍വചരിത്രം വെച്ച് നോക്കിയാല്‍...കൊതിച്ചിരുന്ന സാലി ഉടന്‍ ആന്‍റപ്പന്‍റെ സ്വന്തമാകും.

Sushen :: സുഷേണന്‍ said...

കിടിലന്‍.. ചിരിച്ചു മണ്ണു കപ്പി.

കുതിരവട്ടന്‍ | kuthiravattan said...

:-)

അഗ്രജന്‍ said...

1) അതു തന്നേടാ ശവീ.....
അപ്പന്റെ പേരു പറഞ്ഞാലും.....
ഒറപ്പിക്കാന്‍ മോള്‍ടെ പേരു തന്നെ കേക്കണം...
ഇങ്ങനെ ഒരു കോന്തന്‍......'

2) തൊമ്മിച്ചന്‍ കൈക്കോടാലിക്ക്‌ വെട്ടിയാല്‍ തടുക്കാം.....
അല്ലെങ്കില്‍ കോടാലി വീശുമ്പൊ കുനിഞ്ഞ്‌ കളയാം.....

3) പൂവ്‌ കൊടുക്കുന്നത്‌ ആന്റപ്പനാണെങ്കിലും ഇടിക്കുന്നത്‌ എന്റെ നെഞ്ചാണു.

4) വെറുതെ കിടക്കുക ആയിരുന്നില്ലാ......
അമ്മച്ചിമാര്‍ തന്തക്കും തള്ളക്കും വിളിക്കണത്‌.......
പുഷ്പം പോലെ ...
മണി മണി പോലെ കേട്ടോണ്ട്‌ കിടന്നു......

5) ചോരക്കുഞ്ഞിനെ നേഴ്സിന്റെ കൈയില്‍ നിന്ന് ഏറ്റുവാങ്ങുന്ന സൂക്ഷ്മതയോടെ ആ കുപ്പി വാങ്ങി........

6) പട്ടി കുര നിര്‍ത്തി മോങ്ങല്‍ ആരംഭിച്ചു.....

ഹഹഹാഹ
എനിക്കു വയ്യ ചിരിക്കാന്‍
അടക്കിപ്പിടിച്ച് എത്ര നേരം ചിരിക്കും

7) സാന്‍ഡോയുടെ ആ കടന്നു ചെല്ലലും സാലിക്കുട്ടീടെ ആ വരവും....

സൂപ്പര്‍ പോസ്റ്റ് മോനേ... സൂപ്പര്‍

മുസ്തഫ|musthapha said...

ഈ ‘മറ്റൊരിടം’ കൊണ്ട് തോറ്റു...

അത് ഞാന്‍ തന്നെ

- അഗ്രജന്‍ -

തറവാടി said...

:))

പാവാടക്കാരി said...

this is not an ad..
but this is a coment...

മലയാള ബ്ലോഗ് ചിരിവല്‍കരണം-പ്രതിഷേധിക്കുക


hi..hi..hi..:-)))))))))

മുല്ലപ്പൂ said...

സബാഷ്‌....എന്ത്‌ മനോഹരമായ പ്രേമ സല്ലാപം.....

എന്റമ്മോ ഇതെങ്ങനെ ഇങ്ങനെ എഴുതി പിടിപ്പിക്കണ് . ചിരിച്ചു , സ്വാസം കിട്ടാണ്ടെ വലയണ്

(ഇതെന്റാ സാന്‍ഡോചേട്ടായി കുരിശുമ്മേല്‍ കേറിയേ (പ്രോഫൈല്‍ ) . വെള്ളസാരിയെ പേടിച്ചിട്ടാ ?)

ഏറനാടന്‍ said...

സൂപ്പര്‍ ഡ്യൂപ്പര്‍ കഥൈ എന്‍ സാന്‍ഡൂസ്‌..! ചിരിച്ചിട്ട്‌ എന്റെ അടപ്പൂരി, വയറുവേദനേം തൊടങ്ങി.

അതോക്കെ പ്വോട്ട്‌.. നായികകൊച്ചിനെന്തിനാ എന്റെ പേരുതന്നെയിട്ടത്‌? അപ്പേരിന്‌ ഇന്നുവരെ കോപ്പിറൈറ്റ്‌ കൊടുക്കാത്തതും ഇതിലിട്ടതിനും ഞാന്‍ കേസ്സ്‌ കൊടുത്തില്ലേലും പരാതി അറിയിക്കുന്നുമില്ല. (പേര്‌ പെണ്‍കൊച്ചിനല്ലേ, പ്വോട്ട്‌!)
:)

sandoz said...

ആന്റപ്പനെ കാണന്‍ വന്ന....

സുല്‍..ശാലിനി...ബിക്കു...
ഇത്തിരി......പടിപ്പുര...
ഇടിവാള്‍......ഇക്കാസ്‌..
കുട്ടന്‍ മേനോന്‍...സിയ..
മനു...സാജന്‍..തമനു..
കുറുമാന്‍..പലേരി...
കൈതമുള്ള്‌...ആറാര്‍...
വിചാരം.....സു..അപ്പു..
ദില്‍ബന്‍.....പണിക്കര്‍ സാര്‍..
വെമ്പള്ളി...ചാത്തന്‍..
ബിന്ദു..അരവിന്ദന്‍..
അത്തിക്കുര്‍ശി.....വിശാലന്‍...
സതീശന്‍...ആഷ...
കൃഷ്‌...സുഷേണന്‍....
കുതിരവട്ടന്‍....അഗ്രു...
തറവാടി...പാവടക്കാരി..
മുല്ലപ്പൂ....ഏറനാടന്‍.......

എന്നിവര്‍ക്കു നന്ദി...നമസ്കാരം..
സ്നേഹം.....

ഇത്‌ മൂന്നു സംഭവങ്ങളെ ഒരൊറ്റ ചരടില്‍
കോര്‍ക്കാന്‍ ഞാന്‍ നടത്തിയ ഒരു ശ്രമം ആണു....ശ്രമം കുറച്ചു വിജയിച്ചു എന്നറിയുന്നതില്‍ സന്തോഷം ഉണ്ട്‌....

എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി നന്ദി.......

ജിസോ ജോസ്‌ said...

ഈപ്പഴാണു കണ്ടതു...കലക്കി.... ഒത്തിരി ചിരിച്ചു....:))

ഉണ്ണിക്കുട്ടന്‍ said...

സാന്‍ഡോസേ കലക്കീടാ..നല്ല ക്ലാസ്സ് കോമഡി :)

Kiranz..!! said...

സാന്റ്റോ..ക്രെഡിറ്റെടുക്കാന്‍ ചെന്നിട്ട് വേലിക്കല്‍ ചാടി മാറിയ രംഗം തകര്‍ത്തു.കൊച്ചിക്കാരന്മാര്‍ക്ക് ജന്മഗുണമായിക്കിട്ടുന്ന ഹാസ്യം.റാഫിയോ മെക്കാര്‍ട്ടിനോ കഥകള്‍ വന്ന് ചോ‍ദിച്ചാല്‍ കൊടുത്തേക്കരുതും..കേട്ടല്ലാ..:)

ആവനാഴി said...

സര്‍ സാന്‍ഡോസ്

“പത്താം ക്ലാസ്‌ ജയിച്ചാല്‍ കെട്ടിച്ച്‌ വിടാം എന്ന അപ്പന്റെ ഒറ്റ വാക്ക്‌ വിശ്വസിച്ചു മാത്രമാ....
സാലിക്കുട്ടി ഇപ്പഴും ഈ സാഹസം നടത്തണത്‌...”

എടോ സാന്‍ഡോസേ തനിക്ക് ഹാസ്യം നല്ലോണം വഴങ്ങും.

എന്തലക്കാണെടോ താനീ അലക്കിവിടുന്നത്!

താനീ പൂവൊന്നു പിടിച്ചേ, തനിക്കൊന്നു ശിഷ്യപ്പെടാനാ.

സസ്നേഹം

ആവനാഴി

sandoz said...

ആന്റപ്പനെ കാണാന്‍ വന്ന...

തക്കുടു....ഉണ്ണിക്കുട്ടന്‍..

കിരണ്‍സ്‌.....ആവനാഴി....

എന്നിവര്‍ക്ക്‌...നന്ദി....നമസ്കാരം...

ദിവാസ്വപ്നം said...

സാന്‍,

കലക്കി.

sandoz said...

യെസ്‌..ദിവാന്‍ ജി ഇത്‌ കണ്ടിരുന്നോ.....സന്തോഷം...നന്ദി....

വേണു venu said...

സാന്‍ഡോസ്‌ ഗോണ്‍സാന്‍ വസ്‌,
നല്ലൊരു ഹാസ്യ പ്രേമ കഥാകഥനം ആസ്വദിച്ചു.:)

സുന്ദരന്‍ said...

എടാ കുരിശേ...(പ്രൊഫൈലില്‍ ഫോട്ടത്തിന്റെ സ്ഥാനത്ത്‌ കുരിശുവരച്ചതുകൊണ്ടാണ്‍ കുരിശെന്നു വിളിച്ചത്‌)...

അല്ലെങ്കില്‍ വേണ്ട..
മി. സാന്‍ഡോസ്‌ ഗോണ്‍സാല്‍വസ്‌,

ഇമ്മാതിരി അലക്കുകള്‍ക്ക്‌ വെറും കമന്റ്‌ മാത്രം പോരാ... അടുത്ത വരവിനു ഒരു 'നടപ്പു യോഹന്നാന്‍, കറുത്തത്‌'മായ്‌ മഞ്ഞുമ്മലിനു വരാന്‍ തീരുമാനിച്ചു....

രാജേഷ്‌ ടി. നായര്‍ | Rajesh T Nair said...

"എന്നിട്ട്‌ കിടന്ന കിടപ്പില്‍ ഒരു സിഗരട്ട്‌ കത്തിച്ചു വലിച്ചു......"


അവിടുത്തെ തൃപാദങ്ങളില്‍ ഈയുള്ളവന്റെ പ്രണാമം...

പണ്ടുകഴിച്ച ഹോണോലുലു ബീഫ്‌ ഫ്രൈ ഇപ്പൊളാണു ഒന്ന് ദഹിച്ചതു !

സാന്റോ ചേട്ടാ.. എങ്ങിന്നെ ഒപ്പിക്കുന്നു ഇതെല്ലാം !
ഒരു കുപ്പി ഹണീബി ഒരു കൈ റമ്മി ഒരു പുകയുന്ന സിഗരറ്റ്‌... പിന്നെ സാന്റോയും ... ഇതാണോ ഈ സൃഷ്ടികളുടെ പിന്നിലെ ഗുട്ടന്‍സ്‌ ?

കസറി മഷേ.. പോരട്ടെ അടുത്തത്‌

മിടുക്കന്‍ said...

"സാലിക്കുട്ടി ഇവിടെ നിന്ന് പോയത്‌ ഒരു മലയാളിയുടെ ഒപ്പം ആയിരുന്നു
എന്നു അവനോട്‌ ഞാന്‍ പറഞ്ഞില്ലാ......

പരദൂഷണം തറവാട്ടുകാര്‍ക്കു ചേര്‍ന്നതല്ലല്ലോ.....യേത്‌......."
**********
ട്രാജഡി ആയിട്ടുള്ള ക്ലൈമാക്സില്‍ മുഖത്ത് ഒരു ചിരി പറ്റിച്ച് നില്‍ക്കുന്നത് കാണുമ്പോള്‍ കരഞ്ഞു പോകുന്നെടാ പോന്നു മോനെ..
(സത്യം പറ ഈ സാലിക്കുട്ടിയെ നീ പ്രേമിച്ചിരുന്നില്ലേ..?)

Siju | സിജു said...

നീ ഒരു കുരിശായല്ലോ...
(ചിരി നിര്‍ത്താന്‍ പറ്റിയില്ല)

നിമിഷ::Nimisha said...

ഹി ഹി ഹി ചിരി നില്‍ക്കുന്നില്ല ഇത് വായിച്ചിട്ട് :)

കുട്ടന്‍സ്‌ | S.i.j.i.t.h said...

ആന്റപ്പന്‍ കസറീട്ടാ...

sandoz said...

ആന്റപ്പന്‍ മുങ്ങിയ വാര്‍ത്ത അറിഞ്ഞ്‌ ഓടിക്കൂടിയ.....

വേണുജി.....സുന്ദരന്‍...

രാജേഷ്‌ തേക്കത്ത്‌..മിടുക്കന്‍...

സിജു..നിമിഷ..കുട്ടന്‍സ്‌...

എന്നിവര്‍ക്ക്‌ നന്ദി..നമസ്കാരം...

[ഞാന്‍ മുങ്ങിയ വാര്‍ത്ത അറിഞ്ഞ്‌ ഓടിക്കൂടിയവര്‍ക്കും.....കൊടുങ്ങല്ലൂര്‍ വ്യാജമദ്യദുരന്തത്തിനെ ഇരകളെ കിടത്തിയിരുന്ന മോര്‍ച്ചറിയില്‍ എന്നെ തിരഞ്ഞവര്‍ക്കും....മാഹിയില്‍ വല വിരിച്ചവര്‍ക്കും.......മുരിങ്ങൂര്‍ ധ്യാനകേന്ദ്രം ആക്രമിച്ച്‌ എന്നെ രക്ഷപെടുത്താന്‍ ശ്രമിച്ചവര്‍ക്കും.....ഓടകളില്‍ കണ്ടു എന്നു പറഞ്ഞ്‌ പരത്തിയവര്‍ക്കും.......അങ്ങനെ.....അങ്ങനെ....എന്നെ ഒരു വഴിക്കാക്കിയ......എല്ലാ നല്ലവരായ നാട്ടുകാര്‍ക്കും .......ഞാന്‍ വച്ചിട്ടൊണ്ട്‌......]

neermathalam said...

nee verum sandozalla....pattara mattu calcium sandoza...

namichu....ethinu mumbu namichavarude list...

1.vishalamanaskkan
2.biku
de eppo eee sandozumm...midukkana...ee blogilekkulla...vazhi parangu tanne...

Unknown said...

സാലിക്കുട്ടി ഇവിടെ നിന്ന് പോയത്‌ ഒരു മലയാളിയുടെ ഒപ്പം ആയിരുന്നു
എന്നു അവനോട്‌ ഞാന്‍ പറഞ്ഞില്ലാ......

പരദൂഷണം തറവാട്ടുകാര്‍ക്കു ചേര്‍ന്നതല്ലല്ലോ.....യേത്‌.......

സുഗേഷ് said...

'കള്ള എലാസ്റ്റിക്കു മോനേ ......'


സാന്റൊ താങ്കള്‍ തെറി ഗവേഷണവും നടത്തുന്നുണ്ട് എന്നറിഞ്ഞറിഞതില്‍ സന്തോഷം


ആ തെറിവിളി കലക്കിയിട്ടുണ്ട് സാന്റോ.

സുധി അറയ്ക്കൽ said...

ഒരു മിനുട്ട്‌ തികച്ച്‌ വേണ്ടി വന്നില്ലാ എനിക്ക്‌....
ആ സ്പോട്ടില്‍ നിന്ന് 2 കിലോമീറ്റര്‍ അകലെയുള്ള എന്റെ വീട്ടില്‍ എത്താന്‍......
ഒറ്റക്കുതിക്കലിനു അടുക്കളയില്‍ കയറിയ ഞാന്‍ മോരുകറിയും കൂട്ടി ഊണും കഴിച്ച്‌......
പുറകേ ഒരു സിഗരറ്റും വലിച്ച്‌.....
ചുമ്മാ അവിടെ തന്നെ കുത്തിയിരുന്നു......



ഇതൊക്കെ എവിടുന്ന് വരുന്നു ഭഗവാനെ...