Saturday, March 17, 2007

വെള്ളസാരി

'തന്നെ ഞാന്‍ ഇന്നു കൊല്ലും....ഇറങ്ങടോ പൊറത്ത്‌.....തേമ്പീതു മതി.....ഇനി കാശില്ലാണ്ട്‌ തേമ്പാന്‍ തന്റെ അച്ചിയോട്‌ ഷാപ്പ്‌ തൊടങ്ങാന്‍ പറ....'

'എടാ രാഘവാ....ഉന്തരുത്‌.....എടാ അവക്ക്‌ ലേസന്‍സ്‌ കിട്ടൂല്ലടാ....കച്ചോടം തൊടങ്ങാന്‍ ലേസന്‍സ്‌ വേണ്ടേ.....'

'അതൊക്കെ കിട്ടും.....അമ്മുക്കുട്ടിയമ്മ വിചാരിച്ചാല്‍ ...ഷാപ്പിനല്ല.....ബാറു തുടങ്ങാനുള്ള ലൈസന്‍സ്‌ കിട്ടും.......ഇയാളു ഇറങ്ങിക്കോ...മതി...വെറുതേ ഇവിടെ കിടന്ന് ചുറ്റിത്തിരിയണ്ട....'


'കഴുത്തേന്ന് വിട്‌ റാ ശവീ......നീയെന്നെ ഉന്തി പൊറത്താക്കീട്ട്‌ കച്ചോടം നടത്തണത്‌ എനിക്കൊന്ന് കാണണം......'

'പോടോ.....കെളവാ...'

'ഹമ്മച്ച്യേ......കാലാ.......നീയെന്നെ ചെളിവെള്ളത്തിലേക്ക്‌ ഉന്തീട്ടല്ലേ.......നിന്നെ ഞാന്‍ പണിയൂടാ.....നല്ല പാലും വെള്ളത്തില്‍ പണിയൂടാ....ഹമ്മേ....'

------------------------------

'ഹ...ഹ..ഹോ..ഹോ.....പാലും പഴവും കൈകളിലേന്തി.......ശ്ശെ...ഇതെന്ത്‌ പാട്ടാണു....മോന്തി.....ഉള്ളാന്തി...എന്നെക്കെ കേട്ടേക്കണു.....ഇതെന്തൂട്ടാണു ഒരു ഏന്തി.......'

'ഹ.ഹ.ഹ.ഹ.ഹ.ഹ.'

.എന്താ അത്‌...ആരാണ്ട്രാ ഈ പാതിരാക്കു ചിരിച്ചു പഠിക്കണത്‌......ആരാണ്ട്രാ പന്നീ അത്‌...'

'ഹ..ഹ.ഹ.ഹാ..നാണപ്പാ...ഹ.ഹ.ഹാ'

'പ്‌ ഫാ...പേരു വിളിക്കണാടാ ചൂലേ........നാണപ്പനാശാരീ എന്നു വിളിയടാ....'

'ഹ.ഹ.ഹ ..നാണപ്പാ....പ്രേതങ്ങള്‍ക്കു അങ്ങനെ ആശാരി.....കുശവന്‍.....കണ്ടക്റ്റര്‍.. എന്നൊന്നും ഇല്ലാ.....എല്ലാവരും വെറും ഇരകള്‍...എന്റെ രക്ത ദാഹം തീര്‍ക്കാന്‍ മാത്രമുള്ള ഇരകള്‍......ഹ.ഹ.ഹാ'

ഹ.ഹ.ഹ.......പ്രേതോ.....നീയാ....നിനെക്കെന്താടാ ഒരു പെണ്ണിന്റെ ശബ്ദം......നീ എവിടേണിത്‌.....ആളെ കാണാനില്ലല്ലാ.....'

"ഹ.ഹ.ഹ..ഇങ്ങോട്ടു നോക്കു....ഈ പാലമരത്തിന്റെ മുകളിലേക്കു നോക്കൂ.....'

'ശരിയാണല്ലാ...നീയെന്താടാ അവിടെ കേറി ഇരിക്കണത്‌.....അതും ഈ പാതിരാത്രിക്ക്‌ വെള്ള സാരിയൊക്കെയുടുത്ത്‌....'

'ഞാന്‍ ആണ്‍ പ്രേതമല്ലാ.....പെണ്‍പ്രേതമാണു.......മനക്കലെ മീനാക്ഷീടേ പ്രേതം...'

'മീനാക്ഷീടെ പ്രേതോ.....എടാ ചെക്കാ...രാത്രി കണ്ണിക്കണ്ട കഞ്ചാവൊക്കെ വലിച്ച്‌ കേറ്റീട്ട്‌ പ്രേതോണു .......പിശാശാണു..എന്നൊക്കെ പറഞ്ഞ്‌ വല്ല മരത്തിന്റെം മോളില്‍ കേറി ഇരിക്കാതെ വീട്ടില്‍ പോഡാപ്പാ....'

'ടോ.....കെളവാ..മോത്തിട്ട്‌ ഒരു കുത്ത്‌ തരൂട്ടാ ഞാന്‍...താന്‍ അടുത്ത്‌ വന്ന് നോക്കെടോ...ഞാന്‍ ആണാണാ...പെണാണാ എന്ന്...'

'ശരിയാണല്ലാ..നീ പെണ്ണു തന്നേണു കേട്ടാ......നീയെന്തിനാണു പാതിരാത്രി ഇതിന്റെ മോളില്‍ കേറി ഇരിക്കണത്‌....'


'ടോ..കോപ്പേ....ഇത്ര നേരം ഞാന്‍ മര്യാദക്കു പറഞ്ഞു..ഞാന്‍ മീനാക്ഷീടെ പ്രേതോണെന്ന്......പിന്നേം താന്‍ ചൊറിയാന്‍ വരേണാ......തന്റെ രക്തം ഞാന്‍ ഇന്നു കുടിക്കും.....ഹ.ഹ.ഹാ'

'ഉവ്വ...നീ ഒലത്തും.......എന്റെ രക്തമെങ്ങാന്‍ കുടിച്ചാ..പൊന്നു മോളേ...നീ നാലു ദിവസം നാലുകാലേല്‍ നടക്കും......പറ്റായിട്ട്‌ നീ ഈ മരത്തിന്റെ മോളില്‍ വലിഞ്ഞ്‌ കേറണത്‌ എനിക്കൊന്നു കാണണം......'

'പ്രേതങ്ങള്‍ക്കു മദ്യം ഇഷ്ടമാണു.....മദ്യപിക്കുന്നവരേയും.....ഹ.ഹ.ഹ.....ഓട്‌....ഓടാന്‍...പേടിച്ചോടാന്‍..'

'ഓടാനാ...എങ്ങോട്ടോടാന്‍......എനിക്ക്‌ നേരേ നിക്കാന്‍ തന്നെ പറ്റണില്ലാ..... അപ്പഴാ ഇനി ഓടണത്‌....നിനക്ക്‌ ചോര കുടിക്കണെങ്കില്‍ കുടിച്ചിട്ട്‌ പോടീ.....അതിനു ഞാന്‍ എന്തിനാണു ഓടേം.. ചാടേം ..പേടിക്കേം ഒക്കെ ചെയ്യണത്‌...ഇതു നല്ല കൂത്ത്‌...'

'നീ പേടിക്കുമ്പോള്‍ മാത്രമേ നിന്റെ ഞരമ്പുകള്‍ എഴുന്നു നില്‍ക്കുകയുള്ളൂ....അപ്പോഴാണു....ഞങ്ങള്‍ക്കു ചോര കുടിക്കാന്‍ എളുപ്പം.....അല്ലാതെ പാതിരാത്രി.... ഈ ഇരുട്ടത്‌ ...ഞാന്‍ എങ്ങനേണു മനുഷ്യാ തന്റെ ഞരമ്പ്‌ കണ്ട്‌ പിടിക്കണത്‌.......'

'അല്ലാ...ഞാന്‍ ഇന്നലെ ഇതു വഴി ഈ സമയത്ത്‌ വന്നതാണല്ലാ..അപ്പൊ നിന്നെ കണ്ടില്ലല്ലാ...'

'ഇന്നലെ ശനിയാഴ്ച അല്ലായിരുന്നാ.....ശനിയാഴ്ച രാത്രി പ്രേതങ്ങള്‍ എറങ്ങൂല്ലാ...'


'അതെന്താടീ...ശനിയാഴ്ചേണാ......പ്രേതങ്ങള്‍ക്കു ഓഫ്‌..'

'അതല്ലെടോ മനുഷ്യാ.......ശനിയാഴ്ച രാത്രി സൂര്യേലു സിനിമ ഒണ്ട്‌.....പാതിരാപ്പടം.....അപ്പൊ ...അതു കണ്ട്‌ വല്ലയിടത്തും ഇരിക്കും...അല്ലാതെ ആരാടോ ഈ തണുപ്പത്ത്‌ ഇവിടെ വന്ന് കുറ്റിയടിച്ച്‌ നില്‍ക്കണത്‌.........‘

'എടീ...നിന്നെ ഞാന്‍ ഇപ്പഴാണു ശരിക്കും ശ്രദ്ധിച്ചത്‌ കേട്ടാ...നീയാ ചത്തു പോയ മീനാക്ഷി തന്നേണല്ലാ.......നിന്നെ ആരാണ്ടും എന്താണ്ടും ചെയ്തെന്നു പറഞ്ഞു...നീ എന്തിനാടീ ആ പഞ്ചായത്തു കിണറ്റില്‍ ചാടീതു.....നാട്ടുകാരുടെ വെള്ളം കുടി മുട്ടിച്ചില്ലേ നീ......നിന്നെ ഞാന്‍ അന്നേ ഓങ്ങി വച്ചതാ......'

'ടോ...കാര്‍ന്നോരേ...കള്ളുകുടിച്ചാല്‍ വയറ്റില്‍ കെടക്കണം......എന്നെ ആരും ഒന്നും ചെയ്തൊന്നുമില്ലാ.....ഞാന്‍ കിണറിന്റെ സൈഡില്‍ നിന്നപ്പോ..കാലു തെറ്റി കിണറ്റിനകത്ത്‌ വീണതാ........താന്‍ ഒക്കെ കൂടി എന്നെ നാറ്റിക്കേ ഒള്ളൂ....ചാവാറായല്ലാ ..എന്നിട്ടും പരദൂഷണത്തിനു ഒരു കൊറവും ഇല്ലാ... '

'ഉം...നീ സാരിയൊക്കെ ഉടുത്തപ്പോ ..കിണ്ണനായിട്ടൊണ്ട്‌ കേട്ടാ......നുമ്മടെ ശോഭനേടെ പോലെയല്ലേ നീ തെളങ്ങണത്‌...നീ ഇങ്ങട്‌ അടുത്ത്‌ വന്നേ...ആശാരി ഒന്ന് കാണട്ടേ.......'

'ശ്ശെ...അസ്ഥാനത്താണല്ലാ കെളവന്റെ നോട്ടം.......പ്രേതങ്ങളും ചുരിദാറു ഇടേണ്ടി വരുമോ എന്റെ ലൂസിഫറേ......'

'ലൂസിഫറാ......എടീ നീ ഒരു ഹിന്ദു പ്രേതോല്ലേ.....നിനക്കെവിടേടി ലൂസിഫര്‍ ഇരിക്കണത്‌.....'

'കെളവാ....പാതിരാത്രി വര്‍ഗീയത പറയരുത്‌......ഓടടൊ..ഓടാന്‍.....കര്‍ത്താവിനെ ഓര്‍ത്ത്‌ താന്‍ ഒന്ന് പേടിക്ക്‌.......'

'ഈ സാരി എവിടുന്നാടീ....നല്ല ഉജാല മുക്കി വെളുപ്പിച്ചതാണല്ലാ......'

'സാരിയാ...വെളുപ്പിച്ചതാ.....വല്ല പള്ളീലും പറഞ്ഞാ മതി.....ഇതേ പുത്തനാ...പുത്തന്‍....'

'അതു ശെരി പുത്തനാണാ....അമ്മുക്കുട്ടി..കുറച്ച്‌ ദെവസോയി ഒരു സാരി വാങ്ങിച്ചു കൊടുക്കണോന്നു പറഞ്ഞ്‌ ബഹളോണ്ടാക്കണു.......അപ്പറത്തെ അമ്മിണീടെ കല്യാണോല്ലേ നാളെ.....അതിനു പോകാനാ...'

'അതിനു താന്‍ എന്റെ സാരീലോട്ടു സൂക്ഷിച്ചു നോക്കണത്‌ എന്തിനാണു...'

'നീ ഈ സാരി ഒന്ന് തരോ.....കല്യാണം കഴിഞ്ഞിട്ട്‌ തിരിച്ച്‌ തരാടീ....ഈ പാലമരത്തില്‍ ഏതുനേരോം കുത്തിയിരിക്കണ നിനക്കെന്തിനാണു സാരി....'

'കെളവാ.....വിട്ടോ......മതി..മതി..അടുത്ത്‌ വരണ്ടാ....മാന്തിപ്പറിക്കും ഞാന്‍.....കടിച്ചു ഞാന്‍ കീറും.....'

'ഹാ...ഒടക്കെണ്ടാക്കല്ലേടീ കൊച്ചേ....നീയതങ്ങ്‌ അഴിച്ചേ......'

'വിടടൊ...വിടാന്‍ ..സാരീന്നു വിടാന്‍........അയ്യോ...രക്ഷിക്കണേ......കള്ളിയങ്കാട്ടു നീലീ......മറുതേ.......കരിമ്പൂച്ചേലേ സീമേ.......വീണ്ടും ലിസയിലെ സീമേ......ഓടിവായോ...'

'മതി ഇതു മതി...സാരി മാത്രം മതി...വേറെ ഒന്നും വേണ്ടാ....ഇതിപ്പൊ എങ്ങനേണു കൊണ്ടുപോണത്‌....ഒരു കവറു കിട്ടീരുന്നെങ്കി......'

'ദുഷ്ടാ.....നീ എന്റെ സാരിയഴിച്ചല്ലേ.....നിനക്ക്‌ പ്രേതശാപം കിട്ടുടാ.......ചത്തു കഴിഞ്ഞാല്‍ തുണിയുടുക്കാതെ അലഞ്ഞു തിരിയൂടാ നീ.....കാലാ...'
------------------------------

'അമ്മുക്കുട്ടീ...ടീ..വാതിലു തൊറക്കടീ....'

'ഹല്ലാ..ആരാ ഇത്‌......എന്താണു ഇത്ര നേരത്തേ...ഷാപ്പില്‍ തന്നെ കെടക്കായിരുന്നില്ലേ.....അല്ല..നിങ്ങടെ മുണ്ടെന്തിയേ...ഇങ്ങനേ നാണോം മാനോം ഇല്ലാത്ത മനുഷ്യന്‍....കള്ളുകുടിച്ചാല്‍ ഉടുമുണ്ട്‌ വല്ലോടത്തും കളഞ്ഞിട്ട്‌ പോരും...'

'ചൂടാവല്ലേടീ ചക്കരേ.... ദേ...ഞാന്‍ എന്താ കൊണ്ടുവന്നേക്കണേന്നു നോക്കിയേ........'

'ഈശ്വരാ...സാരിയാ....ഇതെവിടുന്ന്.....ഇതെന്താ മനുഷ്യാ വെറുതേ കൈയില്‍ പിടിച്ച്‌ കൊണ്ടുവന്നേക്കണേ...ഇതിനു വാങ്ങിയ സ്ഥലത്തു നിന്ന് കവറൊന്നും കിട്ടീല്ലേ....'

'കവറൊക്കെ ഒണ്ടായിരുന്നെടീ....ഷാപ്പില്‍ വച്ച്‌ പുതിയതാണല്ലാ എന്നു നുമ്മടെ ഗോപി പറഞ്ഞപ്പോ...ഞാന്‍ അഴിച്ച്‌ കാണിച്ചതല്ലേ......പിന്നെ കവറിലിട്ടില്ലാ..'

'കൊള്ളാം....വന്ന് കഞ്ഞി കുടിക്ക്‌....ഞാന്‍ സാരി ഒന്ന് ഉടുത്ത്‌ നോക്കട്ടെ...'

'ദേ ഒരു കാര്യം..ഞാന്‍ സാരി അഴിച്ച്‌ കാണിച്ചെന്നും പറഞ്ഞ്‌...നീ ഇത്‌ ഉടുത്തോണ്ടും പോണ വഴി..ആരെങ്കിലും സാരി പുതിയതാണല്ലാ.... എന്നു പറഞ്ഞാ...ഒടനേ അവരെ അഴിച്ചൊന്നും കാണിക്കണ്ടാട്ടാ....'



-----------------------

അമ്മുക്കുട്ടി ...അമ്മിണീടെ കല്യാണത്തിനു പുതിയ സാരി ഉടുത്ത്‌ പങ്കെടുത്തു.

നാണപ്പനാശാരി പിന്നെയും അടിച്ച്‌ പൂക്കുറ്റിയായി ഷാപ്പില്‍ അടിയുണ്ടാക്കി.വാങ്ങിച്ചത്‌ തിരിച്ച്‌ കൊടുത്ത്‌ ശീലമില്ലാത്തതു കൊണ്ട്‌ പിന്നീട്‌ അദ്ദേഹം പാലച്ചുവട്‌ വഴി പോയില്ല.

പാലച്ചുവട്ടില്‍ പിന്നെയും മനക്കലെ മീനാക്ഷി പ്രത്യക്ഷപ്പെട്ടു.

ലോകചരിത്രത്തില്‍ ആദ്യമായി ഒരു പ്രേതം ലുങ്കിയുടുത്ത്‌ പ്രത്യക്ഷപ്പെട്ടത്‌ അന്നായിരുന്നു.

44 comments:

sandoz said...

നാട്ടാരേ.....വേറേ പണിയൊന്നും ഇല്ലേ എന്നു ചോദിക്കരുത്‌.സത്യമായിട്ടും ഇല്ലാ......ഇപ്പൊ ഇതൊക്കെ തന്നെ പണി.....

ദേ..ഒരു പുതിയ പോസ്റ്റ്‌.......

സുഗതരാജ് പലേരി said...

Sandoze pothikkaatha oru muttan thenga ente vaka.

ഇപ്പൊ ഇതൊക്കെ തന്നെ പണി.....allyo?

Unknown said...

എഡാ സാന്റോ,
നീ കൊടടാ കൈ...

അലക്കിപ്പൊളിച്ചു മുത്തേ.. ആ പതിരാത്രി വര്‍ഗീയത പറയരുത് എന്ന ഡയലോഗാണ് എന്റെ ഫേവറിറ്റ്. :-)

asdfasdf asfdasdf said...

ഇതു കലക്കി. സാന്ഡോ ഈ പോത്തുകളും പ്രേതങങളും എന്നാണ് നിന്റെ കൂടെ കൂടിയത് ? ഇനി അവര്‍ക്കും യൂണിയനുണ്ടാവോ ...

മനോജ് കുമാർ വട്ടക്കാട്ട് said...

ലോകചരിത്രത്തില്‍ ആദ്യമായി ഒരു പ്രേതം ലുങ്കിയുടുത്ത്‌ പ്രത്യക്ഷപ്പെട്ടത്‌ അന്നായിരുന്നു

സാന്റൂ, തകര്‍ത്തു.

Radheyan said...

കൊള്ളമെടാ കുട്ടാ.കാബിനില്‍ ഇരുന്ന് ഉറക്കെ ചിരിച്ചിട്ട് ആളുകള്‍ തലയിട്ടു നോക്കുന്നു

ഇടിവാള്‍ said...

സാന്റോ ഗെഡീ.. കൊട് കൈ!

ആ ലാസ്റ്റ് വരി.. ഹഹऽ അതു സൂപ്പര്‍ മച്ചാന്‍! സൂപ്പര്‍...

നീ പണി രാജിവച്ചിട്ട് ഇരുന്നെഴുതടേയ്...
ഈ കമന്റെല്ലാം പുഴുങ്ങിത്തിന്നാ അത്യാവശ്യം വെശപ്പൊക്കെ മാറൂഡേയ്..

പിന്നെ സ്മോളിനുള്ള വകുപ്പ്..അതിനു വല്ല അടിപിടി വരണം.. ;)

എന്‍റെ ഗുരുനാഥന്‍ said...

ഹഹഹഹഹഹഹഹഹ.....ഹഹഹഹഹഹഹഹ

വിഷ്ണു പ്രസാദ് said...

-:)

krish | കൃഷ് said...

കലക്കീടാ സാന്‍ഡോ.. കഴിഞ പ്രാവശ്യം പോത്തിനെ ഓടിച്ചിട്ട് പിടിക്കാന്‍ പോയിട്ട് പോത്തിന്‍റെ കുത്ത് കിട്ടിയെന്നാ തോന്നുന്നത്.. പ്റേതത്തിനെ പോലും വിടൂല്ലാല്ലേ.

'മീനാക്ഷീടെ പ്രേതോ.....എടാ ചെക്കാ...രാത്രി കണ്ണിക്കണ്ട കഞ്ചാവൊക്കെ വലിച്ച്‌ കേറ്റീട്ട്‌ പ്രേതോണു .......പിശാശാണു..എന്നൊക്കെ പറഞ്ഞ്‌ വല്ല മരത്തിന്റെം മോളില്‍ കേറി ഇരിക്കാതെ വീട്ടില്‍ പോഡാപ്പാ....'

ഈ ഡയലോഗ് സാന്‍ഡോസിന്‍റെ അടുത്ത് ആരാ പറഞ്ഞത്.?

Mubarak Merchant said...

കൊള്ളാം സാന്‍ഡോസ്, ഇടിമേനവന്‍ പറഞ്ഞതു പോലെ ആ ലാസ്റ്റ് വരി കലക്കി.
അല്ല ചോതിക്കട്ടെ, ശരിക്കും നിന്റെ പണി പോയ?

Visala Manaskan said...

“ലോകചരിത്രത്തില്‍ ആദ്യമായി ഒരു പ്രേതം ലുങ്കിയുടുത്ത്‌ പ്രത്യക്ഷപ്പെട്ടത്‌ അന്നായിരുന്നു“

ഹഹ. അതലക്കി ചുള്ളാ..

ഓടോ: ഒരു ഇറക്കമുണ്ടെങ്കില്‍ ഒരു കയറ്റമുണ്ടെന്നല്ലേ? കുറച്ചുദിവസായിട്ട് ഇരിക്കാനും നിക്കാനും ചാന്‍സ് കിട്ടാത്ത സെറ്റപ്പില്‍ എനിക്ക് പൊരിഞ്ഞ പണിയായതുകൊണ്ട്, ‘ബ്ലോഗിങ്ങ് ഒരു സ്വപ്നം‘ മാത്രമായി മാറിയിരിക്കുകയാണിപ്പോള്‍.

എല്ലാവര്‍ക്കും നമസ്കാരം.

തമനു said...

'എടാ അവക്ക്‌ ലേസന്‍സ്‌ കിട്ടൂല്ലടാ....കച്ചോടം തൊടങ്ങാന്‍ ലേസന്‍സ്‌ വേണ്ടേ.....'

എന്തൊരു നിഷ്‌കളങ്കത ...!!!!!

ഇത്രയും നിഷ്കളങ്കന്മാരെ കാണണമെങ്കില്‍ ഷാപ്പില്‍ തന്നെ പോണം...

പിന്നേം അലക്കിപ്പൊളിച്ചു മച്ചൂ ... ഐ ലവ് യൂ..

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

സാന്റോസേ, വളരെ രസിച്ചു ആ എഴുത്തിന്റെ രീതി.

റ്റെന്‍ഷന്‍ ഉള്ള സമയത്ത്‌ ഇതേലൊരെണ്ണം ചെന്നാല്‍ ശാന്തം
താങ്ക്‌ യൂ

തറവാടി said...

-:)

വേണു venu said...

നാണപ്പനാശാരി പിന്നെയും അടിച്ച്‌ പൂക്കുറ്റിയായി ഷാപ്പില്‍ അടിയുണ്ടാക്കി.വാങ്ങിച്ചത്‌ തിരിച്ച്‌ കൊടുത്ത്‌ ശീലമില്ലാത്തതു കൊണ്ട്‌ പിന്നീട്‌ അദ്ദേഹം പാലച്ചുവട്‌ വഴി പോയില്ല.
ഹാ...ഹാ...സാണ്ടോസ്സേ...
നാണപ്പനാശാരിയ്ക്കു് എത്ര പൂക്കുറ്റി ആയാലും മറവി ഇല്ല.
കലങ്കിലിരിക്കുന്ന പൂക്കുറ്റി, പോലീസ്സു ജീപ്പു കാണുമ്പോള്‍ മടക്കി കുത്തഴിച്ചു മിടുക്കനായി നില്‍ക്കുന്നതു പോലെ. ഹാ ഹാ..ചിരിച്ചേ...:)

Rasheed Chalil said...

സന്‍ഡോ അലക്കിപ്പൊളിച്ചു... കൊട് കൈ.

പാതിരാത്രി വര്‍ഗ്ഗീയത പറയുന്നോ.. ? അത് സൂപ്പര്‍.

അഡ്വ.സക്കീന said...

വെള്ളസാരീന്ന് കേട്ടപ്പൊ വല്ല വക്കീലന്മാരുമാണെന്ന് വിചാരിച്ചു.മീനാക്ഷിക്കാണെങ്കിലോ നമ്മട ആ തല നീണ്ട പയ്യനില്ലേ, എന്താ അവന്റെ പേര്,സാന്റോസല്ലല്ലോ, ആ, ഇന്ദ്രന്‍സ്, അവന്റെ ഒരു ഛായ. ശനിയാഴ്ച ആയതുകൊണ്ട് പ്രേതം
ദുബായീലാണോന്ന് ഒരു തോന്നല്‍, ഇവിടെയാണെങ്കി
അന്ന് ഓഫാണേ.

എന്നാലും സാന്റോസേ, മഞ്ഞുമലെവിടാടോ ഇത്രേം പോത്തും പ്രേതോം. രണ്ട് നേരം വെച്ച് കണ്ടോണ്ടിരുന്ന അവിടം നല്ലോരു ഗ്രാമമായിരുന്നല്ലോ.
കലികാലവൈഭവേ.

മുസ്തഫ|musthapha said...

"....... ......... ........ ....."

ആ അവസാനത്തെ വരിയുണ്ടല്ലോ... വോ... എന്താ മൊതല് :)

ഹഹഹ...

സാന്‍ഡോ... ഇതു തകര്‍ത്തൂടാ

ഹോ... പേടിപ്പിച്ച് ഞെരമ്പെഴുന്നേല്പിച്ച് ചോര കുടിക്കണ ആ കണ്ടു പിടുത്തമുണ്ടല്ലോ - അതൊരൊന്നൊന്നര തന്നെ മാഷെ :))

ഇന്നു മൊത്തം ബോസ് പണിതന്നതിനുള്ള കോട്ടം ഇവിടെ ചിരിച്ചു തീര്‍ത്തു :))

sreeni sreedharan said...

ശനിയാഴ്ച സൂര്യാടീവീല് ഇപ്പൊ ആ സൈസ് പടം ഇടണം പരിപാടി ഇല്ല :)



(സാന്‍റോസേ മുത്തേ ചക്കരേ... ;)

കുറുമാന്‍ said...

സാന്റോസേ, മോനേ, നീയൊരു മഹാനുഭാവലു തന്നെ. ചിരിച്ചു ചിരിച്ചു ഞാന്‍ ഷവര്‍മ്മ കപ്പി. ലുങ്കിയുടുത്ത പ്രേതം :)

ദിവാസ്വപ്നം said...

“ശ്ശെ...അസ്ഥാനത്താണല്ലാ കെളവന്റെ നോട്ടം.......പ്രേതങ്ങളും ചുരിദാറു ഇടേണ്ടി വരുമോ എന്റെ ലൂസിഫറേ......“

ഹ ഹ ഹ

ഇത് കലക്കി സാന്‍ഡോസേ...ബ്ലോഗില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കാമെന്ന് വിചാരിച്ചാലും സമ്മതിക്കുകേലാല്ലേ !

:))

കരീം മാഷ്‌ said...

'ഇന്നലെ ശനിയാഴ്ച അല്ലായിരുന്നാ.....ശനിയാഴ്ച രാത്രി പ്രേതങ്ങള്‍ എറങ്ങൂല്ലാ...'
'അതെന്താടീ...ശനിയാഴ്ചേണാ......പ്രേതങ്ങള്‍ക്കു ഓഫ്‌..'
കലക്കി സാന്‍ഡോസെ
പ്രേതങ്ങള്‍ക്കും വേണ്ടേ ഒരു വീക്കിലി ഓഫ്.

സുല്‍ |Sul said...

സാന്‍ഡോസേ...കൊച്ചുമോനേ... ഇതു കലക്കീടാ.
ഉള്ള പണിയും കളഞ്ഞ് ഈ പണിക്കിരുന്ന് പണി പോയെന്നു പരാതി പറയരുത്......എന്നാലും നീയൊരു....ഒന്നൊന്നരതന്നെ.

-സുല്‍

വിചാരം said...

ഡാ.. സാന്‍ഡൂ .. എനിക്കാ പോത്തിനെ ഓടിച്ചതത്രങ്ങട് ബോധിച്ചില്ല എന്നാ ഇത് ഇമ്മിണി ഇഷ്ടായി നന്നായിട്ടങ്ങട് ബോധിച്ചു ശരിക്കും രസിച്ചു ... അല്ല ഈ പ്രേതം അതു ശരിയാണോ . പണ്ടൊരിക്കല്‍ പാര്‍വ്വതിയുടെ പോസ്റ്റില്‍ ഞാനീ കമന്‍റിട്ടിരുന്നു ഇവിടേയും അതിന്‍ ഇത്തിരി പ്രസക്തി
പ്രേതം എനിക്കിഷ്ട വിഷയങ്ങളിലൊന്നാണ് പ്രേതത്തെ ഒന്നുകാണാന്‍ ഒത്തിരി കാലത്തെ മോഹമായിരുന്നു എന്ന്റ്റെപൊന്നാനിയില്‍ ഒത്തിരി പ്രേത കേന്ദ്രങ്ങളുണ്ട് അതിലൊരിടമാണ് മിസ്രി പള്ളികാട് ഇവിടെ വെച്ച് ഒത്തിരിപേര്‍ക്ക് പ്രേത ബാധയുണ്ടായിട്ടുണ്ടത്രെ ..... ഈ പള്ളിക്കാടിനൊരു പ്രത്യേകത ഈ പള്ളിക്കാടിന് നടുവിലൂടെയാണ് എട്ടടി വീതിയുള്ളൊരു റോഡ് 200 മീറ്ററോളം നീളമുള്ള പാതയുടെ ഇരുവശത്തും ഏക്രകണക്കിന് വിസ്തൃതിയുള്ള പള്ളി കാട് പള്ളിയില്‍ നിന്ന് ഈ പാത അവസാനിക്കുന്നയിടത്തുവെച്ചാണ് പ്രേതാത്മക്കള്‍ കാജാ ബീഡിയും മുറുക്കാനും സാധാ ജനങ്ങളില്‍ നിന്ന് വാങ്ങിക്കാന്‍ ശ്രമിക്കുന്നത്

ഇതിനടുത്തെല്ലാം വീടുണ്ടെങ്കിലും രാത്രി എട്ടുമണി കഴിഞ്ഞാല്‍ കൂരിരുട്ടും ധൈര്യായിട്ട് ഒറ്റക്ക് സഞ്ചാരവും ഇല്ല പിന്നെ രാത്രി 12 മണിക്ക് ശേഷമാണ് ഇവറ്റകള്‍ വിലസാന്‍ ഇറങ്ങുക .. ചങ്ങല ശബ്ദം അങ്ങനെ ഒത്തിരി ശബ്ദങ്ങളും മറ്റും പലരും കണുകയും കേള്‍ക്കുകയും ചെയ്തിട്ടുണ്ടത്രേ

ആയിടക്കാണെന്‍റെ ജേഷ്ടന്‍ ഒരു റസ്റ്റോറന്‍റ് തുടങ്ങുന്നത് പൊന്നാനി വലിയ പള്ളിയുടെ അടുത്ത് . ഞാനായിരുന്നു ഹോട്ടല്‍ തുറന്നിരുന്നത് കാലത്ത് 3 മണിക്ക് അതെന്തിനെന്നുവെച്ചാല്‍ സുബഹി നമസ്ക്കാരം കഴിഞ്ഞുവരുന്നവര്‍ക്ക് ചൂടുള്ള പുട്ടും കടലയും പൊന്നാനിക്കാരുടെ ഇഷ്ട് ഭോജനമായ മുട്ടയില്ലാത്ത മുട്ടപത്തിരി റെഡിയാക്കാന്‍

പല ദിവസങ്ങളിലും രാത്രി 2 മണിക്കേ ഞാന്‍ വീട്ടില്‍ നിന്നിറങ്ങും ആരും കാണാതെ ഈ പ്രേതം ബീഡിയും പാനും ചോദിക്കുന്ന സ്ഥലത്ത് പള്ളികാടിന്‍റെ അരമതിലും ചാരി സൈക്കിളില്‍ ഇരിക്കും പല ദിവസം ഇരിന്നിട്ടും പ്രേതം എന്നെ പ്യേടിച്ച് പുറത്തു വന്നില്ല .. ദൂരെ നിന്ന് നോക്കുന്ന ഒരാള്‍ക്ക് എന്‍റെ തലമാത്രമേ കാണൂ .. അങ്ങനെ ഒരുനാള്‍ ഞാനങ്ങനെ പ്രേതത്തെ ചുറ്റും വീക്ഷിച്ചിരികുമ്പോള്‍ ദൂരെ പള്ളിയിലെ വെളിച്ചത്തില്‍ ഒരാള്‍ പള്ളിയുടെ മുന്‍പില്‍ വട്ടം ചുറ്റുന്നു എനിക്ക് മനസ്സിലായി കക്ഷി എന്നെ കണ്ടു പ്യേടിച്ചിട്ടാണ് കിടന്ന്പരുങ്ങുന്നത് എന്ന് പണ്ടാരം ഞാന്‍ തന്നെ ഒരു കറുത്ത ജന്തു കോലവും ഏകദേശം പ്രേതത്തെ പൊലെ തന്നെ 110 ബല്‍ബില്‍ തന്നെ എന്നെ ശരിക്കും കാണാനാവില്ല പിന്നെ ഇരുട്ടത്തെ കാര്യം പറയാനുണ്ടോ .. ഓറിജിനല്‍ പ്രേതത്തെ കണ്ട് പ്യേടിച്ചാല്‍ മന്ത്രവാദം കൊണ്ടതിനെ ഓടിക്കാം എന്നെ കണ്ട് പ്യേടിച്ചാലോ അവന്‍റെ ജീവിതം കട്ടപുക ..അയാള്‍ പ്യേടിക്കേണ്ടാന്ന് കരുതി സൈക്കിളില്‍ വേഗത്തില്‍ തന്നെ ഞാന്‍ പള്ളിയുടെ മുന്‍‍വശത്തേക്ക് (അതുവഴിയാണ് പാത) വെച്ചടിച്ചു എന്‍റെ വരവ് കണ്ടയുടനെ .. എന്‍റെ അള്ളാ .... ശൈത്താനിതാ പറന്ന് ബരണ്യേ.... ന്ന് പറഞ്ഞിട്ടൊരോട്ടം (ദൂരെ നിന്നൊരാള്‍ക്ക് എന്‍റെ തല മാത്രമേ കാണൂ) ആളുകൂടിയാല്‍ തല്ലുറപ്പ് അതിവേഗം ഹോട്ടലിലേക്ക് വെച്ചടിച്ചു .. പിന്നീടറിയുന്നത് അയാള്‍ പനിച്ച് കിടപ്പില്ലായ്യെന്ന് അധികം അന്വേഷിക്കാന്‍ നിന്നാല്‍ തടി കേടാവുമെന്നുറപ്പുള്ളത് കൊണ്ടെ ..ഞാന്‍ പിന്നെ ആ വഴിക്കേ പോയില്ല

Ziya said...

പുള്ളേ..സാന്‍ഡോ,
“ലോകചരിത്രത്തില്‍ ആദ്യമായി ഒരു പ്രേതം ലുങ്കിയുടുത്ത്‌ പ്രത്യക്ഷപ്പെട്ടത്‌ അന്നായിരുന്നു.”
വളരെ നന്നായി കുട്ടാ...
ഒരു അഫിപ്രായമുള്ളത്- ആ പ്രേതമെന്നത് ‘യക്ഷി’ എന്നായിരുന്നെങ്കില്‍ കൂടുതല്‍ ആസ്വാദ്യമായേനേ

അപ്പു ആദ്യാക്ഷരി said...

ലോകചരിത്രത്തില്‍ ആദ്യമായി ഒരു പ്രേതം ലുങ്കിയുടുത്ത്‌ പ്രത്യക്ഷപ്പെട്ടത്‌ അന്നായിരുന്നു.

:-))) കലക്കി സാ‍ണ്ടൊസേ.

ആവനാഴി said...

സര്‍ സാന്‍ഡോസ്,

"അല്ല..നിങ്ങടെ മുണ്ടെന്തിയേ...ഇങ്ങനേ നാണോം മാനോം ഇല്ലാത്ത മനുഷ്യന്‍....കള്ളുകുടിച്ചാല്‍ ഉടുമുണ്ട്‌ വല്ലോടത്തും കളഞ്ഞിട്ട്‌ പോരും...' "

"ലോകചരിത്രത്തില്‍ ആദ്യമായി ഒരു പ്രേതം ലുങ്കിയുടുത്ത്‌ പ്രത്യക്ഷപ്പെട്ടത്‌ അന്നായിരുന്നു."

ഇതു രണ്ടും വച്ചു വായിച്ചുനോക്കിയപ്പോഴല്ലേ സംഗതി പുടി കിട്ടീത്.

ബാര്‍ട്ടര്‍ സിസ്റ്റമായിരുന്നുവല്ലേ?

എന്തൂട്ട്രോ സാന്‍ഡോസേ, താന്‍ കലക്കി വാരുകയാണല്ല്.

സസ്നേഹം,
ആവനാഴി

RR said...

ഹ ഹ...സാന്റോസേ, പതിവു പോലെ തന്നെ കലക്കി.

യക്ഷി കൂടിയതാണോ, പ്രൊഫെയില്‍ അങ്ങു താഴെ പോയല്ലൊ :)

qw_er_ty

sandoz said...

പ്രേതങ്ങളുടെ ഡ്രെസ്‌ കോഡിനെ ഒന്നു ചോദ്യം ചെയ്യണം എന്ന ഉദ്ദേശമേ എനിക്ക്‌ ഉണ്ടായിരുന്നുള്ളൂ

[എന്തിനേം ചുമ്മാ ചോദ്യം ചെയ്യല്‍ ആണു ഇപ്പോഴത്തെ ട്രെന്റ്‌]

....ലുങ്കിയുടുത്ത മീനാക്ഷിയെ കാണാന്‍ വന്ന എല്ലാവര്‍ക്കും എന്റെ സന്തോഷം....സ്നേഹം..നന്ദി....

ആവനാഴി said...

സാന്‍ഡോസേ,

“പ്രേതങ്ങളുടെ ഡ്രെസ്‌ കോഡിനെ ഒന്നു ചോദ്യം ചെയ്യണം എന്ന ഉദ്ദേശമേ എനിക്ക്‌ ഉണ്ടായിരുന്നുള്ളൂ

[എന്തിനേം ചുമ്മാ ചോദ്യം ചെയ്യല്‍ ആണു ഇപ്പോഴത്തെ ട്രെന്റ്‌]”

എന്നാപ്പിന്നെ അതങ്ങു നേരത്തെ പറയാത്തതെന്ത്? അതുകൊണ്ടല്ലേ വായനക്കാര്‍ പലവിധ സംശയങ്ങളുമായി വരുന്നത്.

പരീക്ഷക്കടലാസിനൊപ്പം അതിന്റെ ഉത്തരം കൂടി പ്രിന്റ് ചെയ്തു കൊടുത്താല്‍ പ്ലാങ്ങളു കിടന്നു പൂത്തിമുട്ടണോ? അല്ല പിന്നെ.

മിടുക്കന്‍ said...

മനക്കലെ മീനാക്ഷി ഒരു മിത്താണ്..
കൈലിയുടുത്ത് വന്ന പ്രേതം ഒരു ബൂലൊക കേസരി തന്നെ യാണ്..
നാട്ടാരെ, ഈ കഥ നിങ്ങള്‍ ഈയടുത്ത് സൂപ്പര്‍ ഹിറ്റ് ആയി ഓടിക്കൊണ്ടിരിക്കുന്ന ബൂലൊക ത്രില്ലറുമായി കൂട്ടി വായിക്കുക..
ചിരിച്ച് മരിച്ചവര്‍ക്ക് ഇനി ഞെട്ടി മരിക്കാം..

(സാണോടോസെ, നിന്റെ കൊട്ടേഷന്‍ പൊയിട്ടാ‍ടാ..)

ശാലിനി said...

നന്നായി ചിരിപ്പിച്ചു.
“കര്‍ത്താവിനെ ഓര്‍ത്ത്‌ താന്‍ ഒന്ന് പേടിക്ക്‌....“ നല്ല ഡയലോഗ്.

Siju | സിജു said...

സൂര്യയില്‍ നിര്‍ത്തി എസിവിയില്‍ തുടങ്ങീയതു കൊണ്ട് ഇപ്പോഴും പ്രേതങ്ങങ്ങള്‍ക്ക് ശനിയാഴ്ച തന്നെയായിരിക്കുമല്ലേ ഓഫ്..

sandoz said...

അതുശരി...സീനിയറേ......കണ്‍ ഫ്യൂഷന്‍ ഉണ്ടാക്കലും ഇപ്പോള്‍ ഒരു ട്രെന്റാണു.
എട..മുടുക്കാ..നീ എന്നെ തല്ലു കൊള്ളിക്കും.അതിപ്പൊ എന്നാ കൊള്ളാത്തെ എന്നു തിരിച്ചു ചോദിക്കരുത്‌.
ശാലിനീ..ചുമാ ഒരു തമാശ്‌
സിജൂ.....ചെന്നയിലും പാതിരാപ്പടമോ.....

Unknown said...

ഏസീവി ഗള്‍ഫില്‍ കിട്ടുമോ? കിട്ടിയാല്‍ ബാന്‍ ചെയ്യിക്കാനാ അല്ലാതെ.. ഏയ്... :-)

ഏറനാടന്‍ said...

വര്‍മ്മപ്രേതങ്ങള്‍ ഇല്ലാത്ത ബൂലോഗത്തെ കുടുകുടാ ചിരിപ്പിച്ചുകൊണ്ട്‌ ഇതാ ലുങ്കിയുടുത്ത ലോകത്തെ ആദ്യ പ്രേതാംഭാള്‍!! കടന്നുവരൂ കടന്നുവരൂ..
:)
ചിരിച്ച്‌ നിറവയര്‍ തുളുമ്പുന്നെന്റെ സാന്‍ഡൂസേ...

മുല്ലപ്പൂ said...
This comment has been removed by the author.
മുല്ലപ്പൂ said...

കര്‍ത്താവിനെ ഓര്‍ത്ത്‌ താന്‍ ഒന്ന് പേടിക്ക്‌....“ ഹഹഹ
സാന്‍ഡോസേ,
ചിരിക്ക് ബ്രേക്കില്ലാ..
പാവം പ്രേതം.
:)

sandoz said...

ദില്‍ബൂ.....ആ സൈസ്‌ ചാനലൊക്കെ ബാന്‍ ചെയ്യേണ്ട കാലം കഴിഞ്ഞു...പഴേ പോലെ ഗുണം ഒന്നു ഇല്ലന്നേ.....

ഏറനാടാ......അത്‌ പറയരുത്‌....വര്‍മ്മകള്‍ ഇല്ലാ എന്നു മാത്രം പറയരുത്‌....ഇതും വര്‍മ്മേടെ ഒരു അവതാരമാ[ഞാന്‍ അല്ലാട്ടോ..തെറ്റിദ്ധരിക്കല്ലേ]

മുല്ലാസ്‌.....ഡാങ്ക്സ്‌...ബെല്ലും ബ്രേക്കും ഇല്ലാതെ ചിരിച്ചതിനു....

കുതിരവട്ടന്‍ | kuthiravattan said...

ആശാരി ആളു കൊള്ളാം.... :-)

Sathees Makkoth | Asha Revamma said...

ഇപ്പോഴെങ്കിലും വായിക്കാന്‍ പറ്റിയല്ലോ...
ലുങ്കിയുടുത്ത പ്രേതത്തിന്റെ ഗ്ലാമറു കുറഞ്ഞുകാണും!

sandoz said...

വെള്ളസാരിയുടെ രഹസ്യം അറിയാന്‍ എത്തിയ കുതിരവട്ടനും സതീശനും നന്ദി നമസ്കാരം....

സുഗേഷ് said...

പാലച്ചുവട്ടില്‍ പിന്നെയും മനക്കലെ മീനാക്ഷി പ്രത്യക്ഷപ്പെട്ടു.

ലോകചരിത്രത്തില്‍ ആദ്യമായി ഒരു പ്രേതം ലുങ്കിയുടുത്ത്‌ പ്രത്യക്ഷപ്പെട്ടത്‌ അന്നായിരുന്നു.


ലുങ്കിയുടുത്ത ഒരു പ്രേതത്തെ പറ്റി ഞാന്‍ ചിന്തിച്ചതുതന്നെ ഇതു വായിച്ചപ്പോഴാണ്‍

നാന്നായിട്ടുണ്ട് സന്റോസെ നന്നായിട്ടുണ്ട്.