Thursday, November 30, 2006

മോനിമ്മ

ഞായറാഴ്ച്‌ പള്ളിയില്‍ പോകാന്‍ ഇറങ്ങിയതാണു മോനിമ്മ.
ഇടവഴീന്ന് മെയിന്‍ റോഡിലേക്ക്‌ കാലെടുത്ത്‌ വച്ചതും ആറടി വീതിയുള്ള മഞ്ഞുമ്മല്‍ ഹൈവേയിലോടെ
ഗുരുവായൂര്‍ക്ക്‌ പോകുന്ന ലിമിറ്റഡ്‌ മോനിമ്മയുടെ മൂക്കില്‍ ഉരസി.. ഉരസീല്ലാ എന്ന മട്ടില്‍ പാഞ്ഞു പോയി.
മോനിമ്മ ഒന്ന് ഞെട്ടി നിന്നു.ശ്വാസം നെഞ്ചിന്റെ ഉള്ളില്‍ തന്നെ കിടന്ന് കറങ്ങി.അകത്തേക്കുമില്ല പുറത്തേക്കുമില്ല.
കുറച്ച്‌ സമയം കുഴിച്ചിട്ടത്‌ പോലെ അങ്ങനെ നിന്ന് കഴിഞ്ഞപ്പോ ശ്വാസത്തിന്റെ പേടി മാറി അത്‌ പുറത്തേക്ക്‌ വന്നു.
ശ്വാസം പുറത്തേക്ക്‌ വന്നതും മോനിമ്മ പറഞ്ഞു.
'പിശാശ്‌ പിടിക്കാനായിട്ട്‌ എന്തൂട്ട്‌ പാച്ചിലാ പായണേ.ഇവനെക്കെ ഇങ്ങനെ പാഞ്ഞാല്‍ വേഗം അങ്ങോട്ട്‌ എത്തും.'
നാക്ക്‌ ചുരുട്ടി വായിലേക്ക്‌ ഇട്ടില്ല,'ഠോ' എന്ന ശബ്ദത്തോടെ ബസ്സിന്റെ ഏതോ ചക്രം വെടി തീര്‍ന്നു.
നിയന്ത്രണം പോയ ബസ്സ്‌ വെറോണി ചേച്ചീടെ മതിലും ഇടിച്ച്‌ പൊളിച്ച്‌ മുറ്റത്ത്‌ ചെന്ന് കിതച്ച്‌ നിന്നു.
മോനീമ്മ സഹായിച്ച്‌ വെറോണീം ബസ്സ്‌ വാങ്ങി എന്നാണു നാട്ടുകാര്‍ ഈ സംഭവത്തിനു കൊടുത്ത വാല്‍ കഷണം.
ഇതാണു മോനീമ്മ.വയസ്സ്‌ 65.
മോനീമ്മ എന്ത്‌ പറഞ്ഞാലും അതിനു എതിരായേ കാര്യങ്ങള്‍ നടക്കൂ എന്നുള്ളത്‌ ഒരു വിശ്വാസം തന്നെയായിരുന്നു നാട്ടുകാര്‍ക്ക്‌.ചൂണ്ടി കാണിക്കാന്‍ ഉദാഹരണങ്ങള്‍ നിരവധിയും.
ദൈവത്തേക്കാള്‍,ചെകുത്താനേക്കാള്‍,കള്ളന്മാരേക്കാള്‍,പോലീസിനേക്കാള്‍ മഞ്ഞുമ്മല്‍ വാസികള്‍ മോനിമ്മയെ പേടിച്ചു.
ജീവിക്കും ഇതിഹാസമാണു മോനിമ്മ എന്നു വരെ നാട്ടുകാര്‍ പറഞ്ഞു.
'കരിനാക്ക്‌'എന്നൊന്ന് ഇല്ലെന്നും അതൊക്കെ വെറും അന്ധവിശ്വാസമാണെന്നും ശക്തിയുക്തം വാദിച്ചിരുന്ന റിട്ട്‌.കോളേജ്‌ ലൈബ്രേറിയന്‍ 'പിള്ള' പോലും മോനിമ്മയുടെ നിഴല്‍ കണ്ടാല്‍ ഒന്ന് പരുങ്ങുമായിരുന്നു.
'എന്താ പിള്ളേ.സുഖമല്ലേ' എന്നെങ്ങാന്‍ തള്ള ചോദിച്ചാലോ.
മോനിമ്മേടെ വീടിന്റെ കൂട്‌ മാറ്റാന്‍ പട്ടിക ഇറക്കാന്‍ മോന്‍ 'ജോസണെ' സഹായിച്ച്‌ കൊണ്ടിരുന്ന അവന്റെ ഷാപ്പ്‌ മേറ്റ്‌ എല്‍ദോയുടെ കോണ്‍ക്രീറ്റ്‌ മസിലുകള്‍ കണ്ട്‌
'ചെക്കാ കൊഴുത്തുരുണ്ട്‌ ഇരിക്കേണല്ലാ നീ' എന്ന് മാത്രമേ തള്ള പറഞ്ഞോള്ളു.
സഹായോം കഴിഞ്ഞ്‌ വൈകീട്ട്‌ മുട്ടാര്‍ പുഴയില്‍ കുളിക്കാന്‍ പോയി കടവത്തെ കല്ലില്‍ വെറുതേ ഒന്ന് വഴുക്കി,വെറുതേ ഒന്ന് കമഴ്‌ന്നടിച്ച്‌ വീണു വായിലെ പല്ല് മൂന്നെണ്ണം പോയപ്പോഴാണു തള്ള വെറുതേ പറഞ്ഞത്‌ 'കാര്യത്തിലായല്ലോ കര്‍ത്താവെ' എന്ന് എല്‍ദോക്ക്‌ തോന്നിയത്‌.
'നിന്റെ തള്ളേടെ വായില്‍ തുണി തിരുകീട്ട്‌ എറക്കിയാ മതി,നാട്ടുകാരുടെ എടേലോട്ട്‌ ഇനി.' എന്നാണു പിന്നീട്‌ ഷാപ്പില്‍ വച്ച്‌ കണ്ടപ്പോള്‍ എല്‍ദോ ജോസണോട്‌ പറഞ്ഞത്‌.
കുറച്ച്‌ നാള്‍ മുന്‍പ്‌ വരെ മോനിമ്മക്ക്‌ 'കൊട്ടോടി' കച്ചവടം ഉണ്ടായിരുന്നു.'കൊട്ടുവടി','മണവാട്ടി' എന്നൊക്കെ വിവിധ പേരുകളില്‍ അറിയപ്പെടുന്ന വാറ്റ്‌ ചാരായം പറവൂര്‍ 'ഗോതുരുത്തില്‍' നിന്നും മൊത്തമായി കന്നാസില്‍ എത്തിച്ച്‌
ചില്ലറ വില്‍പന നടത്തിയിരുന്നു മോനിമ്മ.പോലീസും എക്സൈസും പലതവണ തപ്പി വന്നെങ്കിലും തൊണ്ടിയൊന്നും
കണ്ടെടുക്കാന്‍ അവര്‍ക്ക്‌ കഴിഞ്ഞിട്ടില്ല.പുഴയരികിലാണു വീട്‌ എന്നുള്ളത്‌ കൊണ്ട്‌ കന്നാസ്‌ വെള്ളത്തിലെറിഞ്ഞ്‌
കൈയും കെട്ടി നില്‍ക്കുന്ന ജോസണേയും മോനിമ്മയേയുമാണു 'കാക്കി' സംഘത്തിനു കാണാന്‍ കിട്ടുക.
മുറ്റത്ത്‌ അടിച്ച്‌ കോണ്‍ തെറ്റി കിടക്കുന്ന പലരേയും കന്നാസിനൊപ്പം ജോസണ്‍ എടുത്ത്‌ വെള്ളത്തിലിട്ടിട്ടുണ്ട്‌.
തെളിവ്‌ നശിപ്പിക്കണമല്ലോ.'കല്ല് വാതില്‍ക്കല്‍' സംഭവത്തിനു ശേഷമാണു മോനിമ്മ ഒന്ന് ഒതുങ്ങീത്‌.
മോനിമ്മയുടെ പേരില്‍ ചുമത്തപ്പെട്ട മറ്റൊരു ആരോപണമാണു 'ഇന്ദിര ചേച്ചീടെ പപ്പായ ഇഷ്യു'.
പതിവ്‌ കറക്കത്തിനു ഇറങ്ങിയ മോനിമ്മ ഇന്ദിര ചേച്ചീടെ പറമ്പില്‍ പപ്പായ നിറഞ്ഞ മരം കണ്ട്‌ ;
'എടീ ഇന്ദിരേ, ഇതിങ്ങനെ ഇടാണ്ട്‌ രണ്ടെണ്ണം കുത്തീട്ട്‌ കൂട്ടാന്‍ വെക്കെടീ'.
എന്നുള്ള ഒരു ഉപദേശം മാത്രമേ നല്‍കിയൊള്ളു.
പപ്പായയുടെ ലോഡ്‌ താങ്ങാന്‍ പറ്റാതെ ആയിരിക്കണം മരം അന്ന് വൈകീട്ട്‌ ചരിഞ്ഞു.
വെറുതെ ചരിയുകയായിരുന്നില്ല.തുണി ഉണക്കാന്‍ ഉപയോഗിക്കുന്ന അഴയും പൊട്ടിച്ച്‌ ചേച്ചീടെ കെട്ടിയോന്റെ
ഉണക്കാന്‍ ഇട്ടിരുന്ന പുതിയ ഡബിള്‍ മുണ്ടില്‍ പപ്പായ കറയും ചാര്‍ത്തിയാണു മരം വീണത്‌.
ഇങ്ങനെ എതിര്‍ക്കാന്‍ ആളില്ലാതെ വിലസിയിരുന്ന മോനിമ്മയെ കൊണ്ട്‌ നമുക്ക്‌ ഒരു ഉപകാരം
ഉണ്ടല്ലോ എന്ന് ആദ്യമായി ചിന്തിച്ചത്‌ നെടുമ്പിള്ളി സുകുമാരന്‍ ആണു.
സുകുമാരന്‍ അഥവാ 'അരക്കന്‍' സുകു ചേട്ടന്‍.പിശുക്കിന്റെ കാര്യത്തില്‍ മഞ്ഞുമ്മലില്‍ സുകു ചേട്ടനെ കഴിഞ്ഞേ വേറെ ജീവികളുള്ളൂ.
അഞ്ചേക്കര്‍ വയലും അതില്‍ കൃഷിയും മൂന്നേക്കര്‍ തെങ്ങിന്‍ തോപ്പും അതില്‍ നിന്ന് നല്ല വരുമാനവും, ഒക്കെ ഉണ്ടെങ്കിലും പിശുക്ക്‌ സുകുവേട്ടനെ വിട്ട്‌ പോവുകയില്ല.
അക്കൊല്ലം കൃഷിയിറക്കി കഴിഞ്ഞ്‌ കതിരു പൊങ്ങിയപ്പോഴാണു,പാടത്ത്‌ കള ശല്യം
കൂടുതല്‍ ആണെന്ന് സുകു ശ്രദ്ധിച്ചത്‌.കള പറിക്കാന്‍ ആളെ നിര്‍ത്തിയാല്‍ കാശിറക്കണം.
അല്ലെങ്കില്‍ മരുന്നടിക്കണം,അതിനും മുടക്കണം തുട്ട്‌.
അപ്പോള്‍ ഇനി എന്ത്‌ ചെയ്യും എന്ന് ആലോചിച്ചപ്പോഴാണു മോനിമ്മയുടെ കാര്യം സുകു ഓര്‍ത്തത്‌.
മോനിമ്മയെ തഞ്ചത്തില്‍ പാടത്ത്‌ കൊണ്ട്‌ വരണം.കള തിങ്ങി നില്‍ക്കുന്ന പാടം കണ്ട്‌ മോനിമ്മ ചോദിക്കും;
'എന്തടാ സുകൂ ഇത്‌,മുഴുവന്‍ കളേണല്ലാ.'
'ഡിം' കള ചീഞ്ഞ്‌ പോകും. പോകാതിരിക്കില്ല.മോനിമ്മ ആരാ 'മോന്‍'
കിടിലന്‍ ബുദ്ധി സമയത്ത്‌ തോന്നിപ്പിച്ചതിനു നന്ദിയായി കൃഷ്ണന്റെ അമ്പലത്തില്‍ 'ഇരുപത്‌' പൈസ തുട്ട്‌
കാണിക്ക ഇട്ടു സുകു ചേട്ടന്‍.
ഐഡിയ നടപ്പില്‍ വരുത്താനായി ഇടവഴിയില്‍ കള്ളകാമുകന്‍ സ്റ്റയിലില്‍ കാത്ത്‌ നിന്ന് പതിവ്‌ കറക്കത്തിനു
ഇറങ്ങിയ മോനിമ്മയെ സുകു ചേട്ടന്‍ പിടികൂടി.വീട്ടുകാര്യോം നാട്ടുകാര്യോം ഒക്കെ പറഞ്ഞും ചോദിച്ചും
ഒരു വിധത്തില്‍ പാടത്ത്‌ എത്തിച്ചു.പാടത്തിന്റെ അരികില്‍ എത്തിയതും പരമാവധി വിഷമം മുഖത്ത്‌ വരുത്തി
സുകു തന്റെ ഭൂമിയിലേക്ക്‌ നോക്കി.
സുകുവിന്റെ മുഖം മാറിയത്‌ കണ്ടാണു മോനിമ്മ പാടത്തേക്ക്‌ നോക്കിയത്‌.
'എടാ സുകൂ,നിന്റെ പാടോല്ലേടാ ഇത്‌.കളേടെ എടേല്‍ ഓരോ നെല്ലും എണ്ടല്ലാടാ.'
സുകുവേട്ടന്‍ മോനിമ്മയെ ഒന്ന് നോക്കി.
പിന്നെ മലര്‍ന്നടിച്ച്‌ പുറകോട്ട്‌ വീണു.

11 comments:

sandoz said...

മോനിമ്മ മൂന്ന് മാസം മുന്‍പ്‌ മരിച്ച്‌ പോയി.മരിച്ച്‌ പോയവരെ കുറിച്ച്‌ ഇങ്ങനെയൊക്കെ എഴുതണോ എന്ന് ആദ്യം ചിന്തിച്ചു.ഒരു നേരമ്പോക്ക്‌ എന്നതില്‍ കവിഞ്ഞ്‌ വലിയ ഉപദ്രവം ഒന്നും ഉണ്ടാക്കാന്‍ ചാന്‍സ്‌ ഇല്ല ഈ പണി എന്ന് സമാധാനിച്ച്‌ വച്ച്‌ കാച്ചി.

സു | Su said...

എവിട്യാടാ കള. ഞാനൊന്നും കാണുന്നില്ലല്ലോ. നിന്റെയൊരു കണ്ണേ എന്ന് മോനിമ്മ പറയാഞ്ഞത് ഭാഗ്യം. ഹിഹി

മോനിമ്മ അവിടെയിരുന്നും പറയുന്നുണ്ടാവുമോ എന്തോ.

Unknown said...

മോനിമ്മയെ പോലെ ഒരു പാട് കഥാപാത്രങ്ങള്‍ നമുക്കിടയില്‍ ജീവിച്ചും മരിച്ചുമിരിക്കിക്കുന്നു.

മരിച്ചു പോയവര്‍ക്ക് സലാം പറയാം എന്നാല്‍ ജീവിച്ചിരിക്കുന്നവര്‍ക്ക് നമ്മളെന്തു ചെയ്യും??

sandoz said...

സു-കുറച്ച്‌ വിഭാഗം ജനങ്ങളെ പേടിപ്പിച്ചും മറ്റൊരു വിഭാഗത്തെ ചിരിപ്പിച്ചും ജീവിച്ച അവര്‍ ഒരു നാട്ടുവൈദ്യന്‍[അതോ വൈദ്യയോ]കൂടിയായിരുന്നു.ഒറ്റമൂലികളെ ക്കുറിച്ച്‌ നല്ല അറിവുണ്ടായിരുന്നത്രെ അവര്‍ക്ക്‌.
ഇരിങ്ങല്‍-ആധുനിക യുഗത്തിലാണു ജീവിക്കുന്നത്‌ എന്ന് പറയുമെങ്കിലും ഈ ടൈപ്പ്‌ കഥാപാത്രങ്ങളുടെ ഇടയില്‍ പെട്ടാല്‍ ഞാനും ഒന്ന് പരുങ്ങും.

വേണു venu said...

എല്ലാ ഗ്രാമങ്ങളിലും ഒരാണോ ഒരു പെണ്ണോ കരിനാക്കുകാരായി ഉണ്ടാകും,‍ ജനം ആക്കി വയ്ക്കുന്നതാണെന്നു തോന്നുന്നു.
മഞ്ഞുമ്മലേ, വിവരണം ഇഷ്ടപ്പെട്ടു.

Areekkodan | അരീക്കോടന്‍ said...

ഇഷ്ടപ്പെട്ടു...പക്ഷേ പെട്ടെന്ന് അവസാനിപ്പിച്ചപോലെ....

sandoz said...

വേണു-കുറേയൊക്കെ ജനം പറഞ്ഞുണ്ടാക്കുന്നതാണു.എന്തെങ്കിലും സംഭവിച്ചിട്ടുണ്ടാകും.ബാക്കിയൊക്കെ ജനത്തിന്റെ വക.[ഞാനും ജനമാണു]നന്ദി
അബിദ്‌-മോനിമ്മയെ കുറിച്ച്‌ കഥകള്‍ കുറെയുണ്ട്‌ നാട്ടില്‍.പക്ഷെ പലതിനും വിശ്വാസ്യത കുറവാണു.നന്ദി

yetanother.softwarejunk said...

കൊള്ളാലോ sandoz സേ നിന്റെ ബ്ലോഗ് എന്നങ്ങാനും പറയുന്നുണ്ടാവോ "മോനിമ്മ" ?
:-)

nice read.

-YaSJ

Anonymous said...

മോനിമ്മ നന്നായി. മഞ്ഞുമ്മല്‍ ഹൈവേയില്‍ പായുന്ന ഗുരുവായൂര്‍ ഫാസ്റ്റുകളുടെ എണ്ണം ഗണ്യമായി കുറഞ്ഞെങ്കിലും ഒരുകാലത്ത് അതിന്ടെ ‘കാറ്റുപറ്റി‘ അവശരായവര്‍ മോനിമ്മയ്ക്ക് ജെയ് വിളിച്ചുകാണും.
ഇനുയുമുന്ടല്ലോ മഞ്ഞുമ്മല്‍ സ്പെഷ്യല്‍ കധാപാത്രങ്ങള്‍... അവരും വരട്ടെ ഈ ബൂലോഗത്ത്.

Anonymous said...

മോനിമ്മ നന്നായി. മഞ്ഞുമ്മല്‍ ഹൈവേയില്‍ പായുന്ന ഗുരുവായൂര്‍ ഫാസ്റ്റുകളുടെ എണ്ണം ഗണ്യമായി കുറഞ്ഞെങ്കിലും ഒരുകാലത്ത് അതിന്ടെ ‘കാറ്റുപറ്റി‘ അവശരായവര്‍ മോനിമ്മയ്ക്ക് ജെയ് വിളിച്ചുകാണും.
ഇനുയുമുന്ടല്ലോ മഞ്ഞുമ്മല്‍ സ്പെഷ്യല്‍ കഥാപാത്രങ്ങള്‍... അവരും വരട്ടെ ഈ ബൂലോഗത്ത്.

സുധി അറയ്ക്കൽ said...

ചിരിപ്പിച്ചു.പക്ഷേ വേഗം അവസാനിപ്പിച്ചതുപോലെ.