Showing posts with label നര്‍മ്മം. Show all posts
Showing posts with label നര്‍മ്മം. Show all posts

Saturday, October 27, 2007

സണ്ണിച്ചന്‍ പാവമായിരുന്നു....

ഇന്ന് താന്‍ മരിക്കും.
ചുമ്മാ ആപ്പാ ഊപ്പാ മരിക്കലൊന്നുമല്ലാ....അതിന്‌ വേറെ ആളെ നോക്കണം.
താന്‍ മരിക്കാന്‍ പോണതേ ആത്മഹത്യ ചെയ്താ...ഹും.
സണ്ണിച്ചന്‍ തീരുമാനിച്ച്‌ കഴിഞ്ഞിരുന്നു.വ്യക്തമായ പദ്ധതിയും തയ്യാറാക്കി കഴിഞ്ഞു.

കഴിഞ്ഞ പ്രാവശ്യത്തെ പോലെ അബദ്ധം പറ്റരുത്‌.ആ പോലീസുകാരന്‌ കേറി തടയാന്‍ പറ്റരുത്‌.അയാളും മോളും അനുഭവിക്കണം.തന്റെ ശവത്തിന്‌ അവരെക്കൊണ്ട്‌ സമാധാനം പറയിപ്പിക്കണം.

സണ്ണിച്ചന്‍ ഒന്ന് ഊറി ചിരിച്ചു.എന്നിട്ട്‌ വീടിന്‌ പുറത്തേക്കിറങ്ങി.പുറത്ത്‌ നിന്നുകൊണ്ട്‌ തന്റെ വീടിനെ അവസാനമായി ഒന്ന് നോക്കി. അതിന്‌ ശേഷം കവല ലക്ഷ്യമാക്കി ആഞ്ഞ്‌ നടന്നു.
സണ്ണിച്ചന്‍ പാവമായിരുന്നു.
******************
സണ്ണിച്ചന്‍ ഉറങ്ങാറില്ല.
ഡയസപാം ഗുളികയും ബാറ്ററിയും കലക്കിയ കള്ള്‌ അഞ്ച്‌ കുപ്പി...
കുതിരപോലും കുടിക്കാത്ത വില കുറഞ്ഞ സര്‍ക്കാര്‌ മദ്യം കാല്‍ക്കുപ്പി...
ആവശ്യത്തിന്‌ കഞ്ചാവും....
ഇത്രയും സ്ഥിരം കേറ്റാറുള്ള സണ്ണിച്ചന്‌....
ഒരു ദിവസം പോലും ഉറങ്ങാന്‍ പറ്റാറില്ല.
അത്‌ സണ്ണിച്ചന്റെ തെറ്റായിരുന്നില്ല.
ഉറങ്ങുന്നതിനു മുന്‍പേ ബോധം പോകുന്നത്‌ സണ്ണിച്ചന്റെ തെറ്റാണോ...
അല്ല..അല്ല..അല്ല.

സണ്ണിച്ചന്‍ പാവമായിരുന്നു.
***************
സണ്ണിച്ചന്‍ സുന്ദരനാണ്‌...
സുമുഖനാണ്‌...
സര്‍വോപരി സംഭാഷണ പ്രിയനാണ്‌.
സംഭാഷണം കേള്‍ക്കുന്നവന്‍...ഒരെണ്ണം മുഖമടച്ച്‌ സണ്ണിച്ചനിട്ട്‌ പൊട്ടിക്കാതെ വേറെ പണിക്ക്‌ പോവൂല്ല.
അത്രക്ക്‌ കേമനാണ്‌ സണ്ണിച്ചന്‍.എന്നാലും സണ്ണിച്ചന്‍ പാവമായിരുന്നു.
പാവം മാത്രമല്ലാ..അധ്വാനിയും കൂടിയായിരുന്നു.
സദാശിവന്‍ മുതലാളിയുടെ കൊപ്രക്കളത്തില്‍ എല്ലുമുറിയെ പണിയെടുത്ത്‌...കാശ്‌ സമ്പാദിച്ച്‌...സണ്ണിച്ചന്‍ ഷാപ്പുകാരന്‍ ഗോപാലന്റെ കുടുംബം പുലര്‍ത്തി.
ബിവറേജസ്‌ കോര്‍പ്പറേഷനെ നഷ്ടത്തില്‍ നിന്ന് രക്ഷിച്ചു.
മലമടക്കുകളിലെ കഞ്ചാവ്‌ തോട്ടങ്ങളില്‍ വിയര്‍പ്പൊഴുക്കുന്നവര്‍ക്ക്‌ അത്താണിയായി.

അങ്ങനെ പരോപകാരിയായി....
പരോപകാരികള്‍ക്ക്‌ ഉപകാരിയായി...
സണ്ണിച്ചന്‍ ജീവിച്ച്‌ പോരുന്നതിനിടയിലാണ്‌...
പീച്ചിഡാമില്‍...
എവിടെനിന്നെന്നോ...
എങ്ങനെയെന്നോ അറിയാതെ പെട്ടെന്ന് പ്രത്യക്ഷപ്പെട്ട മുതലയെപ്പോലെ...
ഒരു പെണ്‍കുട്ടി സണ്ണിച്ചന്റെ മുന്‍പില്‍ വന്നവതരിച്ചത്‌.

വൈകീട്ട്‌ ഒരു അഞ്ചഞ്ചര മണിക്ക്‌ ബാറ്ററിവാട്ടറും കേറ്റി...
അടുത്ത പടിയായ സര്‍ക്കാരിന്റെ കാല്‍ക്കുപ്പി വാങ്ങാനുള്ള പ്രയാണത്തിനിടയില്‍...
സ്ഥലകാലബോധം പോയി...
തെക്കേതാ വടക്കേതാ എന്നറിയാതെ കവലയില്‍ നിന്ന് കറങ്ങുമ്പോഴാണ്‌ ഗുരുവായൂര്‍ക്ക്‌ പോകുന്ന ഫാസ്റ്റ്‌ പാസഞ്ചര്‍ കവലയില്‍ ചവുട്ടിയതും...
അതില്‍ നിന്ന് മിസ്‌:ശോശന്ന മൈക്കിള്‍ ഇറങ്ങിയതും.
ശോശന്നയെ കണ്ടപ്പോള്‍...
ഇവളെ അറുത്താല്‍ പത്ത്‌ പത്തേമാരി പണിയാമല്ലോ കര്‍ത്താവേ....എന്നാണ്‌ സണ്ണിച്ചന്‌ ആദ്യം തോന്നിയത്‌.
ആ തോന്നല്‍ കുറച്ച്‌ ഉറക്കെയായിപ്പോയത്‌ സണ്ണിച്ചന്റെ തെറ്റായിരുന്നില്ല.ഉള്ളിലുള്ള ബാറ്ററിവാട്ടറിന്റെ തെറ്റായിരുന്നു.
ഒരു നിമിഷം...ശോശന്ന ഒന്ന് മുന്നോട്ടാഞ്ഞു.കൈയ്യൊന്നാഞ്ഞ്‌ വീശി.
ആദ്യം ഠേ എന്നൊരു ശബ്ദവും...അതിന്റെ തൊട്ടുപുറകേ പ്‌ധും എന്നൊരു ശബ്ദവും കേട്ട്‌...കവലയിലെ ബസ്‌സ്റ്റോപ്പിലിരുന്ന് ലോട്ടറി ടിക്കറ്റ്‌ വില്‍ക്കുന്ന കാഴ്ചയില്ലാത്ത...അതിനും കൂടിചേര്‍ത്ത്‌ കേള്‍വി ശക്തിയുള്ള അന്ത്രുക്ക ചെവിയോര്‍ത്തു.
ആരാടാ ഈ വൈകീട്ട്‌...വെടിവച്ച്‌ ചക്കയിടണത്‌...
അന്ത്രുക്ക ചിന്താപ്രോബ്ലത്തിലായി.
ജെസീബിയുടെ കൈ പോലുള്ള തന്റെ കൈവീശി...
കൊന്നത്തെങ്ങിന്‌ കാറ്റുപിടിച്ച പോലെ നിന്നാടുന്ന സണ്ണിച്ചന്റെ കരണത്തിട്ട്‌ ഒരു കിണ്ണും കൊടുത്ത്‌ നൂറ്റി ഇരുപത്‌ കിലോ ഭാരമുള്ള ശോശന്ന കൂളായിട്ട്‌ നടന്ന് വീട്ടിലേക്ക്‌ പോയി.

അടികൊണ്ട്‌ താഴെ വീണ സണ്ണിച്ചന്‍ കുറച്ച്‌ നേരം നക്ഷത്രമെണ്ണി.
മുഴുവനും എണ്ണിയില്ല...പത്തെണ്ണം വരെ എണ്ണി നിര്‍ത്തി.
കാരണം പത്തുവരെ എണ്ണാനേ സണ്ണിച്ചന്‌ അറിയാമായിരുന്നുള്ളൂ.
എണ്ണല്‍ നിര്‍ത്തി എഴുന്നേല്‍ക്കാന്‍ ശ്രമിച്ച സണ്ണിച്ചന്‍...
ഫാസ്റ്റ്‌ അറ്റംറ്റില്‍ ഫെയില്‍ ആവുകയും...
സെക്കന്‍ഡ്‌ ആന്‍ഡ്‌ തേര്‍ഡ്‌ അറ്റംറ്റുകള്‍ സമ്പൂര്‍ണ്ണ ഫെയിലുകളില്‍ കലാശിക്കുകയും ചെയ്തപ്പോള്‍...
പിന്നൊന്നും ചിന്തിക്കാതെ അവിടെ തന്നെ ചുരുണ്ട്‌ കൂടി കിടന്നു.
ഏകദേശം രാത്രി പന്ത്രണ്ട്‌ മണിയോട്‌ കൂടി ഒരുറക്കം കഴിഞ്ഞപ്പോള്‍...
കിട്ടിയ കൊട്ടിന്റേയും ഉള്ളിലുള്ള കൊട്ടുവടിക്ക്‌ തുല്യമായ കള്ളിന്റേയും കെട്ട്‌ ഇറങ്ങുകയും...
ഒരു വിധം തപ്പിപ്പിടിച്ച്‌ എഴുന്നേറ്റ്‌...
ബസ്സ്റ്റോപ്പിലെ സിമന്റ്‌ ബെഞ്ചിലേക്ക്‌ വിശ്രമസ്ഥാനം മാറ്റുകയും ചെയ്തു.
താന്‍ വഴിയരികില്‍ സമാധിയാകാനുണ്ടായ കാര്യങ്ങളെക്കുറിച്ച്‌ സണ്ണിച്ചന്‍ സിമന്റ്‌ ബെഞ്ചില്‍ കിടന്ന് കൊണ്ട്‌ ഒരു വിശകലന്‍ നടത്തി.പത്ത്‌ മിനുട്ട്‌ നേരത്തെ വിശകലനത്തിന്‌ ശേഷം ചടിയെഴുന്നേറ്റ്‌ തൊട്ടടുത്തുള്ള നാണുനായരുടെ ചായക്കടയില്‍ ചെന്ന് മുട്ടിവിളിച്ചു.

'ടോ നായരേ....എഴുന്നേറ്റേടോ...ടോ ഞാനാണ്‌...സണ്ണിച്ചന്‍..'

നാണുനായര്‍ക്ക്‌ ചായക്കടയും വീടുമെല്ലാം ഒന്നു തന്നെ.വരവ്‌ ചെലവെല്ലാം എഴുതിക്കൂട്ടി...
കാശ്‌ തരാതെ പറ്റ്‌ ബുക്കില്‍ പടമായി മാറിയവരുടെ തന്തക്കും തള്ളക്കും ഒരു റൗണ്ട്‌ വിളിച്ച്‌...കിടക്കാന്‍ ഒരുങ്ങുകയായിരുന്ന നാണുപിള്ള വിളികേട്ടു.

'ഹ.ഹ..നീ എഴുന്നേറ്റാ....നിന്റെ കെടപ്പ്‌ കണ്ടപ്പ നീ കാഞ്ഞുപോയെന്നാ ഞാന്‍ കരുതീത്‌. നിന്നെ കുഴിച്ചിടാന്‍ രാവിലേ പഞ്ചായത്തില്‌ വിളിച്ച്‌ പറഞ്ഞാലോ എന്നു വിചാരിച്ചിരിക്കേയിരുന്ന് ഞാന്‍...'

'ഉവ്വാടോ നായരേ....ഞാന്‍ ചത്തെട്ട്‌ ഈ കവലേല്‌ ആളുകൂടി താന്‍ നാലുചായ കൂടുതല്‍ വിറ്റത്‌ തന്നെ...'

'നിന്നേന്തിനാടാ ആ പോലീസുകാരന്റെ മോള്‌ തല്ലീത്‌...'

'പോലീസുകാരന്റെ മോളാ...
ഏത്‌ പോലീസുകാരന്റെ....
ഏതാടോ നായരേ ആ റോഡ്‌റോളറ്‌...'

'അതാ മൈക്കിള്‌ പോലീസുകാരന്റെ മോളാ...അത്‌ അതിന്റെ അമ്മ വീട്ടില്‌ നിന്നല്ലേ പഠിച്ചിരുന്നേ..അതാ നിനക്ക്‌ മനസ്സിലാകാഞ്ഞേ...'

'അവള്‌ അമ്മേടെ വീട്ടിലാ...അമ്മായിയമ്മേടെ വീട്ടിലാ നിന്ന് പഠിക്കട്ടെ....എന്നേന്തിനാ ആ പിശാശ്‌ തല്ലീത്‌...'

'ഇത്‌ നല്ല കൂത്ത്‌...നിന്നെയവള്‌ തല്ലീതെന്തിനാന്ന് എന്റടുത്താണാ ചോദിക്കണേ....നീയവളോട്‌ ചോദിക്കടാ...'

'ഞാന്‍ ചോദിക്കും...കൊരക്കില്‍ ജീവനൊണ്ടേ ഈ സണ്ണിച്ചന്‍ ചോദിക്കും...'

'ടാ ചെക്കാ...നീയിനി ചോദിക്കാനും പിടിക്കാനുമൊന്നും പോണ്ടാട്ടാ....ഇപ്പ അവളടേന്ന് കിട്ടി...അത്‌ നാട്ടുകാരാരും കണ്ടിട്ടില്ലാ...ഇനി ചോദിക്കാന്‍ ചെന്നാ അവളടപ്പന്‍ പോലീസുകാരന്‍ നിന്നെയെടുത്തിട്ട്‌ മെതിക്കും...നാട്ടുകാര്‌ അറിയേം ചെയ്യും...'

'ഇനിയെന്റെ ദേഹത്ത്‌ കൈവച്ചാ കൊപ്ര പൊളിക്കണ വാക്കത്തിക്ക്‌ വീശും ഞാന്‍ രണ്ടിനേം...'

'ഊവാ..നടന്നത്‌ തന്നെ...നിന്റെ പൊന്നുപോലത്തെ നാക്ക്‌ കൊണ്ട്‌ ആ പെങ്കൊച്ചിനെ വല്ലോം പറഞ്ഞ്‌ കാണും.അല്ലാതെ...വെറുതേ ആരേലും മെക്കിട്ട്‌ കേറുവോ.
ടാ..കഴിഞ്ഞത്‌ കഴിഞ്ഞു.ഇനി ചോദിക്കാന്‍ പോയിട്ട്‌ കാക്കിക്കാര്‍ക്ക്‌ കൂടി ഈ ശരീരത്തില്‍ കേറി നെരങ്ങാനൊരു ചാന്‍സ്‌ കൊടുക്കണ്ടാട്ടാ...'

'പോടോ നായരേ...ഈ സണ്ണിച്ചനേ വെറും ഉണ്ണാക്കനല്ലാ...ഞാന്‍ ചോദിക്കും...ഇന്ന് തന്നെ ചോദിക്കും...'

'എങ്കില്‍ ചെല്ല്..കിട്ടണത്‌ വാങ്ങിച്ച്‌ പെട്ടീല്‌ വച്ചോ....എനിക്കൊറങ്ങണം..നീയൊന്ന് പോയേ...'

'ഞാന്‍ പൊക്കോളാം...തന്റെ പതിനാറിന്റെ ഉപ്പുമാവ്‌ തിന്നാന്‍ വന്നതല്ലാ ഞാന്‍...'

'നിന്റെയീ നാക്ക്‌ ആദ്യം ചെത്തിക്കള...അല്ലേല്‍ നിനക്ക്‌ ഇനീം കിട്ടും ഇതുപോലുള്ള അസ്സല്‍ പെട...'

സണ്ണിച്ചന്‍ നടന്ന് കഴിഞ്ഞിരുന്നു...
മൈക്കിള്‍ പോലീസിന്റെ വീട്‌ ലക്ഷ്യമാക്കി...
മകള്‍ ശോശന്നയെ ലക്ഷ്യമാക്കി.

സണ്ണിച്ചന്‍ പാവമായിരുന്നു....
***************
ഒരാവേശത്തിന്‌ ഇങ്ങട്‌ പോന്നെങ്കിലും...ശോശന്നയുടെ വീടിന്‌ മുന്‍പിലെത്തിയപ്പോള്‍ സണ്ണിച്ചന്‍ ഒന്ന് പരുങ്ങി.
നേരേ കേറി ചെന്ന് മുട്ടിവിളിച്ച്‌...അവളെ പുറത്തിറക്കി രണ്ടെണ്ണം പൂശിയാലോ.
മുട്ടിവിളിച്ചാല്‍ അവള്‍ക്ക്‌ പകരം അപ്പന്‍ ഇറങ്ങിയാല്‍ പണിയാകും.അല്ലെങ്കില്‍ തന്നെ രാത്രിനേരമാണ്‌.അപ്പനേ ഇറങ്ങിവരൂ.മകള്‍ റോഡ്‌റോളറാണെങ്കില്‍ അപ്പന്‍ ഷിപ്‌ യാര്‍ഡിലെ ക്രെയിനാണ്‌.കുറഞ്ഞത്‌ നൂറ്റന്‍പത്‌ കിലോ ഉറപ്പാണ്‌.
തല്ലണ്ട..വെറുതേ മറിഞ്ഞുകെട്ടി തന്റെ ദേഹത്തേക്ക്‌ വീണാല്‍ തന്നെ കണ്ടെയിനര്‍ ലോറി കേറിയ ബി.എസ്‌.എ സൈക്കിളിന്റെ അവസ്ഥയിലാവും.
ക്ഷമിക്കാം.നേരം വെളുക്കണത്‌ വരെ ക്ഷമിക്കാം.
സണ്ണിച്ചന്‍...ശോശന്നയുടെ വീടിന്റെ അടുത്ത്‌ തന്നെയുള്ള പാലത്തിന്റെ താഴെ പോയി കുത്തിയിരുന്നു.പിന്നെ അവിടെ കിടന്നുറങ്ങി.
**************
'ടാ...സണ്ണിച്ചാ...എണീറ്റ്‌ പോടാ...പെണ്ണുങ്ങടെ കുളിക്കടവിനടുത്താണാടാ പോത്തേ കെടന്നൊറങ്ങണത്‌...'

ഞെട്ടിയുണര്‍ന്ന സണ്ണിച്ചന്‍ കണ്ടത്‌..ഒരു കെട്ട്‌ തുണിയുമായി നില്‍ക്കുന്ന ത്രേസ്യാ ചേടത്തിയെ...

'പെണ്ണുങ്ങടെ കടവനിടുത്ത്‌ കെടന്നാല്‍ ഉറക്കം വരൂല്ലേ..ഞാന്‍ സുഖോയിട്ട്‌ ഒറങ്ങിയല്ലാ...'

'നീയങ്ങനെ പല കടവിലും ഒറങ്ങീട്ടൊണ്ടാവും..പക്ഷേ ഇപ്പയെന്റെ മോന്‍ എണീറ്റ്‌ പോയേ..ഞങ്ങക്ക്‌ നനക്കേം കുളിക്കേമൊക്കെ ചെയ്യാനൊള്ളതാ..'

സണ്ണിച്ചന്‍ പിന്നേം ചൊറിയണ വര്‍ത്തമാനം പറയാന്‍ തന്റെ പൊന്നു പോലത്തെ നാക്ക്‌ പുറത്തേക്കിട്ടെങ്കിലും...
കടവിനടുത്തേക്ക്‌ നടന്ന് വരുന്ന മറ്റൊരാളെ കണ്ട്‌..പുറത്തേക്കിട്ട നാക്ക്‌ തിരിച്ചകത്തേക്കിട്ടു.
ശോശന്ന വരുന്നു.കൈയ്യില്‍ ഒരു കെട്ട്‌ തുണിയുമുണ്ട്‌.
സണ്ണിച്ചന്‌ പെട്ടെന്ന് തലയിലെന്തോ കത്തി.
കത്തിയ പാടെ...അതിന്റെ ചൂടില്‍ ചേടത്തിയെ നോക്കി ഒരു വളിച്ച ചിരിയും ചിരിച്ച്‌...
പൊടിയുംതട്ടി ചാടിയെഴുന്നേറ്റ്‌ നേരേ പാലത്തിലേക്ക്‌ ഓടിക്കേറി.
എന്നിട്ട്‌ അക്കരക്ക്‌ വച്ച്‌ പിടിച്ചു.
*********************
രാവിലേ പുഴയില്‍ ഇറക്കമായിരുന്നു.അതുകൊണ്ട്‌ തന്നെ നല്ല ഒഴുക്കും.
പായലുകള്‍ കൂട്ടം കൂട്ടമായി ഒഴുക്കിനൊത്ത്‌ സഞ്ചരിച്ച്‌ കൊണ്ടിരുന്നു.
ത്രേസ്യ ചേടത്തിയാണ്‌ ആദ്യം കണ്ടത്‌...
എല്ലാ പായല്‍ കൂട്ടങ്ങളും ഒഴുക്കിനൊപ്പം നീങ്ങുമ്പോള്‍ ഒരു പായല്‍കൂട്ടം മാത്രം എതിരെ ഒഴുക്കുന്നു.
എതിരെ ഒഴുകുന്നു എന്ന് മാത്രമല്ലാ...അത്‌ നേരെ അവര്‍ നില്‍ക്കുന്ന കടവിനിടുത്തേക്ക്‌ വരുന്നു.

'ടീ ശോശന്നേ..നീയത്‌ കണ്ടാ....പായലൊരെണ്ണം പൊഴക്ക്‌ വട്ടം ഒഴുകെണടീ...'

തുണി കുത്തിപ്പിഴിയുകയായിരുന്ന ശോശന്ന തലയുയര്‍ത്തി നോക്കി.

'ചേടത്തീ...വല്ല നീര്‍നായേ മറ്റോ ആണോ അതിന്റടീല്‍...'

നീര്‍നായ എന്ന് കേട്ടതും ചേടത്തി ചാടി കരക്ക്‌ കേറി.
നീര്‍നായേല്ലാ...നീര്‍ക്കടുവ വന്നാലും കരക്ക്‌ കേറാത്ത ടൈപ്പായ ശോശന്ന വെള്ളത്തില്‍ തന്നെ നിന്നു.
പായല്‍ക്കൂട്ടം കടവിനടുത്തെത്തി.ശോശന്ന അതിലേക്ക്‌ കുനിഞ്ഞ്‌ സൂക്ഷിച്ച്‌ നോക്കി.
ഒരു നിമിഷം....
പായല്‍ക്കൂട്ടത്തില്‍ നിന്ന് ഒരു കൈ ഉയര്‍ന്ന് വന്ന്...മുട്ടോളം വെള്ളത്തില്‍ നില്‍ക്കുകയായിരുന്ന ശോശന്നയുടെ കാലില്‍ പിടുത്തമിട്ടു.ആദ്യം ഒന്ന് ഞെട്ടിയെങ്കിലും സമനില വീണ്ടെടുത്ത്‌ തന്റെ കാലില്‍ പിടിച്ച കൈയ്യില്‍ ശോശന്നയും പിടുത്തമിട്ടു.പിന്നൊരു ബലപരീക്ഷണമായിരുന്നു.അവസാനം അറുപത്തഞ്ച്‌ കിലോ ഭാരത്തെ നൂറ്റിരുപത്‌ കിലോ ഭാരം ജയിച്ചു.
ശോശന്ന സണ്ണിച്ചനെ പായലിനടിയില്‍ നിന്ന് വലിച്ചുയര്‍ത്തി.
സണ്ണിച്ചന്‍ കുതറി.ശോശന്നയുടെ കൈ വിടുവിച്ച്‌ തിരിച്ച്‌ വെള്ളത്തിലേക്ക്‌ മുങ്ങി.
പക്ഷേ ശോശന്ന ആരാ മോള്‌.ഒറ്റ ജമ്പായിരുന്നു വെള്ളത്തിലേക്ക്‌.
വെള്ളത്തിലിട്ട്‌ ചവിട്ടി സണ്ണിച്ചനെ ശോശന്ന.
കഴുത്തിനു കുത്തിപ്പിടിച്ച്‌ വെള്ളത്തില്‍ താഴ്തിപ്പിടിച്ചു.
എന്നിട്ടും അരിശം തീരാതെ തുണികുത്തിപ്പിഴിയുന്ന മാതിരി വെള്ളത്തിലിട്ട്‌ കുത്തി.

'ടീ..അവനെ വിടടീ...അവന്‍ ചത്ത്‌ പോകും...'

കൊലക്ക്‌ സമാധാനം പറയാന്‍ ഇഷ്ടമില്ലാത്ത ത്രേസ്യ ചേടത്തി കരഞ്ഞു.

ഒന്നുകൂടി വെള്ളത്തിന്‌ മുകളില്‍ സണ്ണിച്ചനെ പൊക്കിയിട്ട്‌ ഒരു ഫ്രീകിക്ക്‌ മോഡല്‍ തൊഴി കൊടുത്തു ശോശന്ന.
ഏകദേശം പുഴയുടെ നടുക്ക്‌ ചെന്ന് വീണ സണ്ണിച്ചന്‍....
പുഴയിലേക്ക്‌ താഴ്‌ന്ന് പോകുന്നത്‌ ത്രേസ്യ ചേടത്തി വാപൊളിച്ച്‌ നോക്കിനിന്നു.

'അവന്‍ താന്ന് പോയെടീ.കര്‍ത്താവേ..ചത്ത്‌ പോവോ..'

ത്രേസ്യാചേടത്തിയുടെ സംശയത്തിന്‌ അറുതിവരുത്തിക്കൊണ്ട്‌ സണ്ണിച്ചന്‍ കുറച്ച്‌ നേരം കഴിഞ്ഞപ്പോള്‍ അക്കരെക്കടവില്‍ പൊങ്ങി.പൊങ്ങിയതും സണ്ണിച്ചന്‍ വിളിച്ച്‌ പറഞ്ഞു.

'നിന്നെ ഞാന്‍ എടുത്തോളാടീ എരുമേ....'

പറഞ്ഞത്‌ പോലെ തന്നെ നടന്നു.
എടുത്തു.
സണ്ണിച്ചന്‍ ശോശന്നയെ അല്ല...മൈക്കിള്‍ പോലീസ്‌ സണ്ണിച്ചനെ.
അവിടുന്നും കിട്ടി ഉരിയരി..ഇവിടുന്നും കിട്ടി ഉരിയരി എന്ന അവസ്ഥയിലായി സണ്ണിച്ചന്‍.
നിലംതൊടാന്‍ നേരമില്ലാതെ സണ്ണിച്ചന്‍ കവലയില്‍ പറന്ന് നടന്നു.
ബസ്‌ സ്റ്റോപ്പീന്ന് ചായക്കടയുടെ മുന്‍പിലേക്ക്‌..അവിടുന്ന് തിരിച്ച്‌ ബസ്‌ സ്റ്റോപ്പിലേക്ക്‌...അവിടുന്ന് പാര്‍ട്ടിക്കാര്‌ നാട്ടിയ കൊടിയുടെ മുന്‍പിലേക്ക്‌...സണ്ണിച്ചന്‍ പറന്ന് നടന്നു.അഥവാ മൈക്കിള്‍ പോലീസ്‌ ചവുട്ടി പറപ്പിച്ചു.
പതിനഞ്ച്‌ മിനുട്ടോളം നീണ്ടുനിന്ന ചവുട്ടിപ്പറപ്പിക്കലിന്‌ ശേഷം മൈക്കിള്‍ പോലീസ്‌ തന്റെ ബുള്ളറ്റ്‌ സ്റ്റാര്‍ട്ട്‌ ചെയ്ത്‌ ഓടിച്ച്‌ പോയി.
സണ്ണിച്ചന്‍ കവലയില്‍ പഴന്തുണി പോലെ കിടന്നു.
നാട്ടുകാര്‍ ചുറ്റും കൂടി.
ചിലരുടെ കണ്ണുകളില്‍ പരിഹാസം..ചിലരുടെ കണ്ണുകളില്‍ സഹതാപം.
ആരോ ഒരു സോഡ പൊട്ടിച്ച്‌ സണ്ണിച്ചന്‌ നേരേ നീട്ടി.

'പന്നികള്‍..ഒരു തെണ്ടീം വന്നില്ലല്ലാ എന്നെയൊന്ന് സഹായിക്കാന്‍.എന്നിട്ടിപ്പ സോഡേം കൊണ്ടുവന്നേക്കണ്‌...നിന്റേന്നുമൊരു കോപ്പും വേണ്ടടാ എനിക്ക്‌...'

അനങ്ങാന്‍ പറ്റാതെ കിടക്കുന്നവന്റെ വീര്യം കണ്ട്‌ ജനം ആര്‍ത്ത്‌ ചിരിച്ചു.

ചിരി കണ്ടതോട്‌ കൂടി സണ്ണിച്ചന്‍ പിന്നേം തന്നെ പൊന്നുപോലത്തെ നാക്ക്‌ പുറത്തേക്കിട്ടു.

'നീയൊക്കെ ചിരിച്ചോടാ...എന്നെ തല്ലിയ തന്തേനേം മോളേം ഞാനെന്റെ ശവം തീറ്റിക്കും.അപ്പഴും നീയൊക്കെ ചിരിക്കണോട്ടാടാ ഡാഷുകളേ....'

ജനം പിന്നേം ആര്‍ത്ത്‌ ചിരിച്ചു.
ചിരി കേട്ട്‌ സണ്ണിച്ചന്‍ പിന്നേം തെറി വിളിച്ചു.
എന്നാലും സണ്ണിച്ചന്‍ പാവമായിരുന്നു.
********************
രണ്ട്‌ ദിവസം വീടിന്‌ പുറത്തിറങ്ങീല്ലാ സണ്ണിച്ചന്‍.ശരീരം മുഴുവന്‍ വേദന.നൂറ്റിരുപതും നൂറ്റമ്പതും കൂടി മെനക്ക്‌ മെതിച്ച ഒരു അറുപത്തഞ്ചുകാരന്‍ വീട്ടിലിരുന്ന് എരിപിരി സഞ്ചാരം കൊണ്ടു.എരിപിരിയുടെയൊപ്പം ചിന്തിച്ചു.ശരിക്ക്‌ ചിന്തിച്ചു.
അവസാനം....അതായത്‌ ചിന്തകളുടെ അവസാനം ഒരു തീരുമാനത്തിലെത്തി.
ആത്മഹത്യ ചെയ്യുക.അതും ശോശന്നയുടെ പറമ്പിലെ ഏതെങ്കിലും മരത്തില്‍ തന്നെ തൂങ്ങി ആത്മഹത്യ ചെയ്യുക.
ഏതായാലും അപ്പനോടും മോളോടും ഇടിയുണ്ടാക്കി ജയിക്കൂല്ലാ.അവരെ ജയിക്കാനും നാണക്കേട്‌ മാറ്റാനും ഈ മാര്‍ഗ്ഗമേയൊള്ളൂ.
സണ്ണിച്ചന്‌ തന്റെ ചിന്തയില്‍ നിന്ന് ഉരുത്തിരിഞ്ഞ ഐഡിയയില്‍ അഭിമാനം തോന്നി.താന്‍ മോശക്കാരനല്ല.
തന്റെ ശവം ശോശന്നയുടെ പറമ്പിലെ മരത്തില്‍ നിന്നാടുന്നതും...
പോലീസ്‌ അവരെ ചോദ്യം ചെയ്യുന്നതും...
മൈക്കിളിനെ സര്‍വീസില്‍ നിന്ന് സസ്‌പ്പെന്‍ഡ്‌ ചെയ്യുന്നതും മനസ്സില്‍ കണ്ട്‌ സണ്ണിച്ചന്‍ അലറിച്ചിരിച്ചു.
ചിരിച്ചപ്പോള്‍ ഇളകിക്കിടക്കുകയായിരുന്ന സന്ധിബന്ധങ്ങള്‍ ഒന്നുകൂടി ഇളകി.
ആ ഇളകലിന്റെ എഫക്ടില്‍ സണിച്ചന്‍ അയ്യോയെന്ന് ഞരങ്ങി.
************
മണല്‍ഷട്ടറുകാരന്‍ ജോസപ്പന്റെ സല്‍ക്കാരം കഴിഞ്ഞ്‌ പത്ത്‌ മണിയോട്‌ കൂടിയാണ്‌ മൈക്കിള്‍ പോലീസ്‌ വീട്ടിലെത്തിയത്‌.
ഓസിനു കിട്ടിയാല്‍ ഒതളങ്ങ ഒറ്റയിരുപ്പിന്‌ ഒമ്പതെണ്ണം വരെ തിന്നും എന്ന പോളിസിക്കുടമയായ പോലീസ്‌ വന്ന പാടെ ഉറക്കം പിടിച്ചു.
ഏകദേശം രണ്ട്‌ മണിയായപ്പോള്‍ പോലീസ്‌ കണ്ണ്‌ തുറന്നു.
മൂത്രമൊഴിക്കണം.
ഓസിന്‌ കിട്ടിയപോള്‍ വലിച്ച്‌ വാരി കേറ്റീത്‌ വയറ്റില്‍ തിട്ടപൊട്ടാന്‍ റെഡിയായി നില്‍ക്കുന്നു.
വാതില്‍ തുറന്ന് പുറത്തിറങ്ങി...
മോട്ടര്‍ ഓണ്‍ ചെയ്തതും മൈക്കിള്‍ പോലീസിനൊരു സംശയം.
പറമ്പില്‍ ആരോ കയറീട്ടുണ്ട്‌.ഗേറ്റ്‌ തുറന്ന് കിടക്കുന്നു.
തിരിച്ച്‌ അകത്ത്‌ കേറിയ മൈക്കിള്‍ ടോര്‍ച്ചുമായി പുറത്തിറങ്ങി.ചുറ്റും കറങ്ങി.
ആരുമില്ല.താന്‍ ഗേറ്റടക്കാന്‍ മറന്നതായിരിക്കും എന്ന് കരുതി...ചെന്ന് ഗേറ്റുമടച്ച്‌ തിരിച്ച്‌ വരുന്നതിനിടയില്‍ പിന്നേം മൈക്കിള്‍ പോലീസിനൊരു സംശയം.മുറ്റത്തെ മാവിന്റെ മുകളില്‍ ആരോ ഉണ്ട്‌.
മുകളിലേക്ക്‌ ടോര്‍ച്ചടിച്ച മൈക്കിള്‍ കുറച്ച്‌ നേരംശ്വാസം വിടാന്‍ പറ്റാതെ നിന്നു.
മാവിന്റെ മുറ്റത്തേക്ക്‌ ചാഞ്ഞ്‌ കിടക്കുന്ന കൊമ്പില്‍ സണ്ണിച്ചന്‍ ഇരിക്കുന്നു.കഴുത്തില്‍ കയറുമുണ്ട്‌.
കയറിന്റെ മറ്റേ അറ്റം മരക്കൊമ്പില്‍ കെട്ടിയിരിക്കുന്നു.

'എറങ്ങട പന്നീ താഴെ..കളിച്ച്‌ കളിച്ച്‌ പോലീസുകാരന്റെ മാവില്‍ കേറിയാണാടാ കളിക്കണേ...'

അടുത്ത്‌ നിമിഷം കഴുത്തിലെ കുരുക്കുമായി സണ്ണിച്ചന്‍ താഴേക്ക്‌ ചാടി.
പെട്ടെന്ന് അന്താളിച്ചെങ്കിലും..അപകടം മനസ്സിലാക്കിയ മൈക്കിള്‍ പോലീസ്‌ ഓടി അകത്ത്‌ കേറി.
അടുക്കളയില്‍ നിന്ന് കറിക്കത്തിയുമായി പുറത്തിറങ്ങി.
മിന്നല്‍ വേഗത്തില്‍ തന്റെ നൂന്റമ്പത്‌ കിലോയും വഹിച്ച്‌ മാവില്‍ പൊത്തിപ്പിടിച്ച്‌ കേറിയ മൈക്കിള്‍...കയര്‍ മുറിച്ചു.
ചാക്ക്‌ കെട്ട്‌ വന്ന് വീഴുന്നത്‌ മാതിരി താഴെ ലാന്‍ഡ്‌ ചെയ്ത സണ്ണിച്ചന്റെ ദേഹത്തേക്ക്‌...
മൈക്കിള്‍പോലീസിന്റെ ഭാരം താങ്ങാനാവതെ മാവിന്‍ കൊമ്പും ഒടിഞ്ഞ്‌ വീണു.
പുറകേ മൈക്കിള്‍ പോലീസും.

ഭൂമികുലുക്കം അണെന്നാണ്‌ ശോശന്ന ആദ്യം കരുതീത്‌.
മുറിക്ക്‌ പുറത്തിറങ്ങിയ ശോശന്ന കണ്ടത്‌ തുറന്ന് കിടക്കുന്ന മുന്‍ വാതില്‍.
ഭൂമി കുലുങ്ങിയപ്പോള്‍ അപ്പനും അമ്മച്ചീം ഇറങ്ങി ഓടീതായിരിക്കും എന്ന് കരുതി..ശോശന്നയും ഓടി പുറത്തിറങ്ങി.
പുറത്ത്‌ കണ്ടതോ....
ഒടിഞ്ഞ്‌ കിടക്കുന്ന മാവിന്‍ കൊമ്പ്‌...
അതിന്റടീല്‍ സണ്ണിച്ചന്‍.തൊട്ടടുത്ത്‌ മലര്‍ന്നു കിടക്കുന്ന തന്നെ അപ്പന്‍.
ഇത്‌ ഭൂമികുലുക്കം തന്നെ.കുലുക്കത്തില്‍ മാവിന്‍ കൊമ്പ്‌ വരെ വീണു.
തന്റെ അപ്പനും വീണു.
തന്റെ വീട്ടീന്ന് ഒന്നരകിലോമീറ്റര്‍ അകലെ താമസിക്കുന്ന സണ്ണിച്ചന്‍ വരെ തെറിച്ച്‌ ഇവിടെയെത്തി.
ഹോ..ഭയങ്കര കുലുക്കം തന്നെ.
**************
പക്ഷേ ഇന്ന് സണ്ണിച്ചന്‍ രണ്ടും കല്‍പ്പിച്ചായിരുന്നു.
വിജയിച്ചേ പറ്റൂ.
കൈയ്യിലിരുന്ന കടലാസ്സുകഷ്ണം സണ്ണിച്ചന്‍ ഒന്നുകൂടി നോക്കി.
അതില്‍ ഇങ്ങനെ എഴുതിയിരുന്നു...
'എന്റെ ചാവലിന്‌ കേരണം മീക്കിളും മോളുമാണ്‌. തെണ്ടിപ്പൊലിസിനെ അറസ്റ്റ്‌ ചെയ്ത്‌ കൊസ്റ്റിന്‍ ചെയ്യണം.'

ഇത്‌ മതി.തന്റെ മരണത്തിനുള്ള തെളിവ്‌ ഇതു മതി.മൈക്കിളും മോളും പെട്ടത്‌ തന്നെ.
സണ്ണിച്ചന്‍ നടപ്പിന്‌ വേഗം കൂട്ടി.
കവലയില്‍ നിന്ന് കുറച്ച്‌ മാറി റോഡരികില്‍ നിന്നു.
താന്‍ മരിക്കാന്‍ പോകുന്നു.അല്ലാ..പ്രതികാരം ചെയ്യാന്‍ പോകുന്നു.
പറന്ന് വരുന്ന ഏതെങ്കിലും ഫാസ്റ്റ്‌ പാസഞ്ചറിന്റെ മുന്‍പിലേക്ക്‌ ചാടിയാല്‍ ആരും മരിക്കും.രക്ഷപെടാന്‍ ഒരു ചാന്‍സുമില്ല.
ഇപ്രാവശ്യം മൈക്കിള്‍ പോലീസ്‌ എന്തു ചെയ്യുമെന്ന് കാണട്ടെ..തെണ്ടി.
ബസ്സിന്റെ ശബ്ദം കേട്ട്‌ തുടങ്ങി.
സണ്ണിച്ചന്‍ തയ്യാറായി.
ഊറിച്ചിരിച്ച്‌ കൊണ്ട്‌...
കേസില്‍ പെട്ട്‌...
പണിപോയി തെണ്ടി തിരിഞ്ഞ്‌ നടക്കുന്ന മൈക്കിള്‍ പോലീസിനെ മനസ്സിലോര്‍ത്ത്‌...
അടുത്തെത്തിയ ബസ്സിനുനേരേ സണ്ണിച്ചന്‍ എടുത്ത്‌ ചാടി.

ബസ്സിനെ ഓവര്‍ടേക്ക്‌ ചെയ്ത്‌ കേറി വന്ന മൈക്കിള്‍ പോലീസ്‌ കണ്ടത്‌..തന്റെ മുന്‍പിലേക്ക്‌ ചാടുന്ന മൈക്കിള്‍.
ഫ്രണ്ട്ബ്രേക്കും ബാക്ക്‌ ബ്രേക്കും ഒരുമിച്ച്‌ പിടിച്ച്‌ ഒരു വിധം മൈക്കിള്‍ ബൈക്ക്‌ നിര്‍ത്തി.
എഴുന്നേറ്റ്‌ നിന്ന് ബ്രേക്ക്‌ ചവുട്ടി പുറകിലെ ബസ്സിന്റെ ഡ്രൈവര്‍ ബസ്സും നിര്‍ത്തി.
പക്ഷേ ബസ്‌ നിന്നത്‌...മൈക്കിളിന്റെ ബൈക്കിന്റെ പുറകില്‍ ഇടിച്ചാണ്‌.ഇടിയുടെ ആഘാതത്തില്‍ ബൈക്കിന്‌ പുറകിലിരുന്ന ശോശന്ന തന്റെ അപ്പന്റെ മുകളിലൂടെ മലക്കം മറിഞ്ഞ്‌ കണ്ണടച്ച്‌ ചാവാന്‍ റെഡിയായി നിന്ന സണ്ണിച്ചന്റെ മുന്‍പില്‍ ചെന്ന് ലാന്‍ഡ്‌ ചെയ്തു.

ഇത്രനേരമായിട്ടും ബസ്സ്‌ ഇങ്ങെത്തീല്ലേയെന്ന് സംശയിച്ച്‌ കണ്ണ്‌ തുറന്ന് സണ്ണിച്ചന്‍ കണ്ടത്‌...
നിലത്ത്‌ നിന്ന് കുതിച്ചെണീക്കുന്ന ശോശന്നയെ.

സണ്ണിച്ചന്‍ ഓടിയില്ലാ...
സണ്ണിച്ചന്‍ അഭിമാനിയായിരുന്നു.
അതുകൊണ്ട്‌ തന്നെ നേരേ ശോശന്നയുടെ കാല്‍ക്കല്‍ വീണു....
എന്നിട്ട്‌ പറഞ്ഞു.....

'ഇടിക്കരുത്‌.....'

Sunday, October 14, 2007

ആണവം

'ടോ പിള്ളേ..മോഹനന്‍ പിള്ളേ...താന്‍ എവട പോയി കെടക്കേടോ....'

'എന്തോ...ദേ വരണമ്മച്ചീ...'

'താനവടെക്കെടന്ന് വിളിച്ച്‌ കൂവാതെ ഇങ്ങോട്ടുവാടോ...താനവടെ എന്തൂട്ടാ ഇത്ര മലമറിക്കണ പണി ചെയ്യണത്‌...'

'ഞനെത്തിപ്പോയീ...രാഹുക്കുഞ്ഞിനെ അപ്പീടീക്കേയിരുന്നമ്മച്ചീ...'

'ശ്ശെന്റെ ഒടേ തമ്പുരാനേ....ഈ ചെക്കനിപ്പഴും ഒറ്റക്ക്‌ ഇടൂല്ലേ...നാണക്കേടാക്കൂല്ലാ....'

'രാഹുക്കുഞ്ഞ്‌ വേണ്ടാന്ന് വച്ചിട്ടാ...വേണോന്ന് വച്ചാ നേരത്തേ തന്നെ ഒറ്റക്ക്‌ ഇട്ടേനേന്ന് ഇന്നാളും കൂടി പറഞ്ഞില്ലേ...ഹോ..അത്‌ കേട്ടിട്ട്‌ എനിക്ക്‌ വന്ന രോമാഞ്ചം ഇപ്പഴും പോയിട്ടില്ലാ..'

'വല്ലോരും അപ്പീടണേന്‌....തനിക്കെന്തൂട്ടിനാണ്‌ രോമാഞ്ചം വരണത്‌....'

'ശ്ശൊ....ഈ അമ്മച്ചിക്ക്‌ ഒന്നുമറിഞ്ഞൂടാ...ഈ കുടുംബത്തിലെ ആര്‌ അപ്പീട്ടാലും ഞങ്ങക്ക്‌ രോമാഞ്ചം വരുമമ്മച്ചീ...അതോര്‌ ശീലോയിപ്പോയ്‌..'

'താനാ രോമാഞ്ചോക്കെ ഒന്നൊതുക്കീട്ട്‌ പറമ്പില്‍ പണിക്ക്‌ ആള്‌ വന്നാന്ന് നോക്കീട്ട്‌ വാ...'

'അവര്‌ വരൂല്ലാ അമ്മച്ചീ....അമ്മച്ചീടെ സ്വഭാവം നന്നാവാതെ അവരിനി പണിക്ക്‌ വരുല്ലാന്നാ പറയണേ...'

'കര്‍ത്താവേ...അവരെന്ത്‌ പണിയാ കാണിക്കണേ..ഞാനിനി എങ്ങനെ നന്നാവണോന്നാ അവര്‌ പറയണേ....ചട്ടേം മുണ്ടും മാറ്റി സാരിയുടുക്കണില്ലേ...നല്ല മണിമണി പോലെ അവറ്റേടേം പിള്ളേടേമെക്കെ കൊഞ്ഞിപ്പ്‌ ഭാഷ പറയണില്ലേ...'

'അതല്ലാ കാര്യം...അമ്മച്ചി ആണവം വാങ്ങാന്‍ പോണത്‌ അവര്‍ക്ക്‌ പിടിച്ചട്ടില്ലാ....'

'നുമ്മ ആണവം വാങ്ങണേന്‌ ആര്‍ക്കാണിത്ര സൂക്കേട്‌..'

'ആ കാരാടനും കൂട്ടരും കൂടിയാ എല്ലാരേം കുത്തിപ്പൊക്കി അലമ്പെണ്ടാക്കണത്‌..'

'അലമ്പെണ്ടാക്കാനിത്‌ കമ്മീഷന്‍ വിഴുങ്ങാന്‍ പറ്റണ കേസ്‌ കെട്ടൊന്നുമല്ലല്ലാ....അവരെ ഇങ്ങ്‌ വിളി..ഞാനൊന്ന് ചോദിക്കട്ടെ...'

**********************

'ടാപ്പാ..കാരാടാ..ദേ നിങ്ങളെ അമ്മച്ചി വിളിക്കണ്‌...'

'എന്തൂട്ടിന്‌..അമ്മച്ചിക്ക്‌ വല്ലോം പറയനുണ്ടേ ഇങ്ങട്‌ വരാന്‍ പറ...'

'വല്ല്യ ഗമ കാണിച്ചാ അമ്മച്ചി ഇട്ടിട്ട്‌ പോകും...പിന്നെ ബാക്കി കൊല്ലം പട്ടിണിയാവൂട്ടാ..'

'ഇട്ടിട്ട്‌ പോയാല്‍ ഞങ്ങ മാത്രോല്ലാ...അമ്മച്ചീം പിള്ളേമൊക്കെ പട്ടിണിയാകും...പേടിപ്പിക്കല്ലേ മോഹനന്‍പിള്ളേ..'

'ഒള്ള പണി കളഞ്ഞാ പിന്നെ അടുത്ത പണിക്കാര്‌ ആരാ വരണേന്ന് അറിയാല്ലാ...അവന്മാര്‌ ശൂലം പള്ളക്ക്‌ കേറ്റും....'

'ആ ചിന്ത നിങ്ങക്കും വേണം.
അമ്മച്ചിയോട്‌ പറഞ്ഞേക്ക്‌...അച്ചായന്റെ കൈയീന്ന് എന്ത്‌ കിട്ടിയാലും വാങ്ങൂന്നും പറഞ്ഞിരിക്കേല്ലേ പെണ്ണുമ്പിള്ള...'

'അങ്ങനെ എന്തും വാങ്ങാനിത്‌ കമ്മീഷന്‍ കിട്ടണ പണിയൊന്നുമല്ലല്ല...'

'പിന്നേ..കമ്മീഷന്‍ വാങ്ങാത്ത മൊതലുകള്‌.അമ്മച്ചീടെ കെട്ടിയോന്‍ പണ്ട്‌ പീരങ്കി കച്ചോടത്തില്‍ വാങ്ങിയ കാശ്‌ ചാക്ക്‌ കണക്കിനല്ലേ തട്ടുമ്പൊറത്ത്‌ കെടക്കണത്‌...അപ്പോ പിന്നെ ഈ കച്ചോടം ഇടക്ക്‌ വച്ച്‌ മുക്കിയാലും പെണ്ണുമ്പിള്ളക്ക്‌ ഒന്നൂല്ലാ..അടുപ്പത്ത്‌ അരിവേവും..കാശല്ലേ ഇരിക്കണത്‌...'

'അത്‌ പറയരുത്‌...ആ വര്‍ത്താനം മാത്രം പറയരുത്‌...മറ്റവന്മാര്‌ നുഴഞ്ഞ്‌ വന്നപ്പ അമ്മച്ചീടെ കെട്ടിയോന്‍ വാങ്ങിച്ച പീരങ്കി മാത്രോണ്‌ ശഠേ ശഠേന്ന് കറങ്ങി വെടി വച്ചത്‌.നിന്റേക്കെ പുട്ടിനും ചോനുമൊക്കെ കൊടുത്ത വിട്ട വാണം വടക്കോട്ട്‌ വിട്ടപ്പ തെക്കോട്ടല്ലേ പോയത്‌...ഗുണ്ടാണെങ്കി കത്തിച്ചിട്ട്‌ എറിയണേന്‌ മുന്‍പേ പൊട്ടി നമ്മടെ ആള്‍ക്കാര്‌ തന്നേണ്‌ ചത്തത്‌. അതു കൊണ്ടേ കാശ്‌ വാങ്ങിയെങ്കി കണക്കായിപ്പോയി...'

********************

'ടോ..എണീക്കടോ...ഒറങ്ങീത്‌ മതി..പണ്ടാറടങ്ങാനായിട്ട്‌ താനിനിയൊന്ന് റെസ്റ്റെടുത്തിട്ട്‌ കെടന്നൊറങ്ങ്‌..'

'എന്റെ ലദ്വാനീ..താനൊന്ന് പോയേ...മനുഷേനേ ഒന്നൊറങ്ങാനും സമ്മതിക്കൂല്ലാ...'

'താന്‍ ഇങ്ങനെ കെടന്നൊറങ്ങിക്കോ...കണ്ണിക്കണ്ട നാട്ടിലും മേട്ടിലുമൊക്കെ രഥോമുരുട്ടി കഷ്ടപ്പെട്ട്‌ ഞാനിനീം തനിക്ക്‌ തിന്നാന്‍ തരാട്ടാ....'

'ഇതെന്താ പാടാണ്‌ കര്‍ത്താവേ....എടാപ്പാ നിനക്കിനീം ഉരുട്ടാന്‍ പാടില്ലേ..ഉരുട്ടിക്കിട്ടണത്‌ നീ തന്നെ തിന്നോടാ..ഞാനാ വഴി വരണില്ലായിനി...'

'പഴേ പോലേ ഉരുട്ടലിനൊന്നുമിപ്പൊ മാര്‍ക്കറ്റില്ലാ കാര്‍ന്നോരേ...വല്ലതും പൊളിക്കാന്ന്‌ വച്ചാ..പഴേത്‌ പൊളിച്ചേന്റെ കേസ്‌ കെട്ട്‌ ഇതു വരെ തീര്‍ന്നിട്ടില്ലാ..ഈ വയസ്‌ കാലത്ത്‌ തീഹാറില്‌ പുല്ല്‌ ചെത്തേണ്ടി വരുവോ കര്‍ത്താവേ...'

'പിന്നെന്തൂട്ടാടാ കൂവേ ഒരു മാര്‍ഗ്ഗം...അമ്മച്ചീം കാരാടനും കൂടി ആണവത്തില്‍ അടിച്ച്‌ പിരിയോ...പിരിഞ്ഞാല്‍ കേറി പിടിച്ചോണം...'

'കേറി പിടിക്കാന്‍ ഞാനാര്‌ ജോസപ്പനാ...'

'പ്‌ഭാ.....വൃത്തികെട്ടവനേ...അവര്‌ അടിച്ച്‌ പിരിഞ്ഞാല്‍...ആ ചാന്‍സില്‍ കേറി പിടിക്കണ കാര്യോണ്‌ ഞാന്‍ പറഞ്ഞത്‌...അവര്‌ അടിച്ച്‌ പിരിയോടെയ്‌...'

'എവടന്ന്...അവറ്റക്ക്‌ അറിഞ്ഞൂടേ പിരിഞ്ഞാല്‍ രണ്ടിന്റേം ക്ലാസ്‌ പൂട്ടൂന്ന്...ഇവിടെയിങ്ങനെയൊരു കച്ചോടം ഒള്ളത്‌ കൊണ്ടല്ലേ കാരാടനൊക്കെ...തെക്കന്മാരായ ദാസന്റേം വിജയന്റേമൊക്കെയടുത്ത്‌ കെടന്ന് തെളക്കണത്‌...അല്ലെങ്കി പട്ടി മൈയിന്‍ഡ്‌ ചെയ്യും...'

'അപ്പോ ശിഷ്ട കാലം രാമ രാമ...അല്ലേ ലദ്വാനീ...'

'രാമന്റെ കാര്യം പറഞ്ഞപ്പഴാണ്‌...നമക്ക്‌ രാമന്റെ പാലത്തി കേറി പിടിച്ചാലാ കാര്‍ന്നോരേ...'

'രാമന്റെ പാലോ..അതേത്‌ പാലം...'

'സീതേനെ തട്ടിക്കൊണ്ടുപോയപ്പ..രക്ഷിക്കാന്‍ ലങ്കേലേക്ക്‌ രാമന്‍ പോയ പാലം...'

'സീതേനെ തട്ടിക്കൊണ്ട്‌ പോയാ..ആര്‌..എപ്പ...എന്റെ രക്തം തെളക്കണ്‌....സര്‍ക്കാര്‍ രാജിവയ്ക്കുക...ക്രമസമാധാനം തകര്‍ന്നു...ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ പരാജയപ്പെട്ട സര്‍ക്കാര്‍ രാജി വെക്കുക...അമ്മച്ചി സര്‍ക്കാര്‍ മൂര്‍ദ്ദാബാദ്‌...പാവ പിള്ള രാജിവെയ്ക്കുക...'

'നടൂനിട്ട്‌ ഒരു ചവുട്ട്‌ തന്നാലെണ്ടല്ലാ...താന്‍ നാറ്റിക്കേ ഒള്ളല്ലാ...എങ്കില്‍ പിന്നെ സീതേനെ രക്ഷിക്കാന്‍ പട്ടാളത്തിനെ അയക്കണോന്നും പറഞ്ഞ്‌ താനൊരു ധര്‍ണേം കൂടിയിരിയെടോ.എന്റെ കൈപ്പാങ്ങീന്ന് മാറിനിന്നാ തനിക്ക്‌ കൊറച്ച്‌ നാള്‌ കൂടി ജീവിക്കാ...മണകൊണാച്ചന്‍...'

***************

അച്ചായന്റെ കൈയീന്ന് ആണവം വാങ്ങണ കാര്യം തീരുമാനിക്കാന്‍ ഇനീം കിടക്കേല്ലേ സമയം...നീ കെടന്ന് പെടക്കല്ലേടാ കാരാടാ എന്നും പറഞ്ഞ്‌ അമ്മച്ചി കാരാടനെ സമാധാനിപ്പിച്ച്‌ വീണ്ടും തൂമ്പയെടുത്ത്‌ കൈയില്‍ കൊടുത്തു.
ആ പറഞ്ഞത്‌ കാരാടനങ്ങോട്ട്‌ ബോധിച്ചില്ലെങ്കിലും...പണി പോയാല്‍ വംഗനും തെക്കനും മൈയിന്‍ഡ്‌ ചെയ്യേമില്ലാ...ആട്ടേം ചെയ്യുമെന്ന കാര്യമോര്‍ത്തപ്പോള്‍ ഒടക്ക്‌ നിര്‍ത്തി മെല്ലെപ്പോക്ക്‌ സമരം തൊടങ്ങി.

ലദ്വാനി പാലത്തില്‍കേറി നിന്ന് കുറേ ഒച്ചയുണ്ടാക്കീട്ട്‌...രക്ഷയില്ലാന്ന് കണ്ടപ്പോള്‍ പിന്നേം ചൊറി കുത്ത്‌ തുടങ്ങി.

കാര്‍ന്നോര്‌...ആരെങ്കിലും പണിയെടുത്ത്‌ കൊണ്ടുവന്നാല്‍ തിന്നാമെന്നും പറഞ്ഞ്‌ പിന്നേം കിടന്നുറങ്ങി.

മോഹനന്‍ പിള്ള പിന്നേം രാഹുകുഞ്ഞിനെ അപ്പീടീക്കാന്‍ പോയി.

അപ്പോ ആരാ മിടുക്കന്‍...
സംശയോണ്ടാ..അമ്മച്ചി തന്നെ.....

അമ്മച്ചിക്ക്‌ എന്തൂട്ടായാ എന്തൂട്ട്‌ തേങ്ങേണ്‌....
തടീം കരക്കാരടെ...
ആനേം കരക്കാരടെ...
വലിച്ചാലും കാശ്‌....
വലിച്ചില്ലേലും കാശ്‌...

ജെയ്‌ ഹിന്ദ്‌.....

Saturday, August 11, 2007

ആടും ജോര്‍ജ്ജുട്ടി.....

അന്നാമ്മച്ചേടത്തീടെ അയ്യോ പത്തോ എന്ന വാപൊളി....
ആ കഴുവേര്‍ടമകനെ കൊണ്ട്‌ തോറ്റല്ലോ കര്‍ത്താവെ എന്ന ഡയലോഗിലേക്ക്‌ മാറിയപ്പോഴാണ്‌....
ഇറയത്തിരുന്ന് കട്ടനും ബീഡീം സമാസമം കീറുകയായിരുന്ന പാപ്പിച്ചേട്ടന്‍...
എങ്കില്‍ പിന്നെ പുറകുവശത്തേക്കൊന്ന് പോയി നോക്കാം എന്ന് തീരുമാനിച്ചത്‌.രാവിലേ അവളടെ തൊള്ള കേട്ടപ്പോള്‍,ആടിനെ കെട്ടാന്‍ പോണ വഴി അവളെ വല്ല പാമ്പും കടിച്ചു കാണുമെന്നാണ്‌ പാപ്പിച്ചേട്ടന്‍ കരുതീത്‌.
അവളടെ കയ്യിലിരിപ്പ്‌ വച്ച്‌.....
എന്‍.എച്ച്‌ വഴി ചുമ്മാ പോണ പാമ്പ്‌ വരെ ടാക്സിയെടുത്ത്‌ വന്ന് കടിച്ചിട്ട്‌ പോകും...
വായീന്ന് വരണ മുത്തുകള്‍ കേട്ടാലോ......പാമ്പല്ലാ....തവള വരെ കടിക്കും.
പാമ്പിന്‌ വല്ലപ്പോഴും കിട്ടണ ഒരു ചാന്‍സല്ലേ....പാവം രണ്ട്‌ കടി കൂടുതല്‍ കടിച്ചോട്ടെ എന്നും കരുതിയാണ്‌ ആദ്യത്തെ അയ്യോ പത്തോ വിളി പാപ്പിച്ചേട്ടന്‍ മൈയിന്‍ഡ്‌ ചെയ്യാതിരുന്നത്‌.
പക്ഷേ അലമുറയില്‍ ഫിറ്റ്‌ ചെയുന്ന ഡയലോഗ്സിന്റെ സ്വഭാവം മാറിയപ്പോഴാണ്‌ ഇത്‌ കേസ്‌ പാമ്പല്ലാ എന്ന് തോന്നുകയും വലിച്ച്‌ കൊണ്ടിരുന്ന ബീഡി വലിച്ചെറിഞ്ഞ്‌ കളഞ്ഞ്‌ വീടിന്റെ പുറകുവശത്തേക്ക്‌ എഴുന്നെള്ളിയതും.
ആടിനെ കെട്ടാറുള്ള അടക്കാമരത്തിന്റെ ചുവട്ടില്‍ നിന്നാണ്‌ അന്നാമ്മച്ചേടത്തി അലമുറയിടുന്നത്‌.

'എന്താടീ പിശാശേ...രാവിലെ കെടന്ന് കീറണത്‌....നിന്റെ കെട്ടിയോന്‍ കാഞ്ഞ്‌ പോയാ...'

'നിങ്ങളെ ചൊമന്നോണ്ട്‌ പോണ ദെവസം ഞാന്‍ പടക്കം പൊട്ടിക്കും.....'

'നിന്റെ അപ്പന്‍ ചത്തപ്പ പൊട്ടിച്ച പടക്കം ബാക്കി കാണോയിരിക്കും....'

'നുമ്മടെ ആടിനെ കാണാനില്ലന്നേ...രാവിലേ എന്റപ്പന്റെ പൊറത്തേക്ക്‌ കേറാതെ അതിനെ ഒന്ന് പോയി തപ്പ്‌ മനുഷ്യാ....
'
'ആടിനെ കാണാനില്ലേ....
പറമ്പിലെങ്ങാന്‍ കാണൂടീ...അത്‌ അഴിഞ്ഞ്‌ പോയതായിരിക്കും....അല്ലാതെവിടെ പോകാന്‍... '

'അഴിഞ്ഞ്‌ പോയതൊന്നുമല്ലാ....അതാ കാലമാടന്‍ കൊണ്ടോയതാ....'

'ആര്‌..'

'വേറാര്‌....നിങ്ങടെ സല്‍പ്പുത്രന്‍....'

'ജോര്‍ജ്ജൂട്ടിയാ....'

'പിന്നല്ലാതെ....അവനല്ലാതെ നിങ്ങക്ക്‌ വേറേമിണ്ടാ...നിങ്ങക്കെന്തൂട്ടാ ഒരു സംശയം...'

'അവന്‍ കൊണ്ടോണ നീ കണ്ടാ...'

'കാണണേന്തിനാ...അവനിന്നലെ പൈസ ചോദിച്ച്‌ ഇവിടെ കെടന്ന് തലതല്ലിപ്പൊളിക്കണത്‌ നിങ്ങേം കേട്ടതല്ലേ....
ഇതവന്‍ തന്നെ കൊണ്ടോയതാണ്‌.....
കാലമാടന്‍
ഇനിയിങ്ങോട്ട്‌ കെട്ടിയെടുക്കട്ടെ...
ഈ പടിക്കെ ഞാന്‍ കേറ്റൂല്ല...
അതിന്റെ പാല്‌ വിറ്റ്‌ കിട്ടണ കാശിനാണ്‌ വിഴുങ്ങീരുന്നേന്ന് ഓര്‍ത്തില്ലല്ല്ലാ അവന്‍..
കര്‍ത്താവെ...അവന്‍ മുടിഞ്ഞ്‌ പോകത്തേയൊള്ള്‌....'

അന്നാമ്മച്ചേടത്തി പ്രാക്കിന്റെം കരച്ചിലിന്റേം ഡോസ്‌ കൂട്ടി...

'എടി അന്നാമ്മേ..നീയിങ്ങനെ കിടന്ന് കാറാതെ....'

'പിന്നെ ഞാന്‍ കാറാതെന്ത്‌ ചെയ്യും..നിങ്ങക്കിത്‌ വല്ലോം അറിയണോ...
ഞണ്ണാന്‍ നേരത്ത്‌ വന്നിരുന്നാ പോരേ.....ഇങ്ങനെ കുന്തം പോലെ നിക്കാതെ അവനെപോയി തപ്പ്‌ മനുഷ്യാ..
അവന്‍ അതിനെ വല്ല ഷാപ്പിലും കൊടുത്ത്‌ കള്ള്‌ കുടിക്കണേന്‌ മുന്നേ അതിനെ തിരിച്ച്‌ വാങ്ങിക്കൊണ്ട്‌ വാ....'

അന്നാമ്മച്ചേടത്തി പറഞ്ഞത്‌ സത്യമാണ്‌.ആ ആടിന്റെ വെല തന്തക്കും മോനും അറിയാന്‍ വകുപ്പില്ല.
മരാശാരി ആയിരുന്ന പാപ്പിച്ചേട്ടന്‍ പണിക്ക്‌ പോയിട്ട്‌ വര്‍ഷങ്ങളായി.
വയ്യാഞ്ഞിട്ടല്ലാ..പണീടെ ഗുണം കൊണ്ട്‌ ആരുംവിളിക്കാറില്ലാ...
വല്ലപ്പോഴും വിളിച്ച്‌ വല്ല പണീം കൊടുക്കണത്‌ മേടയില്‍ നിന്നായിരുന്നു.
അവിടെ പള്ളീലച്ചന്‌ വേണ്ടി പണിത ചാരുകസേര.....
പിന്നോട്ടുള്ള ചാരിന്‌ പകരം മുന്നോട്ടുള്ള ചാരില്‍ പണിതപ്പോള്‍....അവിടത്തെ പണീം പൂട്ടി.
ഈച്ചേം ചക്കരേം പോലെ നടന്നിരുന്ന അയല്‌വക്കത്തെ ഗോവിന്ദന്‍ അയാളുടെ വീട്‌ പുതുക്കിപണിയാന്‍ പുറത്ത്‌ നിന്ന് വേറെ ആശാരിയെ കൊണ്ടുവന്നത്‌ പാപ്പിമാപ്ല സഹിച്ചു...
പക്ഷേ വൈകുന്നേരം ഷാപ്പില്‍ വച്ച്‌ കണ്ടപ്പോള്‍.....
'എനിക്ക്‌ നല്ലൊരു ആശാരിയെ കിട്ടി മാപ്ലേ..'
എന്ന് പറഞ്ഞപ്പോഴാണ്‌...പാപ്പിമാപ്ലയുടെ പിടിവിട്ട്‌ പോയത്‌.

'കിട്ടീത്‌ കളയണ്ടാ...എടുത്ത്‌ മുണ്ടിനകത്ത്‌ വച്ചോ...'
എന്നും പറഞ്ഞ്‌ ഷാപ്പില്‍ നിന്നും ഇറങ്ങിപ്പോന്ന മാപ്ല...
തന്റെ ഉളിയും കൊട്ടുവടിയും ഇരിക്കണ സഞ്ചിയെടുത്ത്‌ തോട്ടില്‍ വലിച്ചെറിഞ്ഞ്‌ കളഞ്ഞിട്ടാണ്‌ ഷാപ്പില്‍ തിരിച്ച്‌ ചെന്നത്‌...

പാപ്പിച്ചേട്ടന്റെ രണ്ട്‌ സന്താനങ്ങളില്‍ ഇളയത്‌ പെണ്ണായിരുന്നു.ജീന.

ജീന.....അപ്പനേം അമ്മേം വിഷമിപ്പിക്കാതെ തന്റെ കെട്ട്‌ പ്രായം ആയീന്ന്....
തനിക്ക്‌ തന്നെ തോന്നിയപ്പോള്‍ ആരോടും അഭിപ്രായം ചോദിക്കാതെ......
അമ്മച്ചി പുര മേയാന്‍ വേണ്ടി ചിട്ടി പിടിച്ച്‌ വച്ചിരുന്ന കാശും എടുത്ത്‌ ബ്ലൗസിനകത്ത്‌ തിരുകി....
കവലയില്‍ തയ്യല്‍ക്കട നടത്തുന്ന പ്രദീപന്റെ ഒപ്പം ഒളിച്ചോടി.

പെങ്ങള്‍ ഒളിച്ച്‌ പോയതറിഞ്ഞ്‌ സംഹാരരുദ്രനായി പ്രദീപനെ വെട്ടാന്‍ വീട്ടില്‍ നിന്നും വാക്കത്തിയുമായി ഇറങ്ങിപ്പോയ ജോര്‍ജ്ജൂട്ടി പിറ്റേന്ന്....
അളിയന്‍....പൊന്നളിയന്‍...എന്ന പാട്ടും പാടി ഓട്ടോറിക്ഷയിലാണ്‌ തിരിച്ച്‌ വന്നത്‌.
പ്രദീപന്റെ അഛനും ചേട്ടനും ചെത്തുകാരായിരുന്നു.അവരുടെ ചെത്ത്‌ കത്തി കണ്ട്‌ പേടിച്ച്‌ അളിയനേം പെങ്ങളേം ജോര്‍ജ്ജൂട്ടി അംഗീകരിച്ചതാണെന്നും..അതല്ലാ ദിവസോം 'ചെത്ത്‌ ഫാമിലി' വക കള്ള്‌ കുടിക്കാം എന്ന ഐഡിയയില്‍ ബന്ധം ഓക്കെ ആക്കിയതാണെന്നും രണ്ട്‌ സംസാരമുണ്ട്‌ നാട്ടില്‍.
എന്തായാലും അന്നാമ്മചേടത്തിക്ക്‌ മകളുടെ ഒപ്പം ഒരു വാക്കത്തീം കൂടി നഷ്ടപ്പെട്ടെന്ന് ചുരുക്കം.....
ആ കൊല്ലം പുര മേയേണ്ടി വന്നില്ല്ലായെന്നുള്ളത്‌ ലാഭവും....

പണിക്ക്‌ പോക്ക്‌ ജോര്‍ജ്ജൂട്ടിക്കും പറഞ്ഞിട്ടുള്ള കാര്യമല്ല.
ജോര്‍ജ്ജുട്ടീടെ ഭാഷേല്‍ പറഞ്ഞാല്‍...
'പറ്റിയ പണിയാച്ചാല്‍ നുമ്മ പോകും....ഇല്ലേലില്ലാ..'

പറ്റിയ പണി എന്ന് വച്ചാല്‍ ജോര്‍ജ്ജുട്ടീടെ പണി മരം വെട്ടാണ്‌.
പണീടെ കാര്യത്തില്‍ അപ്പനെപ്പോലെ തന്നെ മിടുക്കന്‍ ആയത്‌ കൊണ്ട്‌ സ്വന്തമായി ഒരോര്‍ഡറും ജോര്‍ജ്ജുട്ടിക്ക്‌ കിട്ടാറില്ല.
അവസാനമായി കിട്ടിയ സ്വന്തം പണി, ലാസറ്‌ ചേട്ടന്റെ.....ഇടിമിന്നലേറ്റ്‌ തല പോയ തെങ്ങ്‌ വെട്ടലാണ്‌.തെങ്ങ്‌ വെട്ടി മറിക്കാന്‍ മൈതാനം പോലെ സ്ഥലം ഉണ്ടായിരുന്നിട്ടും.....
ജോര്‍ജ്ജുട്ടി തെങ്ങ്‌ വെട്ടിയിട്ടത്‌ ലാസറ്‌ ചേട്ടന്റെ വീടിന്റെ നടുമ്പുറത്തേക്കാണ്‌.
അന്നവടന്ന് കോടാലീം ഉപേക്ഷിച്ച്‌ ഓടിയ ജോര്‍ജ്ജുട്ടി പിന്നെ സഹായി റോളിലേ മരംവെട്ട്‌ ഫീല്‍ഡില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളൂ.
പക്ഷേ അതും അങ്ങോട്ട്‌ ക്ലെച്ച്‌ പിടിച്ചിരുന്നില്ല.ഒരു കോണ്‌ട്രാക്ടര്‍ എത്ര കാലം വല്ലവരുടേം സൈറ്റില്‍ ഹെല്‍പര്‍ ആയി പണിയെടുക്കും.
തന്റെ മരം വെട്ട്‌ ഫീല്‍ഡിലുള്ള പരിചയം....
'ടാ..ആ കൊമ്പ്‌ ആ സൈഡിലേക്ക്‌ മറിയടാ..'

'കോടാലി നേരേ പിടിയടാ...'

'ഈ തെങ്ങ്‌ മൂന്ന് മുറിയായി താഴെയിറക്കാം..'
തുടങ്ങിയ കോച്ചിംഗ്‌ ക്യാമ്പുകളിലൂടെ പുറത്ത്‌ വരികയും ..
പണിയൊന്നും എടുക്കാതെ വായ്‌ത്തള്ളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തപ്പോഴാണ്‌ മറ്റുപണിക്കാര്‍ സഹികേടിന്റെ ഉന്നതകോടിയില്‍ എത്തിയതും....
'ജോര്‍ജ്ജുട്ടി ആ തണലത്ത്‌ പോയി ഇരുന്നോ...വൈകീട്ട്‌ തച്ച്‌ കാശ്‌ തന്നേക്കാം..'
എന്ന് പറയുകയും ചെയ്തത്‌.

അതോട്‌ കൂടി അഭിമാനിയായ ജോര്‍ജ്ജുട്ടി നിന്റേന്നും പണിയെനിക്ക്‌ വേണ്ടടാ മറുതകളേയെന്ന് പ്രഖ്യാപിക്കുകയും ഷാപ്പിലേം മുറുക്കാന്‍ കടേലേം പറ്റ്‌ കാശ്‌ തീര്‍ക്കാനായി അന്നമ്മച്ചേടത്തീടെ അടുത്ത്‌ മുട്ടുകുത്തുകയും....
നടക്കില്ലായെന്ന് കണ്ടപ്പോള്‍ ആടിനെ വിറ്റാണെങ്കിലും ഞാന്‍ എന്റെ കടം തീര്‍ക്കും എന്നലറിക്കൊണ്ട്‌ വീട്‌ വിട്ട്‌ പോവുകയും ചെയ്തത്‌.
അതിന്റെ പിറ്റേന്നാണ്‌ ആടിനെ കാണാതെയായത്‌.

'നിങ്ങയാ ഷാപ്പിലെ നാരായണന്റടുത്ത്‌ ചെന്ന് നോക്ക്‌..
അവന്‍ പറ്റ്‌ തീര്‍ക്കാന്‍ ആടിനെ അയാക്ക്‌ കൊണ്ടോയ്‌ കൊടുത്തിട്ടൊണ്ടാവും....
നോക്കിനിക്കാതെ ഒന്ന് പോയെന്റെ മനുഷേനേ....'

താളം ചവിട്ടി കൊണ്ട്‌ നിന്നിരുന്ന പാപ്പിച്ചേട്ടന്‍ പതുക്കെ നടന്ന് തുടങ്ങി.
'നാരായണന്റെ അവടെ ഇല്ലേല്‍..അത്‌ പറയാന്‍ ഇങ്ങോട്ട്‌ വരണ്ടാട്ടാ...നേരേ ചന്തേലേക്ക്‌ വിട്ടോണം...'

പാപ്പിച്ചേട്ടന്റെ ബുദ്ധിയെക്കുറിച്ച്‌ മതിപ്പുണ്ടായിരുന്ന ചേടത്തി ഓര്‍മ്മിപ്പിച്ചു.

വീടിന്റെ പുറകുവശത്തെ വഴിയിലൂടെ ഇറങ്ങിപ്പോയ പാപ്പിച്ചേട്ടന്റെ പോക്കും നോക്കി താടിക്ക്‌ കൈയ്യും കൊടുത്ത്‌ ആടിനെ കൊണ്ടുപോയ ജോര്‍ജ്ജുട്ടിയെ പ്രാകി കൊണ്ട്‌ നില്‍ക്കുമ്പോളാണ്‌ പുറകില്‍ ഒരനക്കം കേട്ടത്‌.തിരിഞ്ഞ്‌ നോക്കിയ അന്നാമ്മച്ചേടത്തി കണ്ടത്‌....ഒരു മൂളിപ്പാട്ടും പാടി മുന്‍ വശത്ത്‌ നിന്ന് വരുന്നു ജോര്‍ജ്ജുട്ടി.

'അമ്മച്ചീ....'

'പ്‌ഫാ...അമ്മച്ചിയാ..'

ചേടത്തിയുടെ ആട്ടിന്റെ ശക്തിയില്‍ രണ്ടടിപുറകിലേക്ക്‌ തെറിച്ച ജോര്‍ജ്ജുട്ടി വീടിന്റെ മതിലില്‍ ചെന്നിടിച്ച്‌ നിന്നു.

'എവടടാ ആട്‌...'

'ആടാ...ഏതാട്‌....'

ജോര്‍ജ്ജുട്ടി ഒന്നും മനസ്സിലാകാതെ പൊട്ടനെ പോലെ നിന്നു.

'നീയതിനെ ആര്‍ക്കാടാ കൊടുത്തേ...ദുഷ്ടാ...നീയൊരുകാലത്തും ഗൊണം പിടിക്കൂല്ലടാ...കഞ്ഞിവെള്ളോങ്കിലും കുടിച്ച്‌ കെടന്നീരുന്നത്‌ അതിന്റെ പാല്‌ വിറ്റാടാ....നീയോ നിന്റപ്പനോ പണിയെടുത്ത്‌ പത്തിന്റെ പൈസ കുടുംബത്ത്‌ തരൂല്ലാ...ഇനിയെന്തിനാടാ ഇവിടെ വായുമ്പൊളിച്ച്‌ നിക്കണത്‌...അകത്തിരിക്കണ ചട്ടീ കലോം കൂടി കൊണ്ടോയ്‌ വിറ്റ്‌ കുടിയടാ നശിച്ചവനേ...ഇനിയത്‌ മാത്രോയിട്ട്‌ ഇവിടേന്തിനാ വച്ചേക്കണേ.....'

ചേടത്തി നെഞ്ചത്തടി തുടങ്ങി....

ജോര്‍ജ്ജുട്ടി പതുക്കെ പറമ്പിന്‌ പുറത്തേക്കിറങ്ങി...
എത്ര ആലോചിച്ചിട്ടും ജോര്‍ജ്ജുട്ടിക്ക്‌ കാര്യം മനസിലായില്ല.ആടിനെ വിറ്റായാലും കാശുണ്ടാക്കും എന്ന് പറഞ്ഞത്‌ നേരാണ്‌.അതും പറഞ്ഞ്‌ ഇന്നലെ ഇറങ്ങിപ്പോയിട്ട്‌ പിന്നെയിന്നാണ്‌ ഈ ഏരിയയിലേക്ക്‌ വന്നത്‌.പിള്ളേടെ തെങ്ങീന്ന് ഒരുകൊല തേങ്ങേമിട്ട്‌ അതു വിറ്റ്‌ വാറ്റുമടിച്ച്‌ കടവില്‍ തന്നെ കെടന്നൊറങ്ങീട്ട്‌ ഇപ്പഴാ ഇങ്ങട്‌ കെട്ടിയെടുത്തത്‌.

ശ്ശെടാ...ഇതെന്ത്‌ പരീക്ഷണം....
ഇത്രനാളും കള്ളന്‍ എന്ന പേര്‌ മാത്രമേ ഇല്ലാതിരിന്നുള്ളൂ..ഇപ്പ അതും ആയി.....

സങ്കടം സഹിക്കാനാകാതെ ജോര്‍ജ്ജുട്ടി വഴിയരികില്‍ കണ്ട മരക്കുറ്റിയില്‍ കാല്‌ മടക്കിയടിച്ചു.
അടിച്ചതും....അമ്മേയെന്ന് ഞരങ്ങിക്കൊണ്ട്‌ കാലുംതിരുമ്മി അവിടെ തന്നെയിരുന്നു.

ചാവണം...
ഇങ്ങനെ ജീവിച്ചിട്ട്‌ കാര്യമില്ലാ..ചാവണം....
സ്വന്തം വിട്ടിലെ ആടിനെ അടിച്ച്‌ മാറ്റിയവന്‍ എന്ന പേരും കേട്ട്‌ ഇനി ജീവിക്കാന്‍ വയ്യ ..
ചാവണം...വെറുതേ ചത്താല്‍ പോരാ....എല്ലാത്തിനേം കൊന്നിട്ട്‌ ചാവണം...
സങ്കടവും ദേഷ്യവും ഒരുമിച്ച്‌ വന്ന ഒരു മുഹൂര്‍ത്തത്തില്‍ കാലിലെ വേദന മറന്ന് ജോര്‍ജ്ജുട്ടി ചാടിയെഴുന്നേറ്റു.
കൊല്ലണം..അമ്മച്ചിയേം അപ്പച്ചനേം കൊല്ലണം....
എന്നിട്ട്‌ താനും ചാകും...
കൊല്ലാനുള്ള ആവേശത്തില്‍ തിരിച്ച്‌ വീട്ടിലെക്ക്‌ നടന്ന ജോര്‍ജ്ജുട്ടി പെട്ടെന്ന് എന്തോ ആലോചിച്ച്‌ സഡന്‍ബ്രേക്കിട്ട്‌ നിന്നു.
എങ്ങനെ കൊല്ലൂന്നാണ്‌....ചുമ്മാ അങ്ങ്‌ കൊല്ലാന്‍ പറ്റുമോ...
വല്ല പാരക്കോലിനും തലക്കടിച്ച്‌ കൊല്ലാന്ന് വച്ചാല്‍ കരച്ചിലും ബഹളോം കേട്ട്‌ ആള്‌ കൂടും.
ആള്‌ കൂടിയാല്‍ കൊലപാതകത്തിന്‌ ശേഷമുള്ള തന്റെ സൂയിസൈഡ്‌ ഐഡിയ പാളും.
നാട്ടുകാര്‍ എടുത്തിട്ട്‌ ചളുക്കും.കയ്യും കാലും ഒടിഞ്ഞാല്‍ പിന്നെങ്ങനെ തൂങ്ങിച്ചാവാന്‍ മരത്തില്‍ കേറും...
കൈ ഉയര്‍ത്തിയാലല്ലെ വിഷം കഴിക്കാന്‍ പറ്റൂ...
പിന്നെ എന്ത്‌ ചെയ്യും...ജോര്‍ജ്ജുട്ടി ആലോചന തുടങ്ങി....

കിട്ടി..കിട്ടിപ്പോയ്‌...ഗുഡ്‌ ഐഡിയ....
കിണറ്റില്‍ വെഷം കലക്കാം....
അപ്പോള്‍ അതിലെ വെള്ളം കോരിക്കുടിച്ച്‌ അവര്‌ ചാകും...
പുറകേ അതിലെ വെള്ളം തന്നെ കുടിച്ച്‌ തനിക്കും ചാകാം....
അപ്പുറത്ത്‌ കപ്പകൃഷി ചെയ്യുന്ന ജോസിന്റെ മോട്ടറ്‌ പൊരേല്‌ എലിക്കും കോഴിക്കും കൊടുക്കണ വെഷം ഇരിക്കണത്‌ കണ്ടിട്ടുണ്ട്‌.കപ്പ തൊരക്കാന്‍ വരണ പെരുച്ചാഴീം ചീരേടെ കിളുന്ത്‌ കൊത്താന്‍ വരണ കോഴീമൊക്കെ വെഷം ചെന്ന് ചത്ത്‌ കെടക്കണതും താന്‍ കണ്ടിട്ടൊണ്ട്‌.

ജോര്‍ജ്ജുട്ടി നേരേ മോട്ടറ്‌ പുരയിലേക്ക്‌ നടന്നു.

ജോസയില്ല...ഭാഗ്യം...
കുറച്ച്‌ നേരത്തെ തിരച്ചിലിന്‌ ശേഷം പുരയില്‍ തൂക്കിയിട്ടിരുന്ന സഞ്ചിയില്‍ നിന്നും ജോര്‍ജ്ജുട്ടിക്ക്‌ വിഷത്തിന്റെ പൊതി കിട്ടി.

കുറച്ചേ ഒള്ള്‌..സാരമില്ല..ഇത്‌ മതി....
ഒന്ന് കൊത്തുമ്പഴേക്കും കോഴിയൊക്കെ പിടഞ്ഞ്‌ വീഴണത്‌ താന്‍ കണ്ടിട്ടുണ്ട്‌....
അപ്പോ ഇതു മുഴുവന്‍ കലക്കിയാല്‍ അമ്മച്ചീം അപ്പച്ചനുമല്ലാ....
ഈ പഞ്ചായത്തിലെ ആള്‍ക്കാര്‍ മുഴുവന്‍ ചാകും...

വിഷവും കൊണ്ട്‌ നേരെ ജോര്‍ജ്ജുട്ടി വീട്ടിലേക്ക്‌ ഓടി....
വേലിക്കരികില്‍ നിന്ന് അകത്തേക്ക്‌ പതുങ്ങി നോക്കി..ഇല്ലാ....
അമ്മച്ചി പുറകുവശത്താണ്‌...
കിണറിന്റെ അരികില്‍ എത്തിയ ജോര്‍ജ്ജുട്ടി ചുറ്റിനും ഒന്ന് നോക്കി ആരും ശ്രദ്ധിക്കുന്നില്ലായെന്ന് ഉറപ്പ്‌ വരുത്തി...
എന്നിട്ട്‌ വിഷം നേരേ കിണറ്റിലേക്ക്‌ ചൊരിഞ്ഞു.
അതിന്‌ ശേഷം ബക്കറ്റ്‌ കിണറ്റിലേക്കിറക്കി ശരിക്ക്‌ അടിച്ച്‌ കലക്കി.
എന്നിട്ട്‌ കൂടുതലൊന്നും ആലോചിക്കാതെ ഒരു ബക്കറ്റ്‌ വെള്ളം കോരി മടമടായെന്ന് കുടിച്ചു.
കൂടുതല്‍ ആലോചിച്ച്‌ നിന്നാല്‍ താന്‍ പിന്തിരിഞ്ഞേക്കുമോ എന്ന ഡൗട്ടില്‍ നിന്നാണ്‌ പെട്ടെന്നീ പണി ജോര്‍ജ്ജുട്ടി ചെയ്തത്‌.

കുടിച്ചതും ബക്കറ്റ്‌ താഴെയിട്ടു....
താനിതാ മരിക്കാന്‍പോകുന്നു..കുറച്ച്‌ കഴിഞ്ഞ്‌ അപ്പനും അമ്മച്ചീം കൂടി മരിക്കും...
ജോര്‍ജ്ജുട്ടിക്ക്‌ അലറിച്ചിരിച്ചു..പക്ഷെ ശബ്ദം പുറത്തേക്ക്‌ വന്നില്ല.
വേച്ച്‌ വേച്ച്‌ ജോര്‍ജ്ജുട്ടി പുറത്തേക്ക്‌ നടന്നു.
ശരീരം തളരുന്നു..ഇതാ മരണം അടുത്തെത്തി....
ഈശോയേ...ജോര്‍ജ്ജുട്ടി വിളിച്ചു...
.

'എന്താടാ.....'
ഈശോ വിളി കേട്ടു.....

ഞെട്ടിപ്പോയ ജോര്‍ജ്ജുട്ടി തിരിഞ്ഞ്‌ നോക്കിയപ്പോള്‍ കണ്ടത്‌ ഞൊണ്ടന്‍ കാലന്‍ ഈശോപ്പനെ....

'നിന്നേല്ലടാ പിശാശേ....
ഞാന്‍ കര്‍ത്താവിനെ വിളിച്ചതാ....'

'ഹ..ഹ...ഇത്‌ നല്ല മേട്‌....ചെകുത്താമ്മാരും കര്‍ത്താവിനെ വിളിച്ച്‌ തൊടങ്ങിയാ...'

ഈശോപ്പന്റെ തന്തക്കും തള്ളക്കും വിളിക്കണം എന്ന് ജോര്‍ജ്ജുട്ടിക്ക്‌ തോന്നിയെങ്കിലും.....
ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ മരിക്കാന്‍ പോകുന്ന തനിക്ക്‌....
സ്വര്‍ഗ്ഗം ലഭിക്കാനുള്ള അവസരം അവസാന നിമിഷത്തെ തെറിവിളി മൂലം നഷ്ടമായലോ എന്ന ചിന്തയില്‍ അടക്കി.

'നീയൊരു നാറിയാണെങ്കിലും...നിന്റെ തന്ത ഒരു പര നാറിയാണെങ്കിലും...ഞാനിപ്പോ അതൊന്നും നിന്നെ വിളിക്കണില്ലാ..കാരണം.... ഞാനിപ്പ ചാകും...കെണറ്റില്‍ വെഷോം കലക്കി...
അതീന്ന് വെള്ളോം കോരിക്കുടിച്ച്‌ സ്വര്‍ഗ്ഗത്ത്‌ പോകാന്‍ റെഡിയായി നിക്കണ എന്നെ കൊണ്ട്‌ നീ അങ്ങനെ തെറിപറയിപ്പിക്കാന്ന് നോക്കണ്ടടാ ഈശോപ്പാ...'

ഈശോപ്പന്‍ ഒന്ന് ഞെട്ടി.....ജോര്‍ജ്ജുട്ടീടെ അടുത്തേക്ക്‌ ചെന്ന് മണം പിടിച്ചു.
ഇല്ലാ..വെള്ളമടിച്ചിട്ടില്ല..പിന്നെയിവന്‍ എന്തൊക്കേണീ പറയണത്‌...

'ടാ..ജോര്‍ജ്ജുട്ടീ...നീ എന്ത്‌ കോടാലിയൊക്കേണീ പറേണത്‌...
കെണറ്റില്‍ വെഷം കലക്കീന്നാ...'
മറുപടിയൊന്നും പറയാതെ ജോര്‍ജ്ജുട്ടി വേച്ച്‌ വേച്ച്‌ നടന്നു.
സ്വര്‍ഗ്ഗം കിട്ടാനുള്ള അതീവമായ ആഗ്രഹത്തിന്റെ പുറത്ത്‌...
ഈശോയെ..ഈശോയേ എന്ന് ഉരുവിട്ടു....

പകച്ച്‌ പോയ ഈശോപ്പന്‍ എന്തോ പന്തികേട്‌ മണത്തു.
തന്റെ ഞൊണ്ടിക്കാലും വലിച്ച്‌ വച്ച്‌ നേരെ ജോര്‍ജ്ജുട്ടിടെ വീട്ടിലേക്ക്‌ ഓടിക്കേറി.

അതാ അന്നാമ്മ ചേടത്തി വെള്ളം കോരുന്നു.
അയ്യോ..കോരിക്കഴിഞ്ഞു.
വെള്ളം പകര്‍ത്താനുള്ള കുടം കാണാനില്ലല്ലോ....
അയ്യോ....ചേടത്തി വെള്ളം ബക്കറ്റില്‍ നിന്ന് നേരേ കുടിക്കാനുള്ള പുറപ്പാടിലാണ്‌....

തടയണം.... തടഞ്ഞേ പറ്റൂ...

'ചേടത്തീ..വെള്ളം കുടിക്കല്ലേ...കെണറ്റില്‍ വെഷം കലക്കീട്ടൊണ്ടേ...'

ഈശോപ്പന്‍ സര്‍വ്വശക്തിയുമെടുത്ത്‌ അലറി....

ഇതിനകം രണ്ട്‌ കവിള്‍ വെള്ളം വിഴുങ്ങിക്കഴിഞ്ഞിരുന്ന ചേടത്തി അലര്‍ച്ച കേട്ട്‌ തലയുയര്‍ത്തി നോക്കി.

ഈശോപ്പനാണല്ലാ.....ഇവനിതെന്താ പറ്റിയേ....

'എന്താട ഈശോപ്പാ...നീ കെടന്ന് തൊള്ളയെടുക്കണത്‌....'

'ചേടത്തീ...ആ വെള്ളം കുടിക്കല്ലേ...അതിനകത്ത്‌ ജോര്‍ജ്ജുട്ടി വെഷം കലക്കീട്ടൊണ്ട്‌....
അവന്‍ വെഷവെള്ളോം കുടിച്ചോണ്ട്‌ പാതിജീവനോടെ വഴീല്‍ നില്‍പ്പൊണ്ട്‌...'

ചേടത്തീടെ കണ്ണില്‍ ഇരുട്ട്‌ കേറി...
വിഷം ചെന്ന വയറില്‍ തടവിക്കൊണ്ട്‌....
കര്‍ത്താവേ എന്നൊരു വിളിയോടെ അന്നാമ്മ ചേടത്തി പുറകോട്ട്‌ മറിഞ്ഞ്‌ വീണു.

-------------------

മരണത്തെ പുല്‍കാന്‍ തയ്യാറായി, വഴിയരികില്‍ കര്‍ത്താവിനെ പ്രാര്‍ഥിച്ചുകൊണ്ട്‌ മലര്‍ന്ന് കിടന്ന ജോര്‍ജ്ജുട്ടി,
പിടിയടാ അവനെ..കെണറ്റില്‍ വെഷം കലക്കിയ പന്നീനെ കൊല്ലടാ എന്നൊക്കെ ആക്രോശിച്ച്‌ കൊണ്ട്‌ തന്റെ നേരെ ഒരു പറ്റം ആള്‍ക്കാര്‍ പാഞ്ഞ്‌ വരുന്നത്‌ കണ്ട്‌....
താന്‍ വിഷം കഴിച്ച്‌.....
മരണത്തെ വെയിറ്റ്‌ ചെയ്യുകയാണെന്ന ചിന്ത മറന്ന്....
തടി രക്ഷിക്കാന്‍ ഉടുതുണീം വാരിപ്പിടിച്ച്‌ വേലി ചാടിയോടി.

ജോര്‍ജ്ജുട്ടിയേയും ആടിനേയും തപ്പിപ്പോയ പാപ്പിച്ചേട്ടന്‍...
തന്റെ ഓപ്പറേഷന്‍ സക്സസ്‌ ആയ സന്തോഷത്തില്‍ ഷാപ്പുകാരന്‍ നാരായണന്റെ അടുത്ത്‌ നിന്ന് ആടിന്റെ പൈസയും വാങ്ങി അരേല്‍ തിരുകി....
രണ്ട്‌ കുപ്പി കള്ളിനും ഓര്‍ഡര്‍ കൊടുത്ത്‌ ഷാപ്പില്‍ തന്നെയിരുന്നു.

അതേ സമയം....
വീട്ടിലേക്ക്‌ കൊണ്ടുപോകാന്‍ വാങ്ങിച്ച.....
മോട്ടറ്‌ പുരയിലെ സഞ്ചിയില്‍ സൂക്ഷിച്ചിരുന്ന.....
അപ്പത്തിനിടാനുള്ള യീസ്റ്റ്‌ തപ്പുകയായിരുന്നു കപ്പത്തോട്ടത്തിലെ ജോസ.....

Monday, June 25, 2007

കയ്യേറ്റം

'ഹലോ..ഹലോ.... മുഖ്യനല്ലേ......'

'അതേ...മുഖ്യനാണ്‌....ആരാണ്‌ സംസാരിക്കുന്നത്‌....'

'ഞാന്‍ കാലനാണ്‌.....'

'അത്‌ ശരി ലീഡറാണോ....എന്താ ലീഡറേ പതിവില്ലാതെ.....
തന്റെ സ്വൈര്യക്കേട്‌ മകനെന്തിയേ.....അവനെക്കുറിച്ചൊന്നും കേക്കണില്ലല്ലോ ഇപ്പോള്‍.....
അവനെ വല്ല പറമ്പ്‌ കെളക്കാനും വിട്ടൂടേ...
തനിക്ക്‌ നാല്‌ ചക്രോം കിട്ടും....നാട്ടുകാര്‍ക്ക്‌ കുറച്ച്‌ സ്വൈര്യോം കിട്ടും....'

'അയ്യോ ഞാന്‍ ലീഡറല്ലാ....
ഞാന്‍ ഒറിജിനല്‍ കാലന്‍....നരകത്തില്‍ നിന്ന് വിളിക്കുന്നു....'

'ഓഹോ...ഞാനങ്ങ്‌ തെറ്റിദ്ധരിച്ചു.....
എന്താ കാലാ...മാഷിന്‌ എന്താ വേണ്ടേ.....'

'ഒന്നും പറയണ്ടെന്റെ മുഖ്യാ...ഇവിടെ ആകെ താറുമാറായി കിടക്കുവാ.....
ഇതൊക്കെ ഒന്ന് നേരേയാക്കാന്‍ സര്‍ക്കാരീന്ന് വല്ല സഹായോം കിട്ടുമോന്നറിയാന്‍ വിളിച്ചതാ......'

'എന്ത്‌ പറ്റീടോ......
അവിടേം മാധ്യമ സിന്ധികേറ്റുണ്ടോ...അതോ ചിക്കന്‍ ഗുനിയയോ.....'

'അതൊന്നുമല്ലാ പ്രശ്നം....
ഇവിടെ ആത്മാക്കാളുടെ ശിക്ഷ നടപ്പാക്കുന്ന സിസ്റ്റം കമ്പ്ലീറ്റ്‌ താറുമാറായി.....'

'അതെന്ത്‌ പറ്റി.....എണ്ണയിലിട്ട്‌ വറുക്കലും മുരിക്കില്‍ കേറ്റലുമൊന്നും നടക്കുന്നില്ലേ.....'

'വറുക്കാന്‍.....എണ്ണ താന്‍ വാങ്ങിച്ച്‌ തരുവോ....'

'എന്ത്‌...'

'എടോ മുഖ്യാ...എണ്ണക്ക്‌ വെല കൂടിയേ പിന്നെ വറുക്കല്‍ നിര്‍ത്തി....
എണ്ണക്ക്‌ പകരം പാമോയില്‍ പരീക്ഷിച്ചു കുറച്ച്‌ കാലം...
പിന്നെ അതും നിര്‍ത്തി....
ഇപ്പോഴത്തെ രീതി.. മേലില്‍ തെറ്റുകളൊന്നും ചെയ്യില്ലാ എന്ന് പതിനായിരക്കണക്കിന്‌ പ്രാവശ്യം ഇമ്പോസിഷന്‍ എഴുതിക്കലാ...'

'അപ്പോള്‍ മുരിക്കില്‍ കേറ്റലോ....'

'അതിന്‌ എവിടെ മുരിക്കിരുന്നട്ട്‌.....
വീരപ്പന്‍ ഇങ്ങോട്ട്‌ വന്നേപ്പിന്നെ ഒരൊറ്റ മുരിക്കില്ലാ ഇവിടെ ...
സകലതും അവന്‍ വെട്ടി വിറ്റു...'

'അപ്പോള്‍ എന്റെ സര്‍ക്കാരെന്താ ചെയ്യണ്ടത്‌...
വീരപ്പനെ പിടിക്കാന്‍ കുറച്ച്‌ വനപാലകരെ അയച്ച്‌ തരട്ടേ....'

'എന്തിനാ വനപാലകര്‍.....
വട്ടം കൂടിയിരുന്ന് ചീട്ട്‌ കളിക്കാനോ.....
അതൊന്നും വേണ്ടാ...
എനിക്കൊരു ജെസിബി അയച്ച്‌ തന്നാല്‍ മതി......'

'ജെസിബിയോ....നരകത്തിലെന്തിനാ ജെസിബി....'

'ഇവിടയല്ലേ ജെസിബി വേണ്ടത്‌.....
വീരപ്പനും ഹര്‍ഷദ്‌ മേത്തയും റിപ്പര്‍ചന്ദ്രനും ..
അങ്ങനെ സകല കുരിശുകളും കുടി നരകത്തിലെ സകലസ്ഥലോം കയ്യേറി.....'

'സ്ഥലങ്ങളൊക്കെ സംരക്ഷിക്കണ രാക്ഷസന്മാര്‍ എന്ത്യേ.....'

'അവര്‌ സമരത്തിലാ...ആശ്രിതനിയമനം നടത്തണം എന്നും പറഞ്ഞ്‌....'

'ഓഹോ....എങ്കില്‍ ജെസിബി അയച്ച്‌ തരാം....
അത്‌ ഓടിക്കാന്‍ കൂടെ ആരെയെങ്കിലും അയക്കണോ....'

'വേണ്ടാ....ഡ്രൈവറെ ഇവിടുന്ന് ഒപ്പിച്ചോളാം......'

'അപ്പോള്‍ ശരി...പറഞ്ഞ പോലെ...ജെസിബി അയച്ചേക്കാം.....
ലാല്‍സലാം...'

'വളരെ ഉപകാരം മുഖ്യാ....
താങ്കളെ നരകം മിസ്സ്‌ ചെയ്യുന്നു.....
തീര്‍ച്ചയായും താങ്കള്‍ക്ക്‌ നല്ല ഒരു സ്വീകരണം നരകത്തില്‍ ഏര്‍പ്പാട്‌ ചെയ്യുന്നതാണ്‌.....'

'ഹെന്റമ്മച്ചീ.....'

'ഹലോ...ഹലോ....
ശ്ശെടാ...നല്ല ഒരു കാര്യം പറഞ്ഞപ്പഴേക്കും ബോധം പോയോ......'

--------------------------

'പ്രഭോ..ജെസിബി എത്തിയിട്ടുണ്ട്‌.....ഇനിയെന്താ പരിപാടി.....'

'ഇനിയുടനേ ഒഴിപ്പിക്കല്‍ ആരംഭിക്കണം....
ചിത്രഗുപ്തന്‍ അതിന്‌ നേതൃത്വം കൊടുക്കണം.....'

'അത്‌ വല്ല പള്ളീലും പറഞ്ഞാ മതി...
എനിക്ക്‌ വയ്യ ആത്മാക്കളുടെ വായിലിരിക്കണത്‌ കേള്‍ക്കാന്‍....'

'ഹയ്‌...ചിത്രഗുപ്തന്‍ ഇങ്ങനെ കയ്യൊഴിഞ്ഞാല്‍ ഞാന്‍ ഒഴിപ്പിക്കല്‍ പണി ആരെ എല്‍പ്പിക്കും......'

'നമുക്ക്‌ ജയനെ ഏല്‍പ്പിച്ചാലോ.....'

'ഏത്‌ ജയനെ....'

'സിനിമാനടന്‍ ജയനെ....'

'അതിന്‌ ജയന്‍ സ്വര്‍ഗ്ഗത്തിലല്ലെ....'

'ഇപ്പൊ ഇവിടുണ്ട്‌...
അവിടെ എന്തോ തോന്ന്യാസം കാണിച്ചേന്‌ ഒരു മാസത്തെ ശിക്ഷക്ക്‌ ഇങ്ങോട്ട്‌ അയച്ചതാ...'

'എന്ത്‌ തോന്ന്യാസം.....'

'ജയന്‍...സ്വര്‍ഗ്ഗം കവലേലെ കലുങ്കിലിരുന്ന് അതിലേ പോയ ഇന്ദിരാഗാന്ധിയെ 'മൊട്ടച്ചീ' എന്ന് വിളിച്ചു.....
ചോദിക്കാന്‍ ചെന്ന രാജീവിനേം സഞ്ജയിനേം എടുത്തിട്ടിടിച്ചു.....
അത്‌ തന്നെ കേസ്‌....'

'ഓഹോ....
എങ്കില്‍ ജയന്‌ ഒഴിപ്പിക്കല്‍ എറ്റെടുക്കാന്‍ സമ്മതമാണോ എന്ന് ചോദിക്കൂ....
ജെസിബി ഓടിക്കാന്‍ ഒരു ഡ്രൈവറേം അന്വേഷിക്കൂ.....'

'ജയന്‍ തന്നെ ജെസിബി ഓടിച്ചോളും......
ഒരു ജെസിബി കിട്ടിയിരുന്നെങ്കില്‍ മുതുക്‌ ചൊറിയാമായിരുന്നു എന്ന് ജയന്‍ പറഞ്ഞത്‌ അങ്ങും കേട്ടിട്ടില്ലേ....'

'എങ്കില്‍ ശരി...അടുത്ത്‌ ശുഭമുഹൂര്‍ത്തതില്‍ ഒഴിപ്പിക്കല്‍ ആരംഭിക്കട്ടെ.....'

----------------------

'ചിത്രഗുപ്താ...എടോ ചിത്രഗുപ്താ......'

'എന്താണ്‌ പ്രഭോ.....എന്തിനാണ്‌ അങ്ങ്‌ കിടന്ന് കീറിപ്പൊളിക്കുന്നത്‌.....'

'കീറിപൊളിക്കാതെ എന്ത്‌ ചെയ്യും...
താനല്ലേ ആ ജയനെ ഒഴിപ്പിക്കല്‍ പണി ഏല്‍പ്പിക്കാന്‍ പറഞ്ഞത്‌.....'

'അതെ...അതിനിപ്പോ എന്തുണ്ടായി.....'

'എന്തുണ്ടാകാന്‍..അതിപ്പൊ വലിയ കുരിശായി.....'

'എന്ത്‌ പറ്റി..ജയന്‍ ജെസിബി മറിച്ച്‌ വിറ്റോ...'

'അതൊന്നുമല്ലടോ.....
ഒഴിപ്പിക്കലിനെതിരെ വനിതാക്കമ്മീഷന്‍ രംഗത്ത്‌ വന്നിരിക്കുവാ.....'

'വനിതാക്കമ്മീഷനോ.....
അതെന്തിന്‌....അവര്‍ക്കും കയ്യേറ്റഭൂമിയുണ്ടോ....'

'അതൊന്നുമല്ലടൊ....ഇത്‌ കേസ്‌ വേറെയാ.....'

'അതെന്ത്‌ കേസ്‌...'

"ജയന്‍... ജെസിബിയും കൊണ്ട്‌ ഒഴിപ്പിച്ചൊഴിപ്പിച്ച്‌ പോകുന്നതിനിടയില്‍...
അവിടെ എവിടെയെങ്ങാണ്ട്‌ നിന്നിരുന്ന സില്‍ക്‌ സ്മിതയുടെ മുതുകത്തിട്ട്‌ ..
ഇതും പുറമ്പോക്ക്‌ ഭൂമിയാണെന്നും പറഞ്ഞ്‌ ജെസിബി കൊണ്ട്‌ തോണ്ടി....'

'എന്നിട്ട്‌...'

'എന്നിട്ടെന്താകാന്‍......
ഫെമിനിസ്റ്റുകള്‍ ഇളകി.....
അവരെല്ലാം കൂടി ജയനെ ഓടിച്ചിട്ട്‌ ചൂലുംകെട്ടിന്‌ തല്ലി...
അടി കൊണ്ട് അവശനായ ജയന്‍ ഇപ്പോള്‍ ആശുപത്രീലാ...
ഇത്‌ കൊണ്ടും നില്‍ക്കൂന്ന് തോന്നണില്ലാ....
വനിതാക്കമ്മീഷന്‍ കേസ്‌ എറ്റെടുത്തിട്ടുണ്ട്‌.....
അവര്‍ക്ക്‌ മുന്‍പില്‍ ഹാജരാകാന്‍ ജയനോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌.....'

'ജയന്‍ ആശുപത്രീലല്ലേ...പിന്നെങ്ങനെ ഹാജരാകും....'

'ജയന്‍...തന്റെ നിലപാട്‌ വിശദീകരിക്കാന്‍ ഒരു വക്താവിനെ വച്ചിട്ടുണ്ട്‌....
അദ്ദേഹം നാളെ വനിതാക്കമ്മീഷന്‌ മുന്‍പില്‍ ഹാജരാകുമെന്ന് കേള്‍ക്കുന്നു......'

'ഈ വയസ്സ്‌ കാലത്ത്‌ അങ്ങയും വനിതക്കമ്മീഷന്റെ മുന്‍പില്‍ ഹാജരാകേണ്ടി വരുമോ...'

'എങ്കില്‍ തന്നേം ഞാന്‍ അവിടെ കേറ്റും.....
താനാണ്‌ ജയനെ ഏര്‍പ്പാടാക്കിയതെന്ന് ഞാന്‍ മൊഴി കൊടുക്കും.....'

'പ്രഭോ..ചതിക്കരുത്‌.....'

----------------------

നരകം ഹാളില്‍ സില്‍ക്‌ സ്മിതാ കേസില്‍ മൊഴിയെടുക്കുന്നതിന്‌ കൂടിയ വനിതാകമ്മീഷന്‍ അംഗങ്ങള്‍ക്ക്‌ മുന്‍പിലേക്ക്‌ ജയന്റെ വക്താവ്‌ കടന്ന് ചെന്നു.....

വക്താവിനെ കണ്ട അംഗങ്ങള്‍ കുരിശ്‌കണ്ട ചെകുത്താനെ പോലെ വിളറി.
പ്രാണഭയത്താല്‍ അവര്‍ ചിതറിയോടി.
മാനം രക്ഷിക്കുന്നതിന്‌ വേണ്ടി അലറിക്കരഞ്ഞ്‌ കൊണ്ട്‌ അവര്‍ ഹാളിന്റെ മതില്‌ ചാടിയോടി രക്ഷപെട്ടു....

ജയന്‌ വേണ്ടി ഹാജരായ വക്താവ്‌ മറ്റാരുമായിരുന്നില്ലാ......

സാക്ഷാല്‍ ബാലന്‍ കെ നായര്‍ ആയിരുന്നു......

Saturday, May 12, 2007

സണ്‍ ഇന്‍ ലോ

ഫോണ്‍ കിടന്ന്....അമ്മേ....അച്ചോ...
എന്ന് കാറുന്നത്‌ കേട്ടാണ്‌ ഞാന്‍ ഉണര്‍ന്നത്‌....

ഏത്‌ പിശാശാണാവോ ഈ പാതിരാക്ക്‌.....
രണ്ട്‌ മണിക്ക്‌ ആര്‌ ചത്ത വിവരം പറയാനാണ്‌.....

തികട്ടി വന്ന കലിപ്പടക്കി ഞാന്‍ ഫോണ്‍ എടുത്തു......


'ടാ...നീ ഒറങ്ങിയാ......'

ഇവനാരടാ......രാത്രി 2 മണിക്ക്‌ വിളിച്ചിട്ട്‌ ഉറങ്ങിയോന്നാ......

'ഇല്ലാ....ചേട്ടന്‍ വിളിക്കൂന്നറിഞ്ഞ്‌ ഒറങ്ങാതെ ഇരിക്കേര്‍ന്ന്.....
ആരാടാ ഇത്‌....എന്താ വേണ്ടേ...'

'ടാ....ബിജൂ.....ഞാന്‍ സാന്റോയാടാ....'

ഇപ്പോള്‍ എനിക്ക്‌ കാര്യം പിടികിട്ടി......
ഗള്‍ഫീന്ന് ബിജു ആണ്‌...എന്റെ ഏറ്റവും അടുത്ത സുഹൃത്തുകളില്‍ ഒരാള്‍......
സ്കൂള്‍ കാലം തൊട്ട്‌ പ്രീഡിഗ്രി കാലം വരെ ഞങ്ങള്‍ ഒന്നിച്ചാണ്‌ പഠിച്ചത്‌.
അത്‌ മാത്രമല്ലാ....അയല്‌വക്കക്കാരനുമാണ്‌.
അവന്‍ പണ്ടേ ഇങ്ങനെയാ.....വെള്ളമടിച്ചാല്‍ എന്റെ കാര്യം ഓര്‍മ്മ വരും.....
ഇപ്പോഴും നല്ല ഫിറ്റ്‌ ആണെന്ന് ഷുവറായി.....

'ടാ.....ഞാന്‍ സാന്റോ...നീ ബിജു....
പാതിരാത്രിക്ക്‌ കൗട്ടേം അടിച്ചോണ്ട്‌ റിലേം റീപ്ലേം ഇല്ലാതെ തലതിരിവ്‌ പറയണാ......'

'ഹ.ഹ.ഹ..അളിയാ....കറക്റ്റ്‌....അത്‌ കറക്റ്റ്‌....
നീ തന്നെ സാന്റോ.....ഞാന്‍ ബിജു......'

'എന്താടാ ഈ പാതിരാക്ക്‌....'

'ഞാന്‍ മറ്റന്നാള്‍ രാവിലേ എത്തും...നീ നെടുമ്പാശ്ശേരീല്‍ വരണം......'

കലക്കി.....
നാടിന്റെ ഉറക്കം ഒരു മാസത്തേക്ക്‌ നഷ്ടപ്പെടാന്‍ പോകുന്നു.......
അല്ലെങ്കില്‍ തന്നെ നാട്ടിലുള്ള സാധാ ഐറ്റങ്ങളെ കൊണ്ട്‌ തന്നെ നാട്ടുകാര്‍ പൊറുതിമുട്ടി ഇരിക്കുവാണ്‌.....
അതിന്റിടയിലേക്ക്‌ 'ബഹാദൂര്‍ ബിജു' കൂടി അവതരിച്ചാല്‍ കേമായി.

'ബഹാദൂര്‍' എന്ന സ്ഥാനപ്പേര്‌ അവന്‌ കോളേജില്‍ നിന്ന് കിട്ടിയതാണ്‌.
പ്രീഡിഗ്രിക്കാലത്ത്‌...
വെള്ളമടിക്ക്‌ ദക്ഷിണ വച്ച സമയത്ത്‌ അവന്‍ സ്ഥിരം കേറ്റിയിരുന്ന ബ്രാന്‍ഡ്‌ ആയിരുന്നു....ബഹാദൂര്‍.
കുതിരക്ക്‌ കൊടുക്കുന്ന ഐറ്റം എന്ന പേരില്‍ അറിയപ്പെട്ടിരുന്ന കിടിലന്‍ റം.
ഒരു പയിന്റ്‌ കൊണ്ട്‌ ആറു പ്രീഡിഗ്രി ചുള്ളന്മാരെ വരെ ഒറ്റയടിക്ക്‌ മറിക്കാന്‍ കെല്‍പ്പുള്ള 'കുതിരമറിയന്‍'.
അങ്ങനെയുള്ള കുതിരമറിയന്‍ റം ഒരു ഫുള്‍ ഒറ്റക്കടിച്ച്‌ കോളേജില്‍ നിന്ന് ബോള്‍ഗാട്ടി പാലസ്‌ വരെ ഒറ്റക്ക്‌ പോയവന്‍......
തിരിച്ച്‌ ഞങ്ങള്‍ തലച്ചുമടായി കൊണ്ട്‌ വരുന്ന വഴി...
എന്തൊരു കുലുക്കം......ഈ ഓട്ടോ... ലാമ്പിയാണോ എന്ന് ചോദിച്ചവന്‍.

ഇരുട്ട്‌ നിറഞ്ഞ പറമ്പില്‍ നിന്നും അബദ്ധവശാല്‍ സ്ട്രീറ്റ്‌ ലൈയിറ്റിന്റെ അടിയില്‍ വന്ന് പെട്ട്‌.....
കണ്ണുമഞ്ഞളിച്ച്‌ കുഴങ്ങി.....നടുറോട്ടില്‍ കിടന്ന് വട്ടം തിരിഞ്ഞ അണലിപ്പാമ്പിനെ....
'അയ്യോ പാവം....ദേ ഇത്‌ വഴി അങ്ങോട്ട്‌ പോ മക്കളേ....
ശ്ശെ...അങ്ങോട്ടല്ലാ...ഇങ്ങോട്ട്‌....ഇതിലേ പോട കുട്ടാ...'
എന്നൊക്കെ പറഞ്ഞ്‌...
തിരിച്ച്‌ ഇരുട്ടിലേക്കുള്ള വഴി കാണിച്ച്‌ കൊടുക്കാന്‍ ശ്രമിച്ച വര്‍ഗ്ഗ സ്നേഹി.
പിറ്റേ ദിവസം ബോധം വന്ന സമയത്ത്‌......
അണലി പാമ്പിന്‌ വഴി കാണിച്ച്‌ കൊടുക്കാന്‍ നീയാരാ.....
അതിന്റെ കൊച്ചാപ്പനാ....
എന്ന് ഞാന്‍ ചോദിച്ചതും.....
കര്‍ത്താവേ അത്‌ അണലിയായിരുന്നാ.....
എന്നും ചോദിച്ച്‌ വിയര്‍ത്ത്‌ കലുങ്കിലിരുന്നവന്‍.

ഏപ്രില്‍ ഫൂളിന്‌ റോസിചേച്ചീടെ ഇരുമ്പ്‌ ഗേറ്റിനു 'എര്‍ത്ത്‌' കൊടുത്തവന്‍.
രാവിലേ പാല്‍ വാങ്ങാന്‍ ഇറങ്ങിയ റോസിച്ചേച്ചീടെ കെട്ടിയോന്‍.....
എക്സ്‌ മിലിട്ടറി ജേക്കബ്‌ ചേട്ടന്‍....
ഗേറ്റില്‍ തൊട്ടതും....
ശരീരം മൊത്തം തരിച്ചതും.....
ഈശോയേ എന്ന് വിളിച്ചതും......
ഇതൊക്കെ കണ്ട്‌ കൊണ്ട്‌ മതിലിന്റെ സൈഡില്‍ മറഞ്ഞ്‌ നിന്നിരുന്ന ബിജു ചാടി വീണ്‌.....
'ഹ.ഹ.ഹ..ഏപ്രില്‍ ഫൂള്‍'...
എന്ന് പറഞ്ഞതും....
'കിടും' എന്ന ശബ്ദത്തോട്‌ കൂടി നടും പുറത്തിന്‌ ഇടി വാങ്ങിയതും......
ആരേയും അറിയിക്കാതെ രഹസ്യമാക്കി വച്ചവന്‍ ബിജു.

രാത്രി...മിക്സ്‌ ചെയ്യാന്‍ കരിക്കിടാന്‍ കേറീട്ട്‌.....
നാലെണ്ണം ഇട്ടാ മതി എന്ന് പറഞ്ഞിട്ട്‌....
അഞ്ചെണ്ണം വീണ ശബ്ദം കേട്ടിട്ട്‌...
എന്തിനാടാ കൂടുതല്‍ ഇട്ടത്‌......
നമുക്ക്‌ നാളേം ഇടണ്ടതല്ലേ..
എന്ന് ഞാന്‍ ചോദിച്ചതിന്‌....
'കൂടുതല്‍ ഇട്ടത്‌ നിന്റപ്പനാ....'
എന്ന് മറുപടി പറഞ്ഞവന്‍ ബിജു.

അഞ്ചാമത്തെ ശബ്ദം....
കരിക്ക്‌ വീണതിന്റെ ആയിരുന്നില്ലാ....
അവന്‍ വീണതിന്റെ ആയിരുന്നു.

വെറുതേ റോഡരികില്‍ സിഗററ്റുംവലിച്ച്‌ നില്‍ക്കുന്നതിന്റിടയില്‍....
ബോറടിച്ച്‌......
അതിലേ പോയ ഒരു കൊടിച്ചിപ്പട്ടിയെ കാലുമടക്കിയടിച്ച്‌...
അതിന്റെ വായിലിരിക്കണ കടീം വാങ്ങിച്ച്‌....
പേ വരുമോ എന്ന് പേടിച്ച്‌....
വലിയ വായില്‍ കരഞ്ഞോണ്ട്‌...
എറണാകുളം മെഡിക്കല്‍ ട്രസ്റ്റില്‍ പോയി.....
പൊക്കിളിന്‌ ചുറ്റും പത്ത്‌ പതിനഞ്ച്‌ ഇഞ്ചകഷന്‍ എടുത്തവന്‍ ബിജു.

ഫുട്ബോള്‍ കളിക്കുന്നതിനിടയില്‍ എതിര്‍ ടീമിലെ കളിക്കാരനെ മൃഗീയമായി ഫൗള്‍ ചെയ്ത്‌..
കാലൊടിച്ച്‌ ആശുപത്രിയിലാക്കിയവന്‍ ബിജു.
ആശുപത്രിയിലായത്‌ അവന്റെ സ്വന്തം ചേട്ടന്‍ തന്നെയായിരുന്നു.
പിറ്റേ ദിവസം അതേ ഗ്രൗണ്ടില്‍...
ഇനി ഇവിടെ ആരും പന്ത്‌ കളിക്കണ്ട എന്നും പറഞ്ഞ്‌....
ലോകചരിത്രത്തില്‍ ആദ്യമായി വാക്കത്തി കൊണ്ട്‌ പന്ത്‌ വെട്ടിപ്പൊളിക്കാന്‍ നോക്കിയവന്‍ ബിജു.
കാറ്റ്‌ നിറഞ്ഞ പന്തില്‍...
വാക്കത്തി കൊണ്ട്‌ വെട്ടിയാല്‍ എന്ത്‌ സംഭവിക്കും എന്ന്
മനസ്സിലാകുന്നതിനു മുന്‍പ്‌....
വാക്കത്തി റിട്ടേണ്‍ വന്ന് തിരുനെറ്റിക്ക്‌ കൊണ്ട്‌....
ബോധം പോയി....
ചേട്ടന്റെ കട്ടിലിന്‌ സമീപം മറ്റൊരു കട്ടില്‍ സ്വന്തമാക്കിയവന്‍ ബിജു.

അങ്ങനെയുള്ള...
കുലോത്തുംഗനായ...
രാജരാജനായ...
മറ്റുള്ളവര്‍ ഷാപ്പിന്റേയും ബാറിന്റേയും പേരുകള്‍ മാത്രം പറയുമ്പോള്‍...
അതിന്റെ ലൈസന്‍സ്‌ നമ്പര്‍ വരെ കാണാപ്പാഠം പറയുന്ന ബഹാദൂര്‍ബിജുവാണ്‌ വരുന്നത്‌.
അടുത്ത ഒരു മാസം നാട്ടുകാരുടെ കാര്യം പോക്കാണെന്ന് പ്രത്യേകം പറയണോ.....
-------------------------

ഞാന്‍ രാവിലേ നെടുമ്പാശ്ശേരിയില്‍ ചെന്നു.
ഏത്‌ വിമാനത്തിനാണ്‌ വരുന്നത്‌ എന്ന് ചോദിക്കാന്‍ മറന്നു.
ഇരിക്കാന്‍ സീറ്റ്‌ കിട്ടിയില്ലേലും കള്ള്‌ വിതരണമുള്ള വിമാനത്തിലേ അവന്‍ വരൂ എന്നുറപ്പാ.....
അരമുക്കാല്‍ മണിക്കൂര്‍ നേരത്തെ കാത്ത്‌ നില്‍പ്പിനൊടുവില്‍ അവന്‍ കണ്ണാടിക്കൂടിന്‌ പുറത്ത്‌ അവതരിച്ചു.
എന്നെക്കണ്ടതും കൈ ഉയര്‍ത്തി വീശീ.....'അഴിയാ' എന്ന് ഒരു കരച്ചിലും കരഞ്ഞു.
വിമാനത്തിലെ മദ്യത്തിന്റെ സ്റ്റോക്ക്‌ മുക്കാല്‍ ഭാഗവും അവന്‍ തീര്‍ത്തു എന്ന് ഉറപ്പായി.

'ഏതായിരുന്നെടാ ഫ്ലൈറ്റ്‌....'ഞാന്‍ ചോദിച്ചു.

'ഷീലങ്ക.....നുമ്മ ലങ്കേലല്ലേ വരൂ......അഴിയാ...നീയങ്ങ്‌ ചടച്ച്‌ പോയല്ലാ......'

ശ്രീലങ്കന്‍ ഫ്ലൈറ്റുകളില്‍ കള്ള്‌ ആവശ്യത്തിന്‌ കൊടുക്കുമത്രേ.

വിമാനത്താവളത്തിന്റെ പുറത്തുള്ള തൂണില്‍ ചാരിനിന്ന് ആടുന്ന ബഹാദൂറിനെ ഞാന്‍ എടുത്ത്‌ കാറിലിട്ടു.
നാട്ടുകാര്യവും വീട്ടുകാര്യവുമൊക്കെ ചോദിച്ചറിയുന്നതിനിടയില്‍ അവനാ വെടി പൊട്ടിച്ചു.
തിരിച്ച്‌ പോകുന്നതിന്‌ മുന്‍പ്‌ അവന്‍ കല്യാണം കഴിക്കാന്‍ പോകുന്നു.
അവന്റെ വീട്ടുകാര്‍ ഏതോ ഒരു ബന്ധം ഏകദേശം ഉറപ്പിച്ച്‌ വച്ചിട്ടുണ്ട്‌.
ഇനി ഇവന്‍ ചെന്ന് കണ്ടാല്‍ മാത്രം മതി.

'ഈ ഒരു മാസത്തിനുള്ളില്‍ ഫടാഫട്ട്‌ എന്നും പറഞ്ഞ്‌ കാര്യം നടക്കണം.....
നാളെ തന്നെ പെണ്ണിനെ പോയി കാണണം....നീയും വരണം...'
----------------------

കേശവപിള്ള എന്ന ആസ്ഥാന...മരം കം സ്ഥലം കം വീട്‌ കം വിവാഹ ബ്രോക്കര്‍ ആണ്‌ ഈ ആലോചന കൊണ്ടുവന്നത്‌.
പനങ്ങാട്‌ ആണ്‌ പെണ്ണിന്റെ വീട്‌.
കേശവപിള്ളയെ വിളിച്ച്‌ ലൊക്കേഷന്‍ ചോദിച്ച്‌ മനസ്സിലാക്കി.
പെങ്കൊച്ച്‌ എന്തോ കോഴ്സ്‌ ചെയ്യുന്നുണ്ട്‌.
അതിന്റെ ആവശ്യത്തിനായി എറണാകുളത്ത്‌ ദിവസവും വരുന്നുമുണ്ട്‌.
ഇതറിഞ്ഞതും ഞാന്‍ ചോദിച്ചു.....

'അവളുടെ വീട്ടില്‍ പോയി ചായേം മിക്ചറും തിന്നണ നേരം കൊണ്ട്‌ ...
നിനക്ക്‌ അവള്‍ പഠിക്കണ സ്ഥലത്തോ മറ്റോ പോയി കണ്ടാല്‍ പോരേ......'

'പോരടാ...പോരാ....അവടെ വീട്ടില്‍ തന്നെ പോണം.....
ബാക്ക്‌ ഗ്രൗണ്ട്‌ ഒക്കെ ഒന്നറിഞ്ഞിരിക്കാലോ......'

'ബാക്ക്ഗ്രൗണ്ട്‌ അറിയാന്‍ നീയെന്താ വല്ല....'

വായില്‍ വന്നത്‌ ഞാന്‍ മുഴുമിപ്പിച്ചില്ലാ....

അവന്‍ അത്‌ കേള്‍ക്കാത്ത മട്ടില്‍ നിന്ന് കൊണ്ട്‌ ബൈക്ക്‌ സ്റ്റാര്‍ട്ട്‌ ചെയ്തു.
------------------

ഇടപ്പള്ളി എത്താറായതും ബിജുവിന്‌ ഒരു സംശയം.....

'എടാ..എത്ര നേരം വേണ്ടി വരും ഇവിടുന്ന് പനങ്ങാട്‌ എത്താന്‍.....'

'കൂടിയാല്‍ അരമണിക്കൂര്‍.....പിന്നെ വീട്‌ കണ്ട്‌ പിടിക്കാന്‍ വിഷമിച്ചാല്‍ ആ സമയം കൂടി വേസ്റ്റ്‌....'

'അത്രേ ഒള്ളാ....നമ്മള്‍ 11 മണിക്കല്ലേ ചെല്ലാന്ന് പറഞ്ഞത്‌....
ഇതിപ്പോ ഇങ്ങനെ പോയാല്‍ പത്തിന്‌ മുന്‍പ്‌ എത്തുമല്ലോ.....
പെണ്ണ്‌ കുളിച്ചിട്ട്‌ കൂടി ഉണ്ടാവൂല്ലാ.....'

'ഞാന്‍ പറഞ്ഞാ നിന്നോട്‌ മണി ഒമ്പത്‌ ആകുന്നതിന്‌ മുന്‍പ്‌ കെട്ടിയെഴുന്നെള്ളാന്‍....'

'ഹാ...വിട്‌....നമുക്ക്‌ നേരം കളയാന്‍ ചക്കീസില്‍ നിന്ന് രണ്ടെണ്ണം വിട്ടിട്ട്‌ പോയാലാ...'

'ബെസ്റ്റ്‌...പെണ്ണുകാണാന്‍ കള്ളും കുടിച്ചിട്ട്‌ പോകാനാ....കലക്കി..'

'ആരറിയാനാടാ.....നമ്മള്‍ ആരുടേം അടുത്ത്‌ പോകാതെ നോക്കിയാല്‍ മതി......
രണ്ടെണ്ണം വിട്ടിട്ട്‌ പോയാല്‍ ഒരു ധൈര്യോം കിട്ടും.....'

'ഞാന്‍ ഓക്കെ...പക്ഷേ സംഭവം ചീറ്റിയാല്‍ എന്റെ പെടലിക്ക്‌ വയ്ക്കരുത്‌.....'

'ഒന്ന് പോടാപ്പാ...എങ്ങനെ ചീറ്റാനാണ്‌....
ഇനിയങ്ങ്‌ ചീറ്റിയാല്‍ ചീറ്റട്ടെ....ഈ നാട്ടില്‍ വേറെ പെണ്ണില്ലേ......'

ബൈക്ക്‌ നേരേ ഇടപ്പള്ളി കവലയിലുള്ള ചക്കീസ്‌ ബാറില്‍ ഓടിച്ച്‌ കയറ്റി.
ആദ്യത്തെ പെണ്ണുകാണലിന്‌....
ധൈര്യം കിട്ടാന്‍....
പേരിന്‌...2 എണ്ണം എന്നും പറഞ്ഞ്‌ തുടങ്ങിയ ഞങ്ങള്‍ 4 പെഗ്‌ വരെ എത്തി.

അപ്പോഴാണ്‌ ഫോണ്‍ വന്നത്‌.
അവന്‍ സെല്‍ എടുത്ത്‌....
ഏത്‌ കേശവപിള്ള.....ആര്‌ പനങ്ങാട്‌ പോയി....പെണ്ണാ....
എന്നൊക്കെ ചോദിക്കണത്‌ കേട്ടതും എനിക്ക്‌ കാര്യം മനസ്സിലായി.
ഞാന്‍ ഫോണ്‍ വാങ്ങിച്ച്‌ ....
പിള്ളച്ചേട്ടാ ദേ ഇപ്പൊ എത്തും.....വൈറ്റില സിഗ്നല്‍ വരെ എത്തി എന്ന് പറഞ്ഞു.
വയറ്റില്‍ പലതും എത്തിയെന്ന് മനസ്സിലായി എന്നും പറഞ്ഞ്‌ പിള്ള ചേട്ടന്‍ ഫോണ്‍ വച്ചു.

ഞാന്‍ ബിജുവിനെ ബാറില്‍ നിന്ന് വലിച്ചിറക്കി ബൈക്കിന്റെ പുറകിലിരുത്തി.

'ടാ...ഈ കോലത്തില്‍ പെണ്ണിന്റെ വീട്ടില്‍ പോണോ.....'

'പിന്നെ പോകാതെ...ഞാനൊരു കാര്യത്തിന്‌ ഇറങ്ങിയാ ...
അത്‌ നടത്തീട്ടെ പോരൂ......'

ബിജുവിന്റെ ശരീരത്തിന്‌ ആട്ടം പിടിച്ച്‌ തുടങ്ങീട്ടുണ്ട്‌.....
ചെറുതായിട്ട്‌ റിലേ കട്ടായി തുടങ്ങീട്ടുമുണ്ട്‌.....
പക്ഷേ നാക്ക്‌ കുഴഞ്ഞിട്ടില്ലാ...കുളമാവുമോ കര്‍ത്താവേ.......
എന്ത്‌ തേങ്ങേങ്കിലും ആകട്ടെ...നാറിയാല്‍ ഒരുമിച്ച്‌ നാറാം....
വണ്ടി പനങ്ങാടേക്ക്‌ വിടാന്‍ തീരുമാനിച്ചു ഞാന്‍.
---------------------
'വാ..വാ....കേശവപിള്ള ഇപ്പൊ വിളിച്ചിരുന്നു...
നിങ്ങള്‍ എത്തിയോന്നും ചോദിച്ച്‌.......'

'ഫിഷറീസ്‌ കോളേജിന്റെ അടുത്ത്‌ വരെ വേഗമെത്തി...
പിന്നെ വഴി മനസ്സിലാകാതെ ഒന്ന് കറങ്ങി...അതാ വൈകീത്‌'......
ഞാന്‍ പറഞ്ഞു.

ബിജുവിന്റെ ഫോട്ടോ നേരത്തെ കണ്ടിട്ടുള്ളത്‌ കൊണ്ട്‌.....
ഞങ്ങളില്‍ നായകന്‍ ആരാ എന്ന് അവര്‍ക്ക്‌ മനസ്സിലായി.......

ആടിപ്പോകാതിരിക്കാന്‍...
വളരെ സൂക്ഷിച്ച്‌ ഓരോ സ്റ്റെപ്പും വച്ച്‌ ഞങ്ങള്‍ വീടിന്റകത്ത്‌ കയറി.....
ഒറ്റ ചാട്ടത്തിനു മുന്‍പില്‍ കണ്ട സോഫയില്‍ ഇരുന്നു.
ഹാവൂ...സമാധാനമായി..ഇനി ആടൂല്ലല്ലോ.

'ഞാന്‍ സീതേടെ അഛന്‍....മോന്റെ പേരു ബിജു എന്നാണല്ലേ....'

ബെസ്റ്റ്‌ പേര്‌...സീത......മറ്റൊരു സീതയെ കാട്ടിലേക്കയക്കുന്നു...
എന്ന പാട്ട്‌ ഞാന്‍ വെറുതേ ഓര്‍ത്തു പോയി.......

'വെറും ബിജുവല്ലാ..ബിജുകുമാര്‍......'
അവന്‍ ഒരു കലിപ്പ്‌ മറുപടി പറഞ്ഞു.

ഉള്ളിലുള്ള പാനീയം വര്‍ക്ക്‌ ചെയ്തു തുടങ്ങി എന്ന് എനിക്ക്‌ മനസ്സിലായി.
ഞാന്‍ അവന്റെ തുടയില്‍ പതുക്കെ തോണ്ടി.....അടങ്ങ്‌...അടങ്ങ്‌...എന്ന സിഗ്നല്‍ കൊടുത്തു.

'എത്ര ദിവസം ലീവുണ്ട്‌......'

കര്‍ത്താവേ...ചുറ്റി......
പ്രോബ്ലം ആയി....
എന്നാ തിരിച്ച്‌ പോണേ...ഇവിടെ എത്ര ദിവസം കാണും.....
എന്ന നാട്ടുകാരുടെ സ്ഥിരം ചോദ്യങ്ങള്‍ക്കുള്ള അവന്റെ സ്ഥിരം മറുപടികളായ........
തിരിച്ചിനി പോണില്ലാ...പോയില്ലേല്‍ ഇയാള്‍ തല്ലുവോ......
ലീവൊരു രണ്ട്‌ രണ്ടര കൊല്ലമൊണ്ട്‌....എന്താ ഇയാക്ക്‌ ബുദ്ധിമുട്ടായാ......
തുടങ്ങിയ ഐറ്റംസ്‌ പ്രതീക്ഷിച്ച്‌.....വിയര്‍ക്കാന്‍ തുടങ്ങിയ ഞാന്‍...
അവന്റെ തുടയില്‍ വീണ്ടും ആഞ്ഞാഞ്ഞ്‌ തോണ്ടി.
തോണ്ടലിന്റെ എഫക്റ്റ്‌ ആണോ...അതോ ഞാന്‍ കര്‍ത്താവിനെ വിളിച്ചതിന്റെ എഫക്റ്റ്‌ ആണോ എന്നറിയില്ലാ...

'ലീവ്‌ ഒരു മാസമേ ഒള്ളൂ....'
എന്നവന്‍ മറുപടി പറഞ്ഞു.
ഞാന്‍ ഒരു ദീര്‍ഘശ്വാസവും വിട്ടു.

പക്ഷേ കഴിഞ്ഞില്ലാ....കാര്‍ന്നോരടെ അടുത്ത ചോദ്യം ഉടനേ വന്നു......

'എന്ത്‌ കിട്ടും....'

എനിക്ക്‌ തോണ്ടാന്‍ ഗ്യാപ്പ്‌ കിട്ടുന്നതിന്‌ മുന്‍പേ അവന്‍ മറുപടി പറഞ്ഞു......

'എന്തും കിട്ടും....'

കാര്‍ന്നോരുടെ എന്റെ നേരേയുള്ള തുറിച്ച്‌ നോട്ടത്തിന്‌ പിടികൊടുക്കാതെ ഞാന്‍ ഷോക്കേസിലേക്ക്‌ നോക്കിയിരുന്നു.
അവിടെയിരിക്കുന്ന പ്രതിമ....കൃഷ്ണന്റെയാണോ.....ബുദ്ധന്റെയാണോ....
എന്ന് ഇപ്പൊ തന്നെ അറിഞ്ഞില്ലെങ്കില്‍ പ്രശ്നമാകും എന്ന മട്ടില്‍.....

പിന്നെ ചോദ്യങ്ങള്‍ ഒന്നുമുണ്ടായില്ല......
പെങ്കൊച്ച്‌ ചായക്കപ്പും കൊണ്ടുവച്ച്‌ ഞങ്ങടെ മുന്‍പില്‍ നിന്ന് തത്തിക്കളിച്ചു.
ഞാന്‍ അവനെ തോണ്ടി.....
എന്തെങ്കിലും ചോദിക്കടാ എന്ന മട്ടില്‍....
പക്ഷേ ചോദിക്കുന്നതിന്‌ പകരം...
ചാടി ചായക്കപ്പ്‌ കയ്യിലെടുത്ത്‌.....
ശൂ....ശൂ....എന്ന ശബ്ദമുണ്ടാക്കി അവന്‍ ചായ ഊതിയൂതി കുടിച്ചുകൊണ്ടിരുന്നു.

അവസാനം സഹികെട്ട്‌ ഞാന്‍ ചോദിച്ചു......

'സീത പഠിക്കുവാണോ...'

'അതേ....എല്‍.സി.സിയില്‍ ഒരു കോഴ്സ്‌ ചെയ്യുന്നുണ്ട്‌......'

'എവിടെയാ എല്‍.സി.സി...'

'എറണാകുളം മേനകയിലാ......'

ഞാന്‍ കൂടുതല്‍ എന്തെങ്കിലും ചോദിക്കുന്നതിന്‌ മുന്‍പേ ബിജു ചാടിക്കേറി പറഞ്ഞു......

'ടാ....നിനക്കറിയില്ലേ......
സീഷെല്‍സ്‌ ബാറിന്റെ തൊട്ടടുത്തുള്ള ബില്‍ഡിംഗ്‌.......'

കാര്‍ന്നോരുടെ നോട്ടം ഇത്തിരി കടുപ്പത്തിലായി.......
ഞാനും അങ്ങേരേ തിരിച്ച്‌ ദയനീയമായി നോക്കി.....
തല്ലരുത്‌ .....പൊയ്ക്കോളാം എന്ന മട്ടില്‍.....

----------------------
കേശവപിള്ള...
അടുത്ത പത്ത്‌ ദിവസത്തിനുള്ളില്‍ അവനെ...
എട്ട്‌ വീട്ടില്‍ കൊണ്ട്‌ പോയി...ചായയും ബിസ്കറ്റും തീറ്റിച്ചു.

രാവിലേ അവന്‍ കേശവപിള്ളയുടെ വീട്ടില്‍ പോകും...
അങ്ങേരേം ബൈക്കിന്റെ പുറകില്‍ കയറ്റി കറക്കം ആരംഭിക്കും.

പക്ഷേ അവിടുന്നെല്ലാം കിട്ടിയ ചായയേക്കാളും നല്ല ചായ....
രാവിലേ പെണ്‌വീട്ട്‌ പര്യടനം ആരംഭിക്കുന്നതിന്‌ മുന്‍പ്‌ ....
പിള്ളച്ചേട്ടന്റെ മകള്‍ ലീല ഉണ്ടാക്കി കൊടുക്കുന്ന ചായ ആണെന്ന്..
അവന്‌ ഈ പത്ത്‌ ദിവസങ്ങള്‍ക്കുള്ളില്‍ മനസ്സിലായി.

അങ്ങനെ അവന്‍ ഗള്‍ഫില്‍ നിന്ന് വന്നതിന്റെ ഇരുപതാം ദിവസം....
'ലീല കേശവപിള്ള'...'ലീല ബിജുകുമാര്‍' ആയി.

'ലീലാ ബഹാദൂര്‍ ബിജുകുമാറിന്‌'.....
ബിജുകുമാറിന്റെ അടുത്തേക്ക്‌ പോകാനുള്ള വിസ വന്നില്ലേ പിള്ളച്ചേട്ടാ....'

എന്ന് ചോദിച്ചതിന്‌...
പിള്ളച്ചേട്ടന്‍ എന്നെപ്പറഞ്ഞ ഒരു മുഴുത്ത തെറി...
ഇപ്പഴും എന്റെ കാതില്‍ മുഴങ്ങുന്നു......

Wednesday, April 25, 2007

ദാസപ്പന്‍ ഇഷ്യൂ

രക്തം ശരീരത്തിലേക്കൊഴുകിയെത്തി രണ്ട്‌ മിനുട്ട്‌ കഴിഞ്ഞില്ല,കോശി കണ്ണു തുറന്നു.
എന്നിട്ട്‌ തുറന്ന കണ്ണു കറക്കി ചുറ്റും നോക്കി.
മുറിയുടെ മൂലയില്‍ വെള്ളവസ്ത്രമിട്ട ഒരു സ്ത്രീരൂപം എന്തോ കുറിച്ച്‌ കൊണ്ടിരിക്കുന്നു.
ഒരു നിമിഷം ആ രൂപത്തെ കോശി സൂക്ഷിച്ച്‌ നോക്കി.
എന്നിട്ട്‌ അലറി.

'ടീ.......'
ഐ.സി.യുവിന്റെ മൂലയിലിരുന്ന്,
തിരക്കിട്ട്‌ വനിതാമാസികയിലെ മത്സരക്കോളം പൂരിപ്പിക്കുകയായിരുന്ന കനകമ്മ നേഴ്സ്‌ തലയുയര്‍ത്തി നോക്കി.

'ഈശോയേ'.

പോയി, പോയില്ലാന്നും പറഞ്ഞ്‌ കിടന്നിരുന്ന ചെകുത്താന്‍ കോശി കണ്ണുംതുറന്നിരുന്ന് അലറുന്നു.

'ടീ....നീ ദാസപ്പനെ അകത്ത്‌ കേറ്റൂല്ലാല്ലേ.'

ഏത്‌ ദാസപ്പന്‍.ഏതിന്റകത്ത്‌.ഇതെന്ത്‌ മറിമായം.
വീട്ടുകാരുടെ സമാധാനത്തിനു ഒരു കുപ്പി രക്തവും കേറ്റി ഒരു മൂലക്ക്‌ തള്ളിയിരുന്ന കോശി എഴുന്നേറ്റിരുന്ന് തന്നെ തെറി വിളിക്കുന്നു.മോളിലേക്ക്‌ കെട്ടിയെടുക്കണേനു മുന്‍പ്‌ തന്നെ തെറി വിളിച്ചോളാന്ന് ഈ പരട്ടക്ക്‌ വല്ല നേര്‍ച്ചേം ഒണ്ടായിരുന്നാ.കനകമ്മ വാ പൊളിച്ചു.
പിന്നെ ഒരു ധൈര്യത്തിനു മേശപ്പുറത്തിരുന്നിരുന്ന പ്ലാസ്റ്റര്‍ വെട്ടുന്ന കത്രികയെടുത്ത്‌ കൈയില്‍ പിടിച്ചു.

അങ്ങനെ ഒരു കത്രിക കൈയില്‍ പിടിച്ചത്‌ കൊണ്ട്‌ കാര്യമില്ലെന്നും,
ധൈര്യം ചില സമയത്ത്‌ ആപത്തിനെ വീട്ടില്‍ പോയി വിളിച്ച്‌ കൊണ്ട്‌ വരുമെന്നും അടുത്ത നിമിഷം കനകമ്മക്ക്‌ മനസ്സിലായി.എന്തെന്നാല്‍,കോശി ഒറ്റക്കുതിപ്പിനു കട്ടിലില്‍ നിന്ന് എഴുന്നേറ്റ്‌ കഴിഞ്ഞിരുന്നു.
ദേഹത്ത്‌ കണക്റ്റ്‌ ചെയ്തിരുന്ന വയറുകള്‍,ട്യൂബുകള്‍,ബള്‍ബുകള്‍,സ്വിച്ചുകള്‍,കോളിങ്ങ്ബെല്‍ തുടങ്ങി ഹൃദയം നിന്ന് പോകാതിരിക്കാന്‍ പ്രവര്‍ത്തിപ്പിച്ചിരുന്ന മോട്ടറിന്റെ കണക്ഷന്‍ വരെ ആ എഴുന്നേല്‍ക്കലില്‍ കട്ടായി.
എന്നിട്ടും കോശി പുലി പോലെ എഴുന്നേറ്റ്‌ നിന്ന് വീണ്ടും അലറി.

'ടീ.....വെള്ളയുടുപ്പിട്ട വര്‍ഗ്ഗീയ മൂരാച്ചീ...നിന്നെയിന്ന് ഞാന്‍ കാച്ചും.'

കനമ്മക്ക്‌ ഇപ്പോള്‍ കാര്യം മനസ്സിലായി.ഇനി കത്രിക കൊണ്ട്‌ കാര്യമില്ലാ എന്ന കാര്യം.
ഇനിയിപ്പോള്‍ എന്താ വഴി.ഒറ്റവഴിയേ ഉള്ളൂ.
കനകമ്മ,ധരിച്ചിരുന്ന വെള്ളക്കുപ്പായം ഒന്ന് ഒതുക്കിപ്പിടിച്ച്‌ ഒറ്റക്കുതിപ്പിനു ഐ.സി.യുവിന്റെ പുറത്തിറങ്ങി.
എന്നിട്ട്‌ കോശി അലറിയതിനേക്കാള്‍ ഉച്ചത്തില്‍ അലറി.
'അയ്യോ......'

അലര്‍ച്ച നിര്‍ത്താതെ തന്നെ വരാന്തയുടെ വലത്‌ ഭാഗത്തുള്ള തഴേക്കുള്ള കോണിപ്പടി ലക്ഷ്യമാക്കി ഓടി.
ഓട്ടത്തിനിടയില്‍ ബോറഡിച്ച കനകമ്മ ചുമ്മാ ഒന്ന് തിരിഞ്ഞ്‌ നോക്കി.നോക്കിയതും പിന്നേം അലറി.

'കര്‍ത്താവേ....'

തൊട്ട്‌ പുറകില്‍ കോശി.
താഴേക്കുള്ള കോണിപ്പടി എത്തുന്നതിനു മുന്‍പ്‌ കോശി തന്നെ ക്യാച്ച്‌ ചെയ്യും എന്ന് കനകമ്മക്ക്‌ ഉറപ്പായി.
കനകമ്മ പിന്നൊന്നും ആലോചിച്ചില്ല.
ഓട്ടത്തിനു ഒരു സഡന്‍ ബ്രേക്കിട്ട്‌.....അഴിയില്ലാത്ത തുറന്ന ജനലില്‍ കൂടി മൂന്നാം നിലയില്‍ നിന്ന് താഴേക്ക്‌ ചാടി.
കൂട്ടത്തില്‍ ചുമ്മാ അലറുകയും ചെയ്തു.

ആംബുലന്‍സില്‍ ചാരി നിന്ന് ബീഡി വലിക്കുകയായിരുന്ന ഡ്രൈവര്‍ ജോസ ഒരു കരച്ചില്‍ കേട്ടാണു മുകളിലേക്ക്‌ നോക്കിയത്‌.നോക്കലും ഉമിനീരിറക്കലും ഒരുമിച്ച്‌ കഴിഞ്ഞു.
ഉമിനീരിന്റൊപ്പം വലിച്ച്‌ കൊണ്ടിരുന്ന ബീഡി കൂടി ഇറങ്ങിപ്പോയത്‌ പോലും അറിയാതെ
ജോസ മുകളിലേക്ക്‌ നോക്കി അന്തം വിട്ട്‌ നിന്നു.

കനകമ്മ നേഴ്സ്‌ തന്നെ നേരേ പറന്ന് വരുന്നു.
അതും നട്ടുച്ചക്ക്‌.
ആനന്ദലബ്ദിക്കിനിയെന്ത്‌ വേണം.
കനകമ്മയെ സ്വീകരിക്കാന്‍.....തന്റെ നെഞ്ചോട്‌ ചേര്‍ക്കാന്‍ .....ജോസ....രണ്ട്‌ കൈയ്യും ‌ഉയര്‍ത്തി
......നെഞ്ച്‌ റെഡിയാക്കി തയ്യാറായി നിന്നു.

നിമിഷങ്ങള്‍ക്കുള്ളില്‍ കനകമ്മ ജോസയുടെ നെഞ്ചത്ത്‌ ലാന്‍ഡ്‌ ചെയ്ത്‌.
അഞ്ച്‌ ഓക്സിജന്‍ സിലിണ്ടറിന്റെ ഭാരമുള്ള,
'സിലിണ്ടര്‍ കനകമ്മ' എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന കനകമ്മയുടെ ഭാരം താങ്ങാനാവാതെ ജോസ നിലം പതിച്ചു.
നെഞ്ചും കൂടിനു കനകമ്മയുടെ മുട്ടുകാല്‍ കേറിയത്‌ കൊണ്ടായിരിക്കണം,
ജോസയുടെ ഉണ്ടായിരുന്ന ബോധം കൂടി ആ നിമിഷം നഷ്ടമായി.
ക്രാഷ്‌ ലാന്‍ഡിംഗ്‌ ആയിരുന്നെങ്കിലും വലിയ പരിക്കൊന്നും കൂടാതെ കനകമ്മ എഴുന്നേറ്റ്‌ നിന്നു.
എന്നിട്ട്‌ മുകളിലേക്ക്‌ നോക്കി.
മുകളില്‍ ജനാലക്കരികില്‍ തന്റെ പുറകേ ചാടണോ വേണ്ടയോ എന്ന് സംശയിച്ച്‌ നില്‍ക്കുന്നു....കോശി.

ദേഹത്ത്‌ പറ്റിയ പൊടിയും തട്ടി,
ബോധമില്ലാതെ കിടക്കുന്ന ജോസയെ മൈയിന്‍ഡ്‌ ചെയ്യാതെ കനകമ്മ,
ആശുപത്രി കോമ്പൗണ്ടിനു പുറത്തുള്ള തങ്കപ്പന്റെ പെട്ടിക്കടയിലേക്ക്‌ പോയി.
ഓട്ടത്തിന്റേം ചാട്ടത്തിന്റേം ക്ഷീണം മാറ്റാന്‍ ഒരു സോഡ കുടിച്ചു.
അതിനു ശേഷം ഒരു 25 പൈസേടെ പ്യാരീസ്‌ മിഠായി വാങ്ങി വായിലിട്ട്‌ നുണഞ്ഞ്‌ അവിടെ തന്നെ ഇരുന്നു.

കനകമ്മ മിസ്സായ സങ്കടത്തില്‍ കോശി ഒന്നുകൂടി അലറി.

'കള്ള.......മക്കളേ....നീയൊക്കെ കൂടി ദാസപ്പനെ ഒതുക്കൂല്ലേ...'

അലര്‍ച്ച കേട്ട്‌ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന തമിഴന്‍ ഡോക്ടര്‍ ഷണ്മുഖന്‍ ക്യാബിനില്‍ നിന്ന് വെളിയില്‍ വന്നു.
കോശിയാണു ശബ്ദത്തിന്റെ ഉടമ എന്ന് മനസ്സിലാകിയ ഡോക്ടര്‍ തന്റെ വലിയ വായ മൊത്തമായി പൊളിച്ചു.
ഇനി പൊളിയാന്‍ വായിനു ഇലാസ്റ്റിസിറ്റി പോരാ എന്ന് മനസ്സിലാക്കിയപ്പോള്‍ കൈയ്യിലിരുന്ന കടലാസ്സ്‌ കഷണം കീറിപ്പൊളിച്ചു.

'ഓ..ഗോഡ്‌...വാട്ട്സ്‌ ദിസ്‌...ഹേ മാന്‍...ആര്‍ യൂ ഓകെ.....
ഹേ കോസീ.....വാട്ട്സ്‌ ഗോയിംഗ്‌ ഓണ്‍ ഹിയര്‍......'
[ചാവാന്‍ കെടന്ന കഴുവേറിമകന്‍ ..എങ്ങനേണു കര്‍ത്താവേ ഇവിടെ വന്ന് നിക്കണത്‌.]

കോശി തിരിഞ്ഞ്‌ നോക്കി.എന്നിട്ട്‌ ഡോക്ടറുടെ നേരേ നടന്നു.

'ഹേ..കോസീ...എന്നാച്ച്‌....ഉനക്ക്‌ എന്നാച്ചടാ...'
ഡോക്ടര്‍ പിന്നേയും ചോദ്യങ്ങള്‍ ചോദിച്ചെങ്കിലും ശബ്ദം പുറത്തേക്ക്‌ വന്നില്ല.
കഴുത്ത്‌ ഞെരിഞ്ഞമര്‍ന്നാല്‍ ആരുടേയും ശബ്ദം വെളിയിലേക്ക്‌ വരില്ല.
ഈ തത്വം 'പാസ്കല്‍ ലോ'പ്രകാരം തെളിയിച്ചിട്ടുള്ളതാണു.

'ദാസപ്പന്‍ അകത്തിരിന്ന് പാടണേനു നിനക്കാണാടാ പന്നീ പ്രശ്നം...'
കഴുത്തില്‍ നിന്ന് പിടി വിടാതെ കോശി ചോദിച്ചു.
ശബ്ദം കൊണ്ട്‌ വലിയ കാര്യമില്ലാ എന്ന് മനസ്സിലാക്കിയ ഡോക്ടര്‍ ,
കൈ കൊണ്ട്‌ അല്ല എന്ന് ആംഗ്യം കാണിച്ചു.

'അല്ലേ.....'
എന്ന് ചോദിച്ച്‌ കൊണ്ട്‌ കോശി ഡോക്ടറുടെ അടിവയറ്റില്‍ മുട്ടുകാല്‍ കൊണ്ട്‌ ഒരു താങ്ങ്‌ കൊടുത്തു.
ആ സൈസ്‌ താങ്ങല്‍ ഒരു മൂന്നെണ്ണം കൂടി താങ്ങിയതിനു ശേഷം ഡോക്ടറുടെ കഴുത്തില്‍ നിന്ന് കൈയെടുത്തു.
ഇടിഞ്ഞ്‌ പൊളിഞ്ഞ്‌ താഴെ വീണ ഡോക്ടറുടെ നെഞ്ചത്ത്‌ കാല്‍ ചവുട്ടി നിന്ന് കൊണ്ട്‌ കോശി പിന്നേയും അലറി.

'.......മക്കളേ.'

ശബ്ദം കേട്ട്‌ ഓടിവന്ന ഗോവിന്ദന്‍ എന്ന സെക്ക്യൂരിറ്റിയെ കോശി,കറങ്ങിചവുട്ടി.
ചവുട്ട്‌ കൊണ്ട്‌ നിലത്ത്‌ വീണു മലര്‍ന്ന് കിടന്ന ഗോവിന്ദന്റെ നെഞ്ചത്ത്‌ കയറിയിരുന്ന് കൊണ്ട്‌ കോശി ചോദിച്ചു.

'അമ്പലത്തില്‍ ദാസപ്പനെ കേറ്റൂല്ലാല്ലേ...'

'ഏത്‌ ദാസപ്പന്‍..ഏതമ്പലം....'

'അത്‌ ശരി...ഇപ്പ ഏതമ്പലോന്നാ.....നീയൊക്കെക്കൂടി ദാസനെ തടയും അല്ലേടാ പന്നീ....'

ഗോവിന്ദന്റെ ശ്വാസം,നിന്നു...നിന്നില്ലാ എന്നമട്ടില്‍ അകത്തേക്കും പുറത്തേക്കും പോകാന്‍ തുടങ്ങി.
ആദ്യം ശ്വാസം..പിന്നെ ഉത്തരം .എന്ന മട്ടില്‍ കിടന്ന ഗോവിന്ദന്റെ നെഞ്ചത്ത്‌ കോശി അഞ്ച്‌ മിനുട്ട്‌ കൂടി വിശ്രമിച്ചു.പിന്നെ അവിടെ നിന്നും എഴുന്നേറ്റ്‌ നിന്ന് പിന്നേയും അലറി.

'.......മക്കളേ.'
എന്നിട്ട്‌ അവിടെ തന്നെ കുഴഞ്ഞ്‌ വീണു.

------------------------

സൗജന്യ രക്തദാന ക്യാമ്പില്‍ നിന്നും ലഭിച്ച രക്തമാണു കോശിയുടെ ശരീരത്തില്‍ കയറ്റിയത്‌.
ബഹു.ദേവസ്വം മന്ത്രിയാണു....സ്വന്തം രക്തം ദാനം ചെയ്ത്‌ കൊണ്ട്‌ ക്യാമ്പ്‌ ഉല്‍ഘാടനം ചെയ്തത്‌.

ഈശരോ രക്ഷതു.......

Wednesday, April 11, 2007

മഹിഷി

'വണക്കം രാജാവേ...'

'ഉവ്വ......വണക്കം....വണക്കം.....
രാവിലേ......ആളെ അയച്ച്‌ കുത്തിപ്പൊക്കിയാലും നേരത്തിനും കാലത്തിനും ഇങ്ങട്‌ കെട്ടിയെടുത്തൂടാല്ലേ......'

'തിരുമനസ്സ്‌ ക്ഷമിക്കണം....
ഞാന്‍ ആവുന്ന വേഗത്തില്‍ പറന്നാണു ഇങ്ങട്‌ പോന്നത്‌.......'

'പറക്കാന്‍......മന്ത്രിയാരാ ഡിങ്കനാ....
തന്റെ കുതിര എവിടേ .......
പോരാത്തതിനു ഒരു രഥോം കൊട്ടാരം ചെലവില്‍ ഒപ്പിച്ചിട്ടുണ്ടല്ലാ......
അതെന്തിയേ.....വിറ്റാ...
അതോ പണയം വച്ച്‌ ചീട്ട്‌ കളിച്ചാ....'

'പറന്നു എന്നു പറഞ്ഞത്‌ കുറച്ച്‌ ആലങ്കാരികമായിട്ടാണു പ്രഭോ......
ഞാന്‍ വന്നത്‌ കൊട്ടാരം വക സൂപ്പര്‍ ഫാസ്റ്റില്‍ ആണു.....
എന്റെ രഥത്തിനു കുറച്ച്‌ റിപ്പയറു......
പിന്നെ കുതിര...അതിലാണു ഇന്ന് എളേ ചെക്കന്‍ കോളേജില്‍ പോയത്‌.....'

'കൊട്ടാരം വക സൂപ്പര്‍ ഫാസ്റ്റില്‍ കേറിയ നേരം കൊണ്ട്‌ തനിക്ക്‌ നടന്നു വന്നാല്‍ മതിയായിരുന്നല്ലോ...
ഇതിലും നേരത്തേ എത്തിയേനേ.....'

'അല്ലാ...തിരുമനസ്സ്‌ രാവിലേ കലിപ്പിലാണല്ലാ....
എന്താ പറ്റീത്‌...ഇന്നലത്തെ കെട്ട്‌ എറങ്ങീല്ലെ ......
ഇന്നലെ കേറ്റിയ സാധനം ഡ്യൂപ്ലിക്കേറ്റ്‌ ആയിരിന്നാ......'

'എടോ....നമ്മടെ പട്ടമഹിഷി മിസ്സിംഗ്‌ ആണു....'

'പട്ട.....'

'പട്ടയല്ലടോ....പട്ടമഹിഷി....രാജ്ഞി......'

'അത്‌ ശരി.....
രാജ്ഞിക്ക്‌ മിസ്സിംഗ്‌ വന്നേനാണാ എന്റടുത്ത്‌ കലിപ്പിക്കണത്‌.......
അതിനു ഞാന്‍ എന്തൂട്ട്‌ ചെയ്യാനാ.....
എങ്ങനെ മിസ്സിംഗ്‌ വരാണ്ടിരിക്കും....ഒരു റസ്റ്റ്‌ കൊടുക്കണ്ടേ.......'

'മന്ത്രീ....രാവിലേ ....മറ്റേ വര്‍ത്താനം പറഞ്ഞാ ..കാലേ തൂക്കി ഞാന്‍ നെലത്തടിക്കും....
എടോ പൊട്ടന്‍ കൊണാപ്പാ....രാജ്ഞി മിസ്സിംഗ്‌....എന്നു വച്ചാ.....
ആ പെമ്പ്രന്നോരേ കാണാനില്ലാ എന്ന്.....'

'ഓ ഗോഡ്‌.....ഞെട്ടിപ്പിക്കുന്ന വാര്‍ത്ത ആണല്ലോ.......'

'ആര്‍ക്ക്‌ ഞെട്ടല്‍...തനിക്കാ......എനിക്ക്‌ വല്യ ഞെട്ടലൊന്നുമില്ല...'

'മഹിഷിയെ ആരെങ്കിലും തട്ടിക്കൊണ്ട്‌ പോയതായിരിക്കുമോ.......'

'തട്ടിക്കൊണ്ട്‌ പോകാനാ....അവളേ...
അത്രക്ക്‌ തലക്ക്‌ സ്ഥിരമില്ലാത്ത ആരെടോ ഈ നാട്ടില്‍......'

'അത്‌ ശരിയാ...തട്ടിക്കൊണ്ട്‌ പോണവന്‍ കിഡ്നി വിറ്റ്‌ ചെലവിനു കൊടുക്കേണ്ടി വരും.......
അങ്ങനെയുള്ള മഹിഷീടെ കൈയ്യിലിരിപ്പ്‌ അറിയാത്ത വല്ല പൊറം രാജ്യക്കാരും ആയിരിക്കും ചെലപ്പോ.......
പാവങ്ങള്‍...'

'അതേടോ......പൊറം രാജ്യക്കാരു തന്നേണു ഇതിന്റെ പൊറകില്‍.....
പക്ഷേ....തട്ടീതും വെട്ടീതും ഒന്നുമല്ലാ....അവളു തന്നത്താന്‍ മുങ്ങീതാ.......'

'അതെങ്ങനെ തിരുമനസ്സിനു മനസ്സിലായി...മഹിഷി മുങ്ങീതാണെന്ന്.......'

'എടോ അവളൊരു കത്തെഴുതി വച്ചിട്ടുണ്ട്‌.....'

'അതിലെന്താ എഴുതിയേക്കണേ.....'

'അതു ശരി...എനിക്ക്‌ വായിക്കാന്‍ അറിയാങ്കി തന്നെ ഇങ്ങോട്ട്‌ പണ്ടാറടങ്ങോ........'

'കത്ത്‌ മലയാളത്തില്‍ ആണെങ്കി ....'

'ആണെങ്കി......'

'എനിക്കും വായിക്കാന്‍ പറ്റൂന്ന് തോന്നണില്ലാ......'

'ഉവ്വ.....ചൈനീസു ഭാഷേലാണെങ്കി താനിപ്പ മറിച്ചേനേ......
പഠിക്കാന്‍ വിട്ട സമയത്ത്‌ സ്കൂളില്‍ പോണോടോ.....
അല്ലാതെ മാങ്ങാണ്ടി പറക്കാന്‍ പോയാല്‍ ഇങ്ങനെ ഇരിക്കും......'

'മുങ്ങീതാണെന്ന് ഒറപ്പിക്കാന്‍....കത്ത്‌ വായിക്കണ്ട കാര്യമൊന്നുമില്ലാ.....
മുങ്ങല്‍.....മഹിഷിക്ക്‌ ഒരു വീക്ക്നസ്‌ ആണല്ലാ....
പണ്ട്‌ കോട്ടയത്ത്‌ നിന്ന് മുങ്ങീട്ടല്ലേ..കൊച്ചീല്‍ പൊങ്ങീത്‌....'

'അത്‌ താന്‍ പറഞ്ഞത്‌ കാര്യോണു........
പക്ഷേ ആരടെ ഒപ്പമാണു മുങ്ങീതു എന്നറിയാന്‍ ഒരു ആകാംഷ......
കുതിരാലയത്തീന്നു ഒരു കുതിരേനേം കാണാനില്ലാ എന്ന് വിവരം കിട്ടീട്ടൊണ്ട്‌.....'

'എന്ത്‌.......കുതിരയുടെ ഒപ്പം ആണെന്നോ മഹിഷി നാടുവിട്ടത്‌.......'

'ഛേ.....അതല്ലടോ...അവളു കുതിരപ്പുറത്ത്‌ കേറിയാ നാട്‌ വിട്ടതെന്ന്.....'

'മഹിഷിക്ക്‌ കുതിരേം ഓടിക്കാന്‍ അറിയോ.......'

'അവളു കുതിരേനെ അല്ലാ...പന്നീനെ വരെ ഓടിക്കും......'

'അതറിയാം....'

'എന്തറിയാന്നു....'

'അല്ലാ..പന്നീനെ വരെ ഡ്രൈവ്‌ ചെയ്യൂന്ന കാര്യം അറിയാന്ന്.......'

'ടോ.....ടോ....വേണ്ടാ.....വേണ്ടാ.....അധികം എളക്കണ്ടാ......
വേറെ നല്ല ആമ്പിള്ളേരു മന്ത്രി സ്ഥാനത്തിനൊള്ള ഇന്റര്‍വ്യൂം കഴിഞ്ഞ്‌ ഇരിപ്പൊണ്ട്‌......'

'തിരുമനസ്സ്‌ ക്ഷമിക്കണം....മേലില്‍ ഇളക്കുന്നതല്ലാ......അടിയനോട്‌ പൊറുക്കണം.....'

'പൊറുത്തു..പൊറുത്തു....കെടന്ന് മോങ്ങണ്ടാ.....
മോങ്ങല്‍ നിര്‍ത്തി താനൊരു വഴി പറയടോ....
ഈ കത്തിലെ കാര്യം ഒന്നറിയണ്ടേ.....'

'നമുക്ക്‌....കൊട്ടാരം ആസ്ഥാന പണ്ഡിതനെ ഒന്നു വിളിപ്പിച്ചാലോ....'

'അയാളു വന്നാ.......
ഏതാണ്ട്‌ മത്സരത്തില്‍ പങ്കെടുക്കാന്‍ കോതമംഗലത്ത്‌ പോയെന്ന് പറഞ്ഞ്‌ കേട്ടല്ലാ.....'

'മത്സരം കഴിഞ്ഞ്‌....... കൊണ്ടുവന്നിട്ടൊണ്ട്‌.....'

'എന്ത്‌ കൊണ്ട്‌ വന്നിട്ടുണ്ടെന്ന്....
മത്സരത്തില്‍ അയാള്‍ക്കു സമ്മാനം വല്ലതും കിട്ടിയാ.......'


'കിട്ടി..കിട്ടി.....
സമ്മാനം നടും പൊറത്തിനു തന്നെയാ കിട്ടീത്‌......
കോതമംഗലം രാജാവിന്റെ ഭടന്മാര്‍ അവിടെയിട്ട്‌ ചവുട്ടിക്കൂട്ടി......
എന്നിട്ട്‌ ഇവിടെ ചൊമന്നോണ്ടു വന്നാക്കി.....'


'അയാളു പിന്നേം ശ്ലോകം ചൊല്ലിക്കാണും......
അങ്ങേരോട്‌ ആയിരം വട്ടം പറഞ്ഞിട്ടൊണ്ട്‌...അറിയാത്ത പണിക്ക്‌ പോകരുതെന്ന്......'

'ശ്ലോകോം...കവിതേം...നിമിഷകവിതേം.....
ഒക്കെ ചൊല്ലി ചൊല്ലി...അവസാനം....കൊച്ചീസദസ്സിലെ ആസ്ഥാന പണ്ഡിതന്‍.....
കോതമംഗലം രാജ്ഞീടെ അസ്ഥാന വര്‍ണ്ണന നടത്തിയാ....
പിന്നെ അവരു ഉമ്മ വയ്ക്കോ.....അതു രാജ്യം വേറെ.......'

'കഴിഞ്ഞ മാസം ഇവിടെയിരുന്നൊരു ശ്ലോകം ചൊല്ലണത്‌ കേട്ടിട്ട്‌ .....
മോത്തിട്ട്‌ ഒരു കുത്ത്‌ കൊടുത്താലോ എന്ന് എനിക്ക്‌ വരെ തോന്നിയതാണു.....
ഏതായാലും രണ്ടെണ്ണം കിട്ടിയല്ലോ.....നന്നായി....'

'കത്ത്‌ വായിക്കാന്‍ അയാളോട്‌ വരാന്‍ പറയട്ടെ.......'

'ഉം....എന്തെങ്കിലും ആവട്ടെ...അയാക്കു നടക്കാന്‍ പറ്റൂങ്കി...
ഒന്ന് ഇത്രടം വരെ വരാന്‍ പറ..
അല്ലെങ്കി ചൊമന്നോണ്ട്‌ വരാന്‍ നാലു കുണ്ടമ്മാരേം കൂടി കൊണ്ടൊയ്ക്കോ......'

'ഉത്തരവ്‌.......നടന്നില്ലെങ്കി.....ചൊമക്കാം....'

------------------------

'വണക്കം..തിരുമനസ്സേ......'

'വണക്കം...ഇന്നലെ കോതമംഗലത്തു നിന്ന് ഭേഷായി കിട്ടിയല്ലേ......'

'ഒന്നും പറയണ്ട പ്രഭോ....
ആ കിങ്കരന്മാര്‍ എന്റെ കശേരുക്കള്‍ താടനം നടത്തി ചതച്ച്‌ കളഞ്ഞു.....'

'അതായത്‌ നടു ചവുട്ടി കലക്കീന്ന്.....'

'മലയാളത്തില്‍ അങ്ങനേം പറയാം പ്രഭോ......'

'തന്നെ ഇവിടെ ചൊമന്നോണ്ട്‌ വന്നത്‌.....ഒരു കത്ത്‌ വായിക്കാനാ.....'

'ആരുടെ കത്താണു പ്രഭോ....'

'നമ്മടെ രാജ്ഞീടെ കത്താണു....'

'വല്ലവരുടേം പേഴ്സണല്‍ കത്തുകളൊക്കെ വായിച്ച്‌ എനിക്ക്‌ ശീലമില്ലാ പ്രഭോ......അതു മോശമല്ലേ....'

'പിന്നേ..കണ്ണിക്കണ്ട നാട്ടില്‍ പോയി...വല്ലവന്റേം പെണ്ണുമ്പിള്ളമാരെ വര്‍ണ്ണിച്ച്‌....
ഇടീം വാങ്ങിച്ച്‌...സഞ്ചീലിട്ട്‌......വീട്ടില്‍ കൊണ്ടോയ പാര്‍ട്ടിയാണു.....
പേഴ്സണല്‍ കത്ത്‌ വായിക്കൂല്ലാന്ന്.......'

'അതല്ല..പ്രഭോ...'

'ഏതല്ലാന്നു.....ആരെവിടേ.......
ടാ..ആരൂല്ലേടാ അവിടെ....
ഈ പന്നീനെ പിടിച്ച്‌ മതിലിനോട്‌ ചേര്‍ത്ത്‌ നിര്‍ത്തി ബാക്കിയൊള്ള കശേരു കൂടി ചതക്കാന്‍ നാം ഉത്തരവിടുന്നു......'

'വേണ്ട പ്രഭോ....ആ ഉത്തരവ്‌ ദയവായി പിന്‍ വലിക്കണം...
അടിയന്‍ കത്ത്‌ വായിക്കാം....'

'ഉം....അങ്ങനെ വഴിക്ക്‌ വാ......
അതു കൂടാതെ വേറൊരു കാര്യാം ......
താന്‍ ഇനി ശ്ലോകം ചൊല്ലീന്നെങ്ങാന്‍ ഞാന്‍ അറിഞ്ഞാ.....
അതിനി ഒറക്കത്തിലായാലും ശരി.....
തന്റെ കൊരണാവള്ളി ചവുട്ടി പറിച്ചെടുത്ത്‌ ഞാന്‍ വില്ലിനു ഞാണു കെട്ടും...മനസ്സിലായാ...'

'മനസ്സിലായി പ്രഭോ.....
ഞാന്‍ ഇനി മേലാല്‍ ശ്ലോകം ചൊല്ലൂല്ലാ.....വായിക്കേണ്ട കത്തെവിടെ....'

'ദാ കത്ത്‌....
അവളു എന്ത്‌ തിരുവെഴുത്താ ഒലത്തിയേക്കണതെന്ന്..... എഴുന്നെള്ളിച്ചാലും....'

---------------------------

'അപ്പ അവളു ട്രിവാണ്ട്രം രാജ്യത്തേക്കാണു കടന്നത്‌......'

'ട്രിവാണ്ട്രം രാജാവു കഴിഞ്ഞ ആഴ്ച സൗഹൃദ പന്നിമലത്തല്‍.....കുഴിപ്പന്ത്‌....കുട്ടീംകോലും....
എന്നൊക്കെ പറഞ്ഞ്‌ ഇവിടെ കിടന്ന് കറങ്ങീപ്പഴേ ഞാന്‍ കരുതീതാ......'

'എന്നാലും അവന്‍ എന്നോടിത്‌ ചെയ്തല്ലാ......അവനോട്‌ ചോദിച്ചിട്ടു തന്നെ കാര്യം......'

'വേണം തിരുമനസ്സേ...അവനെ ഒരു പാഠം പഠിപ്പിക്കണം....'

'ഉം...സേനാനായകനെ വിളിക്കൂ.....
നമുക്ക്‌ ഉടനേ ട്രിവാണ്ടത്തേക്ക്‌ പൊറപ്പെടണം.....'
---------------------

'വണക്കം തിരുമനസ്സേ......'

'വണക്കം.....നമ്മുടെ സൈന്യം തയ്യാറല്ലേ......'

'എന്തിനാണു പ്രഭോ.....'

'തേങ്ങയിടാന്‍......ടോ....സാധാരണ സൈന്യം തയ്യാറാവണത്‌ എന്തിനാടോ......'

'അങ്ങനെ ചോദിച്ചാ......രാവിലേം ഉച്ചക്കും വൈകീട്ടും ഊട്ടുപുരേല്‍ മണിയടിക്കുമ്പോ ...
ഒരു തയ്യാറെടുപ്പൊണ്ട്‌...അതല്ലാതെ വേറെന്ത്‌ തയ്യാറെടുപ്പാണു പ്രഭോ......'

'ബെസ്റ്റ്‌.......ഏടോ...സേനാ...നായ...കാ........
യുദ്ധത്തിനുള്ള തയ്യാറെടുപ്പിന്റെ കാര്യം ആണു ഞാന്‍ പറഞ്ഞത്‌......'

'യുദ്ധോ....ഹെന്റമ്മച്ചീ.......'

'ടോ....ടോ..തനിക്കെന്താ പറ്റീത്‌......ആരെവിടേ.....ആരൂല്ലേടാ അവിടേ......
നമ്മുടെ സേനാനായകന്‍ വാഴവെട്ടിയിട്ടത്‌ പോലെ വീണത്‌ കണ്ടില്ലേ......
വേഗം കൊട്ടാരം വൈദ്യനെ വിളിക്കൂ......'

'കൊട്ടാരം വൈദ്യന്‍ ഔട്ട്‌ ഓഫ്‌ റേഞ്ച്‌ ആണു പ്രഭോ......'

'എവിടെ പോയി അയാള്‍.....'

'എങ്ങും പോയതല്ലാ പ്രഭോ.....
സ്മോള്‍ ആണെന്നു കരുതി വൈദ്യശാലയില്‍ ഇരുന്നിരുന്ന മൂലക്കുരുവിന്റെ കഷായം...
ഒരു കുപ്പി മൊത്തം വിഴുങ്ങി ഓഫായി കിടക്കുകയാണു.....'

'ഓഹോ....എപ്പഴാണു ആ സംഭവം....'

'ഒരാഴ്ചയായി പ്രഭോ...ഇപ്പഴും ബോധം വന്നിട്ടില്ലാ......'

'നന്നായി...അയാള്‍ക്കു ബോധം ഒള്ളതും ഇല്ലാത്തതും കണക്കാ.....
ഈ നായകനെ ഒന്ന്.... എഴുന്നേല്‍പ്പിക്കണമല്ലോ....
ഒരു ബക്കറ്റ്‌ വെള്ളം ഇയാളുടെ തല വഴി ഒഴിക്കൂ......ബോധോം വരും.....
അങ്ങനെ എങ്കിലും ഈ ശരീരം ഒന്ന് വെള്ളം കാണുകയും ചെയ്യും....'

'ശരി പ്രഭോ......'
----------------------------

'തന്റെ ഏനക്കേടൊക്കെ മാറിയോ......
അതോ കുറച്ച്‌ നേരം കൂടി വിശ്രമിക്കണോ.....'

'വേണ്ട പ്രഭോ.....അടിയന്‍ ഉഷാറാണു.......'

'ഉം...എങ്കില്‍ പറയൂ....
നമ്മുടെ സൈന്യത്തിന്റെ ഇപ്പോഴത്തെ നിലവാരം എങ്ങനെയാണു....'

'5000 കാലാള്‍പ്പട....1000 കുതിരപ്പട....
100 രഥം....50 അമ്പെയ്ത്തുകാര്‍.....
25 ആനപ്പട....പിന്നെ ഞാനും.....'

'ഇവരെല്ലാം ഒരു യുദ്ധത്തിനു റെഡിയാണോ....'

'കാലാള്‍പ്പടയില്‍ പകുതിപ്പേര്‍ സിക്ക്‌ ലീവിലാണു പ്രഭോ....
ബാക്കി പകുതി പ്രസവാവധിയിലും......'

'എന്ത്‌ പ്രസവാവധിയിലോ....
നമ്മുടെ സൈന്യത്തിലും വനിതാ മെംബറുമ്മാരുണ്ടോ.....'

'അവധിയെടുത്തത്‌ പുരുഷമെംബറുമ്മാര്‍ തന്നെയാണു പ്രഭോ.....
അവരുടെ ഭാര്യമാരാണു പ്രസവിക്കുന്നത്‌.......'

'ഇതെന്താടോ....പ്രസവത്തിന്റെ സീസണോ....
ഇങ്ങനെ ഒരു ബള്‍ക്ക്‌ ഗര്‍ഭത്തിന്റെ പുറകിലുള്ള രഹസ്യം എന്താണാവോ......'

'ദയവായി എന്നെ സംശയിക്കരുത്‌ പ്രഭോ....
ഞാനാ വഴിക്കൊന്നും പോയിട്ടില്ലാ...'

'താന്‍ പോയിട്ടും വല്യ കാര്യം ഇല്ലാ...
അതു പോട്ടെ.... ബാക്കി കുതിരപ്പടയും ആനപ്പടയും രഥവുമൊക്കെ തയ്യാര്‍ അല്ലേ......'

അല്ല പ്രഭോ......
ഇപ്പോ ഉത്സവ സീസണ്‍ അല്ലേ.....
രാജ്യത്തിന്റെ സാമ്പത്തിക നില പരുങ്ങലില്‍ ആയത്‌ കൊണ്ട്‌ ആനകളെ
എഴുന്നെള്ളിപ്പിനു അയച്ച്‌ വരുമാനം ഉണ്ടാക്കാന്‍ അങ്ങ്‌ തന്നെയല്ലേ ഓര്‍ഡര്‍ ഇട്ടത്‌......
പിന്നെ കുതിരകള്‍....അവയെ മൈസൂര്‍ റേസ്‌ കോഴ്സുകാര്‍ക്കു
ദിവസ വാടകക്ക്‌ വിട്ടുകൊടുത്തിരിക്കുകയാണു.....
വില്ലുകള്‍ മുക്കുവര്‍ക്കു പണയത്തിനു കൊടുത്തു....
അവര്‍ അതു കൊണ്ടാണു ഇപ്പോള്‍ ചൂണ്ടയിടുന്നത്‌.....
രഥങ്ങള്‍.......സീസി അടക്കാത്തത്‌ കൊണ്ട്‌ ബാങ്കുകാര്‍ പിടിച്ചെടുത്തു......'

'അപ്പോള്‍ ബാക്കി സന്നാഹങ്ങള്‍ ഒക്കെ എവിടെ.....'

'ബാക്കിയെന്ത്‌ സന്നാഹം...ബാക്കി ദേ...ഞാന്‍ മാത്രമൊണ്ട്‌.....'

'തന്നെ മാത്രം വച്ച്‌ ഞാനെന്ത്‌ പുളുത്താനാ...
അപ്പോ ഇനി എന്താടോ മന്ത്രീ ഒരു മാര്‍ഗ്ഗം....'

'പ്രഭോ...നമ്മുടെ ചാരന്‍ ഒരു രഹസ്യ വിവരം എത്തിച്ചിട്ടുണ്ട്‌......
ട്രിവാണ്ട്രം രാജാവു രാജ്യാതിര്‍ത്തിയായ ചേര്‍ത്തലക്കാടുകളില്‍ നായാട്ടിനു വന്നിട്ടുണ്ടെന്ന്.....
സൈന്യസന്നാഹങ്ങള്‍ ഒന്നുമില്ലാതെ ഒറ്റക്കാണു നായാട്ട്‌...
അവിടേയിട്ട്‌ കാച്ചിയാലോ.....'

'ചേര്‍ത്തലയിലോ .....
അവിടെ എവിടേടോ കാട്‌ ഇരിക്കണത്‌......'

'വല്ല കുറ്റിക്കാടും കാണുമായിരിക്കും പ്രഭോ......
അങ്ങ്‌ കലൂര്‍ വനാന്തരങ്ങളില്‍ നായാട്ടിനു പോകാറുള്ളത്‌ മാതിരി....
അവിടെ കാട്‌ പോയിട്ട്‌ കുറ്റിക്കാട്‌ പോലുമില്ലാ എന്ന് നമുക്കല്ലേ അറിയോള്ളൂ.....'

'ഉം...മന്ത്രീ....സേനാനായകാ...റെഡിയാകൂ..
അവനെ ചേര്‍ത്തലയിലിട്ട്‌ കാച്ചണം......'
--------------------------
'ടോ...മന്ത്രീ.....
അയാള്‍ ഒറ്റക്കാണു നായാടണത്‌ എന്ന് ഷുവര്‍ അല്ലേ......'

'അങ്ങനേണു ചാരന്‍ പറഞ്ഞത്‌...
പിന്നെ നമ്മടെ രാജ്യത്തെ ചാരന്‍ ആയത്‌ കൊണ്ട്‌ ഒരു ഡൗട്ട്‌ ഇല്ലാതില്ലാ.....
അവന്‍ വല്ല ഷാപ്പിലും ഇരുന്നോണ്ട്‌ ചേര്‍ത്തലേലെ കാര്യം ഊഹിച്ചതാണെങ്കി പണിയാകും....'

'ഇവിടെ എന്ത്‌ നായാടാനാടോ...
ഒരു കാക്ക കൂടി ഇല്ലല്ലാ ഇവിടെ.....
ട്രിവാണ്ട്രം രാജാവിനു തലക്ക്‌ ഓളമാണോ...'

'വല്ല ചീവീടിനെ അമ്പെയ്യാനും ആയിരിക്കും വന്നത്‌....'

'ശ്ശ്‌..ശ്ശ്‌...മന്ത്രീ..മിണ്ടല്ലേ.......
ദേ...അയാള്‍...ട്രിവാണ്ട്രം രാജാവ്‌......
ഞാന്‍ ഇതു വഴി പോകാം..താന്‍ അതുവഴി പോ....
സേനാനായകന്‍ ഏതിലേ എങ്കിലും പോ......'
------------------

'ടാ.....നില്‍ക്കടാ അവടെ.....
നീ എന്റെ മഹിഷിയെ തട്ടിക്കൊണ്ട്‌ പോകുമല്ലേ......'

'തള്ളെ..... ആരിത്‌...അണ്ണനാ.....എന്തെരു അണ്ണാ ഈ കാട്ടിലു....'

'ടാ ..വേണ്ടാ...നിന്റെ സുഖിപ്പിക്കല്‍ ഒന്നും എന്റടുത്ത്‌ വേണ്ടാ...
വേഗം ആയുധം എടുക്കൂ...നമുക്ക്‌ യുദ്ധം തൊടങ്ങാം.....'

'ഒന്ന് പോയിന്‍ അണ്ണാ....ഒരു യുത്തം....
എന്തരു ഇരിക്കണു ഇപ്പ യുത്തത്തിനു.....
അക്കനെ ഞാന്‍ ചാടിച്ചത്‌ അല്ല കെട്ട.....
അവരു തന്നത്താന്‍ ചാടിയതാണു.......
തമ്പാനൂര്‍ക്കു വരണാ.....കാഴ്ചബംഗ്ലാവും മ്യൂസിയവും ഒക്കെ കാണാം എന്നു ചോയിച്ചേനു...
അക്കന്‍ കുറ്റീം പറിച്ച്‌ കുതിരപ്പൊറത്ത്‌ ഇങ്ങ്‌ പോരൂന്ന് ആരു കരുതി.....
നിങ്ങളു രണ്ടാളുംകൂടി വിസിറ്റും എന്നല്ലേ ഞ്യാന്‍ കരുതീത്‌....'

'എന്ത്‌.....നീ എന്താ ഈ പറയണേ....'

'അതേ അണ്ണാ...സത്യമാണു.....
ആ മൊതലിനെ ഒന്നു തിരിച്ച്‌ കൊണ്ടുപോകാമോ.....
സ്വൈര്യം കെട്ടപ്പഴാണു ഈ കുറ്റിക്കാട്ടിലേക്ക്‌ നായാട്ട്‌ എന്നും പറഞ്ഞ്‌ ഞാന്‍ മുങ്ങീത്‌....'

'അയ്യോ...തിരിച്ചെടുക്കാനാ...അളിയാ അത്‌ മാത്രം പറയരുത്‌.......
നിന്നെ കണ്ട്‌ ഒരു പയറ്റും നടത്തി....
ആ മൊതലിനെ ഒരിക്കലും തിരിച്ചയക്കൂല്ലാ എന്ന് നിന്നെക്കൊണ്ട്‌ സത്യം ചെയ്യിക്കാനാ.....
ഈ ദൂരം മുഴുവന്‍ ഞാന്‍ കുതിരയോടിച്ചത്‌.....
നീ ചതിക്കരുത്‌....'

'അണ്ണാ...അത്‌ പറയരുത്‌...
അതിനെ തിരിച്ചെടുക്കണേനു പകരമായിട്ട്‌ ഞാന്‍ എന്ത്‌ വേണേ തരാം കെട്ട........
വേണോങ്കി സെക്ക്രട്ടറിയേറ്റ്‌ കൊച്ചീലേക്ക്‌ മാറ്റിക്കോ.....
കായംകൊളോം....ആലപ്പൊഴേം ഒക്കെ വിട്ടു തരാം....
ദയവായി ആ കുരിശ്‌ ഒന്നു എന്റെ തലേന്നു ഒഴിവാക്കി തരണം......'

'ഒന്ന് പോടാപ്പാ....നിനക്ക്‌ ഞാന്‍....സ്മാര്‍ട്ട്‌ സിറ്റി നിന്റെ നെഞ്ചത്തേക്ക്‌ മാറ്റി തരാം.....
നാലു മുന്‍സിപ്പാലിറ്റീം.... കൊച്ചിന്‍ കോര്‍പ്പറേഷനും..... പത്ത്‌ പഞ്ചായത്തും......
എന്റെ കൊട്ടാരോം തരാം....
എന്നിട്ട്‌ ഞാന്‍....നോര്‍ത്ത്‌ പാലത്തിന്റെ അടിയിലുള്ള വല്ല ഒറ്റ മുറി ലോഡ്ജിലും താമസിച്ചോളാം...
എന്നാലും ആ മൊതലിനെ ഞാന്‍ തിരിച്ചെടുക്കൂല്ല്ലാ......
മന്ത്രീ വിട്ടോടാ......കൂടുതല്‍ സംസാരിക്കാന്‍ നിന്നാല്‍ അവന്‍ കാലുപിടിക്കും......
ഓടിക്കോ........എസ്കേപ്‌......'

---------------------------

ട്രിവാണ്ട്രം രാജാവിന്റെ തലവേദന അധിക നാള്‍ നീണ്ടുനിന്നില്ല.
പട്ടമഹിഷി.... അവിടെ നിന്നും മുങ്ങി.

തിരിച്ച്‌ കൊച്ചിക്കു കടക്കാതിരിക്കാന്‍...
കൊച്ചീ രാജാവ്‌ അരൂര്‍ പാലം ബോംബ്‌ വച്ച്‌ തകര്‍ത്തു.

മുങ്ങല്‍ വാര്‍ത്ത അറിഞ്ഞ്‌ പരിഭ്രാന്തനായ കോഴിക്കോട്‌ സാമൂതിരി.........
കോട്ടക്കലിനടുത്ത്‌ ഹൈവേയില്‍ ഒരു വലിയ മതില്‍ കെട്ടി...
എന്നിട്ട്‌ 24 മണിക്കൂറും സായുധസേനയെ കാവലിനിട്ടു.

പക്ഷേ അവരെയൊക്കെ മണ്ടന്മാരാക്കിക്കൊണ്ട്‌ മഹിഷി ഇപ്രാവശ്യം മുങ്ങിയത്‌....
ഒരു പോര്‍ട്ടുഗീസ്‌ നാവികന്റെ ഒപ്പം ആയിരുന്നു.....

കപ്പല്‍ പോര്‍ട്ടുഗലിലേക്ക്‌ പുറപ്പെട്ട്‌......
ഒരാഴ്ച്ചക്കു ശേഷം......ആ നാവികന്‍......
കപ്പലില്‍ നിന്നും......
കൊമ്പന്‍ സ്രാവുകള്‍ നിറഞ്ഞ കടലിലേക്ക്‌ ചാടി രക്ഷപെട്ടു........

Wednesday, March 28, 2007

ആന്റപ്പന്‍ ഒളിച്ചോടിയത്‌ എന്തിനു......

'ടാ സാന്റോ......നമ്മടെ ആന്റപ്പന്‍ നാട്‌ വിട്ടെന്ന്.....'

'എന്ത്‌.....'

പാലത്തിന്റെ അടിയില്‍ ഇരുന്ന് റമ്മി കളിക്കുകയായിരുന്ന ഞാന്‍
ഒരു ഞെട്ടലോടെ തല ഉയര്‍ത്തി നോക്കി......

'നമ്മടെ ആന്റപ്പനാ.......'

'അതേട പിശാശേ.....നിങ്ങ മുടിഞ്ഞ കൂട്ടായിരുന്നല്ലാ....എന്നിട്ട്‌ നീ അറിഞ്ഞില്ലേ....
നിനക്കൂടി പോകായിരുന്നില്ലേ അവന്റെ കൂടെ.....'

'ദേ....അലീക്കാ....നിങ്ങളു ചുമ്മാ എണ്ടാക്കണ വര്‍ത്താനം പറയാതെ കാര്യം പറ...
അവന്‍ എങ്ങോട്ട്‌ ഓടീന്നാ പറയണേ......
ഇന്നലെ ഉച്ചക്കും കൂടി കണ്ടതല്ലേ അവനെ.......'

'എട കോപ്പേ....അവന്‍ ഒരു എഴുത്തും എഴുതി വച്ച്‌ മുങ്ങീന്ന്....
ഇന്നലെ ഉച്ചക്ക്‌ ആ തൊമ്മിച്ചന്റെ വീട്ടിലു എന്തോ പ്രശ്നമൊണ്ടായിട്ടൊണ്ട്‌.....
അതാ കാര്യം എന്നാ കേക്കണേ.......
നീയും അവന്റെ ഒപ്പം പ്രശ്നം എണ്ടാക്കാന്‍ എണ്ടായിരുന്നു എന്നാണല്ലാ ‌കേട്ടത്‌.....'

'സാലീടെ വീട്ടിലാ.....'

'അതു തന്നേടാ ശവീ.....
അപ്പന്റെ പേരു പറഞ്ഞാലും.....
ഒറപ്പിക്കാന്‍ മോള്‍ടെ പേരു തന്നെ കേക്കണം...
ഇങ്ങനെ ഒരു കോന്തന്‍......'

എന്റെ കൈയ്യില്‍ നിന്നു ചീട്ട്‌ താഴേക്കു വീണു.......


------------------------------

'നീ നോക്കിക്കോടാ സാന്റോ....
ഇന്ന് അവളെ ഞാന്‍ പൂട്ടും.....'

'അവളെന്താ എരുമേ.... പൂട്ടാന്‍......'

'അവളെ ഞാന്‍ വളക്കൂന്ന്......നീ കണ്ടോടാ.......
ഇന്ന് ഞാന്‍ അവക്കീ പൂ കൊടുക്കും.....'

'നീ വേണ്ടാത്ത പണിക്കൊന്നും പോണ്ടാട്ടാ....
അവളടെ അപ്പന്‍ നിന്നെ വെട്ടും.....'

'അതിനു അവക്കല്ലേ ഞാന്‍ പൂ കൊടുക്കണേ....അപ്പനല്ലല്ലാ.....'

'ഉവ്വാ.....അവടപ്പന്റെ കോടാലി പള്ളക്ക്‌ കേറിയാല്‍.....
മോനേ....സ്റ്റിച്ചിടാന്‍...ഒരു ബണ്ടിലു നൂലു പോരാണ്ടു വരൂട്ടാ......'

'പിന്നേ...അയാളു എന്നെ അങ്ങട്‌ ചെത്തും.....
എന്റടുത്ത്‌ കളിച്ചാല്‍ തൊമ്മിച്ചന്റെ ഊപ്പാട്‌ ഞാന്‍ എളക്കും.......
ടാ..സാന്റോ..വൈകീട്ട്‌.....'മാത'വരെ നീയും വന്നോട്ടാ......'

'ഞാനാ....പിന്നേ....
കണ്ണിക്കണ്ട മരംവെട്ടുകാരടെ കോടാലിക്കൈയില്‍ ചെന്നു കേറാന്‍ നടക്കേല്ലേ ഞാന്‍....
വണ്ടി വേണെങ്കില്‍ നീ കൊണ്ടൊയ്ക്കോ.....
ഞാന്‍ ആ വഴിക്കില്ലാ പൊന്നേ....'

'നീ വന്നാല്‍ വൈകീട്ട്‌ നിന്റെ ഷെയറു എന്റെ വക......
അതും പോരെങ്കില്‍ നാളെ.....
പടിഞ്ഞാറേ ചെറേല്‍ ചെത്തണ കള്ളു....
ഒരു രണ്ടുമൂന്നു ലിറ്ററും ഒപ്പിച്ചു തരാ.......'

പ്രലോഭനം...പ്രലോഭനം...മുടിഞ്ഞ പ്രലോഭനം.....

വൈകീട്ടത്തെ സ്ഥിരം കലാപരിപാടിയുടെ പത്തറുപത്‌ രൂപാ വരുന്ന ഷെയറാണു
അവന്‍ വഹിച്ചോളാന്നു പറയണത്‌...
കൂടാതെ നാളെ....
ചെത്തു കള്ള്‌ ബോണസ്സും.

ഒരു തൊമ്മിച്ചനെ പേടിച്ച്‌ കള്ള്‌ വേണ്ടാന്നു വയ്ക്കാന്‍ മാത്രം മണ്ടനല്ലാ ഈ സാന്റോ.
തൊമ്മിച്ചന്‍ കൈക്കോടാലിക്ക്‌ വെട്ടിയാല്‍ തടുക്കാം.....
അല്ലെങ്കില്‍ കോടാലി വീശുമ്പൊ കുനിഞ്ഞ്‌ കളയാം.....
ഞാന്‍ തീരുമാനിച്ചു കഴിഞ്ഞു.....

മുടിഞ്ഞ ബുദ്ധിയല്ലേ എനിക്ക്‌.....
----------------

പത്താം ക്ലാസ്‌ ജയിച്ചാല്‍ കെട്ടിച്ച്‌ വിടാം എന്ന അപ്പന്റെ ഒറ്റ വാക്ക്‌ വിശ്വസിച്ചു മാത്രമാ....
സാലിക്കുട്ടി ഇപ്പഴും ഈ സാഹസം നടത്തണത്‌.
ആദ്യ കുത്തില്‍ ജയിച്ചില്ലാ ..പോട്ടെ....
ഏത്‌ മരംവെട്ടുകാരന്റെ മോളും ഒരു പ്രാവശ്യം ഒക്കെ തോല്‍ക്കും.
എന്നാലും നാലാമത്തെ പരീക്ഷണം കൂടി കഴിഞ്ഞപ്പോള്‍ സാലിക്കുട്ടിക്ക്‌ മടുത്തു.
അപ്പഴാണു തൊമ്മിക്കുഞ്ഞു ആ ഐഡിയ പ്രയോഗിച്ചത്‌.
പത്ത്‌ ജയിച്ചാല്‍ കെട്ടിച്ച്‌ വിടും.
ഐഡിയ മുന്നോട്ട്‌ വച്ചത്‌ കൂടാതെ....
നാട്ടിലെ ഏറ്റവും പ്രശസ്തമായ
'പത്താം ക്ലാസ്‌ പൊങ്ങല്‍' സഹായ കേന്ദ്രമായ 'മാതയില്‍' ചേര്‍ക്കുകയും ചെയ്തു.......

ആ മാതയുടെ മുന്‍പിലേക്കാണു ആന്റപ്പന്‍ ഒരു പൂവുമായി പോകാന്‍ ‍ പോകുന്നത്‌......
കുറച്ച്‌ മാസങ്ങളായി അവന്റെ ചങ്കിനകത്ത്‌ കുടിയേറി .....
അതിനകത്തിരുന്നു ജെല്ലിക്കെട്ട്‌ നടത്തുന്ന സാലിക്കുട്ടിക്കു കൊടുക്കാന്‍.....

'എട സാന്റോ...നീ വണ്ടി കോളേജിന്റെ മുന്‍പില്‍ നിര്‍ത്തണം......
ഞാന്‍ വണ്ടിയില്‍ നിന്ന് ഇറങ്ങി നില്‍ക്കും.....
അവളു ക്ലാസു കഴിഞ്ഞ്‌ വരുമ്പോ പൂവ്‌ അവക്കു കൊടുക്കും...
എന്നിട്ട്‌ ഞാന്‍ വന്ന് വണ്ടിയില്‍ കയറും...
ഒടനേ വണ്ടി വിട്ടോണം.....കേട്ടാ.....'

'ഉം.....മാതേടെ മുന്‍പില്‍ തന്നെ വേണോ...
കുറച്ച്‌ മാറീട്ടു പോരേ...'

'കറക്ട്‌ മുമ്പിലു വേണ്ടടാ..
വളവിലെ പൈപ്പിന്റെ അടുത്ത്‌ നിര്‍ത്തിയാ മതി...
അവളു നടന്നു അടുത്ത്‌ എത്തുമ്പോ ഞാന്‍ കൊടുത്തോളാ.....'

നാലു മണി .
കൃത്യമായ പ്ലാനിംഗ്‌ ഉണ്ടായിരുന്നത്‌ കൊണ്ട്‌ ഒരു സംശയവും ചോദിക്കാതെ ഞാന്‍ ബൈക്ക്‌ സ്റ്റാര്‍ട്ട്‌ ചെയ്തു.
അമ്മിണി ചേച്ചീടെ മുറ്റത്തു നിന്ന് അടിച്ച്‌ മാറ്റിയ ഒരു റോസാപ്പൂവ്‌ ആന്റപ്പന്റെ കൈകളില്‍ ഭദ്രം.

മാതയില്‍ നിന്ന് ഭാവിവാഗ്ദാനങ്ങള്‍ ഇറങ്ങി തുടങ്ങി......

ഞാന്‍ വണ്ടി പൈപ്പിന്റെ ചുവട്ടിലേക്ക്‌ നീക്കി നിര്‍ത്താന്‍ തുടങ്ങിയപ്പോഴാണു കണ്ടത്‌.....
അതിന്റെ ചുവട്ടില്‍ ഒരു സമ്മേളനത്തിനുള്ള ആളുണ്ട്‌.
വല്ലപ്പോഴും വരുന്ന വെള്ളത്തിനു വേണ്ടിയുള്ള ഒരു മിനി അങ്കം തന്നെ നടക്കുകയാണു അവിടെ.....

'ആന്റപ്പാ...പൈപ്പിന്റെ ചോട്ടില്‍ ആളൊണ്ടല്ലാ....'

'അതിനെന്താ..നീ അവിടെ തന്നെ നിര്‍ത്തടാ.....
നമക്ക്‌ ഒരു സെക്കന്റിന്റെ കാര്യോല്ലേ ഒള്ള്‌.....'

ഞാന്‍ പൈപ്പിനോട്‌ ചേര്‍ത്ത്‌ തന്നെ വണ്ടി നിര്‍ത്തി.
ആളുകള്‍ ഒന്നും ഞങ്ങളെ ശ്രദ്ധിക്കുന്നില്ല.
വല്ലപ്പോഴും പൈപ്പില്‍ വരുന്ന വെള്ളത്തില്‍ ആണു എല്ലാവരുടേയും ശ്രദ്ധ.

ഞാന്‍ തിരിഞ്ഞു നോക്കി.
സാലിക്കുട്ടീം പരിവാരങ്ങളും വളവു തിരിഞ്ഞു കഴിഞ്ഞു.
കൂട്ടാത്തില്‍ തലയെടുപ്പ്‌ സാലിക്കുട്ടിക്ക്‌ തന്നെ.എങ്ങനെ ഇല്ലാണ്ടിരിക്കും.
നല്ല പ്രായത്തില്‍ അവളേ കെട്ടിച്ചു വിട്ടിരുന്നേല്‍ അവളിപ്പൊ രണ്ട്‌ പിള്ളേരുടെ തള്ള ആയേനേ......

അവളു അടുത്തെത്താറായി.
പൂവ്‌ കൊടുക്കുന്നത്‌ ആന്റപ്പനാണെങ്കിലും ഇടിക്കുന്നത്‌ എന്റെ നെഞ്ചാണു.
തൊമ്മിച്ചന്‍ കോടാലിയുമായി എന്റെ പുറകേ ഓടുന്നത്‌ ഞാന്‍ ചുമ്മാ ഒന്ന് സങ്കല്‍പ്പിച്ചു.
സങ്കല്‍പ്പത്തില്‍.... ഞാന്‍ ഓടി രക്ഷപ്പെട്ടെങ്കിലും ഒറിജിനലായി
അങ്ങനെ സംഭവിക്കണം എന്നു ഇല്ലാത്തത്‌ കൊണ്ട്‌ ഞാന്‍ അറിയാതെ 'ശ്ശെ' എന്നു പറഞ്ഞു പോയി.

കളകളം കേട്ടു തുടങ്ങി.....
അവരിങ്ങെത്തി എന്നു എനിക്ക്‌ മനസ്സിലായി....
അടുത്ത നിമഷം എന്തും സംഭവിക്കാം...
അവളു പൂവ്‌ വാങ്ങാം...
വാങ്ങാതെ ഇരിക്കാം...
വാങ്ങീല്ലെങ്കില്‍ അവളെ പിടിച്ചു നിര്‍ത്തി ആന്റപ്പന്‍ പൂവ്‌ വാങ്ങിപ്പിക്കാം...
നാട്ടുകാരു എടുത്തിട്ട്‌ ചളുക്കി അലുമിനിയം ഷീറ്റ്‌ പോലെ ആക്കാം......
ഹോ..എനിക്ക്‌ വയ്യ.....

ഞാന്‍ ഓഫ്‌ ചെയ്യാതെ നിര്‍ത്തിയിരുന്ന ബൈക്കിന്റെ ആദ്യ ഗീയര്‍ ഇട്ടു.......
ക്ലെച്ച്‌ താങ്ങി.......
എന്തിനും റെഡിയായി നിന്നു.....

അടുത്ത നിമിഷം ആന്റപ്പന്റെ ശബ്ദം ഞാന്‍ കേട്ടു......

'സാലീ...പൂ....'

കളകളം നിന്നു.
രണ്ടുമൂന്ന് സെക്കന്റിന്റെ നിശബ്ദതക്കു ശേഷം പിന്നേയും ആന്റപ്പന്റെ ശബ്ദം...

'സാലീ...പൂ..'

പിന്നെ കേട്ടത്‌ സാലിക്കുട്ടീടെ ശബ്ദം .....

'പൂവ്‌ നിന്റെ തള്ളക്കു കൊണ്ടോയ്‌ കൊട്‌....'

'എന്റെ തള്ള ചത്തെട്ട്‌ അഞ്ചാറു കൊല്ലോയടീ...
ഇനി അവര്‍ക്കെങ്ങനേണു ഈ പൂ കൊണ്ടോയ്‌ കൊടുക്കണത്‌.....
ഇതു നല്ല കൂത്ത്‌.....
നിനക്ക്‌ വേണ്ടെങ്കി നീ നിന്റെ തള്ളക്കെങ്കിലും കൊണ്ടോയ്‌ കൊട്‌.....
ടീ..ഇതു വാങ്ങെടീ...'

സബാഷ്‌....എന്ത്‌ മനോഹരമായ പ്രേമ സല്ലാപം.....

ഇനി ഇവിടെ നിന്നാല്‍ പണി കിട്ടും എന്നു മനസ്സിലാക്കിയ ഞാന്‍..
ആന്റപ്പന്‍ ബൈക്കിന്റെ പുറകില്‍ കേറിയോ എന്നൊന്നും ചിന്തിക്കാന്‍ നില്‍ക്കാതെ .....
അവിടുന്ന് എങ്ങനെയെങ്കിലും ഊരണം എന്ന ഒറ്റ ചിന്തയില്‍.....
ഗീയറിട്ട്‌ വച്ചിരുന്ന വണ്ടീടെ ക്ലെച്ച്‌ വിട്ടു.
വെപ്രാളത്തിനിടയില്‍ വണ്ടി ഫുള്‍ ആക്സിലേറ്ററിലായിരുന്നു.
കുതിര ചാടണത്‌ മാതിരി ഒന്നു പൊങ്ങി ചാടിയ ബൈക്ക്‌.....
എന്റെ പിടിയില്‍ നില്‍ക്കാതെ.....പൈപ്പിന്റെ ചുവട്ടിലേക്ക്‌ ഇടിച്ച്‌ കയറി.....

പൈപ്പിന്റെ ചുവട്ടില്‍ നിന്നിരുന്ന അമ്മച്ചിമാര്‍ ചിതറിയോടി......
അഞ്ചാറു അലൂമിനിയം കുടം ചളുക്കുകയും....
പ്ലാസ്റ്റിക്‌ കുടം പൊട്ടിക്കുകയും ചെയ്ത്‌ കൊണ്ട്‌ എന്റെ ശകടം പൈപ്പിന്റെ
ചുവട്ടില്‍.... മറിഞ്ഞു കിടന്നു.
ഞാന്‍ മലര്‍ന്നും കിടന്നു......റോഡില്‍.
വെറുതെ കിടക്കുക ആയിരുന്നില്ലാ......
അമ്മച്ചിമാര്‍ തന്തക്കും തള്ളക്കും വിളിക്കണത്‌.......
പുഷ്പം പോലെ ...
മണി മണി പോലെ കേട്ടോണ്ട്‌ കിടന്നു......
എന്നിട്ട്‌ കിടന്ന കിടപ്പില്‍ ഒരു സിഗരട്ട്‌ കത്തിച്ചു വലിച്ചു......
---------------------------

'അവളെ അങ്ങനെ വിട്ടാല്‍ പറ്റൂല്ലടാ....
അവക്കിട്ട്‌ ഒരു പണി കൊടുക്കണം.....'

'ആന്റപ്പാ..പോയേ...പോയേ.......
കൈ ഉളുക്കീട്ട്‌..മര്യാദക്ക്‌ ചീട്ട്‌ വെളമ്പാന്‍ കൂടി പറ്റണില്ലാ....
ഇനി അവടെ കാര്യോം പറഞ്ഞോണ്ട്‌ വന്നാ.......
കര്‍ത്താവാണേ...നിന്നെ ഞാന്‍ എടുത്തീ പാലത്തിന്റെ അടീല്‍ താത്തും......'

'നീ..അടങ്ങട സാന്റോ.....
ദേ....നിന്റെ കൈ ഉളുക്കിനൊള്ള ഓയില്‍മന്റ്‌...'

ഒരു ഫുള്ള്‌.....അതും ഹണീബി......
അവന്‍ എന്റെ മര്‍മ്മത്തില്‍ തന്നെയാ പിടിച്ചത്‌.....
ഞാന്‍ കലിപ്പ്‌ മതിയാക്കി......
ചോരക്കുഞ്ഞിനെ നേഴ്സിന്റെ കൈയില്‍ നിന്ന് ഏറ്റുവാങ്ങുന്ന സൂക്ഷ്മതയോടെ ആ കുപ്പി വാങ്ങി........

രണ്ടെണ്ണം ചെന്നപ്പോള്‍ എനിക്കും തോന്നി......
അവന്‍ പറഞ്ഞത്‌ ശരിയാ..അവള്‍ക്കിട്ട്‌ പണിയണം.....

'ടാ.....ആന്റപ്പാ...അവളെ അങ്ങനെ വിട്ടാല്‍ പറ്റൂല്ലാടാ......
അവളടെ ഒരു ജാഡ..അവളാരാന്നാ അവടെ വിചാരം.....
അവളെ നമക്ക്‌ ഒതുക്കണം...'

'ഉം.....അവടെ പട്ടിക്കു വരെ എന്നെ കാണുമ്പ ചൊറിച്ചിലാ.....'

'പട്ടിക്കാ...'

'ആടാപ്പാ....അവള്‍ടെ വിട്ടിലു ഒരു ചൊക്ലി പട്ടീണ്ട്‌....
വേറാരെ കണ്ടാലും അതു കൊരക്കൂല്ലാ.....
ഞാന്‍ ആ വീടിന്റെ മുമ്പിലൊള്ള വഴീല്‍ കൂടി പോയാ അത്‌ കെടന്ന് തൊടലു പൊട്ടിക്കും.....
അവളു പഠിപ്പിച്ചത്‌ ആയിരിക്കും.......'

'എങ്കില്‍ നമ്മടെ പണി അവടന്ന് തൊടങ്ങാടാ....
ആദ്യം അതിനെ അങ്ങട്‌ തട്ടാം.....'

'അതു കൊള്ളാ...കൊടടാ കൈ...
അവളടെ പൊന്നോമന പട്ടിയെ തട്ടിക്കൊണ്ട്‌ തന്നെ നമക്ക്‌ പണി തൊടങ്ങാടാ.....
ഒഴീടാ ഒരെണ്ണം കൂടി........'

--------------------------

'ടാ...നീ ഇവിടെ നിന്നാ മതി...പണി ഞാന്‍ ഇപ്പ കാണിച്ച്‌ തരാട്ടാ....'

'ആന്റപ്പാ....നീയെന്താ ചെയ്യാന്‍ പോണേ......ഈ വടി എന്തിനാ.....'

'നീ കണ്ടോടാ...ഞാന്‍ ആ സാധനത്തിനെ ഇന്ന് തല്ലിക്കൊല്ലും....'

'എടാ ..മണ്ടത്തരം കാണിക്കല്ലേ......
ആരും അറിയാതെ നമക്ക്‌ വല്ല വെഷോം കൊടുക്കാടാ.....'

'അങ്ങനെ വെഷം കൊടുത്ത്‌ ഒന്നും ആന്റപ്പന്‍ കൊല്ലൂല്ലാ....
എല്ലാ പണീം നേരിട്ട്‌....
അവടെ മുമ്പിലിട്ട്‌ ഞാന്‍ അതിനെ തല്ലിക്കൊല്ലും.....'

'ടാ..അവടപ്പന്‍ ഒണ്ടാവും അവടെ.....'

'എങ്കി അയാക്കിട്ടും കിട്ടും പണി......
ഇന്ന് ആന്റപ്പനെ പിടിച്ചാല്‍ കിട്ടൂല്ലാ.....
നീ മിണ്ടാണ്ട്‌ കളി കാണടാ ചെക്കാ...'

ആന്റപ്പന്‍ കൈയ്യില്‍ ഇരുന്ന മുട്ടന്‍ വടിയുമായി സാലിക്കുട്ടീടെ മുറ്റത്തേക്ക്‌ കയറി.
ചൊക്ലിപ്പട്ടി കുര തുടങ്ങി.....

രണ്ട്‌ സ്റ്റെപ്പ്‌ സ്ലോമോഷനില്‍ നടന്ന ആന്റപ്പന്‍ ....
പട്ടി കുര തുടങ്ങിയതോടെ കൊടുങ്കാറ്റായി.
'ടാ..പന്നീ..' എന്നു വിളിച്ച്‌ കൊണ്ട്‌ പട്ടീടെ നേരേ പാഞ്ഞ്‌ ചെന്നു.
പട്ടിയെ കെട്ടിയിട്ടിരുന്നത്‌ കൊണ്ട്‌ ആന്റപ്പനു പണി എളുപ്പം ആയിരുന്നു.....
കുരച്ച്‌ ചാടിയ പട്ടിയുടെ മോന്തക്ക്‌ തന്നെ തന്നെ ആദ്യ അടി വീണു......അപ്രതീക്ഷിത അറ്റാക്കില്‍ പകച്ച്‌ പോയ പട്ടിക്ക്‌.......ആ പകപ്പ്‌ മാറ്റാനുള്ള സമയം കൂടി ആന്റപ്പന്‍ കൊടുത്തില്ല.
തലങ്ങും വിലങ്ങും തല്ലി.......
പട്ടി കുര നിര്‍ത്തി മോങ്ങല്‍ ആരംഭിച്ചു.

പതിവില്ലാതെ....ഉച്ചക്ക്‌.... പട്ടിയുടെ കുരയും....
അതിനു പുറകേയുള്ള മോങ്ങലും കേട്ടാണു തൊമ്മിച്ചന്‍ പുറത്തേക്ക്‌ വന്ന് നോക്കിയത്‌.....

മുറ്റത്ത്‌...ചോരയൊലിപ്പിച്ച്‌ കൈസര്‍.......
കൈസറിനെ വീണ്ടും വീണ്ടും തല്ലുന്ന ആന്റപ്പന്‍.......
തൊമ്മിച്ചന്‍ കണ്ണുതിരുമ്മി ഒന്നുകൂടി നോക്കി..
എന്നിട്ട്‌ അലറി......

'കള്ള എലാസ്റ്റിക്കു മോനേ ......'

അലര്‍ച്ച കേട്ട്‌ ആന്റപ്പന്‍ തിരിഞ്ഞ്‌ നോക്കി.......
വരാന്തയില്‍ മുറ്റത്തേക്ക്‌ കുതിക്കാന്‍ ഒരുങ്ങുന്ന തൊമ്മിച്ചന്‍.....

'പന്നീ...മുറ്റത്തേക്കിറങ്ങിയാ.....തല്ലിക്കൊല്ലും ഞാന്‍....
ഇതു കണ്ടല്ലാ..ഇതു പോലെ താങ്ങും ഞാന്‍......
കാലു ഞാന്‍ തല്ലിയിടിക്കും......'

പാതി ജീവനോടെ കിടക്കുന്ന പട്ടിയെ ചൂണ്ടിക്കാട്ടി ആന്റപ്പനും അലറി......

തൊമ്മിച്ചന്‍ ഒന്നു നിന്നു.....
ചെറിയ ഒരു പകപ്പ്‌ തോന്നി പുള്ളിക്ക്‌.....
ഒരു പേടീം ഇല്ലാതെ മുറ്റത്ത്‌ വന്നു നിന്ന് അലറുകയാണു ഒരുത്തന്‍.....
പട്ടീടെ ജീവന്‍ ഏതാണ്ട്‌ സ്വാഹ.....
ഇനി ഞാനും കൂടി അവന്റെ മുന്‍പിലേക്കു ചെല്ലണോ എന്ന ചിന്ത
ഒരു നിമിഷം തൊമ്മിച്ചന്റെ മനസ്സിലൂടെ കുതിച്ചു പാഞ്ഞു.

ഒച്ചേം ബഹളോം കേട്ട്‌ തൊമ്മിച്ചന്റെ പെണ്ണുമ്പിള്ളയും വന്നു.

ചോരയൊലിപ്പിച്ച്‌ കിടക്കുന്ന കൈസര്‍...
കൊലവിളിക്കുന്ന ആന്റപ്പന്‍.....
മിഴുങ്ങസ്യാ നില്‍ക്കുന്ന തന്റെ കെട്ടിയോന്‍......
എന്താ സംഭവം എന്നറിയാതെ പെണ്ണുമ്പിള്ള അന്തം വിട്ടു....
അതിനു ശേഷം വിടാന്‍ 'അന്തം' സ്റ്റോക്ക്‌ ഇല്ലാതിരുന്നത്‌ കൊണ്ട്‌ ചുമ്മാ വാപൊളിച്ച്‌ നിന്നു.......

തൊമ്മിച്ചന്‍ മുറ്റത്തേക്കിറങ്ങുന്നില്ലാ എന്നു കണ്ടപ്പോള്‍....
ആന്റപ്പന്‍ ഒന്നു അട്ടഹസിച്ച്‌ ചിരിച്ചു.
വടിയില്‍ പറ്റിയ കൈസറിന്റെ ചോര വിരലു കൊണ്ട്‌
തോണ്ടി നെറ്റിയില്‍ സ്വയം വിജയക്കുറി തൊട്ടു......എന്നിട്ട്‌ പറഞ്ഞു.......

'തന്റെ മോളോട്‌ പറഞ്ഞേക്ക്‌...
ആന്റപ്പനോട്‌ കളിച്ചാല്‍ ഇങ്ങനെ ഇരിക്കൂന്ന്...കളി എന്നോടാണാ.....'

വേലിക്കരികില്‍ ഓടാന്‍ തയ്യാറായി നിന്നിരുന്ന ഞാന്‍ പതുക്കെ മുറ്റത്തേക്ക്‌ കടന്നു.
സംഭവം വിജയിച്ച സ്ഥിതിക്ക്‌ ഓപ്പറേഷന്റെ ക്രെഡിറ്റ്‌ അവനു ഒറ്റക്കു
കൊടുക്കാന്‍ ഞാന്‍ തയ്യാര്‍ ആയിരുന്നില്ലാ.
ഞാനും കൂടി ഉണ്ട്‌ ആന്റപ്പന്റെ ഒപ്പം എന്നു കാണിച്ച്‌ കൊടുക്കാന്‍
ചുമ്മാ ഒന്നു മുറ്റത്തേക്ക്‌ കടന്ന ഞാന്‍ ......
അതേ നിമിഷം തിരിച്ച്‌ വേലീടെ മറവിലേക്ക്‌ പോയി.....

അടുക്കള ഭാഗത്ത്‌ നിന്ന് ഒരു പട്ടിക കഷണവും കൈയില്‍ പിടിച്ച്‌ സാലിക്കുട്ടി പറന്നു വരുന്നു.
വിജയശ്രീലാളിതനായി തിരിഞ്ഞു നടക്കുക ആയിരുന്ന ആന്റപ്പന്‍ ആ പറന്നു വരവ്‌ കണ്ടില്ലാ.
എന്റെ അപകട സൂചന അവനു മനസ്സിലാകുന്നതിനു മുന്‍പേ......
നടുമ്പുറത്തിനു ആദ്യ അടി വീണു......

'അമ്മച്ചീ...'എന്നും പറഞ്ഞ്‌ തിരിഞ്ഞ ആന്റപ്പന്റെ നെഞ്ചത്ത്‌ സാലിക്കുട്ടി പറന്ന് ചവുട്ടി.
ചവുട്ട്‌ കൊണ്ട്‌ പുറകോട്ട്‌ വേച്ചു പോയ അവന്റെ പള്ളക്ക്‌ പട്ടിക കഷണത്തിനു അടി വീണു.
പിന്നെ തലക്ക്‌......കൈക്ക്‌ ....കാലിനു.....
അടി കൊണ്ട്‌ നിലത്ത്‌ മലര്‍ന്നു വീണ ആന്റപ്പന്റെ
നെഞ്ചില്‍ കേറി നിന്ന് സാലിക്കുട്ടി തിരുവാതിര കളിച്ചു.....
നെഞ്ചത്തെ തിരുവാതിര മതിയായ സാലിക്കുട്ടി...
ആന്റപ്പന്റെ തലമുടി പറിച്ചെടുത്തു.......
മുഖം മാന്തിപ്പൊളിച്ചു......

ഒരു മിനുട്ട്‌ തികച്ച്‌ വേണ്ടി വന്നില്ലാ എനിക്ക്‌....
ആ സ്പോട്ടില്‍ നിന്ന് 2 കിലോമീറ്റര്‍ അകലെയുള്ള എന്റെ വീട്ടില്‍ എത്താന്‍......
ഒറ്റക്കുതിക്കലിനു അടുക്കളയില്‍ കയറിയ ഞാന്‍ മോരുകറിയും കൂട്ടി ഊണും കഴിച്ച്‌......
പുറകേ ഒരു സിഗരറ്റും വലിച്ച്‌.....
ചുമ്മാ അവിടെ തന്നെ കുത്തിയിരുന്നു.......
------------------------
ആന്റപ്പന്‍ നാടു വിട്ടതിന്റെ അടുത്ത ആഴ്ച സാലിക്കുട്ടി
'മാത'യിലെ മലയാളം സാറിന്റെ ഒപ്പം ഒളിച്ചോടി.

നീണ്ട മൂന്ന് കൊല്ലങ്ങള്‍ക്കു ശേഷം ആദ്യമായി എനിക്ക്‌ ആന്റപ്പന്റെ ഫോണ്‍ വന്നു.
അവന്‍ ഇപ്പോള്‍ തിരുപ്പൂരില്‍ ആണത്രേ.......
അവിടെ ഏതോ ബനിയന്‍ കമ്പനിയില്‍ പണിയെടുക്കുന്നു.
അവന്‍ ഒരിക്കല്‍ കോയമ്പത്തൂരു എന്തോ ആവശ്യത്തിനു വന്നപ്പോള്‍
സാലിക്കുട്ടിയേം അവളുടെ തമിഴന്‍ കെട്ടിയോനേം കണ്ടുവെന്ന്.......
എന്നാലും അവളെ ഒരു തമിഴനു കെട്ടിച്ചു
കൊടുത്തുകളഞ്ഞല്ലോ തൊമ്മിച്ചന്‍ എന്നു അവന്‍ പരിഭവം പറഞ്ഞു.......

സാലിക്കുട്ടി ഇവിടെ നിന്ന് പോയത്‌ ഒരു മലയാളിയുടെ ഒപ്പം ആയിരുന്നു
എന്നു അവനോട്‌ ഞാന്‍ പറഞ്ഞില്ലാ......

പരദൂഷണം തറവാട്ടുകാര്‍ക്കു ചേര്‍ന്നതല്ലല്ലോ.....യേത്‌.......

Tuesday, March 20, 2007

ലൈസന്‍സ്‌ ടു കില്‍

'മി.ബോണ്ട്‌....താങ്കള്‍ക്കു ആണു ഈ കേസിന്റെ ചുമതല......
അന്വേഷണം ഉടനേ ആരംഭിക്കും എന്നു കരുതുന്നു.'

'യെസ്‌ മാഡം....ഞാന്‍ ഉടനേ റിപ്പോര്‍ട്ട്‌ ചെയ്യുന്നതാണു....
പക്ഷേ ...എങ്ങനെ ഇതു സംഭവിച്ചു.....
സെക്യൂരിറ്റി വളരെയധികം സ്ട്രോങ്ങ്‌ ആയ ബക്കിംഗ്‌ ഹാം പാലസിനുള്ളില്‍ മോഷ്ടാവ്‌ എങ്ങനെയാണു കടന്നത്‌....'

'ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സെക്യൂരിറ്റിക്കാരുടെ ശ്രദ്ധ ഡോളര്‍ വിതറി തിരിക്കുക ആയിരുന്നു.
അതായത്‌ ഒരു പത്തിന്റെ ഡോളര്‍ സെക്യൂരിറ്റി ക്യാബിന്റെ അരികില്‍ ഇട്ടതിനു ശേഷം .....
ഇതു നിങ്ങളുടെ ആണോ എന്നു മോഷ്ടാവ്‌ അവരോട്‌ ചോദിച്ചു.
ഡോളറിന്റെ അവകാശ തര്‍ക്കം നടക്കുന്നതിനിടയില്‍ മോഷ്ടാവ്‌ അകത്ത്‌ കടക്കുകയായിരുന്നു.
ഡോളറിനു വേണ്ടി തമ്മിലടിച്ച സെക്യൂരിറ്റിക്കാരില്‍ രണ്ട്‌ പേര്‍ ലണ്ടന്‍ ഗവണ്‍മന്റ്‌ ആശുപത്രിയില്‍ ആണു.
അതു കൂടാതെ പാലസിനകത്ത്‌ മുളകുപൊടിയും വിതറിയിരുന്നു...'

'ഓഹോ....രാജ്ഞിയുടെ കിരീടം അല്ലാതെ വേറെ എന്തെങ്കിലും മോഷണം പോയിട്ടുണ്ടോ...'

'ഇല്ലാ എന്നാണു തോന്നുന്നത്‌....
കൊട്ടാരത്തിന്റെ അകത്ത്‌ കിടന്നുറങ്ങിയിരുന്ന തൂപ്പുകാരിയുടെ
മാല പൊട്ടിക്കാന്‍ ഒരു ശ്രമം നടന്നെങ്കിലും അത്‌ പരാജയപ്പെട്ടു...'

'ഗ്രേറ്റ്‌......അതെങ്ങനെ....തൂപ്പുകാരി ആ ശ്രമം എങ്ങനെയാണു തടഞ്ഞത്‌....'

'തടഞ്ഞെന്നോ ..ആരു....അവളാ..അവളു മിണ്ടിയതും കൂടി ഇല്ലാ.....
ആരോ തന്റെ ദേഹത്ത്‌ കൈ വച്ചപ്പോള്‍ ...........
രാത്രി തന്നെ പാചകം പഠിപ്പിക്കാന്‍ വരാറുള്ള കൊട്ടാരം ചീഫ്‌ കുക്ക്‌ ആയിരിക്കും എന്നു കരുതിയെന്ന്....
അവളുടെ മൊഴിയില്‍ ഉണ്ട്‌...'

'മാര്‍വലെസ്‌....പിന്നെ എങ്ങനെയാണു ആ മാലപൊട്ടിക്കല്‍ ശ്രമം പരാജയപ്പെട്ടത്‌.....'

'അവളു മാല ധരിച്ചിട്ടുണ്ടായിരുന്നില്ലാ..അതു തന്നെ.....
ഇല്ലാത്ത മാല എങ്ങനാടോ പൊട്ടിക്കണേ...പൊട്ടന്‍ ബോണ്ടേ...'

'എക്സലെന്റ്‌....എന്തെങ്കിലും ക്ലൂ ലഭിച്ചിട്ടുണ്ടോ.....
മോഷ്ടാക്കള്‍ ആരെന്നോ...ഏത്‌ നാട്ടുകാര്‍ എന്നോ മറ്റോ...'

'നോട്ടുവിതറി ആളുകളുടെ ശ്രദ്ധതിരിക്കല്‍....
മുളകുപൊടി വിതറല്‍.....
മാലപൊട്ടിക്കാനുള്ള ശ്രമം......
പിന്നെ കൊട്ടാരത്തിന്റെ മുന്‍പിലുള്ള തട്ടുകടക്കാരന്‍ റോബര്‍ട്ട്‌ ക്രോഫ്റ്റിന്റെ മൊഴിപ്രകാരം...
മോഷ്ടാക്കള്‍ ശരീരം മുഴുവന്‍ എണ്ണ തേച്ച്‌...
അടിവസ്ത്രം മാത്രം ധരിച്ചവര്‍ ആയിരുന്നു എന്ന
അതിപ്രധാനമായ വിവരവും വച്ചു കണക്കു കൂട്ടി നോക്കിയിട്ട്‌
മോഷ്ടാക്കള്‍ കേരളത്തില്‍ നിന്നുള്ളവര്‍ ആവാനാണു സാധ്യത...'

'കേരളമോ...അത്‌ എവിടെയാണു മാഡം...'

'കേരളം...ഇന്‍ഡ്യയുടെ തെക്കെ അറ്റത്തു കിടക്കുന്ന ഒരു ചെറുപ്രദേശം ആണു....
താങ്കള്‍ ഉടനേ അങ്ങോട്ടു പുറപ്പെടണം....'

'കേരളത്തില്‍ ഡാം....വന്‍ കെട്ടിടങ്ങള്‍...
അങ്ങനെ എന്തെങ്കിലുമൊക്കെ കാണില്ലേ മാഡം...'

'പിന്നേ..അതൊക്കെയുണ്ട്‌...അല്ലാ..എന്തിനാടോ ബോണ്ടേ......
തനിക്ക്‌ ഈ ഡാമും വലിയ കെട്ടിടങ്ങളും...'

'ഞാന്‍ സാധാരണ ഡാമുകളില്‍ നിന്നോ വന്‍ കെട്ടിടങ്ങളുടെ ‍മുകളില്‍
നിന്നോ ഒക്കെ ചാടിയാണു
കേസ്‌ അന്വേഷിക്കേണ്ട സ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെടാറു...
അല്ലെങ്കില്‍ പാരച്ചൂട്ടില്‍ ഇറങ്ങും......അതാ പതിവ്‌...'

'അവിടെ ഡാം ഒക്കെയുണ്ട്‌...
പക്ഷേ അതിനകത്തേക്ക്‌ ചാടിയാല്‍ പിന്നെ തന്നെ കിടത്താന്‍ വയലിന്‍ പെട്ടി പോലും വേണ്ടിവരില്ലാ...
വെള്ളമില്ലാത്ത ഡാമില്‍ ചാടി എന്തിനാടോ ബോണ്ടേ ബോണ്ടിക്കു കെട്ടിയോന്‍ ഇല്ലാതെ ആക്കണത്‌......
പിന്നെ പാരചൂട്ടില്‍ ഇറങ്ങണ പരിപാടി കൊള്ളാം...
പക്ഷേ ഒരു കാര്യം ശ്രദ്ധിക്കണം....
കേരളത്തില്‍ മുരുക്ക്‌ എന്ന ഒരു മരം ഉണ്ട്‌...
അതില്‍ പാരചൂട്ട്‌ തങ്ങാതെ നോക്കണം.....
അതില്‍ തങ്ങിയാ പിന്നെ അവിടെയിരുന്ന് അയ്യോ..പത്തോ എന്നുവിളിക്കലേ ഉണ്ടാവൂ...
ഇവിടുന്ന് ഒരുത്തനും വരൂല്ലാ..അതില്‍ കേറി തന്നെ താഴത്ത്‌ എത്തിക്കാന്‍....'

'എന്റെ ആയുധങ്ങളും കാറും ഒക്കെ എങ്ങനെ അവിടെ എത്തിക്കും...'

'അതാണു വലിയ പാട്‌.....വിദേശ കാറുകള്‍ക്കു അവിടെ മുടിഞ്ഞ ഡ്യൂട്ടിയാ.......
അതുകൊണ്ട്‌ കാറു അവിടെ തന്നെ അറേഞ്ച്‌ ചെയ്തിട്ടുണ്ട്‌....
പിന്നെ തോക്കും ഉണ്ടേം ഒരു ചോറ്റുപാത്രത്തിലോ...
ലാപ്‌ ടോപ്പിന്റെ കവറിലോ കടത്താം......'

'ഒ.കെ മാഡം... ഞാന്‍ പുറപ്പെടുക ആയി...
അനുഗ്രഹിക്കൂ...'

'കൈയും കാലും തലേം ഒക്കെ ബാക്കിയാക്കി തിരിച്ചു വന്നാല്‍ തന്റെ വീട്ടുകാര്‍ക്കു കൊള്ളാം.....
ശരി പോയിട്ട്‌ വാ.....
ഞാന്‍ ഇന്നു മുതല്‍ ലണ്ടന്‍ കാവില്‍ വ്രതം ഇരിക്കുകയാണു.....
തന്റെ വിജയത്തിനായി......'

'ശരി..അപ്പോള്‍ ഇനി യാത്രയില്ലാ...കാണാം....'

---------------------------

'ഹലോ....ഹലോ.....ആരാണു.....'

'എടോ ബോണ്ടേ.....താന്‍ എത്തിയോ...'

'എത്തി...എത്തി...ഞാന്‍ ഇപ്പോള്‍ വിമാനത്താവളത്തിന്റെ പുറത്ത്‌ നിന്നാണു സംസാരിക്കുന്നത്‌...'

'ഒ.കെ...ഒ.കെ...താന്‍ ഒരു കാര്യം ചെയ്യൂ......
ഒരു ഓട്ടോ പിടിച്ച്‌ ആലുവക്ക്‌ പോകൂ....
അവിടെ റെയില്‍ വേ സ്റ്റേഷനു അടുത്തുള്ള ഏതെങ്കിലും ലോഡ്ജില്‍ മുറിയെടുക്കൂ......'

'ഒ.കെ മാഡം..'

'ഓട്ടോ...ഓട്ടോ...'

'എങ്ങോട്ടാണു സായിപ്പേ....'

'ആലുവക്ക്‌ പോകണം..'

'അതിനെന്താ പോകാല്ലാ...ഇങ്ങട്‌ കേറു പിത്തക്കാടീ....'

'ഇവിടെനിന്ന് ആലുവക്ക്‌ എത്ര കിലോമീറ്റര്‍ ഉണ്ട്‌...'

'നേരേ പോയാ 15......അല്ലെങ്കില്‍ 30...'

'എങ്കില്‍ നേരേ പോയാല്‍ മതി..'

'അപ്പ...ദേശം കവലേലെ വളവ്‌ തന്റെ അപ്പന്‍ വളക്കോ...'

'എന്ത്‌...'

'നേരേ മാത്രം പോയാല്‍ വളവ്‌ വരുമ്പെ എന്തു ചെയ്യൂന്നാ താന്‍ പറയണേ.....'

'ശരി..ശരി...എങ്ങനെയെങ്കിലും പോ......'

'ആലുവേലു എവിടേണു പോണ്ടത്‌....'

'ഏതെങ്കിലും ലോഡ്ജില്‍ എന്നെ കൊണ്ടുപോയി ആക്കണം...'

'അതു ഞാന്‍ ഏറ്റു.....'

'എന്ത്‌...'

'ആക്കണ കാര്യം ഞാന്‍ ഏറ്റൂന്ന്...'

'ഉവ്വ.......'
------------------

'സായിപ്പേ...ഇതാണു കസ്തൂരി ലോഡ്ജ്‌....
നല്ല കിടുക്കന്‍ സൗകര്യങ്ങളാ...
അപ്പുറത്ത്‌ ലേഡീസ്‌ ഹോസ്റ്റല്‍...
ഇപ്പുറത്ത്‌ പെരിയാറിലെ കുളിക്കടവ്‌......'

'മതി..മതി....എത്ര ആയി..ഓട്ടോ ചാര്‍ജ്‌...'

'300 രൂപ..'

'എന്റെ മാഞ്ചസ്റ്ററു പുണ്യാളാ....എന്താ ഈ കേക്കണേ...
മുന്നൂറാ....ഞാന്‍ ഒരു 150 അങ്ങോട്ടു തരും...'

'എങ്കില്‍ ഞാനും ഒരു രണ്ടെണ്ണം അങ്ങോട്ടു തരും..'

'എന്ത്‌...'

'മോന്തക്കിട്ട്‌ രണ്ടെണ്ണം തരൂന്ന്...കാശെടടോ...കളിക്കാതെ...'

'ടോ..ഞാനേ...ബോണ്ടാ...ബോണ്ട്‌...എന്നെ തനിക്ക്‌ ശരിക്കറിയൂല്ലാ....'

'താന്‍ ഇനി ബോണ്ടേല്ലാ...സവാളവട ആണെന്നു പറഞ്ഞാലും എനിക്ക്‌ ഒരു തേങ്ങേമില്ലാ...
കാശ്‌ തന്നില്ലെങ്കില്‍ പന്നീ.....പത്തേ പന്ത്രണ്ടിന്റെ സ്പാനര്‍ ഞാന്‍ കേറ്റും...'

'ഒ.കേ...ഒ.കേ...ദാ കാശ്‌....ഇവിടേക്കെ തന്നെ കാണൂല്ലേ.....'

'പിന്നേ.......കണ്ടാല്‍ ഇയ്യാളു അങ്ങു ചെത്തും.....
പോഡാപ്പാ......എച്ചി സായിപ്പ്‌.....'

----------------------------

'ഹലോ..ഹലോ.....മാഡം....ഞാന്‍ ബോണ്ട്‌...
ഞാന്‍ ആലുവയില്‍ എത്തി..മുറിയെടുത്തു......
ഇനി എന്താണു അടുത്ത നീക്കം....'

'ഒ.കെ....
നമ്മുടെ ചാര ഉപഗ്രഹം നടത്തിയ ഒരാഴ്ചത്തെ അക്ഷീണ പ്രയത്നത്തിനൊടുവില്‍ മോഷ്ടാവിന്റെ സ്ഥലം കണ്ടുപിടിച്ചു....
കളമശേരിക്കടുത്തുള്ള ഒരു കോളനിയിലെ മാധവന്‍ ആണു പ്രതി......
കിരീടവും അവിടെ തന്നെ കാണും....
അതു വല്ല സഹകരണ ബാങ്കിലും പണയം വയ്ക്കുന്നതിനു മുന്‍പ്‌ നമുക്കത്‌ കണ്ടെടുക്കണം......'

'ഒ.കെ...ഞാന്‍ ഉടനേ തന്നെ കോളനിയിലേക്കു പുറപ്പെടുകയായി.....
ഇവിടെ അടുത്ത്‌ ഫെഡറല്‍ ബാങ്കിന്റെ ഒരു വലിയ കെട്ടിടം ഉണ്ട്‌...
അതിന്റെ മുകളില്‍ നിന്ന് കോളനിയിലേക്കു ചാടാം എന്നു കരുതുന്നു.....
എവിടുന്നെങ്കിലും ചാടാഞ്ഞിട്ട്‌ എന്റെ കൈ തരിക്കുന്നു...'

'എടോ....കോപ്പന്‍ ബോണ്ടേ....തനിക്ക്‌ എന്തിന്റെ സൂക്കേടാണു......
കോളനീലേക്കു എടുത്ത്‌ ചാടി.....
അവിടെ പണിക്ക്‌ പോകാതെ ചീട്ടുകളിക്കണ പിള്ളേരുടെ മുന്‍പിലെങ്ങാന്‍ ചെന്നു പെട്ടാ...
തന്റെ പള്ളക്ക്‌ അവന്മാരു പിച്ചാത്തിക്ക്‌ തൊളയിടും.....
തനിക്ക്‌ ചാടാന്‍ മുട്ടി നില്‍ക്കേണെങ്കി.......
ആ ലോഡ്ജിന്റെ മോളീന്നു താഴത്തേക്കു ചാടടോ.......
വെഷമം മാറട്ടേ.....'

'മാഡം...പിന്നെ ഞാന്‍ എന്താണു ചെയ്യേണ്ടത്‌....'

'താന്‍ ആദ്യം ആലുവ പോലീസ്‌ സ്റ്റേഷനില്‍ പോയി റിപ്പോര്‍ട്ട്‌ ചെയ്യ്‌.......
എന്നിട്ട്‌ കോളനിയില്‍ റെയിഡ്‌ നടത്താന്‍ അവരുടെ സഹായം ആവശ്യപ്പെടൂ......
വല്ല പത്താ അമ്പതാ പിടിപ്പിച്ചാ പെട്ടെന്ന് കാര്യം നടക്കും.....'

'ശരി മാഡം...'

----------------------------

'ഞാന്‍ ബോണ്ട്‌...ജയിംസ്‌ ബോണ്ട്‌...'

'ഞാന്‍ രാഘവന്‍ പിള്ള....ഹെഡ്‌ രാഘവന്‍ പിള്ള...'

'എനിക്ക്‌ എസ്‌.ഐ യെ ഒന്ന് കാണണം...'

'പുള്ളിക്കാരന്‍ ഇവിടെ ഇല്ലാ....ഉം..എന്തോന്നിനാ.....'

'അത്‌ അദ്ദേഹത്തോട്‌ പറഞ്ഞോളാം.....'

'ഓഹോ....അദ്ദേഹത്തോട്‌ മാത്രേ പറയത്തൊള്ളോ......
ടാ...ടാ....കാര്യം പറഞ്ഞിട്ട്‌ സ്ഥലം വിടാന്‍ നോക്കടാ......'

'ഞാന്‍ ലണ്ടനില്‍ നിന്നാണു വരുന്നത്‌....'

'ഉവ്വ...ഞാന്‍ പാലേന്നാ..'

'ഞാന്‍ ഒരു കേസ്‌ ആന്വേഷിക്കാന്‍ ലണ്ടനില്‍ നിന്ന് വന്നത്‌ ആണെന്ന്.....'

'അതിനു ഞാന്‍ എന്നാ ചെയ്യണം.....അല്ലേ... ഇതെന്ത്‌ പ്രാന്താണു.....
കൈയില്‍ ഇരിക്കണ കാശും മൊടക്കി ഒരുത്തന്‍ കേസ്‌ അന്വേഷിക്കാന്‍ ലണ്ടനീന്നു കൊച്ചീലു വന്നേക്കണാ......
തനിക്ക്‌ നാട്ടില്‍ പണിയൊന്നും ഇല്ലേ......
ഇവിടുത്തെ കാര്യം ഞങ്ങ നോക്കിക്കോളാട്ടാ......'

'ഇതു ബക്കിംഗ്‌ ഹാം കൊട്ടാരത്തിലെ കിരീടം കളവു പോയ കേസ്‌ ആണു...
മോഷ്ടിച്ചത്‌ കളമശേരി കോളനിയിലെ മാധവന്‍ ആണെന്ന് തെളിഞ്ഞിട്ടുണ്ട്‌.....
മാധവനെ അറസ്റ്റ്‌ ചെയ്ത്‌....
കിരീടം കണ്ടെടുക്കാന്‍ കേരള പോലീസിന്റെ സഹായം തേടാന്‍ ആണു ഞാന്‍ വന്നത്‌...'

'ആരു.....നമ്മുടെ കളമശേരി മാധവനോ...'

'അതേ...'

'പിന്നേ...മാധവനെ താന്‍ അങ്ങോട്ടു ഒലത്തും.......
ആരാ ഈ മാധവന്‍ എന്ന് അറിയാമോ....
പാര്‍ട്ടീടെ സ്റ്റേറ്റ്‌ മെംബറാ....'

'ആരായലും എനിക്ക്‌ പ്രശ്നമല്ലാ.....
ഐ ഹാവ്‌ ദ ലൈസന്‍സ്‌ ടു കില്‍....'

'എന്ത്‌...എന്തോന്നാണെന്ന്.....'

'എനിക്ക്‌ ആരേയും കൊല്ലാനുള്ള ലൈസന്‍സ്‌ ഉണ്ടെന്ന്.....'

'ഹ..ഹ.ഹാ.....ഒരു ലൈസന്‍സ്‌......
ദേ സായിപ്പേ...വെറുതേ തടി കേടാക്കണ്ടാ........
കോളനിലേക്കു കില്ലും...കൊല്ലും എന്നൊക്കെ പറഞ്ഞു ചെന്നാല്‍....
പിള്ളേരു മോന്ത പിടിച്ച്‌ നെലത്തിട്ട്‌ ഒരക്കും......

'എന്റെ അടുത്ത്‌ അത്യാധുനിക ആയുധങ്ങള്‍ ഉണ്ട്‌..
അതു വച്ച്‌ ഞാന്‍ അവരെ ഒതുക്കും...'

'ഉവ്വ...ഞങ്ങടടുത്തും ഒണ്ടെടോ സായിപ്പേ....ആയുധങ്ങള്‍....
പിടിച്ച്‌ കെട്ടീട്ട്‌ നാലു ദിവസം ഉരുട്ടീട്ടു അവന്മാര്‍ ഒതുങ്ങീട്ടില്ല..
പിന്നേണു..തന്റെ ഒരു തോക്ക്‌.....'

'പിന്നെ എന്ത്‌ ചെയ്യണം എന്നാണു പറയുന്നത്‌....
കിരീടം ഇല്ലാതെ എനിക്ക്‌ തിരിച്ചു പോകാന്‍ പറ്റില്ലാ....
ഞങ്ങളുടെ നാടിന്റെ അഭിമാന പ്രശ്നമാണു കിരീടം....'

'പിന്നേ..ഒരു കിരീടം...ഇവിടെ തല തന്നെ കാണാനില്ല...
പിന്നേണു അതിലു വക്കണ കിരീടം.'

'നമുക്ക്‌ എന്താന്നു വച്ചാല്‍...അതു പോലെ ...
നാട്ടുനടപ്പ്‌ അനുസരിച്ച്‌ ചെയ്യാം...'

'അതു നേരത്തേ പറയണ്ടേ....അങ്ങനെ വഴിക്ക്‌ വാ....
താന്‍ ഇത്രേം ദൂരം വണ്ടിയോടിച്ച്‌ വന്നതല്ലേ....
താന്‍ പേടിക്കണ്ടാ...ഞാന്‍ മാധവനുമായിട്ടൊന്ന് സംസാരിക്കട്ടെ....
നമുക്ക്‌ വഴിയുണ്ടാക്കാമെന്നേ....
താന്‍ ഒരു ഫുള്ള്‌ ഇങ്ങ്‌ വാങ്ങിച്ചോ...
ദേ തൊട്ടപ്പറത്ത്‌ ബിവറേജസ്‌ ഒണ്ട്‌.....
സോഡ മറക്കണ്ടാട്ടാ....കപ്പലണ്ടീം..'

------------------------

24 മണിക്കൂര്‍ നീണ്ട ചര്‍ച്ചക്കൊടുവില്‍ മാധവന്‍ കിരീടം വിട്ടു കൊടുത്തു.

കിരീടം വിട്ടുകൊടുക്കാന്‍ ബ്രിട്ടിഷ്‌ ഭരണകൂടം
10 മില്യണ്‍ ഡോളറിനു തുല്യമായ ഇന്‍ഡ്യന്‍ മണി മാധവനു കൈമാറി.

കേരളാ പോലീസ്‌......കസ്റ്റംസ്‌.....റവന്യൂ വകുപ്പ്‌.....വില്ലേജ്‌ ഓഫീസര്‍......
തുടങ്ങിയ വിഭാഗങ്ങള്‍ ഒക്കെ പങ്കു വച്ചതിനു ശേഷം ബാക്കി 110 രൂപ 50 പൈസ മാധവനു ലഭിച്ചു.....

ബോണ്ടിന്റെ ജീവിതത്തിലെ ആദ്യ ഒത്തു തീര്‍പ്പ്‌ ആയിരുന്നു കേരളത്തില്‍ സംഭവിച്ചത്‌......

തലകുനിച്ച്‌ പിടിച്ച്‌ ബോണ്ട്‌ കേരളത്തില്‍ നിന്ന് മടങ്ങി....

മടങ്ങുമ്പോള്‍ മാധവന്റെ ഭാര്യയും ഒപ്പം ഉണ്ടായിരുന്നു....

ബോണ്ട്‌ ആരാ മോന്‍......